ജീവിക്കാനുള്ള സമരത്തില്‍ അണിചേരുക
ഇന്ത്യയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതേ നയങ്ങളെ കൂടുതല്‍ തീവ്രമായി പകര്‍ത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരായി ആഗസ്റ്റ് 22-ാം തീയതി സംസ്ഥാനത്ത് കളക്‌ട്രേറ്റുകളും സെക്രട്ടറിയേറ്റും സ്തംഭിപ്പിക്കുന്ന ബഹുജനപ്രക്ഷോഭത്തിന് സി.പി.ഐ (എം) നേതൃത്വം നല്‍കുന്നത്. ജൂലൈ 12-ാം തീയതിയില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം കൂടിയാണ് ഇത്. സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചയോടെ ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങളുടെ മേധാവിത്വം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. അതിന് മൂന്ന് തരത്തിലുള്ള ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്.
ഒന്നാമതായി, ഭൂമുഖത്ത് അവശേഷിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കുക. രണ്ടാമതായി ചേരിചേരാ പ്രസ്ഥാനത്തിന് നിദാനമായ മൂന്നാംലോക ദേശീയതയെ തോല്‍പ്പിച്ചോ കൂട്ടത്തിലേയ്‌ക്കെടുത്തോ, നിര്‍വീര്യമാക്കിത്തീര്‍ക്കുക, മൂന്നാമതായി ലോകത്തിനുമേല്‍ പൊതുവിലും തങ്ങളുമായി മല്‍സരിക്കുമെന്ന് കരുതുന്നവരുടെമേല്‍ പ്രത്യേകിച്ചും സൈനികവും സാമ്പത്തികവുമായ മേധാവിത്വം സ്ഥാപിക്കുക.
അമേരിക്കന്‍ ആധിപത്യത്തിന്റെ കാഴ്ചപ്പാട് സ്ഥാപിക്കുന്നതിനായി മുന്നോട്ട് വെച്ച ഇത്തരം നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് ഇന്ത്യാ ഗവണ്‍മെന്റും സ്വീകരിച്ചത്. വിശ്വവിഖ്യാതമായ ഇന്ത്യയുടെ ചേരിചേരാനയം അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ ഉപേക്ഷിച്ചു. തങ്ങളുടെ ആധിപത്യത്തിന് വഴങ്ങാത്ത ശക്തികളെ ആക്രമിച്ച് കീഴടക്കുന്നതിന് അമേരിക്ക മുന്നോട്ട് വെച്ച സൈനിക നടപടികളെ പിന്തുണയ്ക്കുന്ന നയവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു.
ഇന്ത്യയില്‍ സമ്പദ്ഘടനയെ സാമ്രാജ്യത്വശക്തികളുടെ താല്‍പര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ട് പുനഃസംഘടിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കി. അതിന്റെ ഫലമായി സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് ശക്തിസ്രോതസുകളായി നിന്ന നയങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തിരുത്തപ്പെടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുക, ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വിദേശ ശക്തികള്‍ക്കായി തുറന്ന് കൊടുക്കുക, ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുക, സാമൂഹ്യസുരക്ഷാ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക തുടങ്ങിയവ ഈ നയത്തിന്റെ മുഖമുദ്രയാണ്. ഇതിലൂടെ ധനമൂലധനത്തിന്റെ കൊള്ളയ്ക്ക് തടസം നില്‍ക്കുന്ന ഘടകങ്ങളെ ഒന്നിന് പുറകെ ഒന്നായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത്.
