കേരളത്തിലെ മലയോരങ്ങളിലെ ജനജീവിതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടും മാത്രമേ ഗാഡ്‌ഗില്‍-കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാവൂ എന്ന് സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെടുന്നു.
കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ് ജീവിത ഉപാധികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. അതുകൊണ്ട് തന്നെ ആ കടമ കേരള ജനത ഏറ്റെടുക്കേണ്ടതുമുണ്ട്.
ജയറാം രമേശ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്‌ഗില്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥന്മാരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ മേഖലയില്‍ നിന്നുമുള്ള വിദഗ്‌ദ്ധന്മാരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനു പകരം ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനമാണ് ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്.
പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന പേരില്‍ കേരളത്തിലെ കര്‍ഷക താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഈ പോരായ്‌മകള്‍ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് കസ്‌തൂരി രംഗന്‍ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. മാധവ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്‌തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്‌തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടുകളും എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്‌ദ്ധന്മാരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച ചെയ്‌തശേഷം മാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇതിനു വിരുദ്ധമായ നടപടികളാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചത്. ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ എത്തിക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായ ഇളവുകള്‍ കേരളത്തിന് ലഭ്യമായില്ല. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് ബഹുജനങ്ങള്‍ വലിയ തോതില്‍ ഈ റിപ്പോര്‍ട്ടിനെതിരെ അണിനിരന്നത്.
കേരള സര്‍ക്കാര്‍ വൈകി മാത്രം നിയോഗിച്ച സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കസ്‌തൂരി രംഗന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുകയുണ്ടായി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ നിലനില്‍പ്പിനെ പാടെ തകര്‍ക്കുന്ന ഈ സ്ഥിതിയെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന്റെ 16 എം.പിമാര്‍ക്കോ 8 കേന്ദ്ര മന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. സംസ്ഥാന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും യഥാസമയം കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ട് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണാനാവുന്നില്ല എന്നതിന്റെ മറ്റൊരുദാഹരണമായി കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പ്രയോഗം മാറിയിരിക്കുകയാണ്. പതിനായിരക്കണക്കിന് കര്‍ഷക-കുടിയേറ്റ കുടുംബങ്ങളുടെ ജീവിതവും നിലനില്‍പ്പും ആശങ്കയുടെ മുള്‍മുനയിലാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് യു.ഡി.എഫിന് ഒഴിഞ്ഞുമാറാനായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന ജനങ്ങളെ വഞ്ചിക്കലാണ്.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജില്ലകളേയും ഇതിന്റെ ശുപാര്‍ശകള്‍ ബാധിക്കുന്നുണ്ട്. 123 വില്ലേജുകളെയാണ് കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളേയും ബാധിക്കുമെന്നതിനാല്‍, ഈ രണ്ട് ജില്ലകളിലെയും ബഹുഭൂരിപക്ഷം ജനങ്ങളേയും ഇത് നേരിട്ട് ബാധിക്കും. ജനരോഷം ആളിപ്പടരാന്‍ ഇടയാക്കിയത് ഈ സാഹചര്യമാണ്. ജനകീയ പ്രക്ഷോഭത്തിന് മുഴുവന്‍ ഉത്തരവാദി കേന്ദ്രസര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവുമാണ്.
കസ്‌തൂരി രംഗന്റെ റിപ്പോര്‍ട്ടില്‍ പ്രകൃതി ലോല പ്രദേശങ്ങള്‍ക്കകത്ത് ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍ പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശനവും ശക്തമാണ്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. ഈ മേഖലയിലെ ജനജീവിതം മുന്നോട്ടുകൊണ്ടു പോകാനാവില്ല എന്ന ചിന്ത വളര്‍ന്നിട്ടുണ്ട്. പ്ലാന്റേഷനുകളേയും കാര്‍ഷികമേഖലയേയും പരിസ്ഥിതിപരമായ സോണുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കേരളീയ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ ലഘൂകരിക്കില്ല. കാരണം, പ്ലാന്റേഷന്‍ മേഖലയില്‍ പൊതുവില്‍ ഒറ്റവിളകളാണ് നിലനില്‍ക്കുന്നത്. വനവകാശ നിയമപ്രകാരം ഭൂമി ലഭിച്ചവര്‍ക്കുള്ള അവകാശങ്ങള്‍ ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇല്ലാതാകുമെന്ന സ്ഥിതി ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നതാണ്. മറ്റു ചില നിയന്ത്രണങ്ങള്‍ തങ്ങളുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തും എന്ന ഭീതിയും ജനങ്ങളില്‍ വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഏതു തരത്തിലുള്ള വികസനമായാലും ജനങ്ങളെ കണക്കിലെടുക്കാതെ മുന്നോട്ടുപോയാല്‍ വിജയിക്കില്ല.
തേക്കിന്‍ തോട്ടങ്ങളെ സ്വാഭാവിക വനം എന്ന നിലയില്‍ കാണുന്ന രീതിയാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഇവ വന്‍തോതില്‍ വെള്ളം വലിച്ചെടുത്ത് കാട്ടില്‍ വരള്‍ച്ച ഉണ്ടാക്കുന്നതാണ്. ഇതര മരങ്ങളോ അടിക്കാടുകളോ ഇതിനിടിയില്‍ വളരാത്തതുകൊണ്ട് മൃഗങ്ങള്‍ വെള്ളയും തീറ്റയും തേടി കാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇതു സംബന്ധിച്ച് മൗനം പാലിക്കുന്ന നിലയാണുള്ളത്. വനസംരക്ഷണത്തിനും വനത്തോട് ചേര്‍ന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഫലപ്രദമായ നിര്‍ദ്ദേശമില്ല എന്നതും പ്രധാനമാണ്. പശ്ചിമഘട്ടത്തിലെ വയലകൾ, നദികൾ, നീര്‍ത്തടങ്ങൾ, ജലാശയങ്ങള്‍ എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ഫലപ്രദമായ നിര്‍ദ്ദേശങ്ങളില്ല. ജനങ്ങളെ മറന്നുകൊണ്ടുള്ള ഇത്തരം സമീപനങ്ങളാണ് പ്രതിഷേധം ഉണ്ടാക്കുന്നതിന് മറ്റൊരു ഘടകമായിരിക്കുന്നത്. കര്‍ഷകരും മറ്റും അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ പരിഗണിക്കാതെ കസ്‌തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി അടിച്ചേല്‍പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തിലുള്ളതുമായി.
അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മ്മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക എന്നതും പ്രധാനമാണ്. പശ്ചിമഘട്ട സംരക്ഷണം എന്നത് ജനതയുടെ ആകമാനം ഉത്തരവാദിത്വമാക്കി മാറ്റുന്നതിനുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ, ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്‌ടിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് സമവായമുണ്ടാക്കുന്നതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കുകയാണ് വേണ്ടത്.
പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്‌ത്രീയ പദ്ധതികളാണ് രൂപപ്പെടേണ്ടത്. ഇത്തരം പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നതുവരെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുതെന്നും ഈ റിപ്പോര്‍ട്ടുകള്‍ ഒരു വിദഗ്‌ദ്ധസമിതിയുടെ ഉചിതമായ പരിശോധനയ്‌ക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കി മാത്രമേ നടപ്പിലാക്കാവൂ. അതിനു പകരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകളില്‍നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് സി.പി.ഐ (എം) സംസ്ഥാന പീനം ആവശ്യപ്പെടുന്നു.
സ: ഇ.എം.എസ് നഗർ, പാലക്കാട്
29.11.2013
* * *