തിരുവനന്തപുരം
01.10.2012
കള്ള് നിരോധിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢമായ നീക്കം അശാസ്‌ത്രീയവും കള്ളുചെത്ത് പോലുള്ള പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്ത് നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കാനുള്ളതാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കോടതിയുടെ ചില പരാമര്‍ശത്തെ പിടിച്ചുകൊണ്ട് കള്ള് നിരോധിക്കാനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിന് ശാസ്‌ത്രീയമായ യാതൊരു അടിത്തറയും ഇല്ല. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഗുണദോഷങ്ങളെപറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദയഭാനു കമ്മീഷന്‍ പരമ്പരാഗതമായ കള്ളിനേയും കള്ളു ഷാപ്പ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറയുകയുമുണ്ടായി. ആ റിപ്പോര്‍ട്ടിന്റെ ആറാം അധ്യായത്തിലെ 18-ാം ഖണ്ഡികയില്‍ കള്ള് വില്‍ക്കുന്നതിനോട് കമ്മിറ്റിക്ക് അഭിപ്രായവ്യത്യാസം ഇല്ലെന്ന് മാത്രമല്ല ഇതിനെ പ്രോത്സാഹിപ്പിക്കണമെന്ന് ശുപാര്‍ശയും ചെയ്‌തിരുന്നു. ഇങ്ങനെ ശാസ്‌ത്രീയമായി പഠിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനകത്ത് തന്നെ ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും ഇപ്പോള്‍ കോടതി പരാമര്‍ശത്തിന്റെ പേര് പറഞ്ഞ് ഇത് നിരോധിക്കുവാനുള്ള യു.ഡി.എഫിലെ ചില കക്ഷികളുടെ നീക്കങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് വ്യക്തമാണ്. മദ്യമാഫിയയേയും അവര്‍ സംരക്ഷിക്കുന്ന സാമൂഹ്യവിരുദ്ധ പ്രവണതകള്‍ക്കെതിരേയും കര്‍ശനമായ നിലപാട് വേണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതോടൊപ്പം തന്നെ ഈ മേഖലയിലെ പരമ്പരാഗത വ്യവസായത്തെ സംരക്ഷിച്ചുകൊണ്ടുള്ള നയങ്ങള്‍ മുന്നോട്ട് വെക്കുകയാണ് വേണ്ടത് എന്നാണ് പാര്‍ടിയുടെ നിലപാട്. മദ്യ ഉപയോഗം നിയന്ത്രിക്കുന്നതിന് ശാസ്‌ത്രീയമായ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നതിന് പാര്‍ടി എതിരല്ല. എന്നാല്‍ ഇത് സംബന്ധിച്ച് പഠിച്ചിട്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ കാഴ്‌ചപ്പാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് ചില ഗൂഢലക്ഷ്യത്തോടെയുള്ള ചിലരുടെ നീക്കങ്ങളെ അംഗീകരിക്കാനാവില്ല. ഷാപ്പ് മേഖലയിലെ അഴിമതി അവസാനിപ്പിക്കാനും ശുദ്ധമായ കള്ള് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്ന് എന്ന നിലയില്‍ ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിക്കപ്പെട്ടിരുന്നത്. ഈ നിലപാട് മാറ്റി കള്ളുഷാപ്പുകള്‍ വീണ്ടും കരാറുകാര്‍ക്ക് നല്‍കുന്ന സ്ഥിതി ഉണ്ടാക്കി ഈ രംഗത്ത് അരാജകത്വം ഉണ്ടാക്കിയത് യു.ഡി.എഫാണ്. പലയിടത്തും കൃത്രിമമായ വിഷവസ്‌തു ഉള്‍പ്പെടെ ചേര്‍ത്ത് കള്ള് നിര്‍മ്മിച്ച് വില്‍ക്കുന്നുണ്ടെങ്കില്‍ അവ തടയുന്നതിനുള്ള കര്‍ശന നടപടിയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. കള്ളിന്റെ നിരോധനത്തെപ്പറ്റി പറയുന്നവര്‍ വിദേശമദ്യത്തേയും അതുമായി ബന്ധപ്പെട്ട ലോബികളേയും കുറിച്ച് മിണ്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യാജക്കള്ള് ഉള്‍പ്പെടെ തടയുന്നതിനുള്ള നിലപാട് സ്വീകരിക്കാതെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പരമ്പരാഗതമേഖലയെ തകര്‍ക്കുന്നത് വന്‍കിടക്കാര്‍ക്ക് നേട്ടം കൊയ്യാനാണ്. മറ്റ് മദ്യങ്ങളേക്കാള്‍ വീര്യം കുറഞ്ഞതും അപകടം കുറഞ്ഞതുമായ കള്ള് നിരോധിക്കുന്നത് വ്യാജ മദ്യോല്‍പാദനവും വ്യാജമദ്യ വില്‍പനയും വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കും. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടറിഞ്ഞുകൊണ്ട് കള്ളുചെത്തും കള്ളുഷാപ്പ് വ്യവസായവും നിരോധിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
* * *