സ. ടി കെ രാമകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഏഴു വര്‍ഷം തികയുന്നു. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം സഖാവ് പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് ഇറങ്ങിയ ടി കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് സജീവമാകുന്നത്. സാംസ്കാരികമേഖലയിലും ശ്രദ്ധേയഇടപെടല്‍ നടത്തി. പാര്‍ലമെന്ററിരംഗത്തും ഇടപെട്ടു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച സഖാവ് ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
സ്നേഹസമ്പന്നനായ രാഷ്ട്രീയ നേതാവായാണ് ടി കെ പരക്കെ അറിയപ്പെടുന്നത്. ഏതു പ്രതിസന്ധിയിലും തളരാത്ത മനഃസ്ഥൈര്യം, ലാളിത്യം ഇതൊക്കെയായിരുന്നു മുഖമുദ്ര. ഏതു ഗൗരവമായ പ്രശ്നം ചര്‍ച്ചചെയ്യുമ്പോഴും നര്‍മം കൂട്ടിക്കലര്‍ത്തല്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു. പൊതുയോഗങ്ങളില്‍ പ്രയോഗിക്കുന്ന തമാശകളും പൊടിക്കൈകളും കേരളീയര്‍ക്കാകെ പരിചിതമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹം പങ്കിടുന്ന നേതാവായിരുന്നു.
ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനായി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന നേതാവായാണ് അദ്ദേഹത്തെ കാണാന്‍ സാധിക്കുക. ഏതു സ്ഥാനം വഹിക്കുന്നു എന്നത് പ്രശ്നപരിഹാര ശ്രമത്തിനു സഖാവിന് തടസ്സമാകാറില്ല. മന്ത്രിയായിരിക്കുമ്പോള്‍ മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്ന ഒരു നിവേദകന്റെ റോളില്‍ ടി കെയെ പലപ്പോഴും കാണാം. അദ്ദേഹം കൈകാര്യംചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലല്ല പലരും മന്ത്രിയെന്ന നിലയ്ക്ക് ടി കെയെ കാണുക. ഒരു വിഷമവും പ്രകടിപ്പിക്കാതെ അവരുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ കൂട്ടുകാരനായും രക്ഷിതാവായും ഒക്കെ മാറുന്ന അനുഭവമാണുണ്ടാകുക. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ സ്നേഹവും ആദരവും നേടാനായത് മനുഷ്യരുടെ പ്രയാസങ്ങളോടൊപ്പം ചേരാനുള്ള പച്ചമനുഷ്യന്റെ മനസ്സുള്ളതുകൊണ്ടായിരുന്നു.
കൈകാര്യംചെയ്ത വകുപ്പുകളോടു നീതികാണിച്ച ഭരണാധികാരിയായിരുന്നു. മത്സ്യഫെഡ് വളര്‍ത്തിയെടുക്കുന്നതിലും ആ മേഖലയില്‍ പ്രൈമറിസംഘങ്ങള്‍ രൂപീകരിക്കുന്നതിലും വഹിച്ച പങ്ക് വലുതാണ്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഘട്ടത്തില്‍ പൊലീസുകാരുടെ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. സാംസ്കാരികരംഗത്തുള്ള എല്ലാവരുമായും ആശയവിനിമയം നടത്തുന്ന സാംസ്കാരികമന്ത്രിയായിരുന്നു ടി കെ.
എറണാകുളമായിരുന്നു ആദ്യകാല പ്രവര്‍ത്തനകേന്ദ്രം. സംഘടനാ തീരുമാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ ചുമതല ഏറ്റെടുത്ത് ആ ജില്ലയിലെ സര്‍വജനങ്ങളുടെയും പ്രിയങ്കരനായി. ഗുരുതരമായ രോഗം ബാധിച്ച് എറണാകുളത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ ഇറങ്ങേണ്ടതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. പ്രചാരണസമയത്ത് കിടന്നുപോയതിലുള്ള വിഷമമാണ് പ്രകടിപ്പിച്ചത്. അന്ത്യനിമിഷംവരെ പാര്‍ടിയെക്കുറിച്ചുള്ള ചിന്തമാത്രമാണ് സഖാവിനുണ്ടായിരുന്നത്.
