കേരള രാഷ്‌ട്രീയ സ്ഥിതിഗതികള്‍ - (കേരള സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

കേരള രാഷ്‌ട്രീയം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്‌. വലതുപക്ഷ രാഷ്‌ട്രീയവും അതിന്‌ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. യു.ഡി.എഫിന്റെ നയങ്ങളോടും അവരുടെ സര്‍ക്കാരിന്റെ നടപടികളോടും ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്‌. ഇന്നത്തെ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ പോലും നിരാശയിലായി. യു.ഡി.എഫിലെ അനൈക്യം പരസ്യമായി പുറത്തുവന്നു. യു.ഡി.എഫ്‌ ഈ നിലയില്‍ മുന്നോട്ടുപോകില്ല എന്ന്‌ ഘടകകക്ഷികള്‍ പോലും പുറത്തുപറയുന്ന സ്ഥിതിയുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ്‌ കേരളത്തിലെ വലതുപക്ഷ രാഷ്‌ട്രീയ മുന്നണി നേരിടുന്നത്‌. ഈ സാഹചര്യം എൽ.ഡി.എഫിലും അതിന്റെ ജനകീയ അടിത്തറയിലും വലിയ വികസനത്തിന്‌ അവസരം നല്‍കുന്നതാണ്‌.

യു.ഡി.എഫ്‌ പിന്തുടരുന്നത്‌ വിനാശകരമായ നവ ഉദാരവല്‍ക്കരണ നയങ്ങളാണ്‌ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്ന പദ്ധതികളെല്ലാം തകരുകയാണ്‌. എൽ.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്തെ മാതൃകാപരമായ പൊതുവിതരണം താറുമാറായി. അവശ്യവസ്‌തുക്കളുടെ വില കുതിച്ചുകയറി. സര്‍ക്കാരിന്റെ ധനസഹായം കുറഞ്ഞതിനാല്‍ എല്ലാ പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നു. ഏറ്റവും ദരിദ്രരായ ജനങ്ങളാണ്‌ ഈ മേഖലയെ ആശ്രയിച്ച്‌ ജീവിച്ചിരുന്നത്‌. ഇറക്കുമതി ഉദാരവല്‍ക്കരണവും രാസവള വിലവര്‍ദ്ധനവും മൂലം കാര്‍ഷികമേഖല വലിയ പ്രതിസന്ധിയിലാണ്‌. റബ്ബർ, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകളുടെയെല്ലാം വിലയിടിഞ്ഞു. നിയമന നിരോധനവും പുതിയ പദ്ധതികളുടെ അഭാവവും തൊഴിലില്ലായ്‌മ രൂക്ഷമാക്കി. പഠനം പൂര്‍ത്തിയായാല്‍ നാടുവിടുകയല്ലാതെ ഗത്യന്തരമില്ല എന്ന സ്ഥിതി വന്നു. ഭരണത്തിന്റെ എല്ലാ രംഗത്തും അഴിമതി പടര്‍ന്നുപിടിച്ചു.

കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ചാല്‍ കേന്ദ്ര സഹായം കൂടുതല്‍ കിട്ടുമെന്ന കോണ്‍ഗ്രസ്‌ പ്രചാരണം അര്‍ത്ഥശൂന്യമാണെന്ന്‌ തെളിഞ്ഞു. എൽ.ഡി.എഫ്‌ ഭരണകാലത്ത്‌ കേന്ദ്രം അനുവദിച്ച പദ്ധതികള്‍ പോലും യു.ഡി.എഫ്‌ ഭരണകാലത്ത്‌ നടപ്പായില്ല. കോച്ച്‌ ഫാക്‌ടറി, വിഴിഞ്ഞം തുറമുഖം പോലുള്ള വന്‍കിട പദ്ധതികളും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളും വാഗ്‌ദാനത്തിലൊതുങ്ങി. 'എമര്‍ജിങ്ങ്‌ കേരള'യിലൂടെ ഒരു നിക്ഷേപവും കൊണ്ടുവരാന്‍ സാധിച്ചില്ല. സ്‌മാര്‍ട്ട്‌ സിറ്റി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചില്ല. കേന്ദ്ര സ്ഥാപനങ്ങള്‍ ഒന്നുപോലും നേടിയെടുക്കാനായില്ല. സംസ്ഥാനത്തെ റെയില്‍വേ വികസനവും മുരടിച്ചു. ഫലത്തില്‍ മുഴുവന്‍ കേരളീയരുടെയും പ്രതീക്ഷകള്‍ പൊലിഞ്ഞു.

സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടന്ന കോടികളുടെ തട്ടിപ്പ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു എന്ന വസ്‌തുത ഞെട്ടലോടെയാണ്‌ സംസ്ഥാനത്തെ ജനങ്ങള്‍ ശ്രവിച്ചത്‌. കേരളചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആക്ഷേപത്തിന്‌ ഉമ്മന്‍ചാണ്ടി ഇരയായി. വിവിധ തട്ടിപ്പ്‌ കേസുകളില്‍ പ്രതികളായി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ പെട്ടവര്‍ ജയിലിലടയ്‌ക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്‌തു. തട്ടിപ്പിന്‌ നേതൃത്വം കൊടുത്ത മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷം മാത്രമല്ല, എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നു. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും ഘടകകക്ഷികളും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വവും ഉമ്മന്‍ചാണ്ടിയുടെ പോക്കില്‍ ഒളിഞ്ഞും തെളിഞ്ഞും അതൃപ്‌തി രേഖപ്പെടുത്തി.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ സംസ്ഥാനത്തെ മലയോരവാസികളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയിലാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ്‌ ഇങ്ങനെയൊരവസ്ഥ സൃഷ്‌ടിച്ചത്‌. കേരള താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച്‌ വാദിക്കാനും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും കേരള സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ല. ഉറ്റവരും ഉടയവരും തട്ടിപ്പുകേസുകളില്‍ പെട്ട ദുഃഖവും പേറി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിയാലോചനകളും കൂട്ടുത്തരവാദിത്ത നിര്‍വ്വഹണവും ഇല്ലാതായി. വനം വകുപ്പ്‌ കൈവശം വയ്‌ക്കുന്ന മുഖ്യമന്ത്രി ഉത്തരവാദിത്തം മറന്നു. ഫലം, കേരളത്തിന്റെ മലയോരമേഖലയാകെ സംഘര്‍ഷഭരിതമായി.

യു.ഡി.എഫിന്റെ വര്‍ഗീയ പ്രീണനം സംസ്ഥാനത്തെ മതനിരപേക്ഷ സംസ്‌കാരത്തിന്‌ കനത്ത ആഘാതമായി. നവോത്ഥാനകാലത്തെ മൂല്യങ്ങള്‍ തകര്‍ക്കാനും സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിച്ചിരുന്ന കാലത്തേക്ക്‌ സംസ്ഥാനത്തെ തിരിച്ചുകൊണ്ടുപോകാനുമുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തുന്നത്‌. ആർ.എസ്‌.എസ്‌ നേതൃത്വം നല്‍കുന്ന ഹിന്ദു വര്‍ഗീയശക്തികൾ, ഹിന്ദു ഏകീകരണം എന്ന മുദ്രാവാക്യവുമായി നടക്കുകയാണ്‌. മഹനീയമായ പില്‍ക്കാലപാരമ്പര്യമുള്ള ചില സംഘടനകളേയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനം ഇത്തരം ശക്തികള്‍ക്ക്‌ കരുത്തുപകരാനായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട്‌, എൻ.ഡി.എഫ്‌, ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലീങ്ങള്‍ക്കിടയിലെ തീവ്രവാദ-മൗലികവാദ സംഘടനകള്‍ മതന്യൂനപക്ഷ സമുദായത്തെ മതനിരപേക്ഷ നിലപാടില്‍നിന്ന്‌ വ്യതിചലിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. കാശ്‌മീര്‍ തീവ്രവാദികളുമായി കേരളത്തിലെ ചില ഗ്രൂപ്പുകള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയത്‌ അത്യന്തം ഗൗരവതരമാണ്‌. കേരള രാഷ്‌ട്രീയത്തില്‍ സ്വാധീനം നേടാന്‍ വികസന-പരിസ്ഥിതി പ്രശ്‌നങ്ങളേയും ഇക്കൂട്ടര്‍ ആയുധമാക്കുന്നു. റോഡ്‌ വികസനത്തെ തടസ്സപ്പെടുത്തുന്ന സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയാണ്‌. വികസന പിന്നോക്കാവസ്ഥയുടെ പേരില്‍ മലപ്പുറം ജില്ലാ ഹര്‍ത്താല്‍ ആചരിച്ചു. ഇപ്പോള്‍ അവികസിതാവസ്ഥയ്‌ക്ക്‌ പരിഹാരം മലബാറിനെ ഒരു സംസ്ഥാനമാക്കലാണെന്ന്‌ മാധ്യമം എഡിറ്ററായ ജമാഅത്തെ ഇസ്ലാമി നേതാവ്‌ പരസ്യപ്രഖ്യാപനം നടത്തിയിരിക്കുകയാണ്‌. നൂറ്റാണ്ടുകളായി മതനിരപേക്ഷതയില്‍ ഉറച്ചുനിന്നുകൊണ്ട്‌ ഇടതുപക്ഷവുമായി സഹകരിച്ചുപോന്ന മുസ്ലീം സമുദായത്തെ ആക്രമണസ്വഭാവമുള്ള കടുത്ത തീവ്രവാദികളാക്കി മാറ്റാനുള്ള സംഘടിത ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ-തീവ്രവാദ ശക്തികളുടെ ആപല്‍ക്കരമായ ഈ നീക്കത്തിനെതിരെ, മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്ലാ മതവിശ്വാസികളെയും ജനങ്ങളെ ആകെയും യോജിപ്പിച്ച്‌ നിര്‍ത്തുക എന്നത്‌ ഇടതുപക്ഷത്തിന്റെ മുഖ്യ കടമയായി മാറുകയാണ്‌.

