മലയാള ഭാഷയെ അപമാനിക്കുന്ന തീരുമാനത്തില്‍ നിന്ന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌

മലയാള ഭാഷയെ അപമാനിക്കുന്ന തീരുമാനത്തില്‍ നിന്ന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ പിന്തിരിയണം. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി തേടുന്നവര്‍ മലയാളം അറിഞ്ഞിരിക്കണമെന്ന നിബന്ധന സംബന്ധിച്ച അജണ്ട മന്ത്രിസഭാ യോഗത്തില്‍ നിന്ന്‌ മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായത്‌ ഭാഷാഭിമാനികളായ മലയാളികളെയാകെ ദുഃഖിപ്പിക്കുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്യുന്നു. മലയാളത്തിന്റെ ശത്രു മലയാളി തന്നെയാണെന്നും, കള്ളചുരിക തീര്‍ക്കുന്ന പണിയാകരുത്‌ നിയമനിര്‍മ്മാണമെന്നും ഒ.എന്‍.വി ചൂണ്ടിക്കാട്ടി. മലയാളത്തോടുള്ള അവഹേളനം എന്നാണ്‌ ടി. പത്മനാഭന്‍ ഇതിനെ വിശേഷിപ്പിച്ചത്‌. സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നതായി തോന്നുന്നുവെന്ന്‌ സുഗതകുമാരി അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ ഭാഷ സംസാരിക്കുന്നവരുടെ ഉല്‍കണ്‌ഠകള്‍ പരിഗണിക്കുന്നതിന്റെ പേരില്‍ ഇത്തരമൊരു തകിടം മറിച്ചിലിന്റെ യാതൊരാവശ്യവുമില്ല എന്ന്‌ വസ്‌തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. തമിഴ്‌, കന്നട തുടങ്ങിയ ന്യൂനപക്ഷ ഭാഷ സംസാരിക്കുന്നവര്‍ക്ക്‌ അവരുടെ മാതൃഭാഷയില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവസരവും കേരളത്തിലുണ്ട്‌. അതോടൊപ്പം അവര്‍ കേരളത്തില്‍ തൊഴില്‍ തേടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മലയാള ഭാഷയില്‍ ആവശ്യമായ പരിജ്ഞാനം ഉണ്ടായിരിക്കണമെന്നാണ്‌ വ്യവസ്ഥ. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വ്യവസ്ഥയുണ്ട്‌. ഭാഷാ ന്യൂനപക്ഷങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ മലയാള ഭാഷ അഭിരുചി പരിശോധിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ 1974 ല്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. അത്‌ ഇപ്പോഴും പ്രാബല്യത്തിലുള്ളതാണ്‌.

ഈ പശ്ചാത്തലത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഒരു പ്രയാസവുമുണ്ടാകേണ്ട തീരുമാനമല്ല മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നത്‌. ഇത്‌ ഏതോ നിഗുഢ ശക്തികളുടെ ഇടപെടലിനെ തുടര്‍ന്ന്‌ പിന്‍വലിച്ചത്‌ സ്വന്തം അമ്മയെ അവഹേളിക്കുന്നതിന്‌ സമമാണ്‌. സി.ബി.എസ്‌.ഇ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ്‌ മീഡിയം വിദ്യാഭ്യാസ ലോബിയുടെ സമ്മര്‍ദ്ദവും ഇതിന്റെ പിന്നിലുണ്ടെന്നതില്‍ സംശയമില്ല. ആഗോളീകരണത്തിന്റെ ഭാഗമായി വ്യത്യസ്‌ത കച്ചവട ലോബികള്‍ ഓരോ മേഖലയിലും അവസാന വാക്കാകുമ്പോള്‍ മാതൃഭാഷ പോലും പിന്തള്ളപ്പെടുമെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

മലയാളം ശ്രേഷ്‌ഠ ഭാഷയായി അംഗീകരിക്കപ്പെടുകയും ഭാഷക്ക്‌ മാത്രമായി ഒരു സര്‍വകലാശാല സ്ഥാപിക്കപ്പെടുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു കീഴടങ്ങല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്‌ അത്യന്തം അധിക്ഷേപാര്‍ഹമാണ്‌. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്‌ചയെ വിമര്‍ശിച്ച പ്രമുഖ സാഹിത്യകാരന്മാരും ഭാഷാ സ്‌നേഹികളും ഭാഷാ ഭ്രാന്തന്മാരാണ്‌ എന്ന നിലയില്‍ ചിത്രീകരിക്കുവാന്‍ സാംസ്‌കാരികവകുപ്പ്‌ മന്ത്രി തയ്യാറായത്‌ അപമാനകരമാണ്‌.

മലയാള ഭാഷാ പരിജ്ഞാനം സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി തേടുന്നവര്‍ക്ക്‌ നിര്‍ബന്ധിതമാക്കികൊണ്ടുള്ള തീരുമാനം സംബന്ധിച്ച്‌ വ്യക്തമായ തീരുമാനമെടുത്ത്‌ ഇനി ഒട്ടും വൈകാതെ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ സംസ്ഥാനസര്‍ക്കാരിനോട്‌ ശക്തമായി ആവശ്യപ്പെടുന്നു.