സ. ചടയന്റെ ത്യാഗനിര്‍ഭര ജീവിതം
പിണറായി വിജയന്‍
ആശയ നൈര്‍മല്യത്തിനും സിദ്ധാന്തത്തിന്റെ സാധുതയ്ക്കുമൊപ്പം ത്യാഗധനരായ പ്രവര്‍ത്തകരുടെ മാതൃകാജീവിതംകൂടിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തിന് നിദാനം. സഖാവ് ചടയന്‍ ഗോവിന്ദനെപ്പോലെ അനാദൃശരായ നേതാക്കളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടിത്തറയിലാണ് കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനം വളര്‍ന്നതും വലുതായതും മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ജനപിന്തുണയാര്‍ജിച്ചതും. സ. ചടയന്‍ വിട്ടുപിരിഞ്ഞിട്ട് 15 വര്‍ഷമാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് നമുക്കാകെ മാതൃകയാകുന്ന ത്യാഗപൂര്‍ണമായ ജീവിതമാണ് നയിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ നെയ്ത്തുതൊഴിലാളിയായ സഖാവ് ചെറുപ്പത്തില്‍ത്തന്നെ പഴയ ചിറയ്ക്കല്‍ താലൂക്കില്‍ നെയ്ത്തുതൊഴിലാളികളുടെ പ്രസ്ഥാനം സംഘടിപ്പിച്ചു. പൊലീസ്-ഗുണ്ടാ തേര്‍വാഴ്ചയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ ചടയന്‍ മുന്നില്‍നിന്നു. 1948ല്‍ കമ്പില്‍ അങ്ങാടിയില്‍ വളന്റിയര്‍മാരെ സംഘടിപ്പിച്ച് ഗുണ്ടകളെ നേരിടാന്‍ പാര്‍ടി തീരുമാനിച്ചപ്പോള്‍ മുന്‍നിരയിലുണ്ടായിരുന്നു.
പാര്‍ടി നിരോധിക്കപ്പെട്ട ഘട്ടത്തില്‍ കയരളം പൊലീസ് ക്യാമ്പില്‍ ചടയന് ഏല്‍ക്കേണ്ടിവന്ന മര്‍ദനം അതിഭീകരമായിരുന്നു. പൂര്‍ണനഗ്നനാക്കി ദിവസങ്ങളോളം സഖാവിനെ മര്‍ദിച്ചു. മൂത്രദ്വാരത്തില്‍ പച്ചഈര്‍ക്കില്‍ കയറ്റുന്നതടക്കമുള്ള ഭയാനകമായ മര്‍ദനമുറകള്‍ക്കിരയായി. ചടയന്‍ മരിച്ചു എന്ന വാര്‍ത്തപോലും ഇക്കാലത്ത് പരന്നു. 1970കളില്‍ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പൊലീസ്- ഗുണ്ടാ മര്‍ദനമുണ്ടായപ്പോള്‍ അതിനെ ചെറുത്തുനില്‍ക്കുന്നതിലും നേതൃത്വപരമായ പങ്ക് സഖാവ് നിര്‍വഹിച്ചു. ചേലേരിയിലെ അനന്തന്‍ നമ്പ്യാര്‍ പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണംചെയ്ത വളന്റിയര്‍മാരുടെ കൂട്ടത്തില്‍ ചടയനുമുണ്ടായിരുന്നു. കൊടുങ്കാട്ടില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായപ്പോഴും ചടയനെ എംഎസ്പിക്കാര്‍ പൈശാചികമായി മര്‍ദിച്ചു. മറ്റൊരു ഘട്ടത്തില്‍ ചടയന്റെ വീട് എംഎസ്പിയും ഗുണ്ടകളും ചേര്‍ന്ന് നശിപ്പിച്ചു. തുടര്‍ന്ന് വീരാജ്പേട്ടയിലേക്ക് നാടുവിട്ട സഖാവ് അവിടെ മൂന്നുമാസത്തോളം കട്ടനിര്‍മാണത്തൊഴിലാളിയായി പ്രവര്‍ത്തിച്ചു.
1948ല്‍ പാര്‍ടി സെല്ലില്‍ അംഗമായി. 1952ല്‍ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി അംഗം. 1962ല്‍ ഫര്‍ക്കാ കമ്മിറ്റി സെക്രട്ടറി. 1964ല്‍ സിപിഐ എം നിലവില്‍ വന്നപ്പോള്‍ ജില്ലാകമ്മിറ്റി അംഗം. 1979ല്‍ ജില്ലാ സെക്രട്ടറിയായി. 1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും 1996 മെയ്മുതല്‍ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംഘടനാപരമായി പാര്‍ടി കടുത്ത വെല്ലുവിളികള്‍ നേരിട്ട ഘട്ടത്തിലാണ് ചടയന്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചത്. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എംഎല്‍എ എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തനം ആരംഭിച്ച സഖാവ് മരിക്കുമ്പോള്‍ സംസ്ഥാന കൈത്തറിത്തൊഴിലാളി കൗണ്‍സില്‍ പ്രസിഡന്റായിരുന്നു.
