വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള യു.ഡി.എഫ് നീക്കം തിരിച്ചറിയുക
ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും ഒരേ സാമ്പത്തിക നയവും നിലപാടുമാണ് എന്ന് പ്രചരിപ്പിക്കുന്നതിനാണ് യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്ന് സ്വയം അഭിമാനിക്കുന്നവര്‍ ശ്രമിക്കുന്നത്. അവരുടെ കാഴ്ചപ്പാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകള്‍. പങ്കാളിത്ത പെന്‍ഷന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിയപ്പോള്‍ ഇടതുപക്ഷം ഭരിച്ച കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കിയിരുന്നില്ല. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു നിയമം വരുന്നതിനു മുമ്പുതന്നെയാണ് മറ്റു സംസ്ഥാനങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങിയത്. എന്നാല്‍, തൊഴിലാളികളുടെയും ജീവനക്കാരുടെയും ബഹുജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഈ നയത്തിനു ബദലായ നയം മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇടതുപക്ഷം വലതുപക്ഷ ശക്തികളില്‍നിന്ന് നയപരമായി വ്യത്യസ്ത പാതയിലാണ് എന്ന് ഇത് തെളിയിക്കുന്നു.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോള്‍ അതുകൊണ്ടുണ്ടാകുന്ന സര്‍ക്കാരിന്റെ സാമ്പത്തിക ബാദ്ധത്യക്കുറവുകൊണ്ട് ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ് യു.ഡി.എഫ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പങ്കാളിത്ത പെന്‍ഷനെതിരായി ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് വരുമ്പോള്‍ അവര്‍ക്കെതിരായി മറ്റു ജനവിഭാഗങ്ങളെ തിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചരണം. വസ്തുത ഇവരുടെ പ്രചരണത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് എന്ന് പരിശോധനയില്‍ വ്യക്തമാകും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചതും നടപ്പിലാക്കിയതും. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ മാത്രമല്ല, ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന നിരവധി ആനുകൂല്യങ്ങളും ഇതോടൊപ്പം ഇല്ലാതാക്കി. അന്നും ജീവനക്കാര്‍ ഇതിനെതിരായി രാഷ്ട്രീയം മറന്ന് പോരാട്ടരംഗത്തിറങ്ങിയപ്പോള്‍ ഇതേ പ്രചാരവേലകള്‍ നടക്കുകയുണ്ടായി.
എന്നാല്‍, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച യു.ഡി.എഫ് സര്‍ക്കാര്‍ മറ്റു ജനവിഭാഗങ്ങള്‍ക്ക് എന്താണ് സംഭാവന ചെയ്തത് എന്നുകൂടി പരിശോധിച്ചാല്‍ ഇതിന്റെ പൊള്ളത്തരം മനസ്സിലാകും. കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി ജനവിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും ആ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ക്ഷേമ പെന്‍ഷന്‍ വകയില്‍ 165 കോടി രൂപ കുടിശ്ശികയായി കിടക്കുകയായിരുന്നു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിലും തികഞ്ഞ അലംഭാവമാണ് കാണിച്ചത്. 75,000-ത്തോളം അപേക്ഷകള്‍ ആ ഇനത്തില്‍ തന്നെ കെട്ടിക്കിടക്കുകയായിരുന്നു. തൊഴിലില്ലായ്മാ വേതന ഇനത്തില്‍ 140 കോടി രൂപയാണ് നല്‍കാനുണ്ടായിരുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമനിധി ആനുകൂല്യത്തിനായി ശരാശരി വര്‍ഷത്തില്‍ ചെലവഴിച്ചത് 134 കോടി രൂപയാണ്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ എന്ന യു.ഡി.എഫ് നയം തിരുത്തിയ എല്‍.ഡി.എഫ് സര്‍ക്കാരാവട്ടെ, ശരാശരി വര്‍ഷത്തില്‍ ചെലവഴിച്ചത് 389 കോടി രൂപയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക വിതരണം ചെയ്തതും അവ വര്‍ദ്ധിപ്പിച്ചതും എല്‍.ഡി.എഫ് സര്‍ക്കാരാണ്.