ടി കെയുടെ ഏഴാം ചരമദിനം ആചരിക്കുന്ന ഈ ഘട്ടത്തില്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ജനദ്രോഹകരമായി പ്രവര്‍ത്തിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെതന്നെ ചോദ്യംചെയ്യുന്ന നിലയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒപ്പം ഭരണമുന്നണിയിലെ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും വിവിധ പാര്‍ടികള്‍ക്കകത്ത് ഭിന്നതകളും രൂപപ്പെട്ടുവരികയാണ്. ചീഫ് വിപ്പുതന്നെ മന്ത്രിസഭയിലെ അംഗത്തിനെതിരെ പരസ്യമായി ആരോപണമുന്നയിച്ചു. മന്ത്രി ചീഫ് വിപ്പിനെതിരെയും രംഗത്തുവന്നു. മന്ത്രിക്കെതിരെ മന്ത്രിപത്നിയുടെ പരാതി വാങ്ങാന്‍പോലും മുഖ്യമന്ത്രി തയ്യാറായില്ല. ഇത് വലിയ ബഹുജനരോഷമായപ്പോഴാണ് മന്ത്രിയെ മാറ്റിയത്.
കേരള രാഷ്ട്രീയത്തില്‍ ഏറെ തഴക്കവും പഴക്കവുമുള്ള നേതാവാണ് ഗൗരിയമ്മ. ഗൗരിയമ്മയുടെ രാഷ്ട്രീയവുമായി എന്ത് അഭിപ്രായവ്യത്യാസമുണ്ടായാലും അവരുടെ ത്യാഗനിര്‍ഭരമായ ജീവിതത്തെ ആരും അംഗീകരിക്കും. എന്നാല്‍, ആ പാരമ്പര്യം അംഗീകരിക്കാത്തതു പോകട്ടെ ഒരു സ്ത്രീക്കെതിരെയും നടത്താന്‍ പാടില്ലാത്ത പരാമര്‍ശങ്ങള്‍ക്ക് ചീഫ് വിപ്പ് തയ്യാറായി. ത്യാഗനിര്‍ഭരമായ രാഷ്ട്രീയജീവിതമുള്ളവരെക്കുറിച്ചുപോലും എന്തും വിളിച്ചുപറയുന്ന സാംസ്കാരികാവസ്ഥയിലേക്ക് കേരളത്തെ ഇവര്‍ എത്തിച്ചതിന്റെ സൂചനയാണ്.
യുഡിഎഫിലെ രാഷ്ട്രീയകക്ഷികള്‍ക്കകത്തും തര്‍ക്കങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള നിഴല്‍യുദ്ധങ്ങള്‍ പരസ്യമായി. അതിന്റെ ഏറ്റവും വലിയ തെളിവാണ് ചെന്നിത്തലയുടെ പ്രസ്താവന. സംസ്ഥാനത്ത് ക്രമസമാധാനനില പാടേ തകര്‍ന്നെന്നും കൃഷി, വ്യവസായം തുടങ്ങിയ സമസ്തമേഖലകളിലും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. കേരളം ഒട്ടും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറിയതായും കേരളയാത്രയുടെ പ്രാധാന്യം വിശദീകരിച്ച് പത്രങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ ചെന്നിത്തല വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്നത്തിലും ഇവര്‍ ഏറ്റുമുട്ടി.
വിവിധ പേരുകളില്‍ നിലനിന്നിരുന്ന കേരള കോണ്‍ഗ്രസുകള്‍ പലതും യോജിച്ചാണ് മാണിയുടെ നേതൃത്വത്തില്‍ യുഡിഎഫില്‍ നിലനില്‍ക്കുന്നത്. എന്നാല്‍, മാണിയുടെ പാര്‍ടിക്കകത്ത് ഇത്തരത്തിലുള്ള വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയാണ്. പി സി ജോര്‍ജിന്റെ ചെയ്തികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് മാണിയിലെ പല നേതാക്കളും പരസ്യമായി രംഗത്തുവന്നു. തുടര്‍ന്ന് ദിനംപ്രതി എന്നോണം പ്രസ്താവനകള്‍ തിരുത്തി മാണിയും രംഗത്തിറങ്ങുകയാണ്. തങ്ങളാണ് ഭരണം നടത്തുന്നത് എന്ന അവകാശവാദവുമായാണ് മുസ്ലിംലീഗിന്റെ രംഗപ്രവേശം. അനര്‍ഹമായ പലതും ലീഗ് നേടിയെടുക്കുന്നു എന്ന അടക്കിപ്പറച്ചിലുകളും ചിലപ്പോള്‍ പരസ്യമായ പ്രസ്താവനകളും പുറപ്പെടുവിക്കുന്ന നിലയാണ്്. ഡെമോക്രാറ്റിക് ജനതാദളിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി തെരുവിലേക്ക് എത്തി. ഭരണവുമായി ബന്ധപ്പെട്ട നടപടികളാണ് ഈ അഭിപ്രായവ്യത്യാസത്തിന് പ്രധാന കാരണം.
