പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹത്തോടുപോലും അനാദരവുകാട്ടുന്ന എയര്‍ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണം. മൃതദേഹമോ ചിതാഭസ്‌മമോ വിമാനത്തില്‍ കയറ്റണമെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കണമെന്ന എയര്‍ഇന്ത്യയുടെ സര്‍ക്കുലര്‍ ദ്രോഹകരമാണ്. പൊടുന്നനവെ ഇങ്ങനെയൊരു തലതിരിഞ്ഞ നടപടി സ്വീകരിച്ചതിന് ഒരു യുക്തിയുമില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായം മാനിച്ചാണ് സര്‍ക്കുലറെന്നാണ് എയര്‍ഇന്ത്യ സൂചിപ്പിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ പൊതുവിലുള്ള നിര്‍ദേശപ്രകാരമാണോ ഇത്തരമൊരു ദ്രോഹപരിഷ്‌കാരമെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര പ്രവാസിക്ഷേമമന്ത്രാലയത്തിനും ഉത്തരവാദിത്തമുണ്ട്.
പ്രവാസി കേരളീയരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അധിവസിക്കുന്നത് ഗള്‍ഫ് നാടുകളിലാണ്. അവിടെ മരണപ്പെടുന്നവരുടെ മൃതദേഹം ജന്മനാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ കൊണ്ടുവരുന്നതിനുള്ള ക്രമീകരണം സാധാരണനിലയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് നാട്ടില്‍ ഒരു വര്‍ഷം എണ്ണായിരത്തിലധികം ഇന്ത്യക്കാര്‍ മരണപ്പെടുന്നുണ്ട്. ഒമാനില്‍ മാത്രം 2011-ല്‍ 522 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 52 എണ്ണം ആത്മഹത്യയായിരുന്നു. ഹൃദയാഘാതമരണം നൂറിലധികമാണ്. 2012-ല്‍ 541 പേര്‍ മരിച്ചപ്പോള്‍ ആത്മഹത്യാസംഖ്യ 63 ആണ്. ആത്മഹത്യാസംഭവങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നിര്‍ബന്ധമാണ്. മറ്റ് സംഭവങ്ങളില്‍ ബന്ധുക്കള്‍ എഴുതിക്കൊടുത്താല്‍ പോസ്റ്റുമോര്‍ട്ടം കൂടാതെ ആശുപത്രികളില്‍നിന്നും ആറുമണിക്കൂറിനുള്ളില്‍ മൃതദേഹം എംബാം ചെയ്‌തുകിട്ടാനുള്ള സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ 24 മണിക്കൂറോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളിലോ മൃതദേഹം നാട്ടിലെത്തിക്കാം. മരണം സംഭവിച്ചാല്‍ ആറുമണിക്കൂറിനകം മൃതദേഹം എംബാം ചെയ്‌ത് ആശുപത്രി നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നിരിക്കെ എയര്‍ഇന്ത്യയുടെ വിമാനത്തില്‍ മൃതദേഹമെത്തിക്കുന്നതിന് 48 മണിക്കൂറിലെ കാത്തിരുപ്പിനുശേഷമേ കഴിയൂവെന്ന പുതിയ അവസ്ഥ മനുഷ്യത്വരഹിതമാണ്. പിറന്നനാട്ടില്‍ കഴിയുന്ന ഉറ്റവരെ രക്ഷിക്കുന്നതിനുവേണ്ടി മണലാരണ്യത്തില്‍ കഠിനാധ്വാനത്തിലേര്‍പ്പെടുന്ന പാവപ്പെട്ടവര്‍ മരിച്ചാല്‍ , അവരുടെ മൃതദേഹം കാണുന്നതിനായി കാത്തിരിക്കുന്ന ബന്ധുമിത്രാദികളുടെ വേദനയില്‍ തീകോരിയിടുന്നതാണ് എയര്‍ഇന്ത്യയുടെ സര്‍ക്കുലര്‍. ഇത് അടിയന്തിരമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരും പ്രവാസിക്ഷേമവകുപ്പും നടപടിയെടുക്കണം.
തിരുവനന്തപുരം
30.07.2013
***