ഇതില്‍നിന്നും ഒരു കാര്യം വളരെ വ്യക്തമാണ്. വിവിധ ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നത് ഒരു നയവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ആ നയമാണ് ഇവിടെ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. ആഗോളവല്‍ക്കരണ നയങ്ങള്‍ ലോകത്ത് വമ്പിച്ച സാമ്പത്തിക പ്രതിസന്ധി പ്രദാനം ചെയ്തു. ഈ പ്രതിസന്ധി മറികടക്കുന്നതിന് ലോകബാങ്ക് തയ്യാറാക്കിയ രേഖയില്‍ രാഷ്ട്രങ്ങള്‍ക്ക് സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനുള്ള മാര്‍ഗമായാണ് പെന്‍ഷന്‍ ഫണ്ടുകള്‍ വ്യാപിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് അഥവാ ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കുന്നതിന് സ്ഥിരതയുള്ള നിക്ഷേപം അനിവാര്യമെന്നാണ് മുതലാളിത്ത വിശകലനം. ലോകത്താകെയുള്ള പെന്‍ഷന്‍ ഫണ്ടുകള്‍ ഷെയര്‍ മാര്‍ക്കറ്റിലേക്ക് തുറന്നുവിട്ടാല്‍ ഇന്നത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണവരുടെ വാദം. ഇങ്ങനെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്ന നിലയിലാണ് പങ്കാളിത്ത പെന്‍ഷനുകള്‍ ലോക വ്യാപകമായി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം അടുത്തകാലത്ത് ശക്തിപ്പെട്ടത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ രാജ്യങ്ങളില്‍ ഉണ്ടായ അനുഭവം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാക്കുക എന്നതായിരുന്നു.
ലോകത്തെമ്പാടും പെന്‍ഷന്‍ ഫണ്ടുകള്‍ തകര്‍ച്ചയെ നേരിടുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ കാലിഫോര്‍ണിയ പബ്ലിക് എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം, കാലിഫോര്‍ണിയ സ്റ്റേറ്റ് ടീച്ചേഴ്‌സ് റിട്ടയര്‍മെന്റ് സിസ്റ്റം എന്നിവയ്ക്ക് 2008 ലും 2009 ലുമായി 67 ബില്യന്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. ആകെ 500 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണിയിലെ തകര്‍ച്ചമൂലം അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്കുണ്ടായത്. ഇതുമൂലം ഭാവിയില്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയാതെ വരുമെന്നാണ് വിലയിരുത്തുന്നത്. അര്‍ജന്റീന, ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിക്കപ്പെട്ട് പരാജയമടഞ്ഞതാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ ലോകത്ത് രൂപപ്പെട്ടതോടെ ശക്തിപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആഗോളവല്‍ക്കരണ നയം പുല്‍കുന്ന ഭരണാധികാരികള്‍ ഇപ്പോള്‍ തകര്‍ക്കുകയാണ്. സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് ഏല്‍ക്കുന്ന തിരിച്ചടി തങ്ങളുടെ ജീവിതത്തില്‍ ഒരു പോറലുമേല്‍പ്പിക്കില്ലെന്ന് പ്രചരിപ്പിച്ച അരാഷ്ട്രീയവാദികളുടെ വാദങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് ഇത്തരം സംഭവങ്ങള്‍.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നില ആ വിഭാഗത്തിനു മാത്രമല്ല പ്രതിസന്ധി സൃഷ്ടിക്കുക. വിവിധ ജനവിഭാഗങ്ങളില്‍നിന്നുള്ളവരാണ് ഭാവിയില്‍ സര്‍ക്കാര്‍ ജീവനക്കാരായി മാറുക. അപ്പോള്‍ അത്തരം വിഭാഗങ്ങളിലെ ഭാവി തലമുറയ്ക്കുള്ള അനുകൂല്യമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. നിരവധി പോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത സേവന-വേതന വ്യവസ്ഥകളുടെ മേലാണ് ഈ സര്‍ക്കാര്‍ കൈവയ്ക്കുന്നത്. തുടര്‍ന്ന് ഇത് മറ്റു മേഖലകളില്‍, നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളിലേക്കും