സ.ചടയനെ സ്മരിക്കുമ്പോള്‍
സ.ചടയനെ സ്മരിക്കുമ്പോള്‍
സഖാവ് ചടയന്‍ ഗോവിന്ദനെപ്പോലെ അനാദൃശരായ നേതാക്കളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടിത്തറയിലാണ് കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനം വളര്‍ന്നതും വലുതായതും മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ജനപിന്തുണയാര്‍ജിച്ചതും. സ. ചടയന്‍ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷമാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് നമുക്കാകെ മാതൃകയാകുന്ന ത്യാഗപൂര്‍ണമായ ജീവിതമാണ് നയിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ നെയ്ത്തുതൊഴിലാളിയായ സഖാവ് ചെറുപ്പത്തില്‍ത്തന്നെ പഴയചിറയ്ക്കല്‍ താലൂക്കില്‍ നെയ്ത്തുതൊഴിലാളികളുടെ പ്രസ്ഥാനം സംഘടിപ്പിച്ചു. പൊലീസ്-ഗുണ്ടാ തേര്‍വാഴ്ചയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ ചടയന്‍ മുന്നില്‍നിന്നു. 1948ല്‍ കമ്പില്‍ അങ്ങാടിയില്‍ വളന്റിയര്‍മാരെ സംഘടിപ്പിച്ച് ഗുണ്ടകളെ നേരിടാന്‍ പാര്‍ടി തീരുമാനിച്ചപ്പോള്‍ മുന്‍നിരയിലുണ്ടായിരുന്നു.
പാര്‍ടി നിരോധിക്കപ്പെട്ട ഘട്ടത്തില്‍ കയരളം പൊലീസ് ക്യാമ്പില്‍ ചടയന് ഏല്‍ക്കേണ്ടിവന്ന മര്‍ദനം അതിഭീകരമായിരുന്നു. പൂര്‍ണനഗ്നനാക്കി ദിവസങ്ങളോളം സഖാവിനെ മര്‍ദിച്ചു. മൂത്രദ്വാരത്തില്‍ പച്ചഈര്‍ക്കില്‍ കയറ്റുന്നതടക്കമുള്ള ഭയാനകമായ മര്‍ദനമുറകള്‍ക്കിരയായി. ചടയന്‍ മരിച്ചെന്ന വാര്‍ത്തപോലും ഇക്കാലത്ത് പരന്നു. 1970കളില്‍ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പൊലീസ്- ഗുണ്ടാ മര്‍ദനമുണ്ടായപ്പോള്‍ അതിനെ ചെറുത്തുനില്‍ക്കുന്നതിലും നേതൃപരമായ പങ്ക് സഖാവ് നിര്‍വഹിച്ചു. ചേലേരിയിലെ അനന്തന്‍നമ്പ്യാര്‍ പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്ത വളന്റിയര്‍മാരുടെ കൂട്ടത്തില്‍ ചടയനുമുണ്ടായിരുന്നു. കൊടുങ്കാട്ടില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായപ്പോഴും ചടയനെ എംഎസ്പിക്കാര്‍ പൈശാചികമായി മര്‍ദിച്ചു. മറ്റൊരു ഘട്ടത്തില്‍ ചടയന്റെ വീട് എംഎസ്പിക്കാരും ഗുണ്ടകളും ചേര്‍ന്ന് നശിപ്പിച്ചു. തുടര്‍ന്ന് വീരാജ്പേട്ടയിലേക്ക് നാടുവിട്ട സഖാവ് അവിടെ മൂന്നുമാസത്തോളം കട്ടനിര്‍മാണത്തൊഴിലാളിയായി പ്രവര്‍ത്തിച്ചു.
1948ല്‍ പാര്‍ടി സെല്ലില്‍ അംഗമായി. 1952ല്‍ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി അംഗം. 1962ല്‍ ഫര്‍ക്കാ കമ്മിറ്റി സെക്രട്ടറി. 1964ല്‍ സിപിഐ എം നിലവില്‍ വന്നപ്പോള്‍ ജില്ലാകമ്മിറ്റി അംഗം. 1979ല്‍ ജില്ലാ സെക്രട്ടറിയായി. 1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും 1996 മെയ്മുതല്‍ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംഘടനാപരമായി പാര്‍ടി കടുത്ത വെല്ലുവിളികള്‍ നേരിട്ട ഘട്ടത്തിലാണ് ചടയന്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചത്. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എംഎല്‍എ എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തനം ആരംഭിച്ച സഖാവ് മരിക്കുമ്പോള്‍ സംസ്ഥാന കൈത്തറിത്തൊഴിലാളി കൗണ്‍സില്‍ പ്രസിഡന്റായിരുന്നു.
