സ. അഴീക്കോടന്റെ സ്മരണ


സഖാവ് അഴീക്കോടന്‍ രാഘവന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 42 വര്‍ഷം തികയുന്നു. 1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ അഴീക്കോടന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന ഘട്ടത്തിലാണ് മാര്‍ക്സിസ്റ്റുവിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് സഖാവ് ഇരയായത്. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച കമ്യൂണിസ്റ്റുമായിരുന്നു അഴീക്കോടന്‍. തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം, രാത്രിയുടെ മറവില്‍ സഖാവിനെ അരുംകൊല ചെയ്യുകയായിരുന്നു. ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ നടത്തിയ ആ ക്രൂരകൃത്യം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും പ്രബുദ്ധകേരളത്തിനും ഒരിക്കലും മറക്കാനാകില്ല.

കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറിലെ തൊഴിലാളികുടുംബത്തിലാണ് അഴീക്കോടന്‍ ജനിച്ചത്. അഞ്ചാംക്ലാസുവരെ വിദ്യാഭ്യാസം നേടാനേ കഴിഞ്ഞുള്ളൂ. ആധാരമെഴുത്തുകാരനായിരുന്നു അച്ഛന്‍. ചുമട്ടുതൊഴിലാളികളായ അമ്മാവന്മാരുടെ സംരക്ഷണയിലാണ് അച്ഛന്റെ മരണശേഷം അഴീക്കോടന്‍ വളര്‍ന്നത്. പിന്നീട് സൈക്കിള്‍- പെട്രോമാക്സ്- ബീഡിഷാപ്പിലെ ജീവനക്കാരനായി; ബീഡി തെറുപ്പുകാരനായി. ബീഡിത്തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനത്തിലും സജീവമായി. പിന്നീട് യൂണിയന്റെ സെക്രട്ടറിയായി.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അഴീക്കോടനെ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി വളര്‍ത്തിയെടുക്കുന്നതില്‍ സ. പി കൃഷ്ണപിള്ള സുപ്രധാന പങ്ക് വഹിച്ചു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1951ല്‍ കോഴിക്കോട്ട് ചേര്‍ന്ന മലബാര്‍ പാര്‍ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ മലബാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയായി. 1956ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1959ല്‍ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 64ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. 1967ല്‍ ഐക്യമുന്നണി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി. 1969ല്‍ ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയര്‍മാനായി.

അഴീക്കോടന്‍ രാഘവന് നിരവധിതവണ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1948ല്‍ അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമായ മര്‍ദനത്തിന് ഇരയാവുകയുംചെയ്തു. 1950ലും 1962ലും 1964ലും അദ്ദേഹത്തെ ജയിലിലടച്ചു. സൗമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗികനടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്.

കമ്യൂണിസ്റ്റുവിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായിരുന്നു. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ഇത്തരം കുപ്രചാരണങ്ങള്‍. പാര്‍ടിശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും അത് തുടര്‍ന്നു. രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം പുറത്തുവന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്നു തുറന്നുപറയാന്‍, പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല. ശത്രുക്കളുടെ കടന്നാക്രമണങ്ങളെ നെഞ്ചൂക്കോടെ നേരിടാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വറ്റാത്ത ഊര്‍ജം പകരുന്നതാണ് അഴീക്കോടന്റെ ജീവിതാനുഭവങ്ങള്‍.

സഖാവ് അഴീക്കോടന്‍ ഉയര്‍ത്തിപ്പിടിച്ച ലോകവീക്ഷണത്തിന് അനുദിനം പ്രസക്തി വര്‍ധിക്കുന്ന ഘട്ടമാണിന്ന്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും അമേരിക്ക അധിനിവേശത്തിന്റെ രക്തരൂക്ഷിതമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു. ഇറാഖില്‍ വീണ്ടും രക്തച്ചൊരിച്ചിലിന് വഴിവയ്ക്കുന്നത് അമേരിക്കന്‍ ഇടപെടലാണ് എന്ന് ആ രാജ്യത്തുനിന്നുതന്നെ അഭിപ്രായമുയര്‍ന്നു. ഗാസയില്‍ മനുഷ്യക്കുരുതി നടത്തിയ ഇസ്രയേലി ഭീകരതയുടെ ഊര്‍ജവും അമേരിക്കതന്നെ. ലോകസമാധാനത്തിന് ഇങ്ങനെ ഭീഷണി ഉയരുമ്പോള്‍, ഇന്ത്യയില്‍ യുപിഎയില്‍നിന്ന് അധികാരമേറ്റെടുത്ത എന്‍ഡിഎ സര്‍ക്കാര്‍ വര്‍ഗീയ ഭീകരതയുടെയും ഫാസിസത്തിന്റെയും വഴിയിലാണ്. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ കാവിവല്‍ക്കരണത്തിന് തുടക്കമിട്ടുകഴിഞ്ഞു. പ്ലാനിങ് കമീഷനെപ്പോലും ഇല്ലാതാക്കി ആഗോളവല്‍ക്കരണത്തിന്റെ തീവ്രപരീക്ഷണങ്ങള്‍ക്കാണ് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്നത്. യുപിഎ ഭരണത്തിന്റെ ദുരന്തത്തില്‍നിന്ന് പുറത്തുചാടാനുള്ള ആദ്യ അവസരമെന്ന നിലയിലാണ് എന്‍ഡിഎയ്ക്ക് അധികാരം നല്‍കാന്‍ വോട്ടര്‍മാര്‍ തയ്യാറായത് എന്ന വസ്തുത തെളിയിക്കുന്നതാണ് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍.

യുപിഎയുടെ രണ്ടാംപതിപ്പായ എന്‍ഡിഎയെ ഭരണത്തുടക്കത്തില്‍തന്നെ ജനങ്ങള്‍ കൈയൊഴിയുകയാണ്. ജനദ്രോഹനയങ്ങള്‍ പിന്തുടരുന്ന ഏതു സര്‍ക്കാരിനും ജനങ്ങളില്‍നിന്ന് തിരിച്ചടിയുണ്ടാകും എന്നാണ് ഇത് തെളിയിക്കുന്നത്.കേരളത്തില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് നീങ്ങുന്നത് ഇന്നുവരെ സംസ്ഥാനം ആര്‍ജിച്ച എല്ലാ നേട്ടങ്ങളും തകര്‍ത്തുകൊണ്ടാണ്. അഴിമതിയുടെയും അരാജകത്വത്തിന്