വ്യാപിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് ഈ മേഖലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി മറ്റു വിഭാഗങ്ങളും ഐക്യപ്പെടേണ്ടത് അത്യന്താപേക്ഷിതമായിത്തീരുകയാണ്. പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനവും സര്‍ക്കാരിന്റെ തുല്യ വിഹിതവുമാണ് നല്‍കപ്പെടുക. ആ തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കാണ് എത്തിച്ചേരുക. അതായത്, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരേണ്ട തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കെത്തുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയ്ക്കാണ് പൊതുവില്‍ പ്രതിസന്ധിയുണ്ടാവുക. കച്ചവടക്കാര്‍ക്കും മറ്റ് എല്ലാ വിഭാഗങ്ങളുടെയും കൈകളിലേക്ക് വരേണ്ട തുകയാണ് ഇത്തരത്തില്‍ ബഹുരാഷ്ട്ര കമ്പനിക്കാര്‍ അടിച്ചുമാറ്റുക. സര്‍ക്കാര്‍ സര്‍വ്വീസുകള്‍ അനാകര്‍ഷകമായിത്തീരുമ്പോള്‍ ആരോഗ്യ മേഖലയിലുള്‍പ്പെടെ പ്രൊഫഷണലുകള്‍ കടന്നുവരുന്നതിന് മടിക്കും. സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന വന്‍ ആനുകൂല്യങ്ങള്‍ തേടി ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ നീങ്ങുമ്പോള്‍ പൊതുജനാരോഗ്യ സമ്പ്രദായം ഉള്‍പ്പെടെയുള്ള സേവന മേഖലകള്‍ തകരുന്ന നില ഉണ്ടാകും എന്നത് വസ്തുതയാണ്. ഇപ്പോള്‍ തന്നെ, ഇത്തരം മേഖലകളില്‍ പ്രൊഫഷണലുകളെ ലഭിക്കാത്ത നില ഒന്നുകൂടി രൂക്ഷമാക്കാനേ ഇത് ഇടയാക്കൂ.
കേരളത്തിന്റെ സാമൂഹ്യ അവസ്ഥ മനസ്സിലാക്കാതെയുള്ള നടപടികളാണ് പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ യു.ഡി.എഫ് സ്വീകരിക്കുന്നത്. അത് 60 ആക്കി വര്‍ദ്ധിപ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അഭ്യസ്തവിദ്യരായ 44 ലക്ഷത്തോളം പേര്‍ തൊഴില്‍രഹിതരായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന യാഥാര്‍ത്ഥ്യബോധം ഈ സര്‍ക്കാരിനില്ല. മാത്രമല്ല, നിലവിലുള്ള തസ്തികകള്‍ തന്നെ വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം നടപ്പിലാക്കുന്നതിനും ഉള്ള നടപടികള്‍ ഈ പെന്‍ഷന്‍ പരിഷ്‌കരണത്തോടൊപ്പം നടപ്പിലാക്കുന്നുണ്ട്. ഇത് ഒരു തൊഴില്‍ സ്വപ്നം കണ്ട് പ� ിച്ചുകൊണ്ടിരിക്കുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും സ്വപ്നങ്ങളില്‍ ഇരുട്ട് വീഴ്ത്തുന്ന പ്രക്രിയാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇങ്ങനെ കേരളത്തിന്റെ സമസ്തമേഖലകളേയും തകര്‍ക്കുന്നവിധം യു.ഡി.എഫിന്റെ ഭരണം മുന്നോട്ട് നീങ്ങുകയാണ്. ആഗോളവല്‍ക്കരണനയങ്ങളുടെ ചുവട് പിടിച്ചുകൊണ്ട് നടക്കുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ക്കെതിരായി എല്ലാ കാലത്തും പൊരുതി നിന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അതിന്റെ നേതൃസ്ഥാനത്ത് നിലകൊണ്ടത് സി.പി.ഐ (എം)മാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സി.പി.ഐ (എം) നെ തകര്‍ക്കുക എന്നതു തന്നെ കോര്‍പ്പറേറ്റ് ശക്തികളുടെ താല്‍പ്പര്യമാണ്. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി അവര്‍ പ്രയോഗിക്കുകയാണ്. മാധ്യമ മേഖലയിലേക്ക് കോര്‍പ്പറേറ്റുകള്‍ സജീവമായി ഇടപെടുന്നത് ലാഭം മാത്രം ലക്ഷ്യം വച്ചല്ല. മറിച്ച്, അവര്‍ക്ക് അനുകൂലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവരുടെ ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കുന്നവരെ തകര്‍ക്കാനും വേണ്ടിയാണ്. ഈ ഇരട്ടലക്ഷ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്നതിന് കഴിയേണ്ടതുണ്ട്.
