പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം - സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്‌തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണം. ജനങ്ങളുടെ സാധാരണ ജീവിതത്തെയും കാര്‍ഷിക വൃത്തിയെയും ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ധൃതിപിടിച്ച്‌ നടപ്പാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ട രീതി അംഗീകരിക്കാനാവാത്തതാണ്‌. കേരള നിയമസഭ ഏകകണ്‌ഠമായി അംഗീകരിച്ച പ്രമേയവും കസ്‌തൂരിരംഗന്‍ കമ്മിറ്റി മുമ്പാകെ സര്‍ക്കാരും സംസ്ഥാനത്തെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ടികളും പ്രകടിപ്പിച്ച അഭിപ്രായങ്ങളും പരിഗണിക്കാതെ, വിദഗ്‌ദ്ധകമ്മിറ്റി ഒരു തീരുമാനത്തിലേക്ക്‌ പോയത്‌ പ്രതിഷേധാര്‍ഹമാണ്‌. ഈ റിപ്പോര്‍ട്ട്‌ ഇന്നത്തെ നിലയില്‍ നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്‌ വലിയ ദോഷം വരുത്തുമെന്നുറപ്പാണ്‌. ജനങ്ങള്‍ പൊതുവിലും മലയോര കര്‍ഷകര്‍ പ്രത്യേകിച്ചും രോഷാകുലരായതും പ്രതിഷേധവുമായി രംഗത്തിറങ്ങിയതും ഈ പശ്ചാത്തലത്തിലാണ്‌.

മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍ ജനങ്ങളില്‍നിന്ന്‌ വലിയ എതിര്‍പ്പ്‌ ഉയര്‍ന്നുവന്നു. അത്‌ പരിഗണിച്ചാണ്‌ കസ്‌തൂരിരംഗന്റെ നേതൃത്വത്തില്‍ പുതിയ വിദഗ്‌ദ്ധസമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്‌. മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന്‌ വ്യത്യസ്‌തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ്‌ കസ്‌തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്‌. ഇതിലേതാണ്‌ ശരി എന്ന്‌ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനിക്കേണ്ടതല്ല. എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്‌ദ്ധന്മാരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച ചെയ്‌തശേഷം മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കാന്‍ പാടുള്ളൂ. ഇത്തരം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വിജ്ഞാപനമിറക്കിയത്‌.

ജയറാം രമേശ്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ്‌ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച്‌ പഠനം നടത്താന്‍ പ്രൊഫ. മാധവ്‌ ഗാഡ്‌ഗില്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്‌. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകൾ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. കോടിക്കണക്കിന്‌ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്‌നം, ഏതാനും വിദഗ്‌ദ്ധന്മാരും ഉദ്യോഗസ്ഥന്മാരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ മേഖലയില്‍ നിന്നുമുള്ള വിദഗ്‌ദ്ധന്മാരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കേണ്ടത്‌ ഇത്തരം ഒരു പ്രക്രിയയിലൂടെയാവണം. ഇത്തരം ഒരു മാനദണ്ഡവും വിദഗ്‌ദ്ധ കമ്മിറ്റികള്‍ പാലിച്ചിട്ടില്ല.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ വന്ന ഉടനെ, കേരളത്തെ അതെങ്ങനെ ബാധിക്കുമെന്ന്‌ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. അവരുടെ പഠനം പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പര്യാപ്‌തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ വരുന്നതുവരെയെങ്കിലും സാവകാശമെടുക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള 16 യു.ഡി.എഫ്‌ എം.പിമാര്‍ക്കോ 8 കേന്ദ്ര മന്ത്രിമാര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ സാധിച്ചില്ല. റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന വഞ്ചനയാണ്‌.

സംസ്ഥാനത്തെ 11 ജില്ലകളിലെ 121 വില്ലേജുകളെയാണ്‌ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ ബാധിക്കുക. ഇടുക്കി, വയനാട്‌ ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളേയും ബാധിക്കുമെന്നതിനാല്‍, ഈ രണ്ട്‌ ജില്ലകളിലെയും പതിനായിരക്കണക്കിന്‌ കര്‍ഷകരെ ഇത്‌ നേരിട്ട്‌ ബാധിക്കും. ജനരോഷം ആളിപ്പടരാന്‍ ഇടയാക്കിയത്‌ ഈ സാഹചര്യമാണ്‌. ജനകീയ പ്രക്ഷോഭത്തിന്‌ മുഴുവന്‍ ഉത്തരവാദി കേന്ദ്രസര്‍ക്കാരും യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവുമാണ്‌. സംസ്ഥാന താല്‍പ്പര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു.

പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംരക്ഷണം ജനാധിപത്യപരമായി, ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ടതാണ്‌. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനമാണ്‌. വനങ്ങളും ജലസമ്പത്തും മറ്റ്‌ പ്രകൃതിസമ്പത്തുകളും അനിയന്ത്രിതമായി ചൂഷണം ചെയ്യാന്‍ വാതില്‍ തുറന്നിട്ടുകൊടുക്കുന്നത്‌ മുതലാളിത്ത ഭരണകൂടങ്ങളാണ്‌. ലാഭക്കൊതി മൂത്ത കുത്തക മുതലാളിത്തവ്യവസ്ഥയാണ്‌ പരിസ്ഥിതി നാശം വരുത്തുന്നത്‌. ഈ നയങ്ങള്‍ക്കെതിരെ ജനങ്ങളാകെ ഒരുമിച്ച്‌ അണിനിരക്കേണ്ടതുണ്ട്‌. അതേസമയം, പരിസ്ഥിതി സംരക്ഷണം ജനപങ്കാളിത്തത്തോടെ ജനങ്ങളുടെ യഥാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട്‌ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കുകയാണ്‌ വേണ്ടത്.

തിരുവനന്തപുരം
15.11.2013

* * *