സമരവിജയം നേടിയതും നേടേണ്ടതും

പിണറായി വിജയന്‍

എല്‍ഡിഎഫിന്റെ 30 മണിക്കൂര്‍ നീണ്ട സെക്രട്ടറിയറ്റ് ഉപരോധസമരം ഇന്ത്യയുടെ സമരചരിത്രത്തില്‍ അപൂര്‍വ ഏടായിരിക്കുകയാണ്. ഇന്ത്യ കണ്ട "വാള്‍സ്ട്രീറ്റ്" പ്രക്ഷോഭമെന്നാണ് ഒരു ഇംഗ്ലീഷ് ചാനല്‍ എല്‍ഡിഎഫ് സമരത്തെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്പന്നസേവയ്ക്കും കോര്‍പറേറ്റ് അത്യാര്‍ത്തിക്കും ധനസ്ഥാപനങ്ങളുടെ കൊള്ളയ്ക്കും എതിരായതായിരുന്നു വാള്‍സ്ട്രീറ്റ് പ്രക്ഷോഭം. ഇവിടെ, ഉമ്മന്‍ചാണ്ടിയുടെ അഴിമതിഭരണത്തിന് അറുതിവരുത്താനുള്ള പ്രക്ഷോഭമാണ്. ഈ പോരാട്ടത്തിലെ ഒരു ഉയര്‍ന്ന രൂപമായിരുന്നു സെക്രട്ടറിയറ്റ് ഉപരോധം. ഇതു ചരിത്രത്തില്‍ ഇടംനേടുംവിധമുള്ള ബഹുജനസമരമായത് മൂന്നു കാരണത്താലാണ്.

1. കക്ഷിരാഷ്ട്രീയത്തിനതീതമായ മുദ്രാവാക്യം പ്രക്ഷോഭാവശ്യമായി ഉയര്‍ത്തിയെന്നതാണ്. അതായത്, കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണത്തിനുംവേണ്ടിയുള്ള പ്രക്ഷോഭം പ്രത്യക്ഷത്തില്‍ രാഷ്ട്രീയമാണെങ്കിലും ഉള്ളടക്കത്തില്‍ പൊതു സ്വീകാര്യതയുള്ളതാണ്. എല്‍ഡിഎഫ് ഉയര്‍ത്തിയ ഈ മുദ്രാവാക്യത്തോട് പ്രതിപക്ഷത്തെ ഇതരകക്ഷികളും സംഘടനകളും പ്രവര്‍ത്തകരും മാത്രമല്ല, യുഡിഎഫിലെ വലിയൊരു വിഭാഗവും യോജിച്ചു. മുന്നണി രാഷ്ട്രീയമര്യാദയും പാര്‍ടി സംഘടനാ ചട്ടക്കൂടും കാരണം യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കളും മറ്റും എല്‍ഡിഎഫ് പ്രക്ഷോഭത്തില്‍ പ്രത്യക്ഷത്തില്‍ അണിചേര്‍ന്നില്ലെന്നു മാത്രം.

2. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യപോക്കിനെതിരെ ഏറ്റവും വിപുലമായ ജനാധിപത്യഐക്യം ഊട്ടിയുണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ഉപരോധസമരം നേരിടാന്‍ എത്ര ബറ്റാലിയന്‍ പട്ടാളത്തെയാണ് തിരുവനന്തപുരത്തും മറ്റു ജില്ലകളിലുമായി കൊണ്ടുവന്നിറക്കിയത്. തീവ്രവാദികളെയും തെലങ്കാന സമരക്കാരെയുമെല്ലാം നേരിട്ട സൈനികരെയാണ് കൊണ്ടുവന്നത്. സമര വളന്റിയര്‍മാരെ രാജ്യദ്രോഹികളെപ്പോലെ വേട്ടയാടാന്‍ സംസ്ഥാനഭരണം ഉത്തരവുകള്‍ പുറപ്പെടുവിച്ചു. വീടുകളിലും ലോഡ്ജുകളിലും ഹോട്ടലുകളിലും സമരഭടന്മാര്‍ക്ക് പ്രവേശനം നല്‍കിയാല്‍ വീട്ടുകാരെയും സ്ഥാപന ഉടമകളെയും അറസ്റ്റുചെയ്യുമെന്ന് രേഖാമൂലവും നേരിട്ടും മാധ്യമങ്ങളിലൂടെയും പൊലീസ് ഭീഷണിപ്പെടുത്തി. ഇതൊന്നും ഇതുവരെ ജനാധിപത്യ കേരളം കണ്ട രീതിയല്ല. പട്ടാള ഭരണാധിപനെപ്പോലെ പെരുമാറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അതുകൊണ്ടുതന്നെ ജനരോഷം ആളിപ്പടര്‍ന്നു. ഭരണമുന്നണിക്കകത്തും അസ്വസ്ഥതകളുണ്ടായി. ഇതെല്ലാം കാരണം പട്ടാളത്തെ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. എല്ലാ ഭീഷണിയെയും തൃണവല്‍ഗണിച്ചാണ് കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള സമര വളന്റിയര്‍മാര്‍ തലസ്ഥാനനഗരിയിലെ സമരമുഖത്ത് ഒഴുകിയെത്തിയത്.