സി.പി.ഐ (എം) ആക്രമിക്കപ്പെടേണ്ട പാര്‍ടിയാണ് എന്ന പൊതുബോധം വളര്‍ത്തി കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കള്ളപ്രചാരവേല നടത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കപ്പെടേണ്ടവരാണ് എന്ന ബോധം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു നുണ പല പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.
യാതൊരടിസ്ഥാനവുമില്ലാതെ പാര്‍ടി നേതാക്കളെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. സി.പി.ഐ (എം) ന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നുമാണ് പോലീസ് മേധാവി ജയരാജനോട് പറഞ്ഞത്. താന്‍ ചെയ്ത കുറ്റത്തിന് തെളിവ് എന്തെന്ന ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്, ഞാനല്ല എന്നായിരുന്നു എസ്.പിയുടെ മറുപടി. ഇതിനു സമാനമായ നില തന്നെയാണ് ടി.വി. രാജേഷിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ഈ സംഭവങ്ങളിലെല്ലാം തന്നെ ഗൂഢാലോചന വളരെ വ്യക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതിചേര്‍ക്കുന്ന ഈ നയം കേരളത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അപഹസിക്കുന്ന വിധത്തിലുള്ളതാണ്.
കേരളത്തിലെ ഏത് നിസാര സംഭവം പോലും വാര്‍ത്തയാക്കി അവതരിപ്പിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ജനങ്ങളുടെ ജീവിതത്തെ ആകമാനം തകര്‍ക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയാണ്. ജനാധിപത്യ വിരുദ്ധ നയങ്ങള്‍ സി.പി.ഐ (എം) നെതിരെ പ്രയോഗിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്ക് നേരെയല്ലല്ലോ എന്നു കരുതി മാറി നില്‍ക്കുന്നവരുണ്ട്. ജനാധിപത്യവിരുദ്ധത സമൂഹത്തില്‍ വ്യാപിച്ചാല്‍ നാളെ മറ്റെല്ലാ പ്രസ്ഥാനങ്ങള്‍ക്കു നേരെയും ഇത് പ്രയോഗിക്കപ്പെടും എന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അത്തരം ജാഗ്രത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട് എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
ഇത്തരം ആക്രമണങ്ങള്‍ക്കു മുമ്പിലൊന്നും തകര്‍ന്നുപോകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. പാര്‍ടി ആരംഭിച്ച കാലം തൊട്ടുതന്നെ ഇത്തരത്തില്‍ പാര്‍ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. 1948-ല്‍ പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഇനി കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചുവരില്ലെന്നായിരുന്നു വലതുപക്ഷ ശക്തികള്‍ കരുതിയത്. എന്നാല്‍, കൂടുതല്‍ കരുത്തോടെ പാര്‍ടി വളരുകയായിരുന്നു. 1960-കളില്‍ ചൈന ചാരന്മാര്‍ എന്ന് മുദ്രകുത്തിയാണ് വേട്ടയാടിയത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തിന്റെ പേര് പറഞ്ഞാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി ഭരണകൂട ഭീകരത അഴിഞ്ഞാടിയത്. അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം വളര്‍ന്നുവന്നു. ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ പാര്‍ടിക്ക് കരുത്തായത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുവരുന്നത് കമ്മ്യൂണിസ്റ്റുകാരാണ് എന്ന ബോധ്യം ജനങ്ങള്‍ക്കുള്ളതുകൊണ്ടാണ്. ഏത് പ്രതിസന്ധിയിലും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക എന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദൗത്യമാണ് ആഗസ്റ്റ് 22 ന്റെ പ്രക്ഷോഭത്തില്‍ പാര്‍ടി ഏറ്റെടുക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള ഈ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
പിണറായി വിജയന്‍