കേരളം നേടിയ നേട്ടങ്ങള്‍ തകരുന്നു
ലോകത്തില്‍ നടന്ന വികസന ചര്‍ച്ചകളില്‍ സവിശേഷമായ സ്ഥാനം നേടിയ സംസ്ഥാനമാണ് കേരളം. കേരളം ഈ നേട്ടങ്ങള്‍ നേടുന്നതിന് ഇടയായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഏറ്റവും സുപ്രധാനമായ സ്ഥാനമുള്ളത് ഭൂപരിഷ്‌കരണത്തിനാണ്. ഭൂപരിഷ്‌കരണനടപടികള്‍ 1957 ലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ വലതുപക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കാന്‍ മുന്നോട്ട് വന്നിരുന്നു. വിമോചന സമരത്തിലേക്ക് കലാശിച്ച സംഭവ വികാസങ്ങള്‍ക്ക് അടിസ്ഥാനമായി തീര്‍ന്നത് കേരളത്തിന്റെ ഭൂബന്ധങ്ങളെ ജന്മിത്വ ഘടനയില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ നടത്തിയ ഈ പരിശ്രമമാണ്.
1959 ലെ വിമോചന സമരത്തിന് ശേഷം അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാരും അവരെ പിന്തുണച്ച കേന്ദ്രസര്‍ക്കാരും ഭൂപരിഷ്‌കരണത്തോട് കാണിച്ച സമീപനം ഈ വസ്തുത ബോധ്യപ്പെടുത്തുന്നതാണ്. നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വെച്ച് താമസിപ്പിക്കുക. കോടതികളിലൂടെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുക. ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കുക എന്നീ തരത്തിലുള്ള ഇടപെടലിലൂടെ ഇത് അട്ടിമറിക്കുന്നതിനുള്ള പരിശ്രമം നടത്തി. മിച്ചഭൂമിയായി ഭൂരഹിതര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭൂമിയുടെ അളവ് വെട്ടിക്കുറച്ചുകൊണ്ട് പാവപ്പെട്ടവന് ഭൂമി ലഭിക്കാനുള്ള സാധ്യതകളേയും ഇല്ലാതാക്കി. പിന്നീട് 1967 ലെ രണ്ടാം ഇ.എം.എസ് സര്‍ക്കാരാണ് സമഗ്രമായ കാര്‍ഷിക പരിഷ്‌കരണം നടപ്പിലാക്കിയത്. ഈ നിയമം പ്രാവര്‍ത്തികമാക്കുന്നതിന് വലിയ പ്രക്ഷോഭം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നടത്തേണ്ടി വരികയും ചെയ്തിട്ടുണ്ട്.
ഭൂപരിഷ്‌കരണം കേരളത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ട് ഈ നിയമങ്ങള്‍ അടിസ്ഥാനപരമായി തിരുത്തി കുറിക്കുന്നതിന് വലതുപക്ഷ ശക്തികള്‍ക്ക് ധൈര്യം വന്നിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരള വികസനത്തിന്റെ അടിത്തറയായ ഭൂപരിഷ്‌കരണത്തെ തന്നെ അട്ടിമറിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തോട്ടം ഭൂമിയെ ടൂറിസത്തിന് വിട്ടുകൊടുക്കാനും കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങളെല്ലാം ഈ ദിശയിലുള്ളതാണ്. ഭൂപരിഷ്‌കരണത്തെ തകര്‍ക്കുക എന്നതിനര്‍ത്ഥം കേരളത്തിന്റെ നേട്ടങ്ങളുടെ അടിത്തറ തന്നെ ഇല്ലാതാക്കുക എന്നതാണ്. ആ ദിശയിലാണ് ഈ സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
കാര്‍ഷികമേഖലയില്‍ ആവട്ടെ കരാര്‍ കൃഷി കൊണ്ടുവരും എന്നതാണ് സര്‍ക്കാരിന്റെ നയം. ഇത് പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ കാര്‍ഷികമേഖല ബഹുരാഷ്ട്രകുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൃഷി ചെയ്യപ്പെടുന്ന മേഖലയായി തീരും. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഈ സര്‍ക്കാരിന് മുമ്പില്‍ വലുതായി തോന്നാത്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അറുപതോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞു. എന്നാല്‍ ഇതൊരു പ്രശ്‌നമായി യു.