കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള സി.പി.ഐ (എം) നിലപാടിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ കുനിഷ്‌ട് ബുദ്ധിയുടെ മറ്റൊരു ലക്ഷണമാണ്. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ പരിശോധിക്കാനായി നിയമിക്കപ്പെട്ട കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വിവിധ രാഷ്‌ട്രീയ പാര്‍ടികളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് മുഖ്യമന്ത്രി സി.പി.ഐ (എം) നും കത്തയച്ചിരുന്നു. ആ കത്തില്‍ സി.പി.ഐ (എം) നിലപാട് വ്യക്തമായി തന്നെ എഴുതി നല്‍കുകയും ചെയ്‌തിരുന്നു. അതിനെയാണ് കുനിഷ്‌ട് ബുദ്ധിയോടെ വ്യാഖാനം നടത്തി സി.പി.ഐ (എം) ന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് ഒന്ന് തന്നെയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
സി.പി.ഐ (എം) നിലപാട് വളരെ വ്യക്തമായി തന്നെ അതില്‍ പറഞ്ഞിട്ടുണ്ട്. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചില ദൗര്‍ബല്യങ്ങള്‍ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആ കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ആ ഭാഗം മറച്ചുവെച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ നല്‍കിയ പരാമര്‍ശത്തില്‍ മറച്ചുവെച്ച ഭാഗം പാര്‍ടിയുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്: "ഈ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ജനങ്ങളെ പ്രകൃതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഇടപെടലാണ് ആവശ്യമായിട്ടുള്ളത്. അതിനു പകരം ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. കര്‍ഷകസംഘടനകളുമായും അതുപോലുള്ള വിവിധ ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാവണം...
"പ്രകൃതിലോല പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍ പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. ഈ മേഖലയിലെ കാര്‍ഷികപരമായ ജീവിതാവസ്ഥ മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്ന ചിന്ത ജനങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. പ്ലാന്റേഷനുകളേയും കാര്‍ഷികമേഖലയേയും പരിസ്ഥിതിപരമായ സോണുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒറ്റവിളകളെ ഒഴിവാക്കാത്ത സ്ഥിതി കേരളത്തില്‍ പ്രതിസന്ധി ഉണ്ടാക്കും. മറ്റു ചില നിയന്ത്രണങ്ങള്‍ തങ്ങളുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തും എന്ന ഭീതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഏതു തരത്തിലുള്ള വികസനമായാലും ജനങ്ങളെ കണക്കിലെടുക്കാതെ മുന്നോട്ടുപോയാല്‍ വിജയിക്കില്ല...
"ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുവേണ്ടിയുള്ള വിശദമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. പശ്ചിമഘട്ട സംരക്ഷണം ജനതയുടെ ആകമാനം ഉത്തരവാദിത്വമായി മാറ്റുന്ന നിലയിലുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തുന്ന തരത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്‌ടിക്കാനേ ഇടയാക്കൂ."
പാര്‍ടി മുന്നോട്ട് വെച്ച ഇത്തരം കാര്യങ്ങള്‍ പരിഗണിക്കപ്പെടാതെ റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിച്ചത്. അത്തരമൊരു സ്ഥിതിവിശേഷമാണ് കേരളത്തിന്റെ മലയോര മേഖയില്‍ പ്രത്യേകിച്ചും അസംതൃപ്‌തി ഉണ്ടാക്കിയത് എന്ന് ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും മനസിലാക്കുന്നത് നന്ന്. മലയോരമേഖലയിലെ ജനജീവിതത്തെ മുള്‍മുനയിലാക്കിയ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുടെ നടപടികള്‍ക്കുനേരെയുള്ള രോഷത്തില്‍ നിന്ന് രക്ഷനേടാന്‍ ഇത്തരം ചെപ്പടിവിദ്യ കൊണ്ട് സാധ്യമാവില്ലെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിയണം. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം കൊടുക്കേണ്ടത്.
തിരുവനന്തപുരം
18.11.2013
* * *