സെക്രട്ടറിയറ്റ് ഉപരോധസമരം പ്രചാരണവും യാഥാര്‍ഥ്യവും
പിണറായി വിജയന്‍

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു നടന്ന സെക്രട്ടറിയറ്റ് ഉപരോധം കേരളത്തിന്റെ സമരചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ജനങ്ങളെ തട്ടിപ്പുകാരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന മുഖ്യമന്ത്രിയുടെ കാപട്യംനിറഞ്ഞ രീതിക്കെതിരെ കേരളത്തിന്റെ ഉജ്വലമായ രാഷ്ട്രീയസംസ്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തിയ പ്രക്ഷോഭംകൂടിയായിരുന്നു ഇത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മാത്രമല്ല കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ പേരുടെയും പിന്തുണ പ്രക്ഷോഭത്തിനു ലഭിച്ചു. ഏറ്റവും ന്യായമായ സമരമാണ് എന്ന് തിരിച്ചറിഞ്ഞ് മിക്ക മാധ്യമങ്ങളും നിജസ്ഥിതി ജനങ്ങളില്‍ എത്തിക്കുന്നതില്‍ സജീവമായി. എന്ത് സഹനത്തിനും തയ്യാറായാണ് തിരുവനന്തപുരത്ത് സമരവളന്റിയര്‍മാര്‍ എത്തിയത്. സര്‍ക്കാര്‍ ഒരുക്കിയ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി സമരസഖാക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ച സംഘാടകസമിതിയുടെ പ്രവര്‍ത്തനവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പൊലീസിന്റെ പ്രകോപനങ്ങളെ സഹനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും മറുപടി നല്‍കി അതിജീവിക്കുന്നതിന് കഴിഞ്ഞതും എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഐക്യവും കെട്ടുറപ്പും രാഷ്ട്രീയ പ്രതിബദ്ധതയും ത്യാഗബോധവും ഒരിക്കല്‍ക്കൂടി ജനങ്ങളെ ബോധ്യപ്പെടുത്തിയ പ്രക്ഷോഭമായിരുന്നു ഇത്.

സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതിയുടെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് നടത്തുമെന്നും ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രിതന്നെ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ഉപരോധസമരം പിന്‍വലിക്കാനും മുഖ്യമന്ത്രി രാജിവയ്ക്കുന്നതിനുള്ള സമരങ്ങള്‍ തുടരാനും ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചത്. ഉപരോധസമരം പിന്‍വലിച്ചശേഷം അതുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു. അവ കേരളീയ സമൂഹം രാഷ്ട്രീയമായ ചിന്തകളില്‍ കൂടുതല്‍ സജീവമാകുന്നതിനു സഹായിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ആകമാനം തലനാരിഴകീറി സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു എന്നതുതന്നെ ഈ പ്രക്ഷോഭം ജനഹൃദയങ്ങളില്‍ എത്രയേറെ സ്ഥാനംപിടിച്ചു എന്നതിന്റെ വലിയ തെളിവാണ്.

ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കണമെങ്കില്‍ ഈ സമരത്തിന്റെ ആരംഭത്തെക്കുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. ചിലരെങ്കിലും ധരിക്കുന്നതുപോലെ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ആദ്യത്തെ സമരമായിരുന്നില്ല സെക്രട്ടറിയറ്റ് ഉപരോധം. സോളാര്‍തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വെളിപ്പെട്ടതോടെ അലകടല്‍പോലെ ഇരമ്പിയുയര്‍ന്ന പ്രക്ഷോഭപരമ്പരകളിലെ സുപ്രധാന ഘട്ടമായിരുന്നു അത്. സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വെളിപ്പെടുത്തുന്ന വാര്‍ത്ത ജൂണ്‍ 11ന് കൈരളി- പീപ്പിള്‍ ടിവി പുറത്തുവിട്ട ഘട്ടത്തില്‍ത്തന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രശ്നം സജീവമായി ഉന്നയിച്ച് പ്രക്ഷോഭരംഗത്തേക്കുവന്നു. നിയമസഭയില്‍ പ്രശ്നം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് തവണയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ചര്‍ച്ചയ്ക്കുപോലും തയ്യാറല്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതിപക്ഷം നിയമസഭയെ സമരവേദിയാക്കിയതോടൊപ്പം ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങള്‍ സഭയ്ക്കു പുറത്ത് സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കി.

ജൂലൈ ഒന്നിനും രണ്ടിനും അസംബ്ലി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ രണ്ട് വാഹനജാഥ ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ചു. തൊട്ടടുത്ത ദിവസം സംസ്ഥാന വ്യാപകമായി ബൂത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജൂലൈ നാലിന് അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഓഫീസ് കേന്ദ്രീകരിച്ച് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. ജൂലൈ എട്ടിന് ഇടതുപക്ഷ മഹിളാസംഘടനകളുടെ ആഭിമുഖ്യത്തില്‍ നിയമസഭയ്ക്കുമുമ്പില്‍ ആയിരക്കണക്കിനു മഹിളകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നു. സമാധാനപരമായി നടന്ന ഈ പ്രതിഷേധത്തെപ്പോലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ജൂലൈ ഒമ്പതിന് സെക്രട്ടറിയറ്റിനു മുമ്പില്‍ യുവജനങ്ങളുടെ പ്രതിഷേധം ഇരമ്പി. സംസ്ഥാനത്തുടനീളം നടന്ന ഇത്തരം പ്രതിഷേധങ്ങളില്‍ പലതിനെയും ഭീകരമായാണ് പൊലീസ് നേരിട്ടത്.

