മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്താതെയുള്ള സോളാര്‍ തട്ടിപ്പുകേസിലെ ജുഡീഷ്യല്‍ അന്വേഷണം കേരള ജനത അംഗീകരിക്കില്ല. ആറ് കാര്യങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി പരിഗണിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചെങ്കിലും അന്വേഷണത്തില്‍ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണ വിഷയത്തില്‍ ഒന്നാമതായി ഉള്‍പ്പെടുത്തേണ്ടത് സോളാര്‍ തട്ടിപ്പുകേസിന്റെ പ്രഭവകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെയും സഹായവും പങ്കാളിത്തവും നിര്‍വ്വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയുമാണ്. നിയമസഭയ്‌ക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും പരിശോധിക്കാമെന്ന നിബന്ധനയുണ്ടെങ്കിലും അതുകൊണ്ടുമാത്രം അന്വേഷണം തൃപ്‌തികരമാവില്ല. ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ സുവ്യക്തതയോടെ അന്വേഷണവിഷയം അവതരിപ്പിക്കുകയാണ് വേണ്ടത്.
നിയമസഭയ്‌ക്കകത്തും പുറത്തും മാത്രമല്ല, നീതിന്യായ സംവിധാനങ്ങള്‍ക്കു മുന്നില്‍ പോലും കുറ്റവാളിയായി പ്രതിക്കൂട്ടിലാണ് ഉമ്മന്‍ചാണ്ടി. പൊതു പ്രാധാന്യമുള്ള കാര്യങ്ങളെപ്പറ്റിയാണ് എല്ലായിപ്പോഴും പരസ്യാന്വേഷണം. സരിതയെയും ബിജു രാധാകൃഷ്‌ണനെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമല്ല, മുഖ്യമന്ത്രിയുടെ കുറ്റകരമായ പങ്കിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി പുറത്തുകൊണ്ടുവരുന്നതിനാണ് നിഷ്‌പക്ഷവും നീതിപൂര്‍വ്വകവുമായ ജുഡീഷ്യല്‍ അന്വേഷണം എൽ.ഡി.എഫ് ആവശ്യപ്പെട്ടത്. അതിന് സിറ്റിംഗ് ഹൈക്കോടതി ജഡ്‌ജിയുടെ അന്വേഷണമാണ് വേണ്ടത്. അതിനൊപ്പം, ആ അന്വേഷണം തന്നെ നീതിപൂര്‍വ്വകമാകുന്നതിന് കളങ്കിതനായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയും വേണം.
2006 മുതല്‍ ഇതുവരെയുള്ള എല്ലാ ആക്ഷേപങ്ങളും ജുഡീഷ്യല്‍ അന്വേഷണത്തില്‍ പരിഗണിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് താന്‍ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ സരിതയും ബിജു രാധാകൃഷ്‌ണനും തുടങ്ങിയ തട്ടിപ്പുകളും മറ്റ് ക്രിമിനല്‍ കുറ്റങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നില്ല.
തിരുവനന്തപുരം
10.10.2013
* * *