ആശങ്ക വിളയുന്ന മലമടക്കുകളിലൂടെ
പിണറായി വിജയന്‍
പൊന്‍കുന്നത്തുനിന്ന് വണ്ടിപ്പെരിയാറിലേക്കായിരുന്നു ഞായറാഴ്ചത്തെ ആദ്യയാത്ര. ഇടുക്കി ജില്ലയായതുകാരണം ഒരു കേന്ദ്രത്തില്‍നിന്ന് അടുത്തതിലെത്താന്‍ മണിക്കൂറുകള്‍തന്നെ വേണ്ടിവരുന്നു. അതുകൊണ്ട് പതിവിന് ഭിന്നമായി, ഈ ദിവസം നാലുകേന്ദ്രങ്ങളിലേ പര്യടനമുള്ളൂ. വണ്ടിപ്പെരിയാറില്‍ യോഗത്തിനെത്തിയവരില്‍ മഹാഭൂരിപക്ഷവും തോട്ടംതൊഴിലാളികളാണ്. ഞായറാഴ്ച അവരുടെ വിശ്രമത്തിന്റെ ദിവസമാണ്. അതിരാവിലെ പുറപ്പെട്ട് സ്വീകരണകേന്ദ്രത്തിലെത്തി മണിക്കൂറുകളോളം കാത്തുനിന്ന് ഞങ്ങളെ അഭിവാദ്യംചെയ്ത ആ തൊഴിലാളികളുടെ മുഖം തളര്‍ച്ചയുടേതായിരുന്നില്ല- ഈ പ്രസ്ഥാനത്തില്‍ അവര്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ തിളക്കമാണ് ഓരോരുത്തരിലും കണ്ടത്.
ആദ്യത്തെ ഒന്‍പതുദിവസത്തേതില്‍നിന്ന് വ്യത്യസ്തമാണ് ഇടുക്കിയിലെ യാത്ര. ഇതുവരെ വഴിയിലുടനീളം ജനങ്ങളുണ്ടായിരുന്നു. ഹൈറേഞ്ചില്‍ ജനവാസമില്ലാത്ത വഴിയാണ് ഏറെയും. കൊച്ചുപട്ടണങ്ങളിലും കവലകളിലും മാത്രം ജനങ്ങള്‍. എന്നാല്‍, ശ്രദ്ധിച്ച ഒരു കാര്യം, ആ ജനങ്ങളിലോരോരുത്തരും അനുഭാവത്തോടെയും താല്‍പ്പര്യത്തോടെയുമാണ് ഞങ്ങളെ വീക്ഷിച്ചത് എന്നതാണ്. ജാഥയില്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കുള്ള പൊതു സ്വീകാര്യതയാണ് ആ സ്നേഹപ്രകടനം.
മലയോരമേഖലയിലെ കാര്‍ഷിക വിളകള്‍ക്കൊന്നും വിലസ്ഥിരതയില്ലാതായിരിക്കുന്നു. ഇക്കുറി കുരുമുളകിന് മെച്ചപ്പെട്ട വിലയുണ്ട്. നേരത്തെ ഉണ്ടായ വിലക്കുറവുമൂലം കുരുമുളകുല്‍പ്പാദനത്തില്‍ ഗണ്യമായ ഇടിവുവന്നിരുന്നു. അതിന്റെ ഫലമായാണ് വിലകൂടിയത്. മറ്റുവിളകളെല്ലാം കഷ്ടത്തിലാണ്. റബറിന്റെ വിഷയം ഇന്നലെ ഈ പംക്തിയില്‍ സൂചിപ്പിച്ചിരുന്നു. തേയിലക്കൃഷിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് വണ്ടിപ്പെരിയാര്‍. മലയാളികള്‍ക്കൊപ്പം തമിഴ് തൊഴിലാളികളും അവിടെ സ്വീകരണത്തിനെത്തി. ഒരുഭാഗത്ത് വിളകളുടെ വിലത്തകര്‍ച്ച, മറുവശത്ത് ജീവിതംതന്നെ വഴിമുട്ടിയേക്കുമെന്ന ആശങ്ക. നെടുങ്കണ്ടത്തും ചെറുതോണിയിലും അടിമാലിയിലുമുള്ള ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തില്‍ അരക്ഷിതാവസ്ഥയുടെ കരിനിഴലുണ്ട്.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനല്ല, കൂടുതല്‍ വഷളാക്കാനാണ് തുടര്‍ച്ചയായ തട്ടിപ്പുകളിലൂടെ ഭരണാധികാരികള്‍ തയ്യാറാകുന്നത്. നെടുങ്കണ്ടത്ത് പത്രസമ്മേളനത്തില്‍ ഈ വിഷയമാണ് പ്രധാനമായും പരാമര്‍ശിച്ചത്. കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യത്തിന് അനുയോജ്യമായ ഇടപെടലുകള്‍ കേരളസര്‍ക്കാരും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളും ഭരണപക്ഷ എംപിമാരും സ്വീകരിക്കുന്നില്ല. കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കണം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്താണ് സ്വീകരിക്കാന്‍ പോകുന്ന കടുത്ത നിലപാടെന്ന് ജോസഫ് വ്യക്തമാക്കട്ടെ. കര്‍ഷകപ്രേമം പറയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ തനിനിറം എന്തെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള അവസരവുമാണിത്. ജനാധിപത്യപരമായ നിലയില്‍, പരിസ്ഥിതിസംരക്ഷണം പോലുള്ള ഗൗരവമായ പ്രശ്നം കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകാത്തതാണ് ഈ മേഖലയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവിറക്കുന്നതിനുമുമ്പ് പശ്ചിമഘട്ടമേഖലയിലെ സംസ്ഥാന നിയമസഭകള്‍, തദ്ദേശസ്ഥാപനങ്ങള്‍, രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. പരിസ്ഥിതിസംരക്ഷണം ഉദ്യോഗസ്ഥമേധാവികള്‍ മാത്രം തീരുമാനിക്കേണ്ടതല്ല. ജനങ്ങളുടെ പങ്കാളിത്തം ഇത്തരം കാര്യത്തില്‍ ഉറപ്പുവരുത്തണം. കേരളത്തിലെ സവിശേഷപ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു. മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇതില്‍ ഒതുങ്ങുന്നില്ല. അവര്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിരന്തരമായ വഞ്ചനയ്ക്കിരയാവുകയാണ് എന്നതാണ് യാഥാര്‍ഥ്യം. ആ ചതി മനസ്സിലാക്കി, ശരി കണ്ടെത്തുന്ന ജനങ്ങളെയാണ് ഞങ്ങള്‍ക്ക് വഴിനീളെ കാണാനായത്. ഓരോ കേന്ദ്രത്തിലെയും ജനക്കൂട്ടവും ആവേശത്തള്ളിച്ചയും അതാണ് തെളിയിച്ചത്.