ഗണേശ്കുമാറിനെതിരെ ബാലകൃഷ്ണപിള്ള സജീവമായി രംഗത്തുണ്ട്. അതിന്റെ ഭാഗമായ വിഴുപ്പലക്കലുകള്‍ കേരള ജനത അനുഭവിക്കുകയാണ്. മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത യുഡിഎഫിലെ ഘടകകക്ഷികള്‍ക്കകത്തും പ്രതിസന്ധി രൂക്ഷമാണ്. യുഡിഎഫിനെതിരായി പരസ്യമായിത്തന്നെ സിഎംപി രംഗത്തുവന്ന നിലയുണ്ടായി. യുഡിഎഫില്‍ തുടരുന്നതിലുള്ള താല്‍പ്പര്യക്കുറവ് ജെഎസ്എസും പ്രകടിപ്പിച്ചു. കുതികാല്‍ വെട്ടും അനൈക്യവും കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകളും യുഡിഎഫില്‍ നടക്കുന്നുണ്ട്. അതേ അവസരത്തില്‍ത്തന്നെ ജനവിരുദ്ധനയങ്ങള്‍ തുടര്‍ച്ചയായി മുന്നോട്ടുവയ്ക്കാനും അവര്‍ മത്സരിക്കുന്നു. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റുതന്നെ 1138.33 കോടി രൂപയുടെ അധികഭാരമാണ് ജനങ്ങള്‍ക്കുമുകളില്‍ ചുമത്തിയത്. കുടിവെള്ളംപോലും സ്വകാര്യവല്‍ക്കരിക്കുന്ന നയസമീപനവുംപ്രഖ്യാപിച്ചു. അതിന്റെ ഭാഗമായാണ് വാട്ടര്‍ അതോറിറ്റിയെ തകര്‍ത്ത് സിയാല്‍ മോഡലിലുള്ള കമ്പനി കുടിവെള്ളവിതരണരംഗത്ത് സ്ഥാപിക്കുന്നത്. ഇതുവഴി കുടിവെള്ള വിതരണമേഖല കോര്‍പറേറ്റുകളുടെ കൈകളിലേക്ക് എത്തും.
കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ ലഭിക്കുന്ന കാര്യത്തിലും ആപല്‍ക്കരമായ സ്ഥിതിയാണിപ്പോള്‍. 1970ല്‍ കേന്ദ്രനിക്ഷേപത്തിന്റെ 3.1 ശതമാനം കേരളത്തിലുണ്ടായിരുന്നെങ്കില്‍ ഇന്നത് 2.6 ശതമാനമായി. കേരളത്തിന്റെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലും തികഞ്ഞ അലംഭാവമാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വിഴിഞ്ഞംപദ്ധതി, കോച്ച് ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ്, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി തുടങ്ങിയവയെല്ലാം കേരളത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍, അവ നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. വിദ്യാഭ്യാസപരമായി കേരളം മുന്നോട്ട് പോയി എന്നുപറഞ്ഞ് പദ്ധതിവിഹിതം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഐഐടി അനുവദിക്കുന്നില്ല എന്നതും വിചിത്രമാണ്. സൗദി അറേബ്യയിലെ പ്രവാസികളുടെ കാര്യത്തിലും ഇത്തരം നയം തുടരുകയാണ്.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ സമസ്ത മേഖലകളെയും തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും കേരളത്തിനോടു കാണിക്കുന്ന അവഗണനയ്ക്കും എതിരായി ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ. ടികെയുടെ ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.
* * *