എളിയതും ദുസ്സഹവുമായ ജീവിതസാഹചര്യത്തില്‍നിന്ന് ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലേക്ക് ഉയരാന്‍ ചടയന് കഴിഞ്ഞു. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രത്തിലുള്ള അചഞ്ചലമായ വിശ്വാസവും അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള കൂറും ത്യാഗസന്നദ്ധതയും ഏത് പ്രതിസന്ധിഘട്ടത്തിലും ചടയന്‍ മുറുകെപ്പിടിച്ചു. എല്ലാം പാര്‍ടി താല്‍പ്പര്യത്തിന് കീഴ്പ്പെടുത്തുന്ന മാതൃകാപരമായ കമ്യൂണിസ്റ്റ് ജീവിതശൈലിയുടെ പ്രതീകമായിരുന്നു ചടയന്റെ ജീവിതം.
ഒന്നരപ്പതിറ്റാണ്ടുമുമ്പ് സ. ചടയന്‍ അന്ത്യശ്വാസം വലിക്കുമ്പോഴുണ്ടായ അവസ്ഥയില്‍നിന്ന് ഇന്ത്യന്‍ ജീവിതം ഏറെ യാത്രചെയ്തിരിക്കുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ പുറകോട്ടാണ് നയിച്ചത്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും മാന്ത്രികവിദ്യയിലൂടെ ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റുകയും വളര്‍ച്ചയുടെ ഉത്തുംഗത്തിലെത്തിക്കുകയും ചെയ്യുമെന്നായിരുന്നു അന്ന് ഭരണാധികാരികളുടെ പല്ലവിയെങ്കില്‍, ഇന്ന് അതേ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകിടംമറിക്കുന്നതാണനുഭവം.
ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഇന്ന് ഇന്ത്യ. ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ തുടങ്ങിവച്ചപ്പോള്‍ മന്‍മോഹന്‍സിങ്ങും കൂട്ടരും ജനങ്ങളോടാവശ്യപ്പെട്ടത്, അല്‍പ്പം ക്ഷമിക്കൂ; സഹിക്കൂ- രണ്ടാംഘട്ട പരിഷ്കരണം വരുമ്പോള്‍ രാജ്യം വളര്‍ച്ചയിലേക്കും വികസനത്തിലേക്കും കുതിക്കും എന്നാണ്. ഇന്ന് ഇന്ത്യന്‍ രൂപ ആര്‍ക്കും വേണ്ടാത്ത ഒന്നാണ്. ഒരു ഡോളര്‍ കിട്ടാന്‍ 68 രൂപവരെ കൊടുക്കേണ്ട സ്ഥിതി. കൃഷിയും വ്യവസായവും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. കാര്‍ഷികത്തകര്‍ച്ചയുടെ ഫലമായി ഓരോ മണിക്കൂറിലും രണ്ടു കര്‍ഷകര്‍വീതം രാജ്യത്ത് ആത്മഹത്യചെയ്യുന്നു.
രൂപയുടെ മൂല്യത്തകര്‍ച്ച സാമ്പത്തികവളര്‍ച്ചയെ കൂടുതല്‍ മുരടിപ്പിലേക്ക് നയിക്കുന്നു; ഇറക്കുമതി കൂടുതല്‍ ചെലവുള്ളതാക്കുന്നു; വിലക്കയറ്റത്തിന്റെ രൂക്ഷത നിമിഷംപ്രതി വര്‍ധിപ്പിക്കുന്നു; ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി ഉയര്‍ത്തുന്നു. ഒന്നിനൊന്ന് കണ്ണിചേര്‍ന്ന ഈ തകര്‍ച്ചയെ അതിജീവിക്കാനുള്ള ചികിത്സാവിധിയൊന്നും യുപിഎ സര്‍ക്കാരിന്റെ പക്കലില്ല. ദാരിദ്ര്യം കുറയുന്നുവെന്നു സ്ഥാപിക്കാന്‍ കള്ളക്കണക്ക് നിരത്തുകയും വിലക്കയറ്റം ആഗോള പ്രതിഭാസമെന്ന പല്ലവി ആവര്‍ത്തിക്കുകയും ജനങ്ങളോട് കൂടുതല്‍ സഹിക്കാന്‍ ഉപദേശിക്കുകയും ചെയ്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്കായി നയരൂപീകരണം നടത്തുകയാണ് സര്‍ക്കാര്‍. നഗരങ്ങളില്‍ 33.33 രൂപയും ഗ്രാമങ്ങളില്‍ 27.20 രൂപയുമുണ്ടായാല്‍ ഓരോരുത്തരും ദാരിദ്ര്യരേഖയ്ക്കുമുകളിലായെന്നു പ്രഖ്യാപിച്ച് (1973-74ല്‍ നഗരങ്ങളില്‍ 49ഉം ഗ്രാമങ്ങളില്‍ 56ഉം രൂപയില്ലാത്തവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു) ദരിദ്ര ജനകോടികളെ വഞ്ചിക്കുകയും ദാരിദ്ര്യം ഒരു മാനസികാവസ്ഥ മാത്രമാണെന്നു പരിഹസിക്കുകയുംചെയ്യുന്ന യുപിഎ സര്‍ക്കാരില്‍നിന്ന് രാജ്യത്തിന് മെച്ചപ്പെട്ടതൊന്നും പ്രതീക്ഷിക്കാനാകില്ല. തെറ്റായ സാമ്പത്തികനയങ്ങള്‍ തിരുത്തിമാത്രമേ ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. എന്നാല്‍,അത്തരമൊരു തിരുത്തലിന് സന്നദ്ധമല്ല എന്നാണ്, യാഥാര്‍ഥ്യബോധമില്ലാത്ത ഭക്ഷ്യസുരക്ഷാ നിയമം അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയനീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ ജീവിതനിലവാരവും