കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭ
പിണറായി വിജയന്‍
തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ സ. ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം. ശാസ്ത്രീയ കാഴ്ചപ്പാടോടെ തന്റെ ചുറ്റുപാടുകളെ സസൂക്ഷ്മം വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാ ചലനങ്ങളെയും സൂക്ഷ്മതയോടെ ഇ എം എസ് വിലയിരുത്തി. ഈ വിലയിരുത്തലുകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ശുഷ്കാന്തി കാണിച്ചു. ഇത് കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഉണ്ടായിരുന്നില്ല. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് ഇ എം എസ്.
ജന്മിത്വം കൊടികുത്തിവാണ ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടാണ് ഇ എം എസ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1934 ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. സിപിഐ എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് സഖാവിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടുനീങ്ങിയത്.
ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം ഇ എം എസിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയായിരുന്നു. ഇത്തരത്തില്‍ ഒരു മന്ത്രിസഭ നയിച്ച അനുഭവം കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ പ്രതിസന്ധിയെ വിജയകരമായി അതിജീവിച്ച് മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃത്വം നല്‍കി. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തി എടുക്കുന്നതില്‍ ഇ എം എസ് എന്നും ജാഗ്രത കാണിച്ചു. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചത്.
സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ ഇ എം എസ് നല്‍കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മിക്കപ്പെടും. ഇത്തരം ഇടപെടലുകളാണ് തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും സംസ്കാരത്തിലും കേരളത്തില്‍ സ്ഥാനം നല്‍കുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നത്. കേരള ചരിത്രത്തെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്ന തരത്തില്‍ നാമകരണംചെയ്ത് കേരളത്തിന്റെ ഫ്യൂഡല്‍ഘടനയുടെ സവിശേഷതയെ വ്യക്തമാക്കുന്നതിനും ഇ എം എസിനു കഴിഞ്ഞു. ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യംചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കുംവേണ്ടി നിലയുറപ്പിച്ചു. മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരികചരിത്ര പഠനത്തിന്റെയും പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകണ്ടതുമില്ല. മലയാളഭാഷയെ കാലത്തിന്റെ മുന്നോട്ടുപോക്കിനുസരിച്ച് നവീകരിക്കുന്നതിനും ഒപ്പം അതിനെ വക്രീകരിക്കുന്നതിനെതിരെയും നിലപാടെടുത്തു. മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഐക്യമെന്ന ആശയം ഇ എം എസിന്റെ പ്രധാനപ്പെട്ട കാഴ്ചപ്പാടായിരുന്നു. മാര്‍ ഗ്രിഗോറിയോസും ഇ എം എസും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംവാദം ഇന്നും നമുക്ക് വഴികാട്ടിയാണ്.
കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന നല്‍കിയ ഇ എം എസ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരമായ രീതിക്കുവേണ്ടി നിലകൊണ്ടു. വര്‍ത്തമാനകാലത്ത് ഈ കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്. ഇ എം എസിന്റെ ചരമദിനം ആചരിക്കുന്ന ഈ ഘട്ടത്തില്‍ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നതോടെ രാജ്യം ഇന്നേവരെ കാണാത്ത വിലക്കയറ്റം സൃഷ്ടിക്കപ്പെട്ടു. കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഊഹക്കച്ചവടവും അവധിവ്യാപാരവും അനുവദിച്ചതാണ് ഇത്തരം സ്ഥിതിവിശേഷത്തിന് പ്രധാന കാരണം. കാര്‍ഷികമേഖലയില്‍ സബ്്സിഡികള്‍ നല്‍കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പടിപടിയായി പിന്മാറുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. ഇത്തരം നയത്തിന്റെ ഫലമായി മൂന്നുലക്ഷത്തോളം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യചെയ്തു. പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കുന്ന നയവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ജനങ്ങളെ എപിഎല്‍- ബിപിഎല്‍ എന്ന് തരംതിരിച്ച് സാര്‍വത്രിക റേഷന്‍സംവിധാനം അവസാനിപ്പിച്ചു. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ 75 ശതമാനത്തോളം കാര്‍ഡുകള്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവയാണ്. കേരളത്തിലെ ദരിദ്രരുടെ എണ്ണം 62 ലക്ഷത്തില്‍നിന്ന് 24 ലക്ഷമായി കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖ താഴ്ത്തിവരച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ റേഷന്‍ ആനുകൂല്യങ്ങളില്‍നിന്ന് പുറത്താക്കുന്ന നടപടിയുടെ ഭാഗമാണിത്. രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുമെന്നു പറഞ്ഞാണ് ഭക്ഷ്യസുരക്ഷാനിയമം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍, ഈ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നഗരങ്ങളിലെ 50 ശതമാനം ജനങ്ങള്‍ക്കും ഗ്രാമങ്ങളിലെ 25 ശതമാനം ജനങ്ങള്‍ക്കും ലഭിക്കില്ല. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ എന്നത് ഈ ബില്ലുകൊണ്ട് ഉണ്ടാകില്ലെന്നര്‍ഥം. ഇപ്പോള്‍ ബിപിഎല്‍ കുടുംബത്തിന് 35 കിലോഗ്രാമിന് അര്‍ഹതയുണ്ട്. അത് 10 കിലോഗ്രാം കുറച്ച് അഞ്ചംഗ കുടുംബത്തിന് 25 കിലോഗ്രാം മാത്രമാക്കും. അംഗങ്ങള്‍ കുറവാണെങ്കില്‍ കുടുംബത്തിന്റെ വിഹിതം ഇനിയും കുറയും. വിദേശ കുത്തകകളെ ചില്ലറവ്യാപാരമേഖലയിലേക്ക് കൊണ്ടുവരുന്ന നടപടികള്‍ ഇത്തരം സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കും. ഇതോടെ രാജ്യത്തിന്റെ കമ്പോളം ബഹുരാഷ്ട്ര കമ്പനികളുടെ കൈവശമാകും. നാലുകോടിയോളം ജനങ്ങള്‍ക്ക് തൊഴിലവസരം നല്‍കുന്ന ചില്ലറവ്യാപാരമേഖല പ്രതിസന്ധിയിലാകുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ ഏറ്റവും വലിയ സ്വയംതൊഴില്‍മേഖല തകരുകയുംചെയ്യും.
രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് ഉറച്ച അടിത്തറയായി നില്‍ക്കുന്നവയാണ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുക എന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. ബാങ്കിങ്- ഇന്‍ഷുറന്‍സ് മേഖലകളിലും കോര്‍പറേറ്റുകളെ കൊണ്ടുവരുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധി വികസിത മുതലാളിത്ത രാഷ്ട്രങ്ങളെ ശക്തമായി ബാധിച്ചപ്പോള്‍ ഇന്ത്യയില്‍ അത് രൂക്ഷമാകാതിരുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തമായ ശൃംഖല ഇവിടെ നിലനിന്നതുകൊണ്ടാണ്. ഈ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത അഴിമതിയാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതി ഈ കാലയളവില്‍ ഉണ്ടായി. എല്ലാ മേഖലയെയും സ്വകാര്യവല്‍ക്കരിക്കുന്ന ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി തരംഗങ്ങളും ധാതുലവണങ്ങളും ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളാണ് ഇത്തരം സ്ഥിതിവിശേഷം ഉണ്ടാക്കിയത്. രാജ്യത്തെ പൊതുസ്വത്ത് കൊള്ളയടിക്കുന്ന ഇത്തരം ഇടപാടുകള്‍ക്ക് മാധ്യമമേഖലയില്‍പ്പെട്ട ചിലരും കൂട്ടുനിന്നു എന്നത് ആപല്‍ക്കരമായ സൂചനയാണ്.
എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതിപോലും അട്ടിമറിക്കപ്പെടുന്നു. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാരിന്റെ നിക്ഷേപവും വെട്ടിക്കുറയ്ക്കുന്ന അവസ്ഥ സ്ഥിതിഗതികളെ രൂക്ഷമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ ഇന്ത്യയിലെ തൊഴിലാളികള്‍ ആകമാനം അസംതൃപ്തരാണ്. അതിന്റെ ഫലമായാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി രണ്ടുദിവസം നീണ്ട പണിമുടക്ക് രാജ്യവ്യാപകമായി സംഘടിപ്പിച്ചത്. ലോകപ്രസിദ്ധമായ ഇന്ത്യയുടെ വിദേശനയവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യത്തിനായി തിരുത്തി. ഇന്ത്യയിലെ ഊര്‍ജക്ഷാമത്തിന് പരിഹാരമാകുമായിരുന്ന ഇറാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിപോലും അട്ടിമറിക്കപ്പെട്ടത് അമേരിക്കന്‍ പാദസേവയുടെ ഫലമായാണ്. കോണ്‍ഗ്രസ് തുടരുന്ന ഇതേ സാമ്പത്തികനയങ്ങളാണ് ബിജെപിക്കുമുള്ളത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കുന്നതിനുള്ള ബില്ലില്‍ ബിജെപിയും കോണ്‍ഗ്രസും യോജിച്ചുനിന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ്.
ആഗോളവര്‍ക്കരണനയങ്ങള്‍ പിന്തുടരുമ്പോള്‍ത്തന്നെ ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടംകൊയ്യാനുള്ള വര്‍ഗീയ അജന്‍ഡയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിലെ ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസാല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ടിയാണ് ബിജെപി. ഗുജറാത്ത് വംശഹത്യയുടെ നേതാവ് മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കടന്നുവന്നതും ഇതിന്റെ ഫലമായാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ അംഗീകരിക്കാത്ത സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമായ ഒന്നാണ്. ഇത്തരം ദുരന്തങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഒരു രാഷ്ട്രീയശക്തി രൂപപ്പെടേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരായും വര്‍ഗീയതയ്ക്കെതിരായും ഫെഡറലിസം സംരക്ഷിക്കുന്നതിനും 11 രാഷ്ട്രീയ പാര്‍ടികള്‍ ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ രൂപീകരിച്ച കൂട്ടായ്മ ഈ ദിശയിലേക്കുള്ള സുപ്രധാനമായ കാല്‍വയ്പാണ്. രാജ്യത്തെ മുന്നൂറോളം സീറ്റുകളില്‍ ശക്തമായ സാന്നിധ്യമായി ഈ കൂട്ടുകെട്ടുണ്ട്. പ്രാദേശികമായി ചില ഭിന്നതകള്‍ ഉണ്ടെങ്കിലും അഖിലേന്ത്യാതലത്തില്‍ യോജിച്ച് ഈ കൂട്ടായ്മ മുന്നോട്ടുപോവുകയാണ്.
ആഗോളവല്‍ക്കരണത്തിന് ബദല്‍നയങ്ങള്‍ ഉയര്‍ത്തുന്ന തരത്തില്‍ ഇത്തരം കൂട്ടുകെട്ടിനെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ധിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണനയങ്ങളെ പ്രതിരോധിച്ച് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എടുത്ത നിലപാടുകളായിരുന്നു ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്തിയത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നതും ഇടതുപക്ഷമാണ്. ജനപക്ഷത്തുനിന്നുള്ള ഇത്തരം ഇടപെടല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിപ്പെടണമെങ്കില്‍ ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ അംഗസംഖ്യ വര്‍ധിക്കേണ്ടതുണ്ട്. അതിന് വലിയ സംഭാവനചെയ്യാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതിന് ഉതകുന്ന വിധം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കേണ്ടതുണ്ട്. ഇത്തരം ഒരു ബദല്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം ഇ എം എസ് നമ്മെ എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതിനായുള്ള പോരാട്ടത്തില്‍ ഇ എം എസിന്റെ സ്മരണ നമുക്ക് കരുത്തുപകരും.
***