3. കേന്ദ്രീകൃതനേതൃത്വത്തോടെ, അച്ചടക്കമുള്ള സമരനിരയെ അണിനിരത്തിയെന്നതാണ് സമരവിജയത്തിന്റെ മറ്റൊരു ഘടകം. ഇപ്പോള്‍ പര്യവസാനിച്ചത് പ്രക്ഷോഭത്തിന്റെ ഒരു ഘട്ടമാണ്. വളരെ ത്യാഗം സഹിച്ചാണ് സമര വളന്റിയര്‍മാരും നേതാക്കളും ഉപരോധപ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. ദേശീയനേതാക്കള്‍ എത്തിയ ഉദ്ഘാടനവേളയില്‍ തന്നെ നല്ല മഴയുണ്ടായിരുന്നു. പിന്നീട്, തെളിഞ്ഞ വെയില്‍ ചില സമയത്ത് തീവ്രതയുള്ളതായി. രാത്രി സമരകേന്ദ്രങ്ങളില്‍ അന്തിയുറങ്ങിയത് പതിനായിരങ്ങളാണ്. തെരുവിലുറങ്ങിയും ഉറങ്ങാതെയും ഉപരോധസമരം രാത്രിയില്‍ തുടരുമ്പോള്‍ ഒരുഘട്ടത്തില്‍ മഴയുണ്ടായി. കോടിയേരി ബാലകൃഷ്ണനും എം എ ബേബിക്കും പന്ന്യന്‍ രവീന്ദ്രനും മറ്റു നേതാക്കള്‍ക്കും ഒപ്പമായിരുന്നു ഞാനും സമരകേന്ദ്രത്തില്‍ ഉറങ്ങിയത്. വെയിലും മഴയും കൂസാതെ, പട്ടാളത്തെയും ലാത്തിയെയും വെടിയുണ്ടയെയും വകവയ്ക്കാതെ സമരധീരത പ്രകടിപ്പിച്ച ഒരുലക്ഷത്തോളം സമരഭടന്മാര്‍ മുറുകെപ്പിടിച്ചത് ഉലയാത്ത ലക്ഷ്യബോധമാണ്. "എന്തുചെയ്യണം" എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ലെനിന്‍ വിശദീകരിച്ചതുപോലെ ഭരണാധികാരികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായി എവിടെവിടെ ചെറിയ എതിര്‍പ്പുണ്ടോ അവിടെയെല്ലാം ആക്കംകൂട്ടാന്‍ ശ്രമിക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ കടമ നിറവേറ്റിക്കൊണ്ടുമാത്രമേ, തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി വിഭാഗത്തിന് വിപ്ലവരാഷ്ട്രീയ ബഹുജനശക്തിയായി മാറാന്‍ കഴിയൂ. ഈ തിരിച്ചറിവ് പ്രക്ഷോഭത്തിലേക്കൊഴുകിയെത്തിയ സമരഭടന്മാര്‍ക്കുണ്ടായിരുന്നു. ഈ സമരശക്തിക്കുമുന്നില്‍ ഭരണവര്‍ഗവും അവരുടെ പ്രതിനിധിയായ മുഖ്യമന്ത്രിയും ഒരര്‍ഥത്തില്‍ മുട്ടുമടക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സോളാര്‍ തട്ടിപ്പില്‍ സരിത നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തെപ്പറ്റിയല്ല, അവര്‍ക്ക് തട്ടിപ്പു നടത്താന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു ഭരണക്കാരും ഭരണസംവിധാനവും കൂട്ടുനിന്നതും പങ്കാളിത്തം വഹിച്ചതും കേസ് പുറത്തുവന്നപ്പോള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതുമാണ് എല്‍ഡിഎഫ് പ്രക്ഷോഭത്തിന് അടിസ്ഥാനം. അഗ്നിപര്‍വതം പോലെ ജനരോഷം പൊട്ടിപ്പടരുന്നതായി മാറിയതുകൊണ്ട് യുഡിഎഫിലെ പല ഘടകകക്ഷികളും കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മുഖ്യമന്ത്രിയുടെ നിലപാടിനെതിരായ സമീപനം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി എന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇങ്ങനെ ബഹുജനസമരത്തിനു മധ്യേ, ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നും അന്വേഷണവിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ചചെയ്തു നിശ്ചയിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണമെന്നത് എല്‍ഡിഎഫ് ഉയര്‍ത്തിയ ആവശ്യമാണ്. അത് അംഗീകരിച്ചത് സ്വാഗതാര്‍ഹമാണെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ സെക്രട്ടറിയറ്റ് ഉപരോധസമരം നിര്‍ത്താനും നിശ്ചയിച്ചു. പക്ഷേ, മുഖ്യമന്ത്രിയുടെ രാജി കൂടിയേ കഴിയൂ. കൊള്ളസംഘത്തിന് സംരക്ഷണം നല്‍കിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം പോലും നീതിപൂര്‍വമാകില്ല. അതിനാല്‍, ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ രാജിക്കായി എല്‍ഡിഎഫ് പ്രക്ഷോഭം കൂടുതല്‍ ശക്തിയായി മറ്റു രൂപങ്ങളില്‍ തുടരും. മുഖ്യമന്ത്രിയെ ബഹിഷ്കരിക്കാനും പൊതുസ്ഥലങ്ങളില്‍ കരിങ്കൊടി കാട്ടാനുമുള്ള സമരരീതി തുടരുന്നതിനു പുറമെ, പുതിയ സമരമാര്‍ഗങ്ങള്‍ എല്‍ഡിഎഫ് കൈക്കൊള്ളും.