സാമൂഹ്യപരിതഃസ്ഥിതിയും ഉയര്‍ന്നു നില്‍ക്കുന്ന മാതൃകാസംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാന്‍ നമുക്ക് കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിനാകെ മാതൃകയായി. ഇന്ന് ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം മാറി. പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിരുന്ന സഹകരണമേഖലയെ അതില്‍നിന്ന് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഒടുവില്‍ പുറത്തുവന്നത്. കണ്‍സ്യൂമര്‍ ഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഉത്സവകാലത്തുമാത്രം വിപണിയില്‍ ഇടപെട്ടാല്‍ മതി എന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ തിട്ടൂരം. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മടിയില്ലാതെ മന്ത്രിമാര്‍ പ്രഖ്യാപിക്കുകയാണ്.
അഴിമതി കൊടികുത്തി വാഴുന്നു. ഭരണമുന്നണിയിലും അതിലെ ഓരോ കക്ഷികളിലും മന്ത്രിസഭയിലും കൊള്ളമുതല്‍ പങ്കിടുന്നതില്‍ തര്‍ക്കം നടക്കുന്നു. ക്രമസമാധാനത്തകര്‍ച്ചയും മാഫിയാ വിളയാട്ടവും വര്‍ഗീയശക്തികളുടെ ശാക്തീകരണവും കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്കാണ് നയിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ഭരണയന്ത്രം ചലിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തട്ടിപ്പുകാരുടെ കൂത്തുപാവകളായിമാറി. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി തന്നെയാണ് മുഖ്യ കുറ്റവാളിയായി ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നത്. നിരവധി തെളിവുകളിലൂടെ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിട്ടും കോടതിയുടെ പരാമര്‍ശം പലതവണ ഉണ്ടായിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ലജ്ജാകരമായ കീഴ്വഴക്കമാണ് ഉമ്മന്‍ചാണ്ടി സൃഷ്ടിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും സ്വന്തം പാര്‍ടിയില്‍പ്പെട്ടവര്‍തന്നെ ഇത്തരം ഘട്ടങ്ങളില്‍ രാജിവച്ച മാതൃക സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല.
തട്ടിപ്പുകളുടെയും അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും വിളനിലമായി മാറിയ യുഡിഎഫ് സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയാണ്. കേരള ചരിത്രത്തിലെ അത്യപൂര്‍വവും ആവേശോജ്വലവുമായ അധ്യായമാണ്, സോളാര്‍തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ഉമ്മന്‍ചാണ്ടിയുടെ രാജിയും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയറ്റ് ഉപരോധം. ആ സമരത്തിനുമുന്നില്‍ മുട്ടുമടക്കി, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്ന ഉമ്മന്‍ചാണ്ടി, അന്വേഷണഘട്ടത്തില്‍ അധികാരത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തയ്യാറാകാതെ വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അതിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളെ പ്രാകൃതരീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനു നേരെ പൊലീസ് നടത്തിയ കിരാതമായ ആക്രമണം അത്തരത്തിലൊന്നാണ്.
വിലക്കയറ്റമടക്കമുള്ള ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയും ജനാധിപത്യ ധ്വംസനത്തിനെതിരെയും തട്ടിപ്പുകാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ വേണ്ടിയുമുള്ള പ്രക്ഷോഭത്തിന്റെ കാലത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. ഈ പ്രക്ഷോഭം വിജയത്തിലെത്തിക്കാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാവപ്പെട്ടവരുടെ എല്ലാ വേദനകളിലും ഇഴുകിച്ചേര്‍ന്ന് ത്യാഗപൂര്‍ണമായ ജീവിതം നയിച്ച സഖാവ് ചടയന്‍ ഗോവിന്ദന്റെ ഓര്‍മ കൂടുതല്‍ കരുത്തുപകരും.
***