സി.പി.ഐ നേതാവ്‌ വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം...

കേരളീയസമൂഹത്തെ പുരോഗമനപരമായി വളര്‍ത്തുന്നതില്‍ നിസ്‌തുലമായ പങ്കുവഹിച്ച അതുല്യ കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു സ. വെളിയം ഭാര്‍ഗവൻ.

ഒരു പരിഷ്‌കൃത മനുഷ്യസമൂഹമായി കേരളത്തെ മാറ്റിത്തീര്‍ത്തതില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും പിന്നീട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും നിര്‍ണായക പങ്കുവഹിച്ചു. ഈ പ്രവണതയെ പില്‍ക്കാലത്ത്‌ ശക്തിപ്പെടുത്താന്‍ യത്‌നിച്ച നേതാക്കളില്‍ പ്രധാനിയായിരുന്നു സ. വെളിയം. സിപിഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പതിനാലുവര്‍ഷത്തോളം പ്രവര്‍ത്തിച്ച അദ്ദേഹം ആ കാലയളവിലും അതിനുശേഷവും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്താന്‍ കാട്ടിയ ജാഗ്രതാപൂര്‍ണവും സമര്‍പ്പിതവുമായ ചുവടുവയ്‌പുകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്‌. വേദസംഹിതകളെയും ഉപനിഷത്തുക്കളെയും പഠിച്ച്‌ സന്യാസിയായി ജീവിതം തുടങ്ങിയ അദ്ദേഹം മനുഷ്യസമൂഹത്തിന്റെ മാറ്റത്തിന്‌ കമ്യൂണിസമാണ്‌ പോംവഴിയെന്ന്‌ മനസ്സിലാക്കിയാണ്‌ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ കമ്യൂണിസ്റ്റുകാരനായത്‌. കാവിയുടുത്ത്‌ തലമുണ്ഡനം ചെയ്‌ത്‌ മൂന്നുവര്‍ഷത്തോളം സന്യാസിയായി അലഞ്ഞതിന്റെ അനുഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ അദ്ദേഹം സ്വകാര്യമായി പങ്കുവച്ചിട്ടുണ്ട്‌. സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും അര്‍പ്പണബുദ്ധിയോടുംകൂടിയാണ്‌ അദ്ദേഹം കമ്യൂണിസ്റ്റ്‌ രാഷ്‌ട്രീയത്തെ സേവിച്ചത്‌. ഏറ്റെടുക്കുന്ന ദൗത്യം കളങ്കമില്ലാത്ത സമര്‍പ്പണമാകണമെന്നതില്‍ നല്ല നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുന്നതിലും അതിലെ പ്രവര്‍ത്തകര്‍ തമ്മിലുള്ള മാനസിക ഐക്യം വളര്‍ത്തുന്നതിലും പല ഘട്ടങ്ങളിലും ധീരമായ ശബ്‌ദമായി വെളിയം മാറി. വാക്കുകള്‍ക്ക്‌ ദാരിദ്ര്യമില്ലാത്ത പ്രാസംഗികനായിരുന്നു അദ്ദേഹം. 90-കളിലെ കരുണാകര സര്‍ക്കാരിന്റെകാലത്ത്‌ എ.കെ.ജി സെന്ററിനുനേരെ പൊലീസ്‌ വെടിവെയ്‌പ്‌ നടന്നപ്പോള്‍ വെളിയം നടത്തിയ ആവേശോജ്വലമായ പ്രസംഗങ്ങള്‍, ജനവിരുദ്ധ പൊലീസ്‌ നയം നടപ്പാക്കുന്ന ഭരണാധികാരികള്‍ക്ക്‌ എക്കാലത്തേക്കുമുള്ള മുന്നറിയിപ്പായിരുന്നു. 1954ല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സമരത്തില്‍ പങ്കെടുത്തതിന്‌ ക്രൂരമായ പൊലീസ്‌ മര്‍ദനത്തിനിരയാവുകയും ലോക്കപ്പ്‌ മുറിയില്‍വച്ച്‌ പകുതി മീശ കൊടില്‍കൊണ്ട്‌ പൊലീസ്‌ പറിച്ചെടുത്തതിന്റെയും വേദനാജനകമായ തന്റെ അനുഭവങ്ങളടക്കം വിവരിച്ചുകൊണ്ടായിരുന്നു അന്നത്തെ പ്രസംഗം. ഐക്യമുന്നണിയെ സംബന്ധിച്ച മാര്‍ക്‌സിസം-ലെനിനിസത്തിന്റെ കാഴ്‌ചപ്പാടും അത്‌ നടപ്പാക്കുന്നതില്‍ പിന്തുടരേണ്ട പ്രവര്‍ത്തിവശത്തെപ്പറ്റിയും ഗ്രാഹ്യമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ശത്രുക്കളുടെ കടന്നാക്രമണങ്ങളെ നേരിടുന്നതിനും ബഹുജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എല്‍.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയെന്ന ദൗത്യം വിജയകരമാക്കാന്‍ അക്ഷീണമായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി രാജിവച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന്‌ ആവശ്യപ്പെട്ട്‌ എല്‍.ഡി.എഫ്‌ നടത്തിയ സെക്രട്ടേറിയറ്റ്‌ ഉപരോധ സമരത്തില്‍ അനാരോഗ്യം പോലും കണക്കാക്കാതെ വെളിയം പങ്കെടുത്തത്‌ ഏറ്റവും ശ്രദ്ധേയമാണ്‌.

പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലെ മികവ്‌ ഒന്നാം കേരളനിയമസഭയിലെ അംഗമെന്ന നിലയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദരിദ്രരുടെ മോചനമെന്ന കമ്യൂണിസ്റ്റ്‌ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പാര്‍ലമെന്ററി രാഷ്‌ട്രീയമെന്നതു പോലെതന്നെ പാര്‍ലമെന്റേതര രാഷ്‌ട്രീയവും പരമപ്രധാനമാണെന്ന്‌ അദ്ദേഹം കണ്ടു. ഒരു വിജ്ഞാന അന്വേഷിയായിരുന്നു വെളിയമെന്നത്‌ അദ്ദേഹത്തെ അടുത്തുകാണുകയും സംസാരിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ പലപ്പോഴും ബോധ്യപ്പെട്ടിരുന്നു. സഖാവിന്റെ വേര്‍പാട്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ പൊതുവിലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന്‌ വിശേഷിച്ചും വലിയ നഷ്‌ടമാണ്‌. നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം
18.09.2013


* * *