മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ നേരവകാശികളാണ് കമ്യൂണിസ്റ്റുകാര്‍ എന്ന വാദം ശരിയല്ലെന്നു വാദിച്ച് ഡിസംബര്‍ 14ന് മാതൃഭൂമി ദിനപത്രത്തില്‍ ലീഗ് നേതാവ് എം പി അബ്ദുസമദ് സമദാനി ലേഖനം എഴുതുകയുണ്ടായി. മാത്രമല്ല, മുഹമ്മദ് അബ്ദുറഹ്മാന്റെ കാഴ്ചപ്പാടുകള്‍ക്ക് ലീഗിന്റെ സമീപനവുമായി ബന്ധമുണ്ടെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നതിനും അദ്ദേഹം ശ്രമിച്ചു. ലീഗ് നേതാവ് നടത്തുന്ന ഈ വ്യാഖ്യാനങ്ങള്‍ ചരിത്രവിരുദ്ധമാണെന്ന് അബ്ദുറഹ്മാന്റെ രാഷ്ട്രീയജീവിതം പരിശോധിച്ചാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാകും.
കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ടിയുടെ ആദ്യകാല നേതാക്കളുമായി മുഹമ്മദ് അബ്ദുറഹ്മാന് ദൃഢമായ വ്യക്തിബന്ധം ഉണ്ടായിരുന്നു. അത് രാഷ്ട്രീയമായ യോജിപ്പിന്റെകൂടി അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നു. കോണ്‍ഗ്രസിനകത്തുനിന്നാണല്ലോ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ രൂപപ്പെട്ടുവന്നത്. കോണ്‍ഗ്രസിന്റെ അസംതൃപ്തി തോന്നിയ വിഭാഗം കോണ്‍ഗ്രസിലെതന്നെ ഇടതുപക്ഷമായി ആദ്യം മാറുകയാണുണ്ടായത്. 1938ല്‍ കെപിസിസി നേതൃത്വം ഈ ഇടതുപക്ഷ വിഭാഗത്തിന്റേതായി മാറി. മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി. കോണ്‍ഗ്രസിലെ വലതുപക്ഷത്തിനെതിരായി നയപരമായ യോജിപ്പിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ഈ നേതൃത്വം രൂപപ്പെട്ടത്.
തൊഴിലാളികളുടെ ആവശ്യങ്ങളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും മുഹമ്മദ് അബ്ദുറഹ്മാന്‍ ശ്രദ്ധിച്ചു. 1938ല്‍ ആലപ്പുഴയില്‍ നടന്ന തൊഴിലാളിസമരത്തെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം പ്രസിഡന്റായാണ് തിരുവിതാംകൂര്‍ സമരസഹായസമിതി രൂപീകരിച്ചത്. എ കെ ജിയുടെ നേതൃത്വത്തില്‍ ജാഥ മലബാറില്‍നിന്ന് പുറപ്പെട്ട് തിരുവിതാംകൂറില്‍ എത്തിയത് അബ്ദുറഹ്മാന്‍ പ്രസിഡന്റായിരുന്ന കെപിസിസിയുടെ തീരുമാനം അനുസരിച്ചായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അച്ചടിക്കുക എന്നത് അക്കാലത്ത് പ്രയാസകരമായ ഒന്നായിരുന്നു. ആ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അച്ചടിക്കുന്നതിന് തയ്യാറായ മുഹമ്മദ് അബ്ദുറഹ്മാന് കമ്യൂണിസ്റ്റ് ആശയം ചതുര്‍ഥിയായിരുന്നുവെന്ന് പ്രചാരണം നടത്തുന്നവര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്.
