ഭരണകൂട ഭീകരതയ്‌ക്ക് മുന്നിലും തലകുനിക്കാതിരുന്ന ധീരനായ കമ്മ്യൂണിസ്റ്റായിരുന്നു സി.എച്ച് അശോകൻ. മൂന്ന് പതിറ്റാണ്ടിലധികം സര്‍വ്വീസ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം മാതൃകാ സര്‍വ്വീസ് സംഘടനാ നേതാവായിരുന്നു. എന്‍ ജി ഒ യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഏഴ് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച അദ്ദേഹം ജീവനക്കാരുടേയും പൊതുസമൂഹത്തിന്റേയും സ്‌നേഹാദരങ്ങള്‍ ആര്‍ജ്ജിച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങളെ സേവിക്കുക എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ കടമയാണെന്ന ബോധം വളര്‍ത്തുന്നതിന് തന്റെ സര്‍വ്വീസ് സംഘടനാ നേതൃകാലയളവിലും ശ്രദ്ധിച്ചു. അതിനൊപ്പം ജീവനക്കാരുടേയും അധ്യാപകരുടേയും ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി 32 ദിവസത്തെ പണിമുടക്ക് സമരത്തിനും നേതൃത്വം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതു അംഗീകാരം നേടിയെടുത്തത്. സര്‍വ്വീസ് സംഘടനാ രംഗത്തെ പ്രവര്‍ത്തനത്തിന് ശേഷം സി.പി.ഐ (എം) ന്റെ സജീവ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം പാര്‍ടി ഒഞ്ചിയം ഏരിയാകമ്മിറ്റി സെക്രട്ടറി ആവുകയും തുടര്‍ന്ന് പാര്‍ടി ജില്ലാകമ്മിറ്റി അംഗമാവുകയും ചെയ്‌തു. വര്‍ഗ വഞ്ചകന്മാരും പാര്‍ടി ശത്രുക്കളും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താന്‍ കെട്ടഴിച്ചുവിട്ട ഭരണകൂട ഭീകരതയ്‌ക്ക് മുന്നിലും അചഞ്ചലമായി പോരാടി. കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെങ്കിലും തന്റെ പ്രതിബദ്ധതാപൂര്‍ണ്ണമായ രാഷ്‌ട്രീയ പോരാട്ടത്തെ അത് തളര്‍ത്തുകയല്ല ഉശിര് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‌തത്. നാട് അംഗീകരിച്ച നല്ല കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് അശോകന്റെ വേര്‍പാടിലൂടെ നഷ്‌ടമായത്. ആകസ്‌മികമായ വേര്‍പാടില്‍ അഗാഥമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
തിരുവനന്തപുരം
06.07.2013
***