എല്‍ഡിഎഫ് ഉയര്‍ത്തിയ സമരാവശ്യത്തില്‍ ഒരുഭാഗം സര്‍ക്കാര്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി എന്ന അര്‍ഥത്തില്‍ എല്‍ഡിഎഫിന്റെ ഉപരോധസമരം നല്ല വിജയമാണ്. എന്നാല്‍, കൊള്ളരുതായ്മ കാട്ടിയ മുഖ്യമന്ത്രിയെ താഴത്തിറക്കുമ്പോഴേ സമരം സമ്പൂര്‍ണവിജയമാകൂ എന്ന് എല്‍ഡിഎഫിന് നന്നായറിയാം. മുഖ്യമന്ത്രി രാജിവയ്ക്കാതെ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണംകൊണ്ട് കേരള ജനതയെ തൃപ്തിപ്പെടുത്താനാകില്ല. ജനവികാരം മുറുകെപ്പിടിച്ച് എല്‍ഡിഎഫ് ശക്തമായി സമരം തുടരും. ആ സമരം സെക്രട്ടറിയറ്റ് ഉപരോധസമരത്തില്‍ കണ്ടതുപോലെയുള്ള ധീരതയും ബഹുജനപങ്കാളിത്തവും ഉള്ളതാകും. ദൈനംദിന ജീവിതപ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങളുടെ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും തുടര്‍ച്ചയായിരിക്കും ഈ സമരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളില്‍നിന്നും അധികമധികം ഒറ്റപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ മാത്രമല്ല, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സ്വന്തം മുന്നണിയിലടക്കം വലിയൊരു വിഭാഗത്തിന്റെ വെറുപ്പിന് ഇരയായിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഈ മുഖ്യമന്ത്രിയെ അധികാരസ്ഥാനത്തുനിന്ന് താഴെയിറക്കാതെ കഴിയില്ലായെന്ന പൊതുബോധം കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഡിഎഫിനുള്ളില്‍ത്തന്നെ വരുംദിനങ്ങളില്‍ കലഹം സ്വാഭാവികമായും രൂക്ഷമാകും. അഴിമതിവാഴ്ച നടത്തുന്ന ഭരണാധികാരിയെ താഴെയിറക്കാന്‍ നില്‍ക്കുന്നവരും താങ്ങാന്‍ നില്‍ക്കുന്നവരുമെന്ന ചേരിതിരിവ് രൂക്ഷമാകും. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തെയും കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ഭിന്നതയെയും മൂര്‍ഛിപ്പിക്കുന്ന വിഷയമായി ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യം മാറും. നീതി-ന്യായ സംവിധാനങ്ങളുടെ പരിഗണനയിലുള്ള കേസുകളില്‍ കോടതി സ്വീകരിക്കാനിടയുള്ള നിലപാടുകളും ശ്രദ്ധേയമായിരിക്കും. ഇതിനെല്ലാം അപ്പുറം ഇനിയും കൂടുതല്‍ ശക്തിയോടെ വരാന്‍ പോകുന്ന ബഹുജനസമരങ്ങളെ അതിജീവിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാതെ വരും. അതുകൊണ്ട് കൂടുതല്‍ അപമാനിതനാകാതെ രാജിവച്ചു സലാംപറഞ്ഞു പിരിയുകയാണ് ഉമ്മന്‍ചാണ്ടിക്ക് കരണീയം.

* * *