സ: ഇ. നാരായണന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന സന്ദേശം.

നാടിന്റെ ഹൃദയസ്‌പന്ദനം സ്വയമുള്‍ക്കൊണ്ട്‌ സഹകരണമേഖലയ്‌ക്ക്‌ പുതുജീവനും മാറ്റവും നല്‍കാന്‍ ഉജ്വല സംഭാവന നല്‍കിയ വിപ്ലവകാരിയായ സഹകാരിയായിരുന്നു ഇ. നാരായണൻ. സഹകരണമേഖലയോട്‌ അദ്ദേഹം പ്രകടിപ്പിച്ച പ്രതിബദ്ധതയും സത്യസന്ധതയും വഴി കേരളം കണ്ട ഏറ്റവും മികച്ച സഹകാരികളിലൊരാളായി അദ്ദേഹം മാറി. അനന്യസാധാരണമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങൾ.

ഞാനൊരു വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകനായി പൊതുരംഗത്ത്‌ എത്തുന്ന ഘട്ടത്തില്‍തന്നെ നാരായണന്‍ തലശ്ശേരിയിലെ പാര്‍ടിയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. തലശ്ശേരി സഹകരണ ബാങ്കിന്റെ സാരഥിയെന്ന നിലയിലാണ്‌ സഹകരണമേഖലയിലെ മികവ്‌ ആദ്യം അദ്ദേഹം പ്രകടിപ്പിച്ചത്‌. ഡയറക്ടര്‍ബോര്‍ഡ്‌ അംഗമായി പ്രവര്‍ത്തിക്കുന്നവേളയില്‍തന്നെ ബാങ്കിന്റെ അഭിവൃദ്ധിക്ക്‌ നല്ല സംഭാവന നല്‍കിയ അദ്ദേഹം പ്രസിഡന്റായതോടെ ബാങ്കിനെ അഭൂതപൂര്‍വമായ വളര്‍ച്ചയിലെത്തിച്ചു. തലശ്ശേരി നഗരസഭാ കൗണ്‍സിലറായിരുന്നപ്പോഴും പിന്നീട്‌ ചെയര്‍മാനായപ്പോഴും നഗരത്തിന്റെ വികസനത്തിനും മാറ്റത്തിനുംവേണ്ടി കാര്യപ്രാപ്‌തിയോടും ഭാവനാപൂര്‍ണമായും പ്രവര്‍ത്തിച്ചു. തലശ്ശേരിയുടെ വികസനവും നാരായണന്റെ ഭരണപാടവവും പരസ്‌പരബന്ധിതമായി വര്‍ത്തിച്ചു.

സഹകരണ മേഖലയില്‍ ആശുപത്രി സ്ഥാപിച്ച്‌ ജനങ്ങള്‍ക്ക്‌ മികച്ച സേവനം നല്‍കാമെന്ന്‌ കേരളത്തിന്‌ കാട്ടിക്കൊടുത്ത ഭാവനാശാലിയായ സഹകാരിയായിരുന്നു നാരായണൻ. തലശ്ശേരിയില്‍ കോ-ഓപ്പറേറ്റീവ്‌ ആശുപത്രി സ്ഥാപിച്ച്‌ വളര്‍ത്തിയെടുക്കുന്നതില്‍ വ്യക്തിപരമായ മുന്‍കൈ കാട്ടി. തലശ്ശേരിയില്‍ സിറ്റി സെന്ററും ഷോപ്പിങ്‌ കോംപ്ലക്‌സും സ്ഥാപിക്കുന്നതിനും സഖാവിന്റെ സംഭാവന നിസ്‌തുലമാണ്‌. സിറ്റി സെന്ററിന്റെ മുകള്‍നിലയില്‍ ആരോഗ്യരംഗത്തെ വിവിധ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു നൂതന സ്‌കീം നടപ്പാക്കുന്നതിനുള്ള ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. സഹകരണ ആശുപത്രികളുടെ കേന്ദ്ര സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായിരിക്കെ അദ്ദേഹത്തിന്റെ മുന്‍കൈയില്‍ തലശ്ശേരിയില്‍ നഴ്‌സിംഗ്‌ കോളേജ്‌ സ്ഥാപിക്കുകയും അതിനെ മാതൃകാസ്ഥാപനമായി മാറ്റുകയും ചെയ്‌തു. സഹകരണമേഖലയിലെ ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു റബ്‌കോയുടെ സ്ഥാപനവും. സാമ്പത്തിക പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും റബ്‌കോയെ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോയതില്‍ നാരായണന്റെ സംഘടനാപാടവവും സത്യസന്ധതയും കരുത്തായി. സഹകരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തന്റെ ആരോഗ്യം പരിഗണിക്കാതെയും പ്രതിബദ്ധതയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. സി.പി.ഐ (എം) ജില്ലാകമ്മിറ്റിയംഗമെന്ന നിലയില്‍ വളരെ കൃത്യതയോടെ തന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. ഒരുതരത്തിലുള്ള അഴിമതിയും തീണ്ടാത്ത കമ്യൂണിസ്റ്റ്‌ ആര്‍ജ്ജവമായിരുന്നു നാരായണന്റെ പൊതുജീവിതം. പാര്‍ടിയുടെ പ്രത്യയശാസ്‌ത്രവും സംഘടനാ കെട്ടുറപ്പും മുറുകെ പിടിക്കുന്നതില്‍ ഒരു വിട്ടുവീഴ്‌ചയും കാട്ടാത്ത ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു നാരായണൻ. ഇത്രപെട്ടെന്ന്‌ ആ ജീവിതം അവസാനിക്കുമെന്ന്‌ ആരും കരുതിയിരുന്നില്ല. സഖാവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.

തിരുവനന്തപുരം
16.10.2013

* * *