ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച എല്ലാ ജനവിഭാഗങ്ങളേയും അഭിവാദ്യം ചെയ്‌തുകൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന...

ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ സംസ്ഥാനത്തൊട്ടാകെ പതിനായിരക്കണക്കിന്‌ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരും രംഗത്തു വന്നതിലുള്ള സന്തുഷ്‌ടിയും നന്ദിയും അറിയിക്കുന്നു. സംസ്ഥാനത്ത്‌ മാത്രമല്ല വിദേശ രാജ്യങ്ങളിലും പുരോഗമന ചിന്താഗതിക്കാരും സത്യത്തെ മാനിക്കുന്നവരും കോടതിവിധിയില്‍ സന്തോഷം പ്രകടിപ്പിച്ച്‌ കൂട്ടായ്‌മകളും പ്രകടനങ്ങളും ഉള്‍പ്പെടെ നടത്തി. എകെജി സെന്ററിലേക്ക്‌ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഫോണിലൂടെയും ഇ-മെയിലിലൂടെയും നേരിട്ടും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്‌. സന്യാസി ശ്രേഷ്‌ഠന്മാരും വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും സാംസ്‌കാരിക നിയമകാര്യ രംഗങ്ങളിലെ പ്രമുഖരുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും അതിന്റെ സാരഥികളെയും ജനങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നു വെന്നതും വിശ്വസിക്കുന്നുവെന്നതുമാണ്‌. സാധാരണക്കാര്‍ക്ക്‌ സങ്കല്‍പിക്കാന്‍പോലും കഴിയാത്ത കറുത്തവഴികളിലൂടെ സഞ്ചരിച്ചാണ്‌ ലാവ്‌ലിന്‍ കേസില്‍ പിണറായിയെ പ്രതിയാക്കിയിരുന്നത്‌.

കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ കമ്യൂണിസ്റ്റ്‌ നേതാവിനെ വ്യക്തിഹത്യചെയ്യാനും പ്രസ്ഥാനത്തെ തേജോവധം ചെയ്യാനും ഈ കേസിനെ ദുരുപയോഗപ്പെടുത്തിയ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും അവരുടെ ഭരണാധികാരികള്‍ക്കും വീണ്ടുവിചാരത്തിന്‌ അവസരം നല്‍കുന്നതാണ്‌ നീതിയുക്തമായ കോടതിവിധി. വസ്‌തുനിഷ്‌ഠമായ സത്യത്തിന്റെ വിളംബരമായി മാറിയ കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു.

തിരുവനന്തപുരം
06.11.2013

* * *