മുരടിപ്പിന്റെ ബജറ്റ്

പിണറായി വിജയന്‍

അതിരൂക്ഷമായ വിലക്കയറ്റത്തിനും വികസന മുരടിപ്പിനും വഴിവയ്ക്കുന്നതാണ് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ്. നികുതി ഏകീകരണം എന്ന ഒറ്റ നിര്‍ദേശത്തിന്റെ മറവില്‍ 13.5 ശതമാനമായിരുന്ന നികുതി 14.5 ശതമാനമാക്കി ഉയര്‍ത്തുമ്പോള്‍ 650 കോടി രൂപയുടെ അധികഭാരം ഉപയോക്താക്കള്‍ക്കുമേല്‍ വന്നുവീഴുന്നു. മിക്കവാറും എല്ലാ ഉപഭോഗ- അവശ്യ വസ്തുക്കളുടെയും വില അസ്സഹനീയമായ തോതില്‍ ഇതു വര്‍ധിപ്പിക്കും.

 

പൊടിയരി, അവല്‍, മലര്‍ എന്നിവയെമാത്രമാണ് വിലവര്‍ധനയില്‍നിന്ന് ഒഴിവാക്കിയത്. അവയുടെ വിലയാകട്ടെ ചാനലുകള്‍ എഴുതിക്കാണിക്കുമ്പോലെ കുറയുകയല്ല, നിലവിലുള്ള നിരക്കില്‍ തുടരുകയാണ് ചെയ്യുക. വില്‍പ്പന നികുതിയില്‍ വരുന്ന മൊത്തം വര്‍ധനയിലൂടെ 1138 കോടി രൂപയുടെ അധിക ഭാരമാണ് ജനത്തിന് പേറേണ്ടിവരിക. ഇപ്പോള്‍തന്നെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയിട്ടുള്ള ജനങ്ങള്‍ക്ക് താങ്ങാനാകുന്നതല്ല ഇത്. അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. രണ്ടുമൂന്നുമാസം കൊണ്ടുതന്നെ 268 കോടി രൂപയുടെ സബ്സിഡി നടപ്പ് സാമ്പത്തികവര്‍ഷം കൊടുക്കേണ്ടിവന്നതാണ്. ആ നിലയ്ക്ക് 12 മാസങ്ങളിലേക്കായി 100 കോടിയുടെമാത്രം വര്‍ധന എന്നു പറയുമ്പോള്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടുക എന്നാണ് അര്‍ഥം. കേന്ദ്രനിലപാട് മൂലമുള്ള ഡീസല്‍ പ്രതിസന്ധി നേരിടാന്‍ കെഎസ്ആര്‍ടിസിക്ക് ഇത് തീരെ മതിയാകില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനോ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കാനോ പൊതുമേഖലാ വ്യവസായങ്ങളെ രക്ഷിക്കാനോ പുതിയ ഏതെങ്കിലും വ്യവസായം കൊണ്ടുവരാനോ തൊഴിലില്ലായ്മ നേരിടാനോ കര്‍ഷക പ്രതിസന്ധി പരിഹരിക്കാനോ പരമ്പരാഗത വ്യവസായങ്ങളെ പരിരക്ഷിക്കാനോ ഉള്ള നടപടികളില്ല.

 

വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയവ മൂലമുണ്ടായ കൃഷിനാശവും ദുരിതങ്ങളും കൈകാര്യംചെയ്യാനും നിര്‍ദേശങ്ങളില്ല. മൂലധനച്ചെലവില്‍ കാലാനുസൃതമായ തോതിലുള്ള വര്‍ധന വരുത്താത്ത ബജറ്റാണിത്. വികസനത്തിന്റെ നേര്‍വിപരീത ദിശയിലേക്കേ ഇതുകൊണ്ട് കേരളത്തിന് പോകാനാകൂ. ബജറ്റ് വികസനോന്മുഖമാണോ എന്ന് വ്യക്തമാക്കുന്ന സൂചകമാണ് മൂലധനച്ചെലവ്. 8610 കോടി രൂപ മാത്രമാണ് മൂലധനച്ചെലവിനായി നീക്കിവച്ചിട്ടുള്ളത്. കേരളത്തിന്റെ വികസന താല്‍പ്പര്യങ്ങളെ ഇത് അപകടത്തിലാക്കും. 12-ാം പഞ്ചാവത്സര പദ്ധതിയുടെ പ്രാഥമിക ഘട്ടമാണിത്. ഈ ഘട്ടത്തില്‍ വികസനച്ചെലവ് കാര്യമായി ഉയര്‍ത്താതിരിക്കുന്നത് പദ്ധതിയുടെ വരുംവര്‍ഷങ്ങളെക്കൂടി അപകടത്തിലാക്കും. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കേരള വികസനത്തിനുപകരിക്കുന്ന ഒരു നിര്‍ദേശവും ബജറ്റിലില്ല. കേന്ദ്രനികുതി ഓഹരി കനത്ത തോതില്‍ കുറഞ്ഞിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം വരും വര്‍ഷങ്ങളില്‍ അനുഭവിക്കേണ്ടിവരുമെന്ന് മന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍വരുന്ന ഭീകരമായ വര്‍ധനമൂലമുള്ള പ്രതിസന്ധി നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ബജറ്റ് എസ്റ്റിമേറ്റ് പ്രായോഗികമോ യാഥാര്‍ഥ്യ ബോധമുള്ളതോ വിശ്വസിക്കാവുന്നതോ അല്ല. സാധാരണ ഗതിയില്‍ ബജറ്റ് രേഖകളില്‍മാത്രം ഉള്‍പ്പെടുത്താറുള്ള നിസ്സാരതുകയുടെ കൊച്ചുകാര്യങ്ങള്‍പോലും ഉള്‍പ്പെടുത്തി വൃഥാസ്ഥൂലമാക്കിയ ബജറ്റാണിത്.

 

ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതുകൊണ്ട് ജനതാല്‍പ്പര്യത്തിനുള്ളതാണെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന കുറച്ചു നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ട്. എന്നാല്‍, അവപോലും പ്രായോഗികമാക്കാന്‍ പര്യാപ്തമായ തുക ബജറ്റിലില്ല. ചെലവാക്കേണ്ടിവരില്ലെന്നു മാണിക്കുതന്നെ ഉറപ്പുള്ള ചില പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതിലൊന്നാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാനുള്ള തുക. ഈ തുകകൊണ്ട് ഡാം കെട്ടാനാകില്ല എന്നതിരിക്കട്ടെ. പുതിയ ഡാം കെട്ടാന്‍ അനുമതി കിട്ടുമോ എന്നകാര്യംപോലും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ പ്രഖ്യാപിച്ച തുക ചെലവാകാതെ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തിലും ഖജനാവില്‍ത്തന്നെ കിടക്കും. ഇത്തരം തന്ത്രങ്ങളിലൂടെയാണ് റവന്യൂ കമ്മി കുറച്ചുകാട്ടാന്‍ മാണി ശ്രമിച്ചിട്ടുള്ളത്. 30 ലക്ഷം മലയാളികള്‍ ഗള്‍ഫില്‍ത്തന്നെയുണ്ട്. ഇവര്‍ക്കുവേണ്ടി എന്ന പേരില്‍ ഒരു സംരംഭക പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍, നീക്കിവച്ചത് വെറും രണ്ടു കോടി. ഇതുകൊണ്ട് എന്തുപദ്ധതി ഉണ്ടാക്കാനാണ്. ഇതാണ് ബജറ്റ് തട്ടിപ്പിന്റെ രീതി. ഒരു യൂണിറ്റ് വൈദ്യുതിപോലും അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഫണ്ടോടുകൂടിയ പദ്ധതികളില്ല. ചീമേനി, ബ്രഹ്മപുരം തുടങ്ങിയ പഴയ പദ്ധതികള്‍ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപദ്ധതികള്‍ക്കായി അഞ്ചുലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു എന്നാണ് മന്ത്രി പറയുന്നത്. ഈ തുകകൊണ്ട് എന്തുപദ്ധതി ഉണ്ടാകാനാണ്. ഇതാണ് കണ്ണില്‍ പൊടിയിടുന്ന വിദ്യ. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ അല്‍പ്പം വര്‍ധിപ്പിച്ചിരിക്കുന്നു. ഒപ്പം ആധാര്‍കാര്‍ഡ് ഉള്ളവര്‍ക്കേ ഇത് നല്‍കൂ എന്നും പറയുന്നു. 70 ശതമാനം പേര്‍ക്കും ആധാര്‍കാര്‍ഡില്ല. അതുകൊണ്ടുതന്നെ ഈ പെന്‍ഷന്‍ തുകയുടെയും സിംഹഭാഗം ഖജനാവില്‍ത്തന്നെ കിടക്കും. പല പദ്ധതികളെയും ഉപാധിവച്ച് ആര്‍ക്കും ലഭിക്കാത്ത സ്ഥിതിയിലാക്കിയിട്ടുണ്ട്. ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് സ്കോളര്‍ഷിപ് നല്‍കുമത്രേ. എന്നാല്‍, മൂന്നുലക്ഷം രൂപയില്‍ താഴെയായിരിക്കണം കുടുംബവരുമാനം. ഫലത്തില്‍ ഈ തുകയും ആര്‍ക്കും കൊടുക്കേണ്ടിവരില്ല. എന്‍ആര്‍ഇപി, ആര്‍എല്‍ഇജിപി തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ഭാഗമായിരുന്നവ പുതുക്കി പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ പുതിയ പദ്ധതികള്‍ എന്ന മട്ടില്‍ അവതരിപ്പിച്ചിട്ടുണ്ട് ബജറ്റില്‍. ഇതാണ് തട്ടിപ്പിന്റെ രീതി. എമര്‍ജിങ് കേരളപോലുള്ള മാമാങ്കങ്ങള്‍ നടത്തിയിട്ടും ഒരു ചെറു വ്യവസായം വരുന്നതിന്റെ സൂചനപോലും ബജറ്റിലില്ല.