മുഹമ്മദ് അബ്ദുറഹ്മാന്‍ രാഷ്ട്രീയജീവിതം കേരളത്തില്‍ ആരംഭിക്കുന്നത് മലബാര്‍കലാപം നടക്കുന്ന 1920കളിലാണ്. മലബാര്‍ കലാപത്തെ "മാപ്പിള ലഹള" എന്നാക്ഷേപിക്കുന്ന സമീപനം തിരുത്തി ഒരു പ്രദേശത്തെ ജനതയുടെ കലാപം എന്ന നിലയില്‍ മലബാര്‍ലഹള എന്ന പേര് മുന്നോട്ടു വയ്ക്കുന്നത് അദ്ദേഹമാണ്. മലബാര്‍ കലാപത്തിന്റെ ഹിംസാത്മകമായ വശത്തെ എതിര്‍ത്തും കലാപകാരികള്‍ക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയത്തെ ശക്തിയോടെ ചെറുത്തുമുള്ള സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. കോണ്‍ഗ്രസിനകത്തുതന്നെ ഉയര്‍ന്ന എതിര്‍പ്പിനെ അവഗണിച്ചാണ് അബ്ദുറഹ്മാന്‍ ഈ നിലപാട് സ്വീകരിച്ചത്. അന്ന് ബ്രിട്ടീഷുകാരെ പിന്തുണച്ച മുസ്ലിംപ്രമാണിമാരുടെ രാജ്യദ്രോഹത്തെയും അദ്ദേഹം തുറന്നെതിര്‍ത്തു.
മുഹമ്മദ് അബ്ദുറഹ്മാന്‍ മലബാര്‍കലാപത്തെ സംബന്ധിച്ച് മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ വികസിപ്പിച്ച് മുന്നോട്ടുപോയത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. 1946 ആഗസ്ത് 20ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പ്രമേയം ഇത് വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാര്‍ സ്വീകരിച്ച സമീപനത്തെ ശക്തമായി എതിര്‍ക്കുകയും അന്നത്തെ മുസ്ലിം പ്രമാണിവര്‍ഗം സ്വീകരിച്ച നയത്തെ തുറന്നുകാട്ടുകയും ചെയ്താണ് പാര്‍ടി മുന്നോട്ടുപോയത്. ഇത് ഒരു ജനതയുടെ പോരാട്ടത്തിന്റെ ഭാഗമാണ് എന്ന മുഹമ്മദ് അബ്ദുറഹ്മാന്റെ കാഴ്ചപ്പാടിനെ പിന്‍പറ്റി ഇത് കാര്‍ഷികകലാപവുമാണ് എന്ന നിലപാട് പാര്‍ടി സ്വീകരിച്ചു. മുഹമ്മദ് അബ്ദുറഹ്മാന്‍ പറഞ്ഞതുപോലെ ഈ കലാപത്തിലെ തെറ്റായ ചില പ്രവണതകളെ സൂചിപ്പിക്കുന്നതിനും പാര്‍ടി തയ്യാറായി. ആ നിലപാട് ദേശാഭിമാനിയില്‍ "1921ന്റെ ആഹ്വാനവും താക്കീതും" എന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതിനാണ് പത്രത്തെതന്നെ കണ്ടുകെട്ടുന്ന നിലപാട് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. മലബാര്‍ കലാപത്തെതുടര്‍ന്നുള്ള അടിച്ചമര്‍ത്തല്‍ എന്ന നിലയില്‍ മുസ്ലിങ്ങളെ രണ്ടാംകിടയായി കാണുന്നതരത്തില്‍ ബ്രിട്ടീഷുകാര്‍ രൂപീകരിച്ച നയങ്ങള്‍ തിരുത്തിയത് കമ്യൂണിസ്റ്റുപാര്‍ടിയാണ്. എംഎസ്പിയില്‍ മുസ്ലിങ്ങളെ റിക്രൂട്ട്മെന്റ് ചെയ്യാതിരിക്കുക, മുസ്ലിം ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നയങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.
