പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ 11-08-2013ൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്...
"കുറ്റവാളിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചൊഴിയണം. അതിനുള്ള ഉപരോധസമരത്തില്‍ ഉറച്ചുനില്‍ക്കുന്നു. കുറ്റവാളിയായ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഏകാധിപതികളെയും പട്ടാളമേധാവികളേയും പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല സമരത്തിന്റെ ലക്ഷ്യം. സമരക്കാരല്ല, നാടിന് നാണക്കേടുണ്ടാക്കുന്നത്; നാണംകെട്ട മുഖ്യമന്ത്രിയാണ്. കുറ്റവാളിയായിട്ടും അത് മാനിക്കാതെ ഭരണഘടനയെ പിച്ചിചീന്തുകയാണ്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ. ഇപ്പോള്‍ പ്രതിപക്ഷം ഒന്നാകെ സമരമുഖത്താണ്. അതിനാല്‍ ഇനി ചര്‍ച്ചയുടെ പ്രശ്നം ഉദിക്കുന്നില്ല. ചര്‍ച്ച ചെയ്താല്‍ ഉപരോധം തങ്ങള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നുണ്ടോ. ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യം മാനിച്ച് മുഖ്യമന്ത്രി രാജിവെച്ചൊഴിയണം. സമരം സര്‍ക്കാരിനെതിരാണെന്ന് വ്യാഖ്യാനിച്ച് ഘടകകക്ഷികളെ കൈയ്യിലെടുക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കവും വിലപോയിട്ടില്ല...”
"സെക്രട്ടറിയറ്റിന്റെ എല്ലാ ഗേറ്റുകളും അടച്ചിട്ട ഉപരോധസമരം ഇതിനും മുമ്പും ഉണ്ടായിട്ടുണ്ട്. കലക്ട്രേറ്റുകളും സെക്രട്ടറിയറ്റുകളും ഉപരോധിച്ചിട്ടുള്ളത് എല്ലാഗേറ്റുകളും അടച്ചിട്ടുതന്നെയാണ്. അത്തരം ഉപരോധം തന്നെയാകും നാളെയും നടക്കുക. കുടുംബശ്രീ സമരവും ഭൂസമരവും വിജയലക്ഷ്യം കണ്ട സമരങ്ങള്‍ തന്നെയാണ്. ആ സമരങ്ങളെല്ലാം സര്‍ക്കാരിനെതിരായ വന്‍ പ്രക്ഷോഭങ്ങള്‍ തന്നെയായിരുന്നു..."
"ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി പ്രകാരം പ്രതിയായി വരേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍ പ്രതിയാകാത്തത് ഇപ്പോഴുള്ള അന്വേഷണത്തിന്റെ കേമം കൊണ്ടല്ലെ. അതിനാലാണ് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പറയുന്നത്. മുഖ്യമന്ത്രിക്കും മറ്റും എതിരായ സരിതനായരുടെ വെളിപ്പെടുത്തല്‍ എങ്ങിനെയാണ് 24 പേജില്‍നിന്ന് 4 പേജായത്. എന്തെല്ലാം നേട്ടങ്ങളാണ് അവരുടെ ജയില്‍മാറ്റങ്ങള്‍ കൊണ്ടുണ്ടായത്. ഇതില്‍നിന്നെല്ലാം തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് പൊതുജനത്തിന് മുന്നില്‍ വ്യക്തമായി കഴിഞ്ഞു. തട്ടിപ്പില്‍ എനിക്ക് പങ്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടായോ. അത്തരം കുറ്റവാളികള്‍ അധികാരത്തിലിരിക്കരുത്..."
"സര്‍വ്വകകക്ഷി സംഘത്തിനൊപ്പം പോകാന്‍ പ്രതിപക്ഷനേതാവ് പോകാത്തത് എന്തുകൊണ്ടാണെന്ന് വി.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമൊപ്പം പോകാനാകില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തന്നെയാണ് പാര്‍ട്ടിക്കും. ഹൈക്കമാന്‍ഡിന് മുന്നില്‍ മുഖം നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍വ്വകകക്ഷി സംഘത്തെ ദില്ലിയിലെത്തിച്ച് മുഖം രക്ഷിക്കാനുള്ള കുരുട്ടുബുദ്ധിയാണ് പ്രയോഗിക്കാന്‍ ശ്രമിച്ചത്..."
"13 ചോദ്യങ്ങളൊന്നും ഞാൻ ഉമ്മന്‍ചാണ്ടിയോട് ചോദിക്കുന്നില്ല. എന്നാല്‍ സലീം രാജ് എന്ന മുന്‍ ഗണ്‍മാന് വേണ്ടി സര്‍ക്കാറിന്റെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായത് എന്തിനാണെന്ന് മാത്രം ഉമ്മന്‍ചാണ്ടി ഒന്ന് പറയണം. അതിനുള്ള ഉത്തരം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. രാജിവെക്കും മുന്നേ ആ ഉത്തരം പറഞ്ഞാല്‍ നല്ലതാകും..."