സ: സമര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെയാണ്‌ സ: സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്‌ടമായിട്ടുള്ളത്. മാര്‍ക്‌സിസം-ലെനിനിസത്തിലുള്ള അചഞ്ചലമായ വിശ്വാസം, അതില്‍ ഉറച്ചുനിന്നു കൊണ്ടുള്ള വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം, അര്‍പ്പണബോധത്തോടെ ത്യാഗപൂര്‍ണമായി നടത്തിയ ജനസേവനം എന്നിവയാണ്‌ അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്‌. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും ഇക്കാലത്തെയും ബന്ധിപ്പിച്ചുനിര്‍ത്തിയ ഈടുറ്റ ഒരു കണ്ണിയായിരുന്നു മാതൃകാപരമായ ആ ജീവിതം. വ്യതിയാനങ്ങള്‍ക്കെതിരെ പാര്‍ടിയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും അതിനനുസൃതമായി പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും.

കരുത്തനായ ട്രേഡ്‌ യൂണിയന്‍ നേതാവ്‌, ലോക്‌സഭയെയും രാജ്യസഭയെയും സജീവമാക്കിയ പാര്‍ലമെന്റേറിയന്‍ , പാര്‍ലമെന്ററി പാര്‍ടി നേതാവ്‌, പിബി അംഗം, സിഐടിയു ജനറല്‍സെക്രട്ടറി, സമരമുഖങ്ങളിലെ ധീരനായ പോരാളി എന്നിങ്ങനെ വ്യത്യസ്‌ത തലങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചു സമര്‍ മുഖര്‍ജി. ഒരു നൂറ്റാണ്ടുകാലത്തെ പല പ്രധാന സംഭവവികാസങ്ങളിലും പങ്കാളിയാകാന്‍ അവസരം ലഭിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. ആശയക്കുഴപ്പങ്ങളുടെ ഘട്ടങ്ങളില്‍ നയവ്യക്തത വരുത്തിക്കൊണ്ടും ആത്മവിശ്വാസം പകര്‍ന്നുകൊണ്ടും അദ്ദേഹം ഇടപെട്ടു. ആ ഇടപെടല്‍ വിഷമഘട്ടങ്ങളെ തരണം ചെയ്യുന്നതില്‍ പാര്‍ടിയെ അളവറ്റ രീതിയില്‍ സഹായിച്ചു. മാതൃകാപരമായ വ്യക്തിത്വം, മാതൃകാപരമായ ജീവിതം എന്നിവകൊണ്ട്‌ അസാധാരണത്വമാര്‍ന്ന വിപ്ലവകാരിയായി ജനമനസ്സുകളില്‍ എന്നും അദ്ദേഹം തുടര്‍ന്നും നിറഞ്ഞുനില്‍ക്കും. കൂട്ടായ നേതൃത്വത്തിലൂടെ ഈ നഷ്‌ടത്തെ അതിജീവിച്ച്‌ മുന്നോട്ടു പോകുന്നതിന്‌ എന്നും ആ സ്‌മരണ കരുത്താവും.

തിരുവനന്തപുരം
18.07.2013

* * *