മലബാര്‍ കലാപത്തിന്റെ പേരില്‍ മുസ്ലിങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെ പൊരുതിയ മുഹമ്മദ് അബ്ദുറഹ്മാന്റെ പാരമ്പര്യം ഏറ്റുപിടിച്ചുതന്നെയാണ് അത്തരം വിവേചനം 1957ലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇല്ലാതാക്കിയത്. മലബാര്‍ കലാപകാരികള്‍ക്ക് സ്മാരകം പണിതത് വിവിധ ഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന വിവിധ തലങ്ങളിലെ ഭരണമായിരുന്നുവെന്നും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. മുഹമ്മദ് അബ്ദുറഹ്മാന്‍ പൊരുതിയത് സാമ്രാജ്യത്വത്തിനെതിരെയാണ്. ബ്രിട്ടീഷ് ആധിപത്യം ഈ രാജ്യത്തെ ജനങ്ങള്‍ക്കുമാത്രമല്ല മുസ്ലിംസമുദായത്തിനുതന്നെ ഏറ്റവും ആപല്‍ക്കരമാണ് എന്ന നിലപാട് മുന്നോട്ടുവച്ച് സമുദായത്തെ ആകമാനം സാമ്രാജ്യത്വവിരുദ്ധപാതയില്‍ അണിചേര്‍ക്കുന്നതിന് ശ്രമിക്കുകയുംചെയ്തു. മലബാര്‍ കലാപത്തിനുശേഷമുണ്ടായ അടിച്ചമര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നിലപാട് അവതരിപ്പിച്ചത്. സാമ്രാജ്യത്വത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ "മുഹമ്മദ് അബ്ദുറഹ്മാന്‍" എന്ന പേരില്‍ എസ് കെ പൊറ്റെക്കാടും പി പി ഉമ്മര്‍കോയയും എം പി മുഹമ്മദും, കെ എ കൊടുങ്ങല്ലൂരും ചേര്‍ന്നെഴുതിയ ജീവചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ""നമ്മുടെ എല്ലാവരുടെയും ശത്രുവായ, പ്രത്യേകിച്ച് മുസല്‍മാന്റെ ശത്രുവായ സാമ്രാജ്യത്വത്തിനെതിരായി നമ്മുടെ ശക്തി സുദൃഢമാക്കി തീര്‍ക്കുക"" എന്ന് പ്രസംഗങ്ങളില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. അതിലൂടെ സാമ്രാജ്യത്വവിരുദ്ധ പാതയില്‍ മുസ്ലിംജനതയെ അടിയുറച്ച് നിര്‍ത്തുന്നതിനുള്ള നിലപാടുകളും മുന്നോട്ടുവച്ചു. സാമ്രാജ്യത്വത്തിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ അതിശക്തമായി പൊരുതിയ ആ പാരമ്പര്യം വര്‍ത്തമാനകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനല്ലാതെ ആര്‍ക്കാണ് അവകാശപ്പെടാന്‍ കഴിയുക.
മുഹമ്മദ് അബ്ദുറഹ്മാനെപ്പോലെയുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ പോരാട്ടത്തിന്റെ ഫലമായി പുറത്ത് പോകേണ്ടിവന്ന സാമ്രാജ്യത്വശക്തികള്‍ക്ക് വീണ്ടും കടന്നുവരുന്നതിനുള്ള അവസരം ഒരുക്കുകയാണ് യുപിഎ. ലോകത്തിലെ മുസ്ലിം ജനവിഭാഗത്തിനെതിരെ അതിശക്തമായ ആക്രമണം നടത്തുന്ന അമേരിക്കയുമായി സന്ധിചെയ്യുന്ന ഇന്ത്യയിലെ വിദേശനയത്തിന്റെകൂടി വക്താക്കളായ ലീഗിനും കോണ്‍ഗ്രസിനും എങ്ങനെയാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ മുന്നോട്ടുവച്ച സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യം അവകാശപ്പെടാനാവുക. മുഹമ്മദ് അബ്ദുറഹ്മാന്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തുവരുന്നത് 1945ലാണ്. അപ്പോഴേക്കും പാകിസ്ഥാന്‍ വാദമുയര്‍ത്തി മുസ്ലിംലീഗ് മുന്നോട്ട് വന്നിരുന്നു. അതിനെതിരെ അതിശക്തമായ നിലപാട് മുഹമ്മദ് അബ്ദുറഹ്മാന്‍ സ്വീകരിച്ചു. അന്ന് ദ്വിരാഷ്ട്രവാദത്തിന്റെ വക്താക്കളായിരുന്ന മുസ്ലിംലീഗ് അദ്ദേഹത്തെ എങ്ങനെയാണ് കൈകാര്യംചെയ്തത് എന്ന് 1945 ഒക്ടോബര്‍ 20ലെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു- ""ഘോഷയാത്രയുടെ നടുവിലുള്ള കാറില്‍ ഇഴഞ്ഞുകയറി അതിഥിയെ കറുപ്പ് മാല ചാര്‍ത്താനുള്ള ശ്രമം ഫലിച്ചില്ല. അബ്ദുറഹ്മാന്റെ നേരെ അനേകം ഏറുകള്‍ വന്നു..... പീടികനിര എടുത്തടിക്കാന്‍ ചിലര്‍ ചെയ്ത ശ്രമം കയ്യോടുകയ്യായ ഒരേറ്റുമുട്ടലിന് ഇടവരുത്തി. അബ്ദുറഹ്മാന്റെ നേരെ നിവര്‍ത്തിയ കത്തിയും എറിയപ്പെട്ടു."" ഇങ്ങനെ കത്തിയേറുപോലും ലീഗില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന ആളാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ചരിത്രം ആര്‍ക്കും വിസ്മരിക്കാനാവുന്നതല്ല. ഈ സംഭവത്തെ സംബന്ധിച്ച് അബ്ദുറഹ്മാന്റെ ജീവചരിത്രത്തില്‍ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്: ""ലീഗിന്റെ കോട്ടയില്‍ ചെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. അവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഭീഷണി കത്തുകള്‍ അദ്ദേഹത്തിന് മുറക്ക് കിട്ടിക്കൊണ്ടിരുന്നു."" തുടര്‍ന്ന് മുഹമ്മദ് അബ്ദുറഹ്മാന്‍ അവിടെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇത്തരം ഭീഷണികളെ പുച്ഛിച്ച് തള്ളുകയുംചെയ്തു.
""ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാന്‍ ഭയപ്പെടാത്ത ഞാന്‍ ഇതുകൊണ്ടൊന്നും ഭയപ്പെടുകയില്ല. ഗോ ബാക്കുകളും കറുപ്പുകൊടികളും കണ്ടു ഞാന്‍ പിന്തിരിയാന്‍ ഭാവമില്ല."" പാകിസ്ഥാന്‍ വാദത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ മുസ്ലിംലീഗില്‍നിന്നും തീവ്രവാദികളില്‍നിന്നും തുടര്‍ച്ചയായി ആക്രമണം ഉണ്ടായ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ നിരവധി തവണ രേഖപ്പെടുത്തുന്നു. 1945 ഒക്ടോബര്‍ 22ന് മാങ്കാവില്‍ അബ്ദുറഹ്മാന്‍ പ്രസംഗിക്കുന്ന സ്ഥലത്ത് കറുപ്പുകൊടികള്‍ പൊക്കിയിരുന്നു. അബ്ദുറഹ്മാന്‍ ഗോ ബാക്ക്, സമുദായ ദ്രോഹി ഗോ ബാക്ക് തുടങ്ങിയ പ്ലക്കാര്‍ഡുകളായിരുന്നു അവിടെയാകെ. അബ്ദുറഹ്മാന്റെ തലയെടുക്കും എന്നുവരെയുള്ള പരസ്യപ്പലകകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുപോലെ അദ്ദേഹം എത്തിയ സ്ഥലങ്ങളിലെല്ലാം യോഗങ്ങള്‍ കലക്കാനും ശാരീരികമായി ആക്രമിക്കാനും ശ്രമങ്ങള്‍ നടന്നു. കേരളത്തില്‍മാത്രമല്ല മദ്രാസിലും അത്തരം സംഭവങ്ങള്‍ അരങ്ങേറി. ഇതിനെല്ലാം നേതൃത്വം നല്‍കിയത് അക്കാലത്തെ മുസ്ലിംലീഗ് ആയിരുന്നു. അക്കാര്യം എന്തുകൊണ്ടാണ് സമദാനി മറച്ചുവയ്ക്കുന്നത്? മുഹമ്മദ് അബ്ദുറഹ്മാനെക്കുറിച്ച് ഒരു ലേഖനമെഴുതുമ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍വരെ ശ്രമിച്ചവരെ പ്രതിക്കൂട്ടിലാക്കാതെപോയത് രാഷ്ട്രീയതാല്‍പ്പര്യമല്ലാതെ മറ്റെന്താണ്. മതവിശ്വാസി ആയിരിക്കുമ്പോള്‍ത്തന്നെ വര്‍ഗീയതയ്ക്കെതിരെ ശക്തമായി പൊരുതിയ വ്യക്തിത്വമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്റേത്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതിരിക്കുക എന്ന മതേതരത്വത്തിന്റെ നിലപാട് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. മതവിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും അടിച്ചമര്‍ത്തപ്പെട്ടാല്‍ അതിനെതിരെ ശബ്ദിക്കുന്നതിനും തയ്യാറായി. ആ പാരമ്പര്യം പിന്തുടരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോഴും മതവിശ്വാസികള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലാതിരുന്ന ഘട്ടത്തില്‍ അവ നേടിയെടുക്കുന്നതിനും പൊരുതിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.
