ഭൂമാഫിയക്കുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണം അട്ടിമറിക്കുകയാണ്. കേരളത്തിലെ മിച്ചഭൂമിയും നെല്‍വയലുകളും തട്ടിയെടുക്കാന്‍ ഈ സര്‍ക്കാര്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്യുകയാണ്. മിച്ചഭൂമി മിച്ചഭൂമിയല്ലാതാക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നാല്‍ അവ കയ്യേറി അവകാശം സ്ഥാപിക്കും. ഭൂമാഫിയക്കാര്‍ തട്ടിയെടുത്ത മിച്ചഭൂമിയും റവന്യൂഭൂമിയും സമരഭടന്‍മാര്‍ ചൂണ്ടിക്കാട്ടും. ഇവ വിതരണം ചെയ്യാനാവശ്യമായ നടപടിയെടുക്കാത്തപക്ഷം കൈയ്യേറി കുടില്‍കെട്ടി അവകാശം സ്ഥാപിക്കും. തോട്ടമല്ലാത്ത ഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും ധാരാളമുണ്ട്. കേരളത്തില്‍ നിലവില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂപരിഷ്കരണനിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതു കൊണ്ടാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കാത്തത്. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും അതാണ് ചെയ്യുന്നത്. കൈവശമുള്ള മിച്ചഭൂമി സംരക്ഷിക്കാന്‍ കശുമാവ് നടാന്‍ നിര്‍ദേശം കൊടുത്തിരിക്കുകയാണ് ഈ സര്‍ക്കാർ.
ജനങ്ങളോട് ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയുമാണ് കാലാകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകൾ ചെയ്തിരുന്നത്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും ഭരിച്ചിട്ടും സ്വന്തം മുദ്രാവാക്യമായ ഭൂപരിഷ്കരണം നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് യാദൃശ്ചികമല്ല, ബോധപൂര്‍വ്വമാണ്. കേരളത്തില്‍ ആദ്യം അധികാരത്തിലെത്തിയ ഇഎംഎസ് സര്‍ക്കാര്‍ ആദ്യം ചെയ്തത് ഭൂപരിഷ്കരണം നടപ്പിലാക്കുകയായിരുന്നു. ഭൂപരിഷ്കരണനിയമം നിയമസഭ അംഗീകരിച്ച് രാഷ്ട്രപതിക്കയച്ചുവെങ്കിലും അംഗീകാരം നല്‍കിയില്ല. അത് നടപ്പാക്കാന്‍ പാടില്ലെന്ന ശാഠ്യമായിരുന്നു കോണ്‍ഗ്രസിന്. 1959 ല്‍ ജനാധിപത്യവിരുദ്ധമായി സര്‍ക്കാരിനെ പിരിച്ചുവിട്ടു. 1967 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഭൂപരിഷ്കരണ നിയമത്തിന്റെ തുടര്‍ച്ചയായ കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയത്. സ്വന്തം ഭൂമിയെന്ന അഭിമാനം പാവപ്പെട്ടവര്‍ക്ക് നല്‍കിയത് കമ്യൂണിസ്റ്റ് സര്‍ക്കാരുകളാണ്. അക്കാര്യം ഇന്ന് കേരളത്തിലെ ചില സംഘടനകള്‍ മനസിലാക്കുന്നില്ല. പട്ടികവിഭാഗക്കാര്‍ക്ക് 10 സെന്റു മാത്രം കൊടുത്തുവെന്നാണ് അവര്‍ പറയുന്നത്. പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിന് തടസ്സം നിന്ന കോണ്‍ഗ്രസിനെതിരെ ഇവര്‍ ഒരക്ഷരം പറയുന്നില്ല. ഇക്കാര്യത്തിലും കമ്യൂണിസ്റ്റ് വിരുദ്ധതത പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി റിക്കാര്‍ഡിട്ടു. യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിച്ച സി കെ ജാനുവിന് ഭൂമി നല്‍കിയത് എല്‍ഡിഎഫാണ്