യു.ഡി.എഫ് കേരളത്തെ ഭ്രാന്താലയമാക്കുന്നു

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ഘട്ടങ്ങളിലെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒരു വിലയും നല്‍കിയിരുന്നില്ല. അവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി സാമ്പത്തിക ബാധ്യതയുടെയും മറ്റും പേരു പറഞ്ഞ് ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിക്കുകയും ചെയ്തത്. ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പ്രതിഷേധത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നടപടികളും ഇതോടൊപ്പം തന്നെ സ്വീകരിക്കുകയും ചെയ്തു. ആ നില ഈ സര്‍ക്കാരിന്റെ കാലത്തും തുടരുകയാണ്.

കേരളത്തില്‍ ഏറ്റവും പാവപ്പെട്ടവര്‍ പണിയെടുക്കുന്ന മേഖലയാണ് പരമ്പരാഗത വ്യവസായ മേഖല. ഈ മേഖലയെ സംരക്ഷിക്കുവാനോ ഇവിടെ പണിയെടുക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഉള്ള സമീപനം യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കയര്‍ ഉല്‍പന്നങ്ങള്‍ കയര്‍ഫെഡ് ഏറ്റെടുക്കാത്തതിനാല്‍ കയര്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. കശുവണ്ടി മേഖലയെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ക്ഷേമനിധി ആനുകൂല്യങ്ങളും തകര്‍ക്കുകയാണ്.
കൈത്തറി സഹകരണ സംഘങ്ങളാവട്ടെ, കടംപെരുകി പ്രവര്‍ത്തനമൂലധനം ഇല്ലാതെ പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. വിദേശ മദ്യബാറുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കള്ളുഷാപ്പുകളെ സംരക്ഷിക്കുന്നതിന് തയ്യാറാവാത്തതിനാല്‍ ആ മേഖലയും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദിനേശ് ബീഡി തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മണ്ണെണ്ണ ക്ഷാമവും വിലക്കയറ്റവും കാരണം പരമ്പരാഗത മത്സ്യമേഖലയിലെ തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാതൃകാപരമായ പദ്ധതികളെല്ലാം യു.ഡി.എഫ് തകര്‍ത്തിരിക്കുന്നു.

അധികാര വികേന്ദ്രീകരണ പ്രക്രിയയെ തകര്‍ക്കുക എന്നത് കേരളത്തിലെ വലതുപക്ഷ ശക്തികളുടെ എക്കാലത്തെയും അജണ്ടയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലുകളെപ്പോലും പിരിച്ചുവിട്ടുകൊണ്ട് ഈ രംഗത്തെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ യു.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതിന്റെ തുടര്‍ച്ചയായി അധികാര വികേന്ദ്രീകരണത്തിന് കേരളം സംഭാവന ചെയ്ത ജനകീയാസൂത്രണ പദ്ധതികളെയും തകര്‍ക്കുകയാണ്. ഉല്‍പാദനമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഉപേക്ഷിക്കുകയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കികൊണ്ട് അഴിമതിക്ക് പുതിയ വഴിയും അവതരിപ്പിച്ചിരിക്കുന്നു. കുടുംബശ്രീയെ തകര്‍ത്ത് ജനശ്രീയെ പ്രതിഷ്� ിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പരിശ്രമം. കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള പലിശ സബ്‌സിഡി കൊടുക്കാത്തതിന്റെ പേരില്‍ ശരാശരി 12 ശതമാനത്തിനാണ് കുടുംബശ്രീയ്ക്ക് വായ്പ ലഭിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ടത്തില്‍ നിന്നും കുടുംബശ്രീയെ ഒഴിവാക്കുന്ന നടപടിയും സ്വീകരിച്ചിരിക്കുകയാണ്. അതോടൊപ്പംതന്നെ, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീയില്‍ നിന്നും മാറ്റാനുള്ള പരിശ്രമവും തുടരുകയാണ്.


