കൈത്തറി വ്യവസായ പഠനസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ പ്രാതിനിധ്യം നല്‍കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ കാണിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കൈത്തറി വ്യവസായ പഠനസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ പ്രാതിനിധ്യം നല്‍കാത്ത നടപടി പ്രതിഷേധാര്‍ഹമാണ്. കൈത്തറി വ്യവസായത്തെ പുനരുദ്ധരിക്കാനും സംരക്ഷിക്കാനുമായി കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയം രൂപീകരിച്ച പഠനസമിതിയില്‍ കേരളം ഒഴികെയുള്ള എട്ട്‌ സംസ്ഥാനങ്ങളിലെ ടെക്‌സ്റ്റൈല്‍ ഹാന്‍ഡ്‌ലൂം ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഒന്നേകാല്‍ ലക്ഷത്തിലധികം തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതാശ്രയമായ കേരളത്തിലെ കൈത്തറി മേഖലയോട്‌ കാട്ടിയ അവഗണനയാണ്‌ സമിതിയില്‍ കേരളത്തിന്‌ പ്രാതിനിധ്യം നല്‍കാതിരുന്നത്‌.

സംസ്ഥാനത്തെ കൈത്തറിമേഖല പ്രതിസന്ധിയിലും തകര്‍ച്ചയിലുമാണ്‌. കൈത്തറി സംഘങ്ങളുടെ കടം എഴുതിത്തള്ളുന്നതിന്‌ കേന്ദ്ര ബജറ്റില്‍ 2010ല്‍ പ്രഖ്യാപിച്ച 3884 കോടി രൂപയുടെ ആശ്വാസ നടപടി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 785 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഇവിടെ 124 സംഘങ്ങള്‍ക്ക്‌ മാത്രമേ ഇതുവരെ സഹായധനം നല്‍കിയിട്ടുള്ളൂ. ഉത്സവകാലത്ത്‌ ഉള്‍പ്പെടെ കൈത്തറി വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേന്ദ്രം അനുവദിച്ചിരുന്ന 10 ശതമാനം റിബേറ്റ്‌ 2009-ല്‍ നിര്‍ത്തലാക്കി. അത്‌ പുനഃസ്ഥാപിച്ചിട്ടില്ല. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്‍കം സപ്പോര്‍ട്ട്‌ സ്‌കീം നടപ്പാക്കുന്നതിന്‌ ജില്ലകള്‍ക്ക്‌ 10 കോടി രൂപ നല്‍കിയിരുന്നു. അതുപോലെ നൂല്‍ സബ്‌സിഡിയും പദ്ധതിയും കൊണ്ടുവന്നു. കൈത്തറിക്ക്‌ വ്യവസായത്തിന്‌ കൈത്താങ്ങായിരുന്ന ആ പദ്ധതികളെല്ലാം ഇന്ന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്‌. കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈത്തറി സഹകരണസംഘങ്ങള്‍ ബാങ്കുകളില്‍നിന്ന്‌ ക്യാഷ്‌ ക്രെഡിറ്റ്‌ ലോണ്‍ വാങ്ങുമ്പോള്‍ നല്‍കേണ്ട പലിശ നാമമാത്രമാക്കുകയും പലിശ കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും ചെയ്യേണ്ടതുണ്ട്‌. ഇതടക്കമുള്ള നടപടികള്‍ സ്വീകരിച്ച്‌ കേരളത്തിലെ കൈത്തറിയെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്‌.

നിലവിലുള്ള തറികള്‍ ആധുനികവല്‍ക്കരിക്കുക, സബ്‌സിഡി നല്‍കേണ്ട വിഭാഗങ്ങള്‍ ഏതെന്ന്‌ നിര്‍ണയിക്കുക, പുതിയ കാലഘട്ടത്തിന്‌ അനുസരണമായി കൈത്തറിയുടെ നിര്‍വചനം എങ്ങനെ മാറ്റണം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സമിതിയില്‍ കേരളത്തിന്‌ നിര്‍ബന്ധമായി പ്രാതിനിധ്യം നല്‍കേണ്ടതായിരുന്നു. ഈ തെറ്റ്‌ കേന്ദ്രം തിരുത്തണം. കേരളത്തിലെ കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ പ്രത്യേക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം.

തിരുവനന്തപുരം
04.09.2013
* * *