ഈ നയങ്ങള്‍ ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന് വന്‍തോതിലുള്ള നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ഒരു കൂട്ട് കച്ചവടമാണ് സാമ്രാജ്യത്വവുമായി ചേര്‍ന്നുകൊണ്ട് ഇന്ത്യയിലെ കുത്തകമുതലാളിത്തം നടപ്പിലാക്കുന്നത് എന്നര്‍ത്ഥം. 1957 ല്‍ 22 കുത്തകകളുടെ ആസ്തി 312.63 കോടി രൂപയായിരുന്നു. 1991-92 ല്‍ ഇന്ത്യയിലെ ഏറ്റവും മുകളിലുള്ള 25 കുടുംബങ്ങളുടെ ആസ്തി 73273 കോടി രൂപയായി വര്‍ദ്ധിച്ചു. 2005-06 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ 25 കുടുംബങ്ങളുടെ ആസ്തി 692186 കോടിയായി വര്‍ദ്ധിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണം അതായത് മൊത്തം 5000 കോടിക്ക് മുകളില്‍ ആസ്തിയുള്ളവര്‍ 2003 ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചാകുമ്പോഴേക്കും അത് 55 ആയി ഉയരുകയും ചെയ്തു. ഭൂപ്രഭുത്വത്തിന്റെ അപ്രമാദിത്വത്തേയും സംരക്ഷിച്ചുകൊണ്ടാണ് ഇവര്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ മൊത്തം കുടുംബങ്ങളില്‍ 3.8 ശതമാനം മൊത്തം ഭൂവിസ്തൃതിയുടെ 31.5 ശതമാനം കൈവശം വെച്ചിരിക്കുകയാണ്. ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങളില്‍ 80 ശതമാനവും ചെറുകിട നാമമാത്ര കര്‍ഷകരാണ്. ചുരുക്കത്തില്‍ സാമ്രാജ്യത്വശക്തികളും ഇന്ത്യന്‍ കുത്തകകളും ഭൂപ്രഭുത്വവും തടിച്ചുകൊഴുക്കുന്ന നിലയാണ് നിലനില്‍ക്കുന്നത് എന്നര്‍ത്ഥം.
ഭരണവര്‍ഗം ഇത്തരത്തില്‍ വളരുമ്പോള്‍ സാധാരണക്കാരുടെ ജീവിതം അനുദിനം ദുരിതപൂര്‍ണ്ണമാവുകയാണ്. ഇന്ത്യന്‍ ജനതയുടെ 77 ശതമാനം പേര്‍ പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനമുള്ളവരായി മാറിയിരിക്കുന്നു. രാജ്യത്തെ ജി.ഡി.പിയുടെ വളര്‍ച്ചയെ സംബന്ധിച്ചുള്ള കണക്കുകള്‍ കാണിച്ചുകൊണ്ട് രാജ്യം വളരുകയാണ് എന്നാണ് പുത്തന്‍ സാമ്പത്തികനയത്തിന്റെ വൈതാളികര്‍ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയുണ്ടായത് വന്‍കിടക്കാര്‍ക്കും തകര്‍ച്ച ഉണ്ടായത് സാധാരണക്കാര്‍ക്കുമാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴില്‍ ദാനമേഖലയില്‍ ഒന്നായ കാര്‍ഷികമേഖലയില്‍ തന്നെ തൊഴിലവസര വളര്‍ച്ചയ്ക്ക് കുറവുണ്ടായി എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 4.65 ശതമാനത്തില്‍ നിന്ന് അത് 2.53 ശതമാനമായി കുറഞ്ഞു. സംഘടിതമേഖലയിലെ തൊഴിലിന്റെ കണക്ക് പരിശോധിച്ചാലും ഇത്തരം ഒരു കുറവ് ദൃശ്യമാണ്.
ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ ഭക്ഷണം പോലും നല്‍കാന്‍ തയ്യാറില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഇപ്പോഴത്തെ അന്തഃസത്ത. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പ് വരുത്തിയിരുന്ന റേഷന്‍ സമ്പ്രദായത്തെ തകര്‍ക്കുകയും പകരം ജനങ്ങളെ എ.പി.എല്‍-ബി.പി.എല്‍ എന്ന് തരംതിരിച്ച് ഒരു വിഭാഗത്തെ ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്നനയം പുത്തന്‍ സാമ്പത്തികനയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ഇങ്ങനെ ഒരു വിഭാഗത്തെ ഒഴിവാക്കിയശേഷം പിന്നീട് ബി.പി.എല്‍ രേഖ തന്നെ താഴ്ത്തി വരച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ ഇതില്‍ നിന്ന് പുറംതള്ളുക എന്ന നയം സ്വീകരിച്ചു. ആഗോളവല്‍ക്കരണനയം ആരംഭിച്ച 1991 ല്‍ ഭക്ഷ്യധാന്യങ്ങളുടെ ആളോഹരി ലഭ്യത 510 ഗ്രാമായിരുന്നത് 2010 ആകുമ്പോഴേക്ക് 438 ഗ്രാമായി കുറഞ്ഞു. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് ഭക്ഷ്യലഭ്യതയില്‍ ഉണ്ടാക്കിയ പ്രത്യാഘാതമാണ് ഇത്.
