സി.പി.ഐ (എം) പ്രവര്‍ത്തകന്‍ എം.ബി. ബാലകൃഷ്‌ണന്റെ നിഷ്‌ഠൂര കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കാസര്‍ഗോഡ്‌ കൊലപാതകം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിനാശകരമായ രാഷ്‌ട്രീയ നയത്തിന്റെ ഭാഗമാണ്. സി.പി.ഐ (എം) പ്രവര്‍ത്തകനായ എം.ബി.ബാലകൃഷ്‌ണനെ തിരുവോണ നാളില്‍ പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌ ആസൂത്രിത ഗൂഢലോചനയുടെ ഫലമായാണ്‌. പറയത്തക്ക ഒരു പ്രകോപനവും ഇല്ലാതെയാണ്‌ നാല്‍പത്തഞ്ചുകാരനായ ബാലകൃഷ്‌ണനെ വകവരുത്തിയത്‌. കാസര്‍ഗോഡ്‌ മാങ്ങാട്‌ സ്വദേശിയായ ബാലകൃഷ്‌ണന്‍ ഒരു മരണവീട്ടില്‍ പോയി ഇരുചക്രവാഹനത്തില്‍ മടങ്ങുമ്പോഴാണ്‌ കോണ്‍ഗ്രസ്‌ അക്രമികള്‍ ആക്രമിച്ചത്‌. ഒരു തുള്ളി ചോര പോലും പുറത്ത്‌ വരും മുമ്പ്‌ ഒറ്റകുത്തിനാണ്‌ ഹൃദയവും ശ്വാസകോശവും തകര്‍ത്ത്‌ ഒരു ജീവന്‍ കവര്‍ന്നെടുത്തത്‌. കൊല തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ മാത്രം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്‌ കൊല നടത്തിയിരിക്കുന്നത്‌. കോണ്‍ഗ്രസിന്റെ സ്വാധീനമേഖല തെരഞ്ഞെടുത്താണ്‌ തിരുവോണ രാത്രിയില്‍ നിഷ്‌ഠൂരമായ പാതകം നടത്തിയത്‌. ഭാര്യയും രണ്ട്‌ മക്കളുമുള്ള ബാലകൃഷ്‌ണനെ വകവരുത്തിയതിന്‌ ഒരു ന്യായീകരണവുമില്ല. ഇത്തരം നിഷ്‌ഠൂര കൊലപാതകങ്ങള്‍കൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ ജനകീയ പ്രക്ഷോഭത്തെ തടഞ്ഞു നിര്‍ത്താം എന്നാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും കരുതുന്നത്‌. ഭരണത്തിന്റെ തണലിലാണ്‌ ഈ കൊലപാതകം നടന്നിരിക്കുന്നത്‌. പ്രതികളെ പിടികൂടാനും കൊലപാതകത്തിന്‌ പിന്നിലെ ഗൂഢാലോചന പുറത്ത്‌ കൊണ്ടുവരാനും എല്ലാ കുറ്റവാളികളേയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെടുന്നു.

തിരുവനന്തപുരം
17.09.2013