പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് നീതിന്യായസംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്ന് രക്ഷിക്കാനുള്ള വഴിവിട്ട നടപടിയാണിത്. പവർ ആന്റ് എനർജി കമ്പനിയെ ഏജന്റായി നിശ്ചയിച്ച് പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ 1981ലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നു. ഇറക്കുമതി തീരുമാനവും അതിന് 15 ശതമാനം കമീഷനുമെല്ലാം ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവച്ച ബലത്തിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു ഇറക്കുമതി. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതി തള്ളിയതിനെതുടര്‍ന്ന് ജഡ്ജിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി കേസ് അട്ടിമറിച്ചത് സമീപകാലത്താണ്. കേട്ടുകേള്‍വി ഇല്ലാത്ത അത്തരം നടപടി കൊണ്ടുമാത്രം ഭാവിയില്‍ തനിക്കെതിരെ ഉണ്ടാകാനിടയുള്ള കോടതിവിധി തടയാനാകില്ല എന്ന് ഉമ്മന്‍ചാണ്ടിക്കും മറ്റും അറിയാം. കേസ് ഇനിയും മുന്നോട്ടുപോയാല്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്ക് പുറത്തുവരും എന്ന് ഉറപ്പായതുകൊണ്ടാണ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ-നിയമ-സദാചാരമൂല്യങ്ങള്‍ ലംഘിക്കുന്നതുമാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടിയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും അതിശക്തമായി പ്രതിഷേധിക്കണം.
തിരുവനന്തപുരം
24.09.2013