കെ. രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം...

ഗ്രാമവിശുദ്ധിയില്‍ നാടന്‍ സംഗീതത്തിന്റെ നന്മകള്‍ ചാലിച്ച് മലയാളത്തിന് അനശ്വരഗാനങ്ങള്‍ സമ്മാനിച്ച അപൂര്‍വ പ്രതിഭയായിരുന്നു കെ രാഘവന്‍ മാസ്റ്റർ. തലശ്ശേരിയില്‍ ജനിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് ജീവിതാനുഭവങ്ങള്‍ നേടിയ അദ്ദേഹം എല്ലാകാലത്തും തികഞ്ഞ പുരോഗമന വാദിയായിരുന്നു. കാലില്‍ ഫുട്ബോളും മനസ്സില്‍ സംഗീതവും ചിന്തയിൽ പുരോഗമനാശയവുമുണ്ടായിരുന്ന ഒരു നൂറ്റാണ്ടിന്റെ സാഫല്യമായ ജീവിതത്തിനാണ് തിരശ്ശീല വീണത്. സഖാക്കളെ മുന്നോട്ട് ഉള്‍പ്പെടെയുള്ള വിപ്ലവ ഗാനങ്ങള്‍ക്ക് ചലച്ചിത്രത്തില്‍ ജീവന്‍ നല്‍കിയ രാഘവന്‍ മാസ്റ്ററുടെ സംഗീത ജീവിതം നാടിന്റെ സാമൂഹ്യമാറ്റത്തിനും പുരോഗതിക്കും സംഭാവന നല്‍കിയിട്ടുള്ളതാണ്. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് റഷ്യന്‍ സാംസ്കാരിക സംഘത്തെ വരവേല്‍ക്കാന്‍ മാസ്റ്റര്‍ പാടിയ പാട്ട് പിന്നീട് സിനിമാ ഗാനമായി. സാധാരണമനുഷ്യരുടെ ഹൃദയത്തെ തൊട്ടറിഞ്ഞ സംഗീതമായിരുന്നു രാഘവന്‍ മാസ്റ്ററുടേത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും ബന്ധുമിത്രാദികളെ അനുശോചനവും അറിയിക്കുന്നു.

തിരുവനന്തപുരം
19.10.2013