സംസ്ഥാനം വമ്പിച്ച വിലക്കയറ്റത്തിന്റെ നടുവിലായിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍നിന്നിരുന്ന കേരളം ഇക്കാര്യത്തില്‍ ഇന്ന് ഇന്ത്യയില്‍ 17-ാം സ്ഥാനത്താണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് പൊതുവിതരണ സമ്പ്രദായത്തെ ഫലപ്രദമായി ഉപയോഗിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം ഈ സര്‍ക്കാര്‍ തിരുത്തിയിരിക്കുകയാണ്. സപ്ലൈകോയുടെ ബഡ്ജറ്റ് വിഹിതം എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ 120-ഓളം കോടി എന്നത് 50 കോടി രൂപയായി കുറച്ചിരിക്കുന്നു. സപ്ലൈകോയ്ക്ക് നല്‍കാനുള്ള 121 കോടി രൂപ നല്‍കിയിട്ടുമില്ല. ഈ ഘട്ടത്തില്‍ പോലും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി ഉള്‍പ്പെടെ സംഭരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതുകൊണ്ട് അവ കര്‍ഷകര്‍ നശിപ്പിക്കുന്ന അനുഭവത്തിനും കേരളം സാക്ഷ്യം വഹിക്കുകയും ചെയ്തു.

കേരളത്തിന്റെ വികസനത്തിനു തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തിലാണ് വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനം. ദീര്‍ഘവീക്ഷണത്തോടെ വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കാത്തത് ഭാവിയില്‍ കേരളം ഇരുട്ടിലേക്ക് നീങ്ങും എന്ന സൂചനയാണ് നല്‍കുന്നത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന കാലത്ത് നടത്തിയ ഇടപെടലിന്റെ ഫലമായി ഇല്ലാതായ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും തിരിച്ചുവരുന്നു എന്നതും ഈ ആശങ്ക ബലപ്പെടുത്തുന്നതാണ്. വൈദ്യുതി നിരക്കിലാവട്ടെ കേരളത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് വര്‍ദ്ധനവുണ്ടാക്കിയിരിക്കുന്നത്. ജൂലൈ 1 വരെയുള്ള മുന്‍കാല പ്രാബ്യലത്തോടെയാണ് ഇത് എന്നത് സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതുമാണ്. ഈ വര്‍ദ്ധനവിലൂടെ 1676.84 കോടി രൂപയാണ് ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുക്കുന്നത്. ബോര്‍ഡിന്റെ നഷ്ടത്തിന്റെ കണക്കു പറഞ്ഞാണ് ഈ വന്‍ വര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, വന്‍കിടക്കാരുടേതുള്‍പ്പെടെ 1300-ഓളം കോടി രൂപയുടെ കുടിശ്ശിക ബോര്‍ഡിന് പിരിച്ചെടുക്കാനുണ്ട്. അതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കാതെ നഷ്ടത്തിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ തലയില്‍ ഭാരം കയറ്റിവയ്ക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി നിരക്കിലും വന്‍തോതില്‍ വര്‍ദ്ധനവുണ്ടാക്കിയിരിക്കുകയാണ്. തട്ടുകളായി തിരിച്ച് വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിരക്ക് ഈടാക്കുന്ന രീതിയും നിര്‍ത്തലാക്കിയിരിക്കുന്നു. ഇത് വ്യാവസായിക മേഖലയില്‍ വന്‍തോതിലുള്ള പ്രത്യാഘാതമുണ്ടാക്കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസന പദ്ധതികള്‍ പോലും ഈ സര്‍ക്കാരിന്റെ കാലത്ത് ഇഴഞ്ഞുനീങ്ങുകയാണ്. കോച്ച് ഫാക്ടറിക്കായി എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലക്കാട് 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശുഷ്‌കാന്തി സര്‍ക്കാര്‍ കാണിക്കുന്നില്ല. ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, തെക്ക്-വടക്ക് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി തുടങ്ങിയവയുടെ സ്ഥിതിയും ഇതു തന്നെയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയും കടലാസില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അതിവേഗം ബഹുദൂരം എന്ന പ്രഖ്യാപനം മുഴങ്ങുന്നുണ്ടെങ്കിലും ജനവിരുദ്ധ നയങ്ങള്‍ക്കു മാത്രമേ ഈ വേഗത കാണാനുള്ളൂ.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജന്‍ഡര്‍ ബഡ്ജറ്റ് ഉള്‍പ്പെടെയുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് ഈ മേഖലയിലെ വികസനത്തിന് പുതിയ ദിശാബോധം എല്‍.ഡി.എഫ് സര്‍ക്കാര്‍ പകര്‍ന്നിരുന്നു. അവയെല്ലാം അട്ടിമറിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്ക് തീവണ്ടിയില്‍പ്പോലും യാത്ര ചെയ്യാന്‍ പറ്റാത്ത നിലയാണ് ഇപ്പോഴുള്ളത്. സ്ത്രീ പീഡനക്കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും പിടിക്കപ്പെടുന്നത് എന്നത് നമ്മെയെല്ലാം ഞെട്ടിക്കുന്ന കാര്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 14,445 ആയിരിക്കുകയാണ്. 1132 ബലാത്സംഗങ്ങളും 5377 ഗാര്‍ഹിക പീഡനങ്ങളും ഇക്കാലത്ത് നടക്കുകയുണ്ടായി. 47 കുട്ടികള്‍ കൊല്ലപ്പെടുകയും 423 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതായും നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. വര്‍ത്തമാനകാലത്തെ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ നിലയുടെ കാര്യം ഇതില്‍ കൂടുതല്‍ പറയേണ്ടതില്ലല്ലോ.