അതേദിവസം നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സെക്രട്ടറിയറ്റിനു മുമ്പിലേക്ക് പ്രകടനമായി എത്തി. ഈ പ്രകടനത്തെ അഭിസംബോധനചെയ്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിക്കവെ പൊലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. വി എസ്, സി ദിവാകരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടായി. ജനനേതാക്കളെപ്പോലും ആക്രമിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ജനാധിപത്യവിരുദ്ധമായ ഈ നയത്തില്‍ പ്രതിഷേധിച്ച് ജൂലൈ 10ന് കേരളത്തെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കുന്ന ഹര്‍ത്താല്‍ നടത്തി. ജനങ്ങളുടെ അഭൂതപൂര്‍വമായ രോഷം പ്രതിഫലിച്ച പ്രക്ഷോഭമായിരുന്നു അത്. പോരാട്ടം പിന്നീടും തുടര്‍ന്നു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ സമരം. ട്രേഡ് യൂണിയനുകളുടെയും കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും വിദ്യാര്‍ഥി- യുവജനസംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയറ്റ് മാര്‍ച്ചുകളടക്കമുള്ള സമരപരമ്പരയില്‍ ആവേശകരമായ ജനപങ്കാളിത്തമാണുണ്ടായത്.

ജൂലൈ 18ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിച്ച് സോളാര്‍തട്ടിപ്പിന്റെ ആഴവും മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യതയും ജനങ്ങളോട് വിശദീകരിച്ചു. പിന്നീടുള്ള നാലു ദിവസം എല്ലാ ജില്ലാകേന്ദ്രങ്ങളിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ പൊതുയോഗങ്ങള്‍. ജൂലൈ 22ന് സെക്രട്ടറിയറ്റിനുമുന്നില്‍ എല്‍ഡിഎഫ് നേതാക്കളും ജനപ്രതിനിധികളും അണിനിരന്ന് 24 മണിക്കൂര്‍ ധര്‍ണ. തുടര്‍ന്ന് ജൂലൈ 24 മുതല്‍ ആഗസ്ത് നാലുവരെ ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ തുടര്‍ച്ചയായ രാപ്പകല്‍ സമരം. മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കുകയും പ്രതിഷേധസൂചകമായി കരിങ്കൊടി കാണിക്കുകയും ചെയ്ത് സമരം സംസ്ഥാന വ്യാപകമായി തുടര്‍ന്നു. ജനാധിപത്യപരമായ ഈ പ്രക്ഷോഭങ്ങളെയൊന്നും കണക്കിലെടുക്കാതെ മുഖ്യമന്ത്രി ധിക്കാരപൂര്‍വം മുന്നോട്ട് പോയി. പിന്നീടാണ് അനിശ്ചിതകാല സെക്രട്ടറിയറ്റ് ഉപരോധം നടത്തുമെന്ന തീരുമാനം ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി ആഗസ്ത് 5, 6, 7 തീയതികളില്‍ ജില്ലകളില്‍ എല്‍ഡിഎഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് വാഹന പ്രചരണജാഥയും നടത്തി. ഇങ്ങനെ ഇടതടവില്ലാത്ത പ്രക്ഷോഭപരമ്പരയാണ് സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നത്. പ്രക്ഷോഭത്തിന്റെ ദിനസരി ഇത്രയും വിശദീകരിച്ചത്, ചിലര്‍ ധരിച്ചുവച്ചതുപോലെ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ ഏക പ്രക്ഷോഭമായിരുന്നില്ല സെക്രട്ടറിയറ്റ് ഉപരോധം എന്ന് സൂചിപ്പിക്കാനാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം നല്‍കിയ പ്രക്ഷോഭപരമ്പരയിലെ ഒരു സമരരൂപമായിരുന്നു സെക്രട്ടറിയറ്റ് ഉപരോധം. അതിനാല്‍ സെക്രട്ടറിയറ്റ് ഉപരോധസമരം പിന്‍വലിച്ചു എന്ന് പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് പ്രക്ഷോഭം പിന്‍വലിച്ചു എന്നല്ല അര്‍ഥം; അങ്ങനെ കരുതി ആരും ആശ്വസിക്കേണ്ടതുമില്ല.