ഡി.എഫിന് തോന്നുന്നില്ല. അതേ സമയം തങ്ങളുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് കര്‍ഷകരുടെ പേര്‍ ഉപയോഗിക്കുന്നതില്‍ ഒരുകുറവും ഇല്ലാതാനും. നെല്ലിയാമ്പതി എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തങ്ങളുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കര്‍ഷകരുടെ പേരാണ് ഇവര്‍ ഉപയോഗിക്കുന്നത് എന്നും കാണാം. വിലക്കയറ്റം രൂക്ഷമായ ഘട്ടത്തില്‍ പോലും തങ്ങള്‍ കൃഷി ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്തതുകാരണം കാര്‍ഷികോല്‍പന്നങ്ങള്‍ നശിപ്പിക്കേണ്ടിവന്ന സ്ഥിതി വിശേഷവും കാര്‍ഷികമേഖലയോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ലക്ഷണമാണ്. കര്‍ഷകരോടല്ല കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പരവതാനി ഒരുക്കാനാണ് യു.ഡി.എഫ് സര്‍ക്കാരിന് താല്‍പര്യം.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ യാതൊരു കാരണവശാലും സംരക്ഷിക്കാന്‍ ആവില്ലെന്നായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലംതൊട്ടേ അവര്‍ സ്വീകരിച്ചിരുന്ന സമീപനം. എന്നാല്‍ ഈ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ആവുമെന്ന് പ്രായോഗിക പദ്ധതിയിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചു. എട്ട് പൊതുമേഖലാ വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യത്തിന് ആകെ മാതൃകയായ ബദല്‍ മുന്നോട്ട് വെക്കുകയും ചെയ്തു. പൊതുമേഖലയില്‍ ഉണ്ടായിരുന്ന ഉണര്‍വ് ഇന്ന് ഇല്ലാതായിരിക്കുന്നു. കൊല്ലത്തെ മീറ്റര്‍ കമ്പനി, കുണ്ടറ സെറാമിക്‌സ്, കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ലെക്‌സ്, ടെക്‌സ്റ്റൈല്‍ വ്യവസായങ്ങള്‍ തുടങ്ങിയവയെല്ലാം ഈ കാലയളവിനുള്ളില്‍ തന്നെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുമേഖലാ നവീകരണ പദ്ധതികള്‍ പോലും മുന്നോട്ട് കൊണ്ട് പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. അതിന്റെ ഉദാഹരണമാണ് കേന്ദ്രസര്‍ക്കാരുമായി ഒപ്പിട്ട ഓട്ടോകാസ്റ്റ് നവീകരണ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന പി.പി.പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍) തങ്ങളുടെ സുപ്രധാനമായ നയമാണ് എന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന് പശ്ചാത്തലമൊരുക്കുകയാണ്.
ലോക പ്രസിദ്ധമാണ് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍. ആരോഗ്യമേഖലയിലെ വികസനത്തിന്റെ സൂചികകളില്‍ ലോകത്തെ ഏത് രാഷ്ട്രങ്ങളോടും കിടപിടിക്കാനുള്ള ശേഷി നമ്മുടെ ആരോഗ്യമേഖലയ്ക്കുണ്ട്. അതിന് അടിസ്ഥാനമായി നില്‍ക്കുന്നത് ഇവിടെ വികസിച്ചുവന്ന പൊതുജനാരോഗ്യസമ്പ്രദായമാണ്. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം തകര്‍ന്നിരിക്കുന്നു. ആശുപത്രികളില്‍ ഡോക്ടര്‍ മാരും മരുന്നും ഇല്ലാത്ത സ്ഥിതിയും സംജാതമായിരിക്കുന്നു. ഫലപ്രദമായി മരുന്ന് വിതരണം ചെയ്യാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുന്നു. പൊതുആരോഗ്യമേഖലയെ തകര്‍ത്ത് സ്വകാര്യകച്ചവടക്കാരുടെ കൈകളിലേക്ക് പാവപ്പെട്ടവരെ എറിഞ്ഞ് കൊടുക്കുന്ന പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കപ്പെടുന്നത്.