നാല്‍പത് വര്‍ഷത്തിന് മുമ്പ് ദാരിദ്ര്യരേഖ നിര്‍ണ്ണയിച്ചത് ഒരാള്‍ക്ക് ഭക്ഷിക്കാന്‍ വേണ്ടതും ഭക്ഷ്യേതര ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയണം എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിന്നു നിര്‍മ്മിച്ചത്. കുടുംബങ്ങള്‍ക്ക് അവയ്ക്കാവശ്യമായ എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ചിലവാകുന്ന തുകയും പരിഗണിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് 1974 ല്‍ രൂപയുടെ മൂല്യം ഇന്നത്തേക്കാള്‍ ഏറെ ഉണ്ടായിരുന്ന ഘട്ടത്തില്‍ ഗ്രാമങ്ങളിലേത് 49 രൂപയും നഗരങ്ങളിലേത് 51 രൂപയും എന്നിടത്തേയ്ക്ക് എത്തിയത്. രൂപയുടെ മൂല്യത്തില്‍ ഏറെ ഇടിവുണ്ടായിട്ടും ആവശ്യങ്ങള്‍ക്ക് വര്‍ദ്ധനവുണ്ടായിട്ടും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ദാരിദ്ര്യരേഖ എന്നത് ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും ആണെന്നാണ്.
താഴ്ത്തി വരയ്ക്കപ്പെടുന്ന ദാരിദ്ര്യരേഖയില്‍ പെടുന്നവര്‍ക്ക് ഭക്ഷ്യസബ്‌സിഡി നേരിട്ട് നല്‍കുമെന്നാണ് പറയുന്നത്. ഇതിന്റെ പരീക്ഷണം കേരളത്തില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യസബ്‌സിഡി നേരിട്ട് നല്‍കുന്നതോടെ ജനങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റിനെ ആശ്രയിക്കേണ്ട നില ഉണ്ടാകും. രണ്ടാമത് സര്‍ക്കാരിന്റെ കൈകളില്‍ നിന്ന് ഈ പണം ലഭിക്കുന്നതിന് വേണ്ടിയുള്ള നൂലാമാലകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഫലത്തില്‍ ഇവ ജനങ്ങള്‍ക്ക് ലഭ്യമാവാതിരിക്കുക എന്ന നിലയാണ് ഉണ്ടാവുക. ചുരുക്കത്തില്‍ പൊതുവിതരണ സമ്പ്രദായത്തിന്റെ അന്ത്യമാണ് രാജ്യത്ത് വരാന്‍ പോകുന്നത്.
പൊതുവിതരണ സമ്പ്രദായത്തിന്റെ പരിധിയില്‍ നിന്ന് ജനങ്ങളെ മാറ്റിക്കൊണ്ട് പൊതുമാര്‍ക്കറ്റിലേക്ക് അവരെ എറിഞ്ഞു കൊടുക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ട് വരുന്നതിനുള്ള പദ്ധതികളും അവതരിപ്പിക്കപ്പെടുന്നത്. ഇത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി അവരെ കമ്പോളത്തിലേക്ക് എറിഞ്ഞ് കൊടുത്തശേഷം കമ്പോളം ബഹുരാഷ്ട്രകുത്തകകള്‍ക്ക് അടിയറവെയ്ക്കുകയും ചെയ്യുന്നു. കരാര്‍ കൃഷി സമ്പ്രദായത്തിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ പിടിമുറുക്കിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. ഇന്ത്യയിലെ കര്‍ഷകന്‍ കൃഷി ചെയ്യുന്ന ഉല്‍പന്നങ്ങളാവട്ടെ കുത്തകകളുടെ കൈകളിലേക്ക് എത്തിക്കുന്നതിന് ഉതകുന്ന വിധം ഊഹക്കച്ചവടവും അവധിവ്യാപാരവും നടപ്പിലാക്കുന്നുമുണ്ട്. ചുരുക്കത്തില്‍ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് ഇന്ത്യയുടെ ഭക്ഷ്യോല്‍പാദന വിതരണമേഖലകള്‍ ഈ നയങ്ങളിലൂടെ അടിയറവെക്കുകയാണ്.