മുഖ്യമന്ത്രിയുടെ പൊതുപരിപാടി ബഹിഷ്കരിക്കുക; കരിങ്കൊടി കാണിക്കുക എന്ന സമരം തുടരും. അടുത്തഘട്ടം പ്രക്ഷോഭം എല്‍ഡിഎഫ് തീരുമാനിക്കുകയും ചെയ്യും. കേരളജനത നെഞ്ചേറ്റി പിന്തുണച്ച സെക്രട്ടറിയറ്റ് ഉപരോധസമരം എന്തുകൊണ്ടാണ് വേഗം പിന്‍വലിച്ചത് എന്നാണ് ചിലര്‍ സംശയം ഉന്നയിച്ചിട്ടുള്ളത്. അത്തരത്തിലുള്ളവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യേണ്ട കാര്യമില്ല. സമരം നടത്തുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഈ പ്രക്ഷോഭത്തിനുള്ള ജനപിന്തുണ തുടര്‍ന്നും നിലനിര്‍ത്തുന്നത് പരമ പ്രധാനമാണ്. എല്‍ഡിഎഫിനോടൊപ്പമല്ലാത്ത നിരവധി ജനവിഭാഗങ്ങള്‍ ഈ സമരത്തിന് അകമഴിഞ്ഞ് പിന്തുണ നല്‍കി. അങ്ങനെ സര്‍വതലത്തില്‍നിന്നും പിന്തുണയാര്‍ജിച്ച് പ്രക്ഷോഭം മുന്നോട്ടു പോകുമ്പോഴാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിനുമുമ്പ്, പ്രതിപക്ഷവുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. അത്തരമൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ആ ഘട്ടത്തിലാണ് ചരിത്രവിജയമായ ഉപരോധസമരത്തെ അംഗീകരിച്ച് ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം ഏകപക്ഷീയമായി ഉണ്ടായത്.

ഇടതുപക്ഷജനാധിപത്യമുന്നണിക്കു മുന്നില്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്ന പ്രധാന ചോദ്യം, ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം വന്നശേഷം ഉപരോധസമരം മുന്നോട്ടുകൊണ്ടുപോയാല്‍ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ജനത ഏത് തരത്തിലുള്ള നിലപാട് സ്വീകരിക്കുമെന്നതായിരുന്നു. ഉയര്‍ത്തുന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന് ഏതറ്റംവരെയും പ്രക്ഷോഭം മുന്നോട്ട് പോകണമെന്ന ആഗ്രഹം മുന്നണിക്കൊപ്പമുള്ള ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. അവരാവട്ടെ, എന്തുത്യാഗത്തിനും തയ്യാറുമായിരുന്നു. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന എല്ലാവിഭാഗം ജനങ്ങളുടെയും വികാരംകൂടി കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു. ആ പിന്തുണ നിലനിര്‍ത്താന്‍ കഴിയണമെന്നാണ് ഞങ്ങള്‍ വിലയിരുത്തിയത്.

സിറ്റിങ് ജഡ്ജിയെ വച്ചുകൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണസന്നദ്ധത മുഖ്യമന്ത്രി പ്രഖ്യാപിച്ചശേഷവും ഉപരോധം തുടര്‍ന്നാല്‍ സമരത്തെ അനുകൂലിച്ചവരില്‍ ഒരു വിഭാഗം എല്‍ഡിഎഫിനെ കുറ്റപ്പെടുത്താനിടയാകും. ഒരു ലക്ഷത്തോളം ജനങ്ങള്‍ തിരുവനന്തപുരംപോലെയുള്ള നഗരത്തില്‍ വന്നുചേരുമ്പോള്‍ അവിടത്തെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ആ പ്രയാസങ്ങളെല്ലാം സഹിച്ച് തിരുവനന്തപുരം നിവാസികള്‍ പ്രക്ഷോഭത്തെ പിന്തുണച്ചു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, അവരുടെ പ്രയാസങ്ങള്‍ ഉത്തരവാദപ്പെട്ട മുന്നണി എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് തലസ്ഥാനനഗരത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്തും ജനകീയപിന്തുണ ഉറപ്പിച്ച് നിര്‍ത്തുന്നതിനും ഉപരോധസമരമെന്ന ഈ പ്രക്ഷോഭം പിന്‍വലിക്കുന്നതിനും തുടര്‍പ്രക്ഷോഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചത്. ഈ തീരുമാനം ഏറ്റവും യുക്തിസഹമാണെന്ന് പ്രക്ഷോഭത്തെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും.

പ്രക്ഷോഭം കലാപം സംഘടിപ്പിക്കുന്നതിനാണെന്ന് പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചുരുക്കം ചില കേന്ദ്രങ്ങളും പരിശ്രമിച്ചത്. അവരുടെയെല്ലാം പ്രചാരവേല എത്രമാത്രം ഹീനമായിരുന്നെന്ന് തെളിയിച്ചാണ് ലക്ഷത്തോളം പേര്‍ അണിചേര്‍ന്നിട്ടും ഒരു അനിഷ്ടസംഭവങ്ങളും ഇല്ലാതെ പ്രക്ഷോഭം കടന്നുപോയത്. ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് കടുത്ത വിരോധമുള്ള ജനങ്ങളുടെ മനസ്സില്‍ രാജിവരെ പ്രക്ഷോഭം കൊണ്ടുപോകണമെന്ന അതിയായ താല്‍പ്പര്യമാണുള്ളത്. ആ ജനവികാരത്തെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനപദ്ധതികളാണ് വരുംദിവസങ്ങളില്‍ എല്‍ഡിഎഫില്‍നിന്നുണ്ടാവുക.

***