പ്രളയക്കെടുതിയും മരണവും നേരിടുന്ന കേരളത്തെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും സൈന്യത്തിന്റേയും അടിയന്തിര പ്രവര്‍ത്തനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന.

വിവരാണാതീതമായ പ്രളയക്കെടുതിയും മരണവും നേരിടുന്ന കേരളത്തെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും സൈന്യത്തിന്റേയും അടിയന്തിര പ്രവര്‍ത്തനം ഉണ്ടാവണം. തുടര്‍ച്ചയായ മഴയും ഉരുള്‍പൊട്ടലും കാരണം ഇടുക്കി ജില്ല ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്‌. ഇത്‌ മനസിലാക്കി സൈന്യത്തിന്റേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും അടിയന്തര സഹായ-രക്ഷാ പ്രവര്‍ത്തനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. ഇതിനകം സി.പി.ഐ (എം) പ്രവര്‍ത്തകരും അനുഭാവികളും പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂഗരായിട്ടുണ്ട്‌. സി.പി.ഐ (എം) ന്റേയും ബഹുജനസംഘടനകളുടേയും എല്ലാ പ്രവര്‍ത്തകരും കൂടുതല്‍ സജീവമായി രംഗത്തുണ്ടാവണം. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും കേരളം കടുത്ത ദുരിതത്തിലാണ്‌. ഇടുക്കിയില്‍ മാത്രം ഒറ്റ ദിവസം കൊണ്ട്‌ 15 ലധികം പേരാണ്‌ പ്രളയകെടുതിയില്‍ മരിച്ചത്‌. രക്ഷാ പ്രവര്‍ത്തനത്തിനിടയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ അഞ്ചുപേരാണ്‌. അടിമാലി ചീയപ്പാറയില്‍ വാഹനങ്ങള്‍ക്ക്‌ മുകളില്‍ മുപ്പതടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞ്‌ വീഴുകയും നിരവധി പേര്‍ കുടുങ്ങി കിടക്കുകയും ചെയ്യുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ടൂറിസ്റ്റ്‌ ബസ്‌ ഉള്‍പ്പെടെ മൂന്ന്‌ വാഹനങ്ങള്‍ കൊക്കയിലേക്ക്‌ മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം മഴ തുടരുന്നത്‌ കാരണം തടസപ്പെട്ടിരിക്കുന്നുവെന്നാണ്‌ വാര്‍ത്തകള്‍. വ്യേമസേനയുടേയും സൈന്യത്തിന്റേയും ഉള്‍പ്പെടെ അടിയന്തര സഹായം ഉണ്ടാകണം. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നായി പത്തിലധികം പേരെ കാണാതായിട്ടുണ്ട്‌. ഉത്തരകേരളത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ റോഡുകള്‍ തകരുകയും വാഹനഗതാഗതം അസാധ്യമാകുകയും ചെയ്‌തിരിക്കുന്നു. നെടുമ്പാശേരി വിമാനത്താവളം അടച്ചിടുന്ന തരത്തില്‍ മഴക്കെടുതി മാറിയിരിക്കുകയാണ്‌. സംസ്ഥാനത്തെ ഡാമുകള്‍ തുറന്നുവിടുന്നതിനാല്‍ കെടുതി വര്‍ദ്ധിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ യുദ്ധസമാനമായ രക്ഷാപ്രവര്‍ത്തനവും സഹായ പ്രവര്‍ത്തനവും ഉണ്ടാകണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരം
05.08.2013