ഒരു രാജ്യത്തിന്റെ പ്രതിരോധത്തിനും നിലനില്‍പിനും അത്യന്താപേക്ഷിതമായ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനം തന്നെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുകയാണ്. ധാന്യോല്‍പാദനവും കയറ്റുമതിയും സംബന്ധിച്ച നയങ്ങളില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ഈ ദിശയിലുള്ളതാണ്. ശീതകാലാവസ്ഥാ രാജ്യങ്ങളായ വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വിളവ് ഉല്‍പാദിപ്പിക്കാനാവൂ. അവയ്ക്ക് പരുത്തി, കരിമ്പ്, എണ്ണക്കുരുക്കള്‍, തേയില, കാപ്പി, തുടങ്ങിയവയൊന്നും ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. ശൈത്യകാലത്ത് പച്ചക്കറിയും പഴങ്ങളും ഉണ്ടാവുകയില്ല. അവരുടെ ഭക്ഷണവും വസ്ത്രവുമെല്ലാം ഇറക്കുമതിയെ ആശ്രയിക്കുകയാണ്. കൃഷിയെ സ്വതന്ത്രവ്യാപാരത്തിന്റെ തുറന്ന് കൊടുക്കലിന് വിധേയമാക്കുന്നതോടെ നമ്മുടെ കൃഷി ഭൂമി മുതലാളിത്ത രാജ്യങ്ങളിലെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിളകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന നില ഉണ്ടാകും. ഇതോടെ ഭക്ഷ്യധാന്യ ഉല്‍പാദനം രാജ്യത്ത് കുറയുകയും ചെയ്യും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ തന്നെ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്ന ഭൂപ്രദേശത്തിന്റെ വിസ്തൃതി 80 ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുന്നു എന്ന കാര്യം ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. ഇന്ത്യന്‍ ജനതയെ പട്ടിണിയിലേക്കും വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക് സമ്പല്‍സമൃദ്ധമായി ജീവിതം പ്രധാനം ചെയ്യുന്ന ഒന്നായി കാര്‍ഷികമേഖലയെ മാറ്റാനുള്ള പദ്ധതികളാണ് നടക്കുന്നത്.
കാര്‍ഷികമേഖലയിലെ ഇത്തരം നയങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് മൂന്ന് ലക്ഷത്തോളം കര്‍ഷകരെ ആത്മഹത്യ ചെയ്യുന്നതിലേക്കാണ് നയിച്ചത്. എന്നിട്ടും നയങ്ങളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല സബ്‌സിഡി ഉള്‍പ്പെടെ പിന്‍വലിക്കുന്നു. രാസവളത്തിന്റെ വില കുത്തനെ ഉയര്‍ന്നിട്ടും സ്വാമിനാഥന്‍ കമ്മീഷന്‍ വിഭാവനം ചെയ്തതുപോലെ കര്‍ഷകര്‍ക്ക് ന്യായവില നല്‍കുന്നതിനുള്ള നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. വിലക്കയറ്റം രൂക്ഷമാകുന്ന ഘട്ടത്തിലാണ് കര്‍ഷകര്‍ക്ക് ന്യായവില പോലും ലഭിക്കാത്തത് എന്നത് സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ ഉദാഹരണമാണ്.
രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് അടിസ്ഥാനമായിട്ടുള്ളവയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ 2009-10 ലെ കണക്ക് പ്രകാരം പൊതുമേഖലാസ്ഥാപനങ്ങളുടെ കരുതല്‍ ധനവും മിച്ചവും 6 ലക്ഷം കോടി രൂപയാണ്. 2009 ല്‍ തന്നെ ഈ സ്ഥാപനങ്ങളുടെ 47,500 കോടി രൂപ വിലയ്ക്കുള്ള ഓഹരികള്‍ വിറ്റഴിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ലാഭമുണ്ടാക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമടക്കം അവരുടെ പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന നയം കേന്ദസര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ഇതോടൊപ്പംതന്നെ വിവിധ മേഖലകളിലെ വില നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റി ജനങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. പെട്രോള്‍, രാസവളം, മരുന്ന് തുടങ്ങിയ മേഖലകളിലെ അനിയന്ത്രിതമായ വിലക്കയറ്റം രൂപപ്പെട്ട് വന്നത് കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്ന ഈ നയത്തിന്റെ ഭാഗമാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ തിരുത്തികൊണ്ട് മാത്രമേ രാജ്യത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കുന്നതിനും സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിനും കഴിയൂ. അതിനായി ജനങ്ങളുടെ കൈയിലുള്ള ആയുധം ഇത്തരം നയങ്ങള്‍ക്കെതിരായി വലിയ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ്. അതിനാണ് സി.പി.ഐ (എം) ഈ പ്രക്ഷോഭത്തിലൂടെ നേതൃത്വം നല്‍കുന്നത്.
പിണറായി വിജയന്‍