ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആഘാതത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ പുതിയ സ്റ്റാറ്റിയൂട്ടറി കരാറിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആഘാതത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ പുതിയ സ്റ്റാറ്റിയൂട്ടറി കരാറിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇതിനുള്ള ഒരു നീക്കവും നടത്താത്ത സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. ഭക്ഷ്യസുരക്ഷയ്‌ക്ക് അര്‍ഹതയുള്ളവരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാ നിയമമല്ല കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്നതിനാല്‍ സ്റ്റാറ്റിയുട്ടറി റേഷന്‍ സമ്പ്രദായം നിലനിന്ന കേരളത്തിന് വലിയ നഷ്ടം സംഭവിച്ചിരിക്കയാണ്. പകുതിപേര്‍ക്കും റേഷന്‍ നിഷേധിക്കാന്‍ ഇടയാക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനക്ഷേമ നാമത്തില്‍ പുതിയ ഭക്ഷ്യനിയമം നടപ്പാക്കുമ്പോള്‍, ബില്ല് വാഗ്‌ദാനം ചെയ്യുന്നതിനേക്കാള്‍ ക്ഷേമം ലഭിച്ചുവരുന്ന സംസ്ഥാനങ്ങളിലെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് തടയാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്... ഇത് സംരക്ഷിക്കുന്നതില്‍ കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് പൂര്‍ണമായി പരാജയപ്പെട്ടു. ഭക്ഷ്യകമ്മിയുള്ള കേരളം ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് കേവലം 45 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യം മാത്രമാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്തൃസംസ്ഥാനമെന്ന പരിഗണനയും ലഭിക്കണം. കേരളത്തിന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഭക്ഷ്യവിഹിതംവഴി ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിക്കാര്‍ക്കും മാത്രമേ സൗജന്യനിരക്കില്‍ റേഷന്‍ ലഭിക്കൂ. രണ്ടു രൂപാനിരക്കില്‍ ഇപ്പോള്‍ റേഷന്‍ ലഭിക്കുന്ന എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡിയില്ലാത്ത എ.പി.എല്‍കാരും പൂര്‍ണമായി തഴയപ്പെടും. എ.പി.എല്‍കാര്‍ക്കും റേഷന്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്റെ സംരക്ഷണമില്ലാത്തതിനാല്‍ പാലിക്കപ്പെടാന്‍ സാധ്യതയില്ല. എന്തെങ്കിലും ലഭിച്ചാല്‍ത്തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം അത് തുടരാനും ഇടയില്ല. തുടരണമെങ്കില്‍ നിയമപരമായ കരാര്‍ ഉണ്ടാകണം.
1965 ജൂലൈ ഒന്നുമുതല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാര്‍വത്രിക റേഷനിങ് സമ്പ്രദായമാണ് ഭക്ഷ്യ സുരക്ഷാ നിയമത്തിലൂടെ ഇല്ലാതായിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ തുടങ്ങി പിന്നീട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ വികസിപ്പിച്ച സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം കേരളത്തില്‍ പട്ടിണി അകറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കേരളത്തിലെ 81 ലക്ഷം കാര്‍ഡുടമകളില്‍ 54 ശതമാനത്തിന് നിലവിലുള്ള റേഷനും നിഷേധിക്കപ്പെടുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യതസ്‌തമാണെന്ന് വാദിക്കുന്നതുകൊണ്ട് കേരളീയരുടെ വിശപ്പ് മാറില്ല.
കേരളത്തില്‍ 64 ലക്ഷം റേഷന്‍കാര്‍ഡുകള്‍ ഉണ്ടായിരുന്നപ്പോള്‍ അനുവദിച്ചിരുന്നത് വര്‍ഷം 24 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമായിരുന്നു. എന്നാല്‍, നിലവിലുള്ള 81,38,828 കാര്‍ഡുകള്‍ക്ക് അരിയും ഗോതമ്പുമായി അനുവദിക്കുന്നത് 17 ലക്ഷം ടണ്‍മാത്രമാണ്. ഇത് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള റേഷന്‍ ലഭ്യതയെ ബാധിക്കുന്നു. ബി.പി. എല്‍കാര്‍ക്കുപോലും 18 കിലോ അരിയാണ് നിലവില്‍ ലഭിക്കുന്നത്. പുതിയ നിയമ പ്രകാരം ഏറിയാല്‍ 10 ലക്ഷം ടണ്‍ ധാന്യമാകും കേരളത്തിന് ഉറപ്പായും ലഭിക്കുക. ഇത് ബി.പി.എല്‍കാര്‍ക്കും എ.എ.വൈ കാര്‍ഡുടമകള്‍ക്കും നല്‍കാനേ തികയൂ.
കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങളും മൂന്നോ നാലോ അംഗങ്ങളുള്ള അണുകുടുംബങ്ങളാണ്. ബി.പി.എല്‍ കുടുംബത്തിന് പ്രതിമാസം 35 കിലോ അരി ലഭിച്ചിരുന്നു. ഇത് ഒരു വ്യക്തിക്ക് അഞ്ചു കിലോയായി പുതിയ നിയമം പരിമിതപ്പെടുത്തിയതും കേരളത്തിന് തിരിച്ചടിയാണ്.
തിരുവനന്തപുരം
30.08.2013