മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിലെ ദുരിത ബാധിതരെ സഹായിക്കാന്‍ സംഭാവന നല്‍കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിലെ ദുരിത ബാധിതരെ സഹായിക്കാനുള്ള ഫണ്ട്‌ ശേഖരണത്തിന്‌ രംഗത്തിറങ്ങാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും തുറന്ന മനസോടെ സംഭാവന നല്‍കാന്‍ സമാധാന കാംക്ഷികളായ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലും സമീപ ജില്ലകളിലും ഉണ്ടായ വര്‍ഗീയ കലാപത്തിലെ മരണസംഖ്യ 44 ന്‌ മുകളിലാണ്‌. പരിക്കേറ്റവരും കഷ്‌ടനഷ്‌ടമനുഭവിക്കുന്നവരും ആയിരങ്ങളാണ്‌. കലാപത്തില്‍ അരലക്ഷത്തോളം പേര്‍ക്ക്‌ വീട്‌ നഷ്‌ടപ്പെട്ടു എന്നാണ്‌ ഔദ്യോഗിക കണക്ക്‌. ആഗസ്റ്റ്‌-സെപ്‌തംബര്‍ മാസങ്ങളിലായി നടന്ന അനിഷ്‌ടസംഭവങ്ങളും വര്‍ഗീയ കലാപവും ഇന്ത്യയെ ആകെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്‌. ബി.ജെ.പി-ആർ.എസ്‌.എസ്‌ കുടില ബുദ്ധിയില്‍ രൂപം കൊണ്ടതാണ്‌ വര്‍ഗീയകലാപം. ഇതിന്‌ ഇരയായി വേദനിക്കുന്നവരുടെ കണ്ണുനീരൊപ്പുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ വീടുകളിലും കടകളിലും പൊതുഇടങ്ങളിലും എത്തി ഹുണ്ടിക മുഖാന്തിരം ഫണ്ട്‌ സംഭരിക്കുന്നത്‌. ഒരു പെണ്‍കുട്ടിയോട്‌ അന്യസമുദായത്തിലെ യുവാക്കള്‍ മോശമായി പെരുമാറിയെന്ന സംഭവത്തെയാണ്‌ വന്‍ വര്‍ഗീയ കലാപത്തിന്‌ വെടിമരുന്നാക്കി മാറ്റിയത്‌. ഇതിനെ മുസ്ലീം-ജാട്ട്‌ സമുദായങ്ങള്‍ തമ്മിലുള്ള സംഘട്ടനമാക്കി മാറ്റാന്‍ ആർ.എസ്‌.എസിന്‌ കഴിഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ഇന്നത്തെ നിലയില്‍ ബി.ജെ.പിക്ക്‌ കഴിയില്ല. എന്നാല്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയ കുഴപ്പം ബോധപൂര്‍വ്വം സൃഷ്‌ടിച്ച്‌ നേട്ടം ഉണ്ടാക്കാനാണ്‌ ആർ.എസ്‌.എസ്‌ പദ്ധതി. മോഡിയുടെ നേതൃത്വത്തെ അംഗീകരിക്കാതെ എന്‍.ഡി.എ വിടാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തയ്യാറായപ്പോള്‍ ബീഹാറിനെ വര്‍ഗീയ കലാപങ്ങളുടെ വിളഭൂമിയാക്കാന്‍ നോക്കി. അതിന്റെ മറ്റൊരു പതിപ്പാണ്‌ മുസാഫര്‍ നഗര്‍ സംഭവങ്ങള്‍. ബി.ജെ.പിയുടെ പ്രഖ്യാപിത രാഷ്‌ട്രീയപ്രമാണങ്ങള്‍ക്ക്‌ ജനങ്ങളില്‍ സ്വീകാര്യത കിട്ടാത്തതുകൊണ്ട്‌ അതിനെ മറികടക്കാന്‍ വര്‍ഗീയ ധ്രുവീകരണത്തെ ആശ്രയിക്കുകയാണ്‌ സംഘപരിവാര്‍. അതിന്റെ ഭാഗമായാണ്‌ ഉത്തര്‍പ്രദേശില്‍ ഇതുവരെ നിലവില്‍ ഉണ്ടായിരുന്ന മുസ്ലീം-ജാട്ട്‌ ഐക്യത്തിന്‌ വിഘാതം സൃഷ്‌ടിച്ച്‌ കലാപം ഉണ്ടാക്കിയത്‌. പിന്നോക്ക വിഭാഗവും മുസ്ലീം സമുദായവും തമ്മിലുള്ള ഐക്യമാണ്‌ ഉത്തര്‍പ്രദേശ്‌ ഭരിക്കുന്ന സമാജ്‌വാദി പാര്‍ടിയുടെ അടിത്തറ. ബി.ജെ.പിയോട്‌ ചങ്ങാത്തം കാട്ടാത്ത സമാജ്‌വാദി പാര്‍ടിക്ക്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുക എന്ന ലക്ഷ്യം ഈ വര്‍ഗീയ കലാപത്തിന്‌ പിന്നിലുണ്ട്‌. സമാജ്‌വാദി പാര്‍ടി ക്ഷീണിക്കുന്നതിനോട്‌ യോജിപ്പുള്ള കോണ്‍ഗ്രസാകട്ടെ മുസാഫര്‍ നഗര്‍ കലാപത്തിലെ കുറ്റവാളികളായ ബി.ജെ.പി-ആർ.എസ്‌.എസ്‌ ക്രിമിനലുകളെ തള്ളിപ്പറയാനോ അലോസരപ്പെടുത്താനോ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയതുമില്ല. കൂട്ടക്കുരുതികളിലൂടെ മോഡിയെ പ്രധാനമന്ത്രിയാക്കാനുള്ള നികൃഷ്‌ടരാഷ്‌ട്രീയത്തെ ഒറ്റപ്പെടുത്തണം. ഈ സന്ദേശം കൂടി നല്‍കിയാണ്‌ സി.പി.ഐ (എം) മുസാഫര്‍ നഗര്‍ ദുരിതാശ്വാസ നിധി സംഭരിക്കുന്നത്‌. ഇത്‌ വിജയമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
17.09.2013
* * *