 

കേരളത്തിന് ഏറ്റവും യോജിച്ച ടൂറിസം, ബയോടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയുടെയൊന്നും രംഗത്ത് ഒരു പുതിയ സ്ഥാപനവുമില്ല. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സംസ്ഥാന വികസനത്തിനു വേണ്ട ഭാവനാപൂര്‍ണമായ ഒരു പദ്ധതിയും ആവിഷ്കരിക്കാത്ത ചില പൊടിക്കൈകള്‍കൊണ്ട് ജനകീയ ബജറ്റ് എന്ന പ്രതീതി വരുത്താനാണ് മാണി ശ്രമിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച, ഊര്‍ജ പ്രതിസന്ധി എന്നിവയെയൊന്നും ബജറ്റ് അഭിമുഖീകരിക്കുന്നതേയില്ല. കര്‍ഷകര്‍ക്കുള്ള സഹായമായി പ്രഖ്യാപിച്ചിട്ടുള്ളതും ഉപാധികള്‍കൊണ്ട് അവര്‍ക്കുതന്നെ വിഷമമുണ്ടാക്കുന്നതാണ്. മുഴുവന്‍ പലിശയും അടച്ചുതീര്‍ക്കുന്നവര്‍ക്കാണ് ആനുകൂല്യം. അത് അടച്ചുതീര്‍ക്കാനാണ് കര്‍ഷകര്‍ വിഷമിക്കുന്നതും. അങ്ങനെ വിഷമിക്കുന്ന കര്‍ഷകരെ ബജറ്റ് പരിഗണിക്കുന്നതേയില്ല.

 

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ധനകമീഷന്‍ ശുപാര്‍ശ ചെയ്തതിനെ അപേക്ഷിച്ച് വളരെ താഴെയാണ്. ഇത് അധികാര വികേന്ദ്രീകരത്തിന്റെ അന്തഃസത്തക്കെതിരാണ്. അതുപോലെ പെന്‍ഷന്‍പ്രായം മാറ്റിയത് മാണി ബജറ്റ് പ്രസംഗത്തില്‍ പറയാതിരുന്നത് അനുചിതമായി. ഇത് അസംബ്ലിയോടുള്ള അനാദരവാണ്. പദ്ധതി മേല്‍നോട്ടത്തിനും അവലോകനത്തിനും പ്രത്യേക കമ്മിറ്റിയുണ്ടാക്കുമെന്നു പറയുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഇപ്പോള്‍തന്നെ കമ്മിറ്റിയുണ്ട്. പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രംമതി. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റുന്ന ബജറ്റുതന്നെയാണ് കെ എം മാണി അവതരിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ മേഖലയുടെ പങ്കാളിത്ത ബിസിനസുകള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ബജറ്റ് പൊതുമേഖലയെ കൈയൊഴിയുകയും പിപിപി വ്യവസ്ഥയിലുള്ള ഇടപാടുകള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.

***