ഒറീസയിലെ പാര്‍ടി ഓഫീസ് മതവിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിന് വിട്ടുകൊടുത്ത അനുഭവവും കമ്യൂണിസ്റ്റ് പാര്‍ടിക്കുണ്ട്. മുഹമ്മദ് അബ്ദുറഹ്മാന്‍ അടിയുറച്ച മതവിശ്വാസി ആയിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് കമ്യൂണിസ്റ്റ് പാര്‍ടിക്ക് അദ്ദേഹം എതിരായിരുന്നുവെന്നല്ല അര്‍ഥം. കോണ്‍ഗ്രസ് നേതാക്കളില്‍ത്തന്നെ അദ്ദേഹം ഏറ്റവും അടുപ്പം സൂക്ഷിച്ചത് സുഭാഷ് ചന്ദ്രബോസുമായിട്ടായിരുന്നു. അതിശക്തമായ സാമ്രാജ്യത്വവിരോധം, അടിയുറച്ച മതേതര വീക്ഷണം, അത്യുജ്വലമായ രാജ്യസ്നേഹം, സാധാരണ മനുഷ്യരോടുള്ള അഗാധമായ ആത്മബന്ധം - ഇതൊക്കെയായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയസമീപനം. ആഗോളവല്‍ക്കരണനയവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാവുന്ന വിദേശനയവും പിന്തുടരുന്ന കോണ്‍ഗ്രസും ലീഗും എന്ത് സാമ്രാജ്യത്വവിരുദ്ധതയാണ് പിന്‍പറ്റുന്നത്. രാഷ്ട്രീയലാഭത്തിനുവേണ്ടി വര്‍ഗീയ ശക്തികളെ താലോലിച്ച് സംഘപരിവാറുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍വരെ രൂപപ്പെടുത്തുന്ന കോണ്‍ഗ്രസിനും ലീഗിനും മുഹമ്മദ് അബ്ദുറഹ്മാന്റെ എന്ത് മതേതര പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്? രാജ്യത്തിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനും ലീഗിനും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കുവേണ്ടി നിലകൊണ്ട അബ്ദുറഹ്മാന്റെ ആ പാരമ്പര്യം ഏത് അടിസ്ഥാനത്തിലാണ് ഏറ്റുപിടിക്കാനാവുക. മതവിശ്വാസികള്‍ക്ക് നാട്ടില്‍ ജീവിക്കണമെങ്കില്‍ മതരാഷ്ട്രം പണിയണം എന്ന് വാദിക്കുന്നവര്‍ക്ക് ഉറച്ച മതവിശ്വാസിയായിരിക്കെ മതനിരപേക്ഷതയ്ക്കുവേണ്ടി പൊരുതിയ മുഹമ്മദ് അബ്ദുറഹ്മാന്റെ പാരമ്പര്യം അവകാശപ്പെടാനാകില്ല. ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് അവര്‍മാത്രം ചേര്‍ന്ന് പരിഹരിക്കുന്നതിനു പകരം എല്ലാവരും ചേര്‍ന്ന് പരിഹരിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുവച്ചത്.
മുഹമ്മദ് അബ്ദുറഹ്മാന്‍ കമ്യൂണിസ്റ്റുകാരനായിരുന്നുവെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. എന്നാല്‍, ഉറച്ച ഇടതുപക്ഷ നിലപാട് എല്ലാക്കാലത്തും അദ്ദേഹം സ്വീകരിച്ചിരുന്നു. ആ നിലപാട് വര്‍ത്തമാനകാലത്ത് മുന്നോട്ട് കൊണ്ടുപോകുന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. അതിനാലാണ് മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയപാരമ്പര്യത്തിന്റെ നേരവകാശികള്‍ കമ്യൂണിസ്റ്റ് പാര്‍ടിയെന്നു പറയുന്നത്. അദ്ദേഹത്തെ രാഷ്ട്രീയമായും ശാരീരികമായും വകവരുത്താന്‍ പലരും ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി നിലകൊണ്ടത് കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് വര്‍ഗീയവാദികളാല്‍ വേട്ടയാടപ്പെടുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനും പ്രസംഗങ്ങള്‍ കേള്‍ക്കാനും കമ്യൂണിസ്റ്റുകാര്‍ എത്തിയത് എന്ന കാര്യവും ഇവിടെ പ്രസക്തമാണ്. ആ ചരിത്രത്തെ നിഷേധിച്ചാല്‍ ചോദ്യംചെയ്യാതിരിക്കാനാകില്ല.