എളിയതും ദുസ്സഹവുമായ ജീവിതസാഹചര്യത്തില്‍നിന്ന് ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയരാന്‍ ചടയന് കഴിഞ്ഞു. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രത്തിലുള്ള അചഞ്ചലമായ വിശ്വാസവും അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള കൂറും ത്യാഗസന്നദ്ധതയും ഏതു പ്രതിസന്ധിഘട്ടത്തിലും ചടയന്‍ മുറുകെപ്പിടിച്ചു. എല്ലാം പാര്‍ടി താല്‍പ്പര്യത്തിന് കീഴ്പ്പെടുത്തുന്ന മാതൃകാപരമായ കമ്യൂണിസ്റ്റ് ജീവിതശൈലിയുടെ പ്രതീകമായിരുന്നു ചടയന്റെ ജീവിതം.
പ്രാദേശികമായ ചെറുപ്രശ്നങ്ങളിലടക്കം സൂക്ഷ്മതയോടെ ഇടപെടുക മാത്രമല്ല, ലോക രാഷ്ട്രീയത്തിലെ ചലനങ്ങളെ മനസ്സിലാക്കാനും അതിനുസരിച്ച് പ്രതികരണങ്ങള്‍ രൂപപ്പെടുത്താനും ശ്രദ്ധാലുവായിരുന്നു സ. ചടയന്‍. ഈവര്‍ഷം സഖാവിന്റെ സ്മരണ പുതുക്കുമ്പോള്‍, മുതലാളിത്തത്തെ സംബന്ധിച്ച് മാര്‍ക്സ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തി വര്‍ധിക്കുന്ന സാഹചര്യമാണ് ലോകത്തെമ്പാടും കാണുന്നത്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ ആഘാതങ്ങള്‍ വിവിധരൂപങ്ങളില്‍ തുടരുകയാണ്. ലോകജനതയ്ക്കാകമാനം ദുരിതംവിതച്ച സാമ്പത്തികനയങ്ങള്‍ അതേപോലെ നടപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ പരിശ്രമിച്ചത്. ജീവിതദുരിതം ആളിക്കത്തിച്ച ഇത്തരം സാമ്പത്തികനയങ്ങള്‍ കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കനത്ത പരാജയത്തിന് വഴിവച്ചത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ബിജെപിയാകട്ടെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അതേ സാമ്പത്തികനയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുന്നു. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ തീക്ഷ്ണമായി. സ്വകാര്യവല്‍ക്കരണ അജന്‍ഡ മോഡി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നു. പ്രതിരോധമേഖലയിലെ സ്വകാര്യവല്‍ക്കരണം, റെയില്‍വേയില്‍ വിദേശശക്തികളെ കൊണ്ടുവരാനുള്ള നീക്കം തുടങ്ങിയവ ഇതാണ് കാണിക്കുന്നത്.
ഫാസിസ്റ്റ് കാഴ്ചപ്പാടുള്ള ആര്‍എസ്എസ് നയിക്കുന്ന ബിജെപി രാജ്യം നേടിയ ഗുണപരമായ നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് നേതൃത്വം നല്‍കുന്നത്. 370-ാം വകുപ്പ് റദ്ദാക്കാനുള്ള നീക്കം, പ്രാദേശികഭാഷകളെ തകര്‍ക്കുന്ന നിലപാടുകള്‍, ആസൂത്രണ കമീഷനെ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയവ അതാണ് കാണിക്കുന്നത്. ഇതോടൊപ്പം, വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളും തുടരുന്നു. ആഗോളവല്‍ക്കരണനയങ്ങളെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ലക്ഷ്യമാക്കി നടപ്പാക്കുകയും രാജ്യത്തിന്റെ മതേതരത്വവും ഐക്യവും തകര്‍ക്കുകയും ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് കേന്ദ്രത്തിന്റേതില്‍നിന്ന് വ്യത്യസ്തമായ വഴികളില്ല. നവ ഉദാരവല്‍ക്കരണനയം അതിതീവ്രമായി കേരളത്തിലും നടപ്പാക്കുകയാണ്. വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ച് മുന്നേറുന്നു. വൈദ്യുതി ചാര്‍ജ്, ബസ് ചാര്‍ജ്, പാല്‍വില തുടങ്ങിയവയെല്ലാം സര്‍ക്കാര്‍തന്നെ വര്‍ധിപ്പിക്കുന്നു. പൊതുവിതരണസമ്പ്രദായം തകര്‍ത്ത് വിലക്കയറ്റം രൂക്ഷമാക്കുന്നു. നീതിപീഠങ്ങളാലും ജനങ്ങളാലും തിരസ്കരിക്കപ്പെട്ട ഭരണനേതൃത്വമാണ് ഇന്ന് കേരളത്തിലുള്ളത്. ഹയര്‍ സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച കേസിലെ വിധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ധാര്‍മികമായി നിലനില്‍ക്കാന്‍ അവകാശമില്ലാതാക്കി.
ഉമ്മന്‍ചാണ്ടി കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിലെ പരിസരമലിനീകരണം ഒഴിവാക്കാനെന്ന പേരില്‍, ആവശ്യമായ പഠനമോ വിദഗ്ധോപദേശമോ ഇല്ലാതെ ഒരുപദ്ധതി അംഗീകരിച്ചു. സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിവച്ച പദ്ധതിയാണ് അത്. അതുസംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ വന്ന കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ മേല്‍ അന്വേഷണം നടത്താന്‍ വിധിച്ചു. ഉമ്മന്‍ചാണ്ടിയും രണ്ടു മന്ത്രിമാരും അധികാരത്തില്‍ തുടരാന്‍ അനര്‍ഹരെന്ന് ഈ കോടതി നടപടിയിലും വ്യക്തമായി.കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഇറക്കുമതിക്ക് ക്രമരഹിതമായി അനുമതി നല്‍കിയെന്നതാണ് പാമൊലിന്‍ കേസ്. അതുസംബന്ധിച്ച ഉമ്മന്‍ചാണ്ടിയുടെയും മറ്റും മേലുള്ള കേസ് പിന്‍വലിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് പ്രതിപക്ഷനേതാവ് വി എസ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കെ സുപ്രീംകോടതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യംചെയ്തു. ആ പരാമര്‍ശവും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായി തുടരുന്നതിന് അനര്‍ഹനാക്കുന്നു.
ബാര്‍ ലൈസന്‍സ് പ്രശ്നത്തിലെ നടപടികള്‍ മദ്യലഭ്യത കുറയ്ക്കാനല്ല, ചിലരുടെ ഇമേജ് സംരക്ഷണത്തിനും പണക്കണക്കുവച്ചുമാണ്. അതുമായി ബന്ധപ്പെട്ടു വന്ന ചില വെളിപ്പെടുത്തലുകള്‍ സാമ്പത്തിക ഇടപാടുകളിലേക്ക് വെളിച്ചംവീശുന്നതാണ്. ചുരുക്കത്തില്‍, ഒരു പ്രശ്നത്തിലും ഒട്ടും ധാര്‍മികത ഇല്ലാത്ത ഒരു മുഖ്യമന്ത്രിയും സഹമന്ത്രിമാരും നയിക്കുന്ന ഒന്നായി യുഡിഎഫ് സര്‍ക്കാര്‍ അധഃപതിച്ചു. മന്ത്രിസഭയുടെ രാജിയില്‍ കുറഞ്ഞ ഒന്നും ജനങ്ങളെ തൃപ്തിപ്പെടുത്താത്ത അവസ്ഥ നിലനില്‍ക്കുന്നു. ഈ ഘട്ടത്തില്‍, ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിനും കോടതികളെ അംഗീകരിക്കുന്നതിനും പകരം എതിര്‍പ്പുകളെ നേരിടാന്‍ അടിച്ചമര്‍ത്തല്‍ നടപടിക്കും കരിനിയമപ്രയോഗത്തിനുമൊരുങ്ങുകയാണ് സര്‍ക്കാര്‍. ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങളെയാകെ മുഷ്കുകൊണ്ട് നേരിടുന്നു. കണ്ണൂരിലെ ഒരു കൊലപാതകക്കേസില്‍, നിയമത്തിന്റെയോ സാഹചര്യങ്ങളുടെയോ പിന്തുണയില്ലാതെ തന്നെ, യുഎപിഎ എന്ന കരിനിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തതും അതിന്റെ മറവില്‍ കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതും, സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യംവച്ചുള്ള ജനാധിപത്യവിരുദ്ധ-നിയമവിരുദ്ധരീതികളെയും ചില വിധേയത്വങ്ങളെയുമാണ് കാണിക്കുന്നത്.ജനപിന്തുണ നഷ്ടപ്പെട്ട, മുഖം വികൃതമായ യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഉയരേണ്ട ഘട്ടമാണ് ഇത്. സഖാവ് ചടയന്റെ ഓര്‍മകള്‍, ഈ സമരസംഘാടനത്തിനും ജനകീയമുന്നേറ്റത്തിനും ഊര്‍ജസ്രോതസ്സായി നിലകൊള്ളുന്നു.
***