അഞ്ചുവര്‍ഷത്തെ ഭരണശേഷം 2011-ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫ്‌ നേരിയ വ്യത്യാസത്തിനാണ്‌ പരാജയപ്പെട്ടത്‌. യു.ഡി.എഫ്‌ ഭരണത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളും സംസ്ഥാന താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചും അഴിമതിക്കും തട്ടിപ്പുകള്‍ക്കുമെതിരായും എൽ.ഡി.എഫ്‌ നടത്തിയ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എൽ.ഡി.എഫിന്റെ സ്വാധീനം നല്ല നിലയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. വരാന്‍പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ്‌ വന്‍ വിജയം നേടുമെന്ന്‌ യു.ഡി.എഫ്‌ നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്നില്ല. യു.ഡി.എഫ്‌ ഭരണത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്‌ടപ്പെട്ട കേരള ജനത എൽ.ഡി.എഫിനെയാണ്‌ ഉറ്റുനോക്കുന്നത്‌. എൽ.ഡി.എഫിന്‌ നേതൃത്വം നല്‍കുന്ന സി.പി.ഐ(എം) നെ തകര്‍ക്കാന്‍ എല്ലാ കമ്മ്യൂണിസ്റ്റുവിരുദ്ധ ശക്തികളും ചേര്‍ന്ന്‌ സംഘടിതമായി നടത്തിയ ശ്രമങ്ങളും വിഫലമായി പാര്‍ടിയെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംസ്ഥാന സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കിയത്‌. സി.ബി.ഐയെയാണ്‌ ഇതിന്‌ ആയുധമാക്കിയത്‌. കോഴിക്കോട്‌ ജില്ലയിലും കണ്ണൂര്‍ ജില്ലയിലും നടന്ന ചില കൊലപാതകങ്ങളെ ആയുധമാക്കി പാര്‍ടിയുടെ ഉന്നത നേതാക്കന്മാരെ പോലും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചു. പ്രസംഗത്തിന്റെ പേരില്‍ പോലും നേതാക്കള്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ കേസുകളെ ആസ്‌പദമാക്കി ബൂര്‍ഷ്വാ മാധ്യമങ്ങളെ ഉപയോഗിച്ച്‌ വര്‍ഗശത്രുക്കള്‍ കെട്ടിപ്പൊക്കിയ നുണയുടെ വന്മതില്‍ തകര്‍ന്നുവീണു. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമായിരുന്നുവെന്ന്‌ തെളിഞ്ഞതോടെ സൂര്യശോഭയില്‍ തിളങ്ങിനില്‍ക്കുകയാണ്‌ നമ്മുടെ പ്രസ്ഥാനം.

ജനകീയ പ്രശ്‌നങ്ങളെയും സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യത്തെയും ആസ്‌പദമാക്കി എൽ.ഡി.എഫ്‌ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കെടുതികളില്‍പ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളേയും ഈ പ്രസ്ഥാനത്തില്‍ കൊണ്ടുവരണം. എല്ലാ രൂപത്തിലുമുള്ള മതതീവ്രവാദ ശക്തികളേയും ഒറ്റപ്പെടുത്തി, മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള മുഴുവന്‍ ജനങ്ങളേയും കൂട്ടിയോജിപ്പിക്കണം. സാമ്രാജ്യത്വ ധനമൂലധനശക്തികള്‍ക്ക്‌ രാജ്യത്തെ അടിയറവയ്‌ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ നയങ്ങളെയും അവയെ പിന്താങ്ങുമ്പോള്‍തന്നെ തീവ്ര ഹിന്ദുത്വവാദമുയര്‍ത്തി രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്‌ഠിത രാഷ്‌ട്രവാദക്കാരെയും ചെറുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളേയും യോജിപ്പിച്ചണിനിരത്തുക എന്നതാവണം നമ്മുടെ അടിയന്തര കടമ. അത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനതയും രംഗത്തിറങ്ങണമെന്ന്‌ ഈ പ്ലീനം ആഹ്വാനം ചെയ്യുന്നു.

സ: ഇ.എം.എസ്‌ നഗർ, പാലക്കാട്‌
28.11.2013

* * *