സ. ബാലാനന്ദന്റെ പ്രോജ്വല സ്മരണ
പിണറായി വിജയന്‍
തൊഴിലാളിവര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിസ്തുല പങ്കുവഹിച്ച്, സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും നേതൃനിരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സ. ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാവുകയാണ്. മാര്‍ക്സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ലോകചലനങ്ങളെ സമീപിക്കുന്നതിലും വിശദീകരിക്കുന്നതിലും അസാധാരണ ശേഷി പ്രകടിപ്പിച്ച് ഏവരുടെയും ആദരം നേടിയ ബാലാനന്ദന്‍ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്താകെ അംഗീകാരം നേടി. കാര്യങ്ങള്‍ നന്നായി പഠിച്ച് വ്യത്യസ്തമായ ശൈലിയിലൂടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം സ്റ്റഡിക്ലാസെന്നപോലെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. ഔപചാരികവിദ്യാഭ്യാസം ഏറെയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ജീവിതത്തിന്റെ പാഠശാലയിലായിരുന്നു ബാലാനന്ദന്റെ വിദ്യാഭ്യാസം.
ദുരിതങ്ങളുടെ നടുവിലായിരുന്നു ബാല്യകാലം. ബാല്യത്തിലേ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടാണ് ജീവിതം മുന്നോട്ടുനയിച്ചത്. 1941ല്‍ ഏലൂരിലെ അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായി. തൊഴിലാളിപ്രസ്ഥാനത്തിന്റെ ബാലപാഠങ്ങള്‍ അവിടെവച്ചാണ് സ്വായത്തമാക്കിയത്. അലുമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ രൂപീകരണത്തില്‍ പങ്കുവഹിച്ച അദ്ദേഹം അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. അന്ന് തിരുവിതാംകൂറില്‍ രജിസ്റ്റര്‍ചെയ്ത ആറാമത്തെ യൂണിയനായിരുന്നു അത്. പുന്നപ്ര-വയലാര്‍ സമരത്തെതുടര്‍ന്ന് കമ്പനിയില്‍നിന്ന് പുറത്താക്കപ്പെട്ട ബാലാനന്ദന്‍ പിന്നീട് പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി.
1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായി. കേരളത്തില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 1972ല്‍ സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1978ലെ 10-ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം പിബി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ സിഐടിയു രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് അഖിലേന്ത്യാതലത്തില്‍ ട്രഷററായും പ്രവര്‍ത്തിച്ചു. 1990ല്‍ സിഐടിയുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ സ്ഥാനത്ത് തുടര്‍ന്നു. സിഐടിയുവിനെ അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ഉജ്വലമായ പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്റര്‍ എന്ന നിലയിലും സഖാവ് പ്രവര്‍ത്തിച്ചു. ത്യാഗനിര്‍ഭരമായിരുന്നു ആ ജീവിതം. അഞ്ചുവര്‍ഷം ജയില്‍വാസവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ച ബാലാനന്ദന്‍ നിരവധി തവണ പൊലീസ് മര്‍ദനത്തിന് ഇരയായി. പാര്‍ലമെന്ററിരംഗത്ത് ബാലാനന്ദന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഒരുതവണ ലോക്സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ രാജ്യസഭാകക്ഷി നേതാവായും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള നിയമസഭയില്‍ അംഗമായി. പാര്‍ടി സഖാക്കളോടും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരോടും വാത്സല്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നര്‍മവും അടുപ്പവും കലര്‍ന്ന സംസാരം പരിചയപ്പെട്ട ആര്‍ക്കും മറക്കാനാകുന്നതല്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച ബാലാനന്ദന്‍ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ എന്നും നിലനില്‍ക്കുന്നതാണ്. സ. ബാലാനന്ദന്റെ സ്മരണ പുതുക്കുന്ന ഈ വേളയില്‍, ലോകത്താകെ നിസ്വവര്‍ഗത്തിന്റെ പോരാട്ടചിത്രമാണ് നമുക്ക് കാണാനാവുക.
അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്താകമാനം അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ശമനമില്ലാതെ തുടരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ വിനാശകരമായി ജനജീവിതത്തെ ബാധിച്ചിരിക്കുന്നു. ആഗോള ധനപ്രതിസന്ധി, പരിഹാരമാര്‍ഗങ്ങളെയും ഉത്തേജക പദ്ധതികളെയും അപ്രസക്തമാക്കി കൂടുതല്‍ സങ്കീര്‍ണമായും ശക്തിയായും തുടരുന്നു. തൊഴിലില്ലായ്മ പടര്‍ന്നുപിടിക്കുന്നു, തൊഴില്‍രഹിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു, കൂലിയും സേവനവ്യവസ്ഥകളും തകരുന്നു. ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പാപ്പരീകരണത്തിലേക്കുമാണ് പതിക്കുന്നത്. പ്രതിസന്ധി അതിജീവിക്കാനുള്ള ശ്രമങ്ങളും ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതാണ്. വിദ്യാഭ്യാസവും പൊതുജനാരോഗ്യപാലനവും പെന്‍ഷനും പിഎഫുമടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തകര്‍ത്ത് പണമുണ്ടാക്കാനാണ് സര്‍ക്കാരുകളുടെ ശ്രമം. ജനങ്ങളെയല്ല, സ്വകാര്യമേഖലയുടെയും ധനമൂലധനശക്തികളുടെയും വിദേശ- നാടന്‍ കുത്തകകളുടെയും താല്‍പ്പര്യങ്ങളെയാണ് അവര്‍ സംരക്ഷിക്കുന്നത്. പണപ്പെരുപ്പവും വിലവര്‍ധനയും കടുക്കുന്നത് അതുകൊണ്ടുതന്നെ. സേവനരംഗങ്ങളില്‍നിന്നെല്ലാം സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നാണ് ആഗോളമൂലധനശക്തികളുടെ താല്‍പ്പര്യം. അതിനനുസൃതമായാണ് നയങ്ങളും നിയമങ്ങളും രൂപീകരിക്കപ്പെടുന്നത്. ജീവിതം വഴിമുട്ടിയ ജനവിഭാഗങ്ങള്‍ ചൂഷകവര്‍ഗങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ലോകമാകെ വ്യാപിപ്പിക്കുന്നു. ഇതില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പിച്ച വിലക്കയറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. അടുപ്പ് കത്തുന്നതിന് ആവശ്യമായ ഇന്ധനംപോലും ജനങ്ങള്‍ക്ക് അപ്രാപ്യമാകുന്ന നിലയാണ് ഉണ്ടാവുന്നത്. എല്ലാ മേഖലയും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം രാജ്യത്ത് വമ്പിച്ച അഴിമതിയും സൃഷ്ടിച്ചിരിക്കുന്നു. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നയങ്ങള്‍ രൂപീകരിച്ചതിന്റെ ഫലമായിട്ടാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.
കോണ്‍ഗ്രസ് നടപ്പാക്കുന്ന അതേ സാമ്പത്തികനയങ്ങളാണ് ബിജെപിയുടേതും. ആഗോളവല്‍ക്കരണനയങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പംതന്നെ വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ബിജെപി തയ്യാറാകുന്നു. ഇത് രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തെ തകിടംമറിക്കുന്ന നിലയിലേക്ക് വളരുകയാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി മതനിരപേക്ഷശക്തികളുടെ ഐക്യനിര വളര്‍ത്തിയെടുക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 2001-06 കാലത്ത് യുഡിഎഫ് വരുത്തിവച്ച വിനകള്‍ പരിഹരിച്ചതും നാടിനെ മുന്നോട്ടു നയിച്ചതും 2006ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്.
ജനപക്ഷത്ത് അടിയുറച്ചുനിന്ന്, ഇച്ഛാശക്തിയുള്ള നയങ്ങളോടെയും നടപടികളോടെയും കേരളത്തെ എല്‍ഡിഎഫ് നയിച്ചു. ആ ഭരണത്തില്‍ മുന്നേറ്റപാതയിലായിരുന്ന കേരളത്തെയാണ് അതിവേഗത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്നോട്ട് വലിച്ചിഴയ്ക്കുന്നത്. സ്വന്തം കക്ഷിയിലും മുന്നണിയിലുംതന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ശക്തമായ നിലപാടുകളും വിമര്‍ശങ്ങളും നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നു. ഭരണാധികാരികളും ഭരണകക്ഷികളും അഴിമതിയിലും സ്ഥാപിത താല്‍പ്പര്യങ്ങളിലും മുഴുകുമ്പോള്‍ ജനങ്ങള്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. കേരളത്തിന്റെ നേട്ടങ്ങളെയെല്ലാം തകര്‍ക്കുന്നതിനൊപ്പം മതനിരപേക്ഷ പാരമ്പര്യത്തെയും ആക്രമിക്കുകയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാകട്ടെ കോടതി പരാമര്‍ശങ്ങളെപ്പോലും വകവയ്ക്കാതെ മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു.
ഐക്യ കേരള ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധവും ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടതുമായ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. കര്‍ഷക ആത്മഹത്യാ പരമ്പര, വിദ്യാഭ്യാസ വാണിഭം, ദുസ്സഹ വിലക്കയറ്റം, വര്‍ഗീയകലാപങ്ങള്‍, വൈദ്യുതി- ബസ്ചാര്‍ജ് നിരക്കുകളുടെ അമിത വര്‍ധന, ലോഡ് ഷെഡിങ്ങും പവര്‍കട്ടും, തകരുന്ന പരമ്പരാഗതമേഖലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കല്‍, വനം- ഭൂമാഫിയകളുടെ അഴിഞ്ഞാട്ടം, ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക, നിയമന നിരോധനം, ജീവനക്കാരുടെ അവകാശ നിഷേധം, ക്രമസമാധാനത്തിലെ അരക്ഷിതാവസ്ഥ, അഴിമതി തുടങ്ങിയവയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സംഭാവനകള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഭാഗമായി ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരത്തിന് പാര്‍ടി നേതൃത്വം നല്‍കുന്ന ഘട്ടമാണിത്. ഇത്തരമൊരു സാഹചര്യത്തില്‍, തൊഴിലാളിവര്‍ഗത്തിന്റെ പ്രിയനേതാവായ സഖാവ് ബാലാനന്ദനെ സ്മരിക്കുമ്പോള്‍, അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പോരാട്ടപതാക കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞകൂടിയാണ് പുതുക്കപ്പെടുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതംവിതയ്ക്കുമ്പോള്‍ അതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബാലാനന്ദന്‍ നിര്‍വഹിച്ചത്. ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവിന്റെ സ്മരണ നമുക്ക് കരുത്തുപകരും.