കേരളത്തില്‍ പാവപ്പെട്ടവന് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത് 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയിരുന്ന ഉയര്‍ന്ന ഫീസ് ഇല്ലാതാക്കിയും കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന സമ്പ്രദായം വിദ്യാലയങ്ങളില്‍ ആരംഭിച്ചും ജനകീയ പിന്തുണയോടെ നടത്തിയ ഇടപെടലാണ് ഇതിന് അടിസ്ഥാനമായിട്ടുള്ളത്. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ പരിശ്രമമിട്ടത് അതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിച്ചും പാവപ്പെട്ടവന്റെ പ� ന പ്രവര്‍ത്തനങ്ങളെ ഉന്നതമായ മാനങ്ങളില്‍ എത്തിക്കുകയും ചെയ്തു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുക മാത്രമല്ല മതേതരത്വത്തിന്റേയും കൂട്ടായ്മയുടേയും കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് കൂടിയാണ്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പകരം അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഈ മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ കൊണ്ടുവരുന്നതും സര്‍ക്കാര്‍ ഒരു നയമായി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. എവറോണ്‍, സീ ഗ്രൂപ്പ്, വിപ്രോ തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകളെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിഷ്� ിക്കുകയാണ്. അതോടൊപ്പം തന്നെ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍പോലും അട്ടിമറിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ തമ്മിലുള്ള ദൂരപരിധി, തദ്ദേശ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ എന്നിവ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇല്ലാതാക്കിയിരിക്കുന്നു. കുട്ടികളില്‍ നിന്ന് ഫീസ് പിരിക്കുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങളും മാറ്റി മറിച്ചിരിക്കുകയാണ്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കുക മാത്രമല്ല അവിടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളെ എല്ലാം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇല്ലാതാക്കിയിരിക്കുകയാണ്. മാത്രമല്ല പൊതുവിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ തകര്‍ക്കുന്നതിനുള്ള ഗൂഢപദ്ധതികളും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുകയാണ്. അവിടേയും സി.ബി.എസ്.ഇ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പത്താംതരം പരീക്ഷ സ്‌കൂളുകളില്‍ തന്നെ നടത്തി മാര്‍ക്ക് നല്‍കുന്ന രീതിയാണ് സി.ബി.എസ്.ഇ സ്ഥാപനങ്ങളില്‍ നിലവിലുള്ളത്. ഇത്തരം പരീക്ഷകളിലൂടെ കടന്നുവന്നവര്‍ക്ക് എസ്.എസ്.എല്‍.സി പൊതുപരീക്ഷ പാസായി വരുന്നവരേക്കാള്‍ പരിഗണന കൊടുക്കുന്ന രീതി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ� ിക്കുന്ന വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന കടുത്ത അനീതിയാണ്. ഈ നയത്തിന്റെ രക്തസാക്ഷിയാണ് പട്ടാമ്പിയില്‍ ആത്മഹത്യ ചെയ്ത രേഷ്മ എന്ന വിദ്യാര്‍ത്ഥിനി.
യാതൊരു നിയന്ത്രണവും ഇല്ലാതെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നയമാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഈ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്തെ നിലവാരത്തിന് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നു. നിലവാരം ഇല്ലാത്ത സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ മോഡറേഷന്‍ നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിന് യു.ഡി.എഫ് ഉണ്ടാക്കിയ കരാറാവട്ടെ മാനേജുമെന്റുകള്‍ക്ക് കോടികള്‍ അധികവരുമാനം നല്‍കുന്നതാണ്. സ്‌കൂള്‍ അധ്യാപകനെപോലും സര്‍വകലാശാല വൈസ് ചാന്‍സലറാക്കാന്‍ തയ്യാറാവുന്ന സമീപനം വിദ്യാഭ്യാസമേഖലയിലെ നിലവാര തകര്‍ച്ചയ്ക്ക് മറ്റൊരു പ്രധാന കാരണമായി തീരുകയാണ്.
കേരളത്തിന്റെ വികസനത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷത സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുടെ വലയമാണ്. അധികാരത്തില്‍ വന്നതോടെ ഈ നിലയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചില്ലെന്ന് മാത്രമല്ല അവ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വലിയ തോതില്‍ കുടിശികയായി അവശേഷിച്ചിരിക്കുകയാണ്.
കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തിനും ഭക്ഷ്യോല്‍പാദനത്തിന്റെ സംരക്ഷണത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ് കേരളത്തിലെ നെല്‍വയലുകളേയും നീര്‍ത്തടങ്ങളേയും സംരക്ഷിക്കുക എന്നത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന നിയമത്തിലൂടെ 2005 ന് മുമ്പ് നികത്തപ്പെട്ട വയലുകള്‍ ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അംഗീകരിക്കുന്ന നില ഉണ്ടായിരിക്കുന്നു. ഈ രംഗത്തുണ്ടായ അഴിമതി യു.ഡി.എഫിലെ അംഗങ്ങള്‍ക്ക് പോലും ന്യായീകരിക്കാന്‍ പറ്റില്ല എന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുകയാണ്. നെല്ലിയാമ്പതിയിലെ വനഭൂമി വന്‍തോതില്‍ സ്വകാര്യ ഉടമകള്‍ക്ക് കൈക്കലാക്കുന്നതിന് സര്‍ക്കാര്‍ മനപൂര്‍വ്വം കേസ് തോറ്റുകൊടുക്കുന്നു എന്ന അവസ്ഥയും ഈ നയത്തിന്റെ ഭാഗമായി രൂപപ്പെട്ടിരിക്കുകയാണ്. പൊതുസ്വത്തിനെ സ്വകാര്യവല്‍ക്കരിക്കുക എന്ന ആഗോളവല്‍ക്കരണനയം മുന്നോട്ട് വെക്കുന്ന സമീപനമാണ് ഈ കാഴ്ചപ്പാടിന്റെ അടിത്തറ.
കേരളത്തിലെ ആദിവാസി ജനവിഭാഗം ഭൂരഹിതരായി തുടരുന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ഓരോ കുടുംബത്തിനും ഒരേക്കര്‍ വീതം നല്‍കാനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും മുപ്പതിനായിരത്തോളം ഏക്കര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം ഈ നടപടിക്ക് പുരോഗതി ഉണ്ടായില്ല. ഈ വിഷയം ഉന്നയിച്ച് പ്രക്ഷോഭത്തിന് ഇറങ്ങിയവരെ ജയിലില്‍ അടയ്ക്കാനാണ് തയ്യാറായിട്ടുള്ളത്. ആദിവാസി മേഖലയിലെ സൗജന്യ ചികിത്സ യു.ഡി.എഫ് അട്ടിമറിച്ചിരിക്കുകയാണ്.
കേരളത്തിന്റെ കാര്‍ഷിക-വ്യാവസായികമേഖലകളെ തകര്‍ക്കുന്ന തരത്തിലാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിശ്വവിഖ്യാതമായ ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളും ഇല്ലാതാക്കപ്പെടുകയാണ്. പാവങ്ങള്‍ക്കുള്ള സുരക്ഷാപദ്ധതികളേയും തകര്‍ത്ത് കേരളത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി വലിയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.
പിണറായി വിജയന്‍