സോളാര്‍ തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായി മാറിയിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി കണ്ടേ സമരകേരളം അടങ്ങൂ. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഗ്രനേഡ് എറിഞ്ഞ് അപായപ്പെടുത്താന്‍, പൊലീസിനെ കയറൂരിവിട്ട സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നിയമസഭാ മന്ദിരത്തില്‍നിന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വന്ന് സത്യഗ്രഹം നടത്തിയ ജനപ്രതിനിധികളുടെ നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞ പൊലീസ് നടപടി പ്രാകൃതമാണ്. പ്രതിപക്ഷനേതാവ്, ഉപനേതാവ്, കക്ഷിനേതാക്കള്‍ എന്നിവരെല്ലാം അണിനിരന്ന സത്യഗ്രഹ സമരത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ് ജനനേതാക്കളെ അപായപ്പെടുത്താന്‍ നോക്കിയ ഒരു സംഭവവും കേരളചരിത്രത്തില്‍ ഇല്ല. തിരുവനന്തപുരം ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ നയിച്ച മാര്‍ച്ചിനുനേരെയും പൊലീസ് അതിക്രമമുണ്ടായി. ഗ്രനേഡ് ഏറില്‍ പരിക്കേറ്റ് സി ദിവാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളെല്ലാം ആശുപത്രിയിലായി. പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല.
സോളാര്‍ തട്ടിപ്പുകേസില്‍ ആരും നിയമത്തിന് അതീതരല്ല എന്നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇതിനകം വ്യക്തമാക്കിയത്. എന്നാല്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി കേസില്‍നിന്ന് രക്ഷപ്പെടാനാണ് നോക്കുന്നത്. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിയമാനുസൃത നടപടിയെടുക്കുന്നതിനുള്ള പൊലീസിന്റെ സ്വാതന്ത്ര്യത്തെ ഉമ്മന്‍ചാണ്ടി ഭരണം വിലക്കിയരിക്കുകയാണ്. ഇതിന് തെളിവാണ് 164 പ്രകാരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ സ്വീകരിക്കേണ്ട നടപടി വീണ്ടുമൊരു പരിശോധനയ്‌ക്കുശേഷമേ പൊലീസ് ചെയ്യൂ എന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നിയമസഭയിലെ പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിനുവേണ്ടി നിയമസഭയ്‌ക്ക് അകത്തും പുറത്തും പരിധിവിട്ട ജനാധിപത്യവിരുദ്ധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തെ നേരിടാനെന്ന മട്ടിലുള്ള കനത്ത പൊലീസ് വലയത്തിലാണ് നിയമസഭാ സമ്മേളനം നടത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കടക്കം പ്രവേശന വിലക്ക് കല്‍പ്പിച്ചു. ഞൊടിയിടയില്‍ ധനകാര്യനടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത് ജനാധിപത്യവിരുദ്ധമാണ്. സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിന് ക്രിയാത്മക പരിഹാരം കാണാനുള്ള ഉത്തരവാദിത്തമായിരുന്നു ഭരണപക്ഷം കാട്ടേണ്ടിയിരുന്നത്. സോളാര്‍ തട്ടിപ്പ് അഴിമതിയുടെ തലവനായി അധഃപതിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സേളാര്‍ തട്ടിപ്പിലെ പ്രതികള്‍ക്ക് കൂട്ടായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെയും പദവികളില്‍നിന്ന് മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഇനി അമാന്തിക്കരുത്. സരിതാ നായര്‍ക്കൊപ്പമാണ് താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വന്ന് മുഖ്യമന്ത്രിയെ കണ്ടതെന്നും ഈ കൂടിക്കാഴ്‌ചയെ തുടര്‍ന്നാണ് 40 ലക്ഷം രൂപയുടെ പണം ബാങ്കില്‍നിന്ന് മാറ്റുന്നതിനുള്ള അനുമതി നല്‍കിയതെന്നും പരാതിക്കാരനായ ശ്രീധരന്‍നായര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളിയായ ഉമ്മന്‍ചാണ്ടിയുടെ നിഷേധം മുഖവിലയ്‌ക്കെടുക്കാവുന്നതല്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രക്ഷോഭം ഇനിയും ശക്തിപ്പെടും. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പൊലീസിനെയും ഗുണ്ടകളെയും കയറൂരിവിട്ടതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളിൽ നിന്നും അതിശക്തമായ പ്രതിഷേധമുയരണം.
തിരുവനന്തപുരം
09.07.2013