ക്രമസമാധാന പരിപാലനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ ഇന്ന് നിലയാകമാനം മാറിയിരിക്കുന്നു. കേരളത്തില്‍ ക്രിമിനല്‍ കേസുകളില്‍പെട്ട 607 പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഉണ്ടെന്ന് കേരള പോലീസ് തന്നെയാണ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഗുണ്ടകളും പെണ്‍വാണിഭക്കാരും കേരളം അടക്കി ഭരിക്കുകയാണ്. അതിന്റെ തെളിവാണല്ലോ മണിയന്‍പിള്ള എന്ന പോലീസുകാരനെ ഗുണ്ട കൊലപ്പെടുത്തിയത്. അതിലെ പ്രതിയെ പിടിക്കുന്നതിനു പോലും പോലീസിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. അവകാശസമരങ്ങള്‍ക്കു നേരെ ഭീകരമര്‍ദ്ദനം അഴിച്ചുവിടുന്ന സര്‍ക്കാര്‍ ഗുണ്ടകളുടെയും കവര്‍ച്ചക്കാരുടെയും മുന്നില്‍ മുട്ടുവിറച്ച് നില്‍ക്കുകയാണ്.
സംസ്ഥാനത്ത് അഴിമതിയും വ്യാപകമാവുകയാണ്. മുഖ്യമന്ത്രി പ്രതിയായ പാമോലിന്‍ അഴിമതിക്കേസ് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു. ടൈറ്റാനിയം അഴിമതിക്കേസും ഇതേ വഴിക്കാണ് നീങ്ങിയത്. മന്ത്രിമാരുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ അണിയറയില്‍ നടക്കുകയാണ്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും മറ്റും ഉണ്ടായിട്ടുള്ള അഴിമതിയും സ്വജനപക്ഷപാതവും ഹൈക്കോടതിക്കു തന്നെ ഇടപെട്ട് തടയേണ്ടിവന്നു.
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷതാ പാരമ്പര്യം കേരളീയന്റെ അഭിമാനങ്ങളിലൊന്നാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഈ പാരമ്പര്യത്തെ തകര്‍ക്കുന്ന വിധം ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നത് വലതുപക്ഷ ശക്തികളുടെ എക്കാലത്തെയും അജണ്ടയായിരുന്നു. വിമോചനസമരത്തോടുകൂടി ഏറെ ശക്തിപ്രാപിച്ച ഈ പ്രവണത ഇപ്പോള്‍ തീവ്രമായിരിക്കുകയാണ്.

ജനക്ഷേമകരമായി പ്രവര്‍ത്തിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിന് ജാതി-മത ശക്തികളുടെ പിന്തുണയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പലയിടത്തും യു.ഡി.എഫ് തേടിയത്. അധികാരത്തിലെത്തിയതോടെ, യു.ഡി.എഫ് സര്‍ക്കാരിന് ഇത്തരം ശക്തികളുടെ സമ്മര്‍ദ്ദത്തിനു വിധേയമായി പ്രവര്‍ത്തിക്കേണ്ടിവന്നു. മന്ത്രിമാരെപ്പോലും നിശ്ചയിച്ചത് ജാതി-മത സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് എന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു തന്നെ പരസ്യമായി പറയേണ്ടിവന്നു. മുസ്ലീം ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്ന കാര്യം കേരളീയ സമൂഹത്തിനോട് വിളിച്ചുപറഞ്ഞത് പല കോണ്‍ഗ്രസ് നേതാക്കളുമാണ്. വിദ്യാഭ്യാസമേഖല വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നു എന്ന പരാതിയും ഉയര്‍ന്നുവന്നിരിക്കുകയാണ്. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് കനത്ത ഭീഷണിയായിരിക്കുകയാണ്. കേരളം ഏറെക്കാലം കൊണ്ട് നേടിയെടുത്ത ജനാധിപത്യ രീതിക്കു തന്നെ ഇത് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നു.
ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വര്‍ഗീയ തീവ്രവാദശക്തികളെ സംരക്ഷിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് കാസര്‍ഗോഡ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത്. മാറാട് കലാപവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവും മരവിപ്പിച്ചിരിക്കുന്നു. നാദാപുരത്തെ നരിക്കാട്ടേരി ബോംബ് സ്‌ഫോടനകേസിന്റെ അന്വേഷണത്തിനും ഇതേ ഗതിയാണ് ഉണ്ടായിരിക്കുന്നത്. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ തീവ്രവാദ സംഘങ്ങള്‍ അഴിഞ്ഞാടുന്ന നില കേരളത്തിലെ ഒരു ക്രമസമാധാന പ്രശ്‌നമായിത്തന്നെ വളരുകയാണ്. ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന അക്ഷരംപ്രതി ശരിവെക്കുന്നതാണ് വര്‍ത്തമാനകാലത്തെ സംഭവങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നിലനിര്‍ത്തുവാന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന സര്‍ക്കാരാവട്ടെ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. യു.ഡി.എഫിന്റെ തെറ്റായ നയങ്ങള്‍ മൂലം രൂപംകൊണ്ട ഈ സാഹചര്യം ഉപയോഗിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ-ഫാസിസ്റ്റ് സംഘടനകളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ അവസ്ഥ കേരളീയ സമൂഹത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നവിധം അതിവേഗം വളരുകയാണ്.

കേരളത്തിന്റെ വികസന അടിത്തറയെയും ജനാധിപത്യപരമായ ജീവിതരീതികളെയും തകര്‍ക്കുന്ന വിധത്തിലേക്ക് ഇത്തരത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണം മാറിയിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇടപെടലിന്റെ ഫലമായിട്ടാണ് ഇന്നത്തെ ജനാധിപത്യ സമൂഹമായി വളര്‍ന്നത്. അത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന ജനലക്ഷങ്ങളുടെ ശബ്ദമാണ് ഈ പ്രക്ഷോഭത്തില്‍ ഉയര്‍ന്നുവരിക. അതുകൊണ്ടുതന്നെ കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തില്‍ കേരളത്തെ സ്‌നേഹിക്കുന്നവര്‍ മുഴുവന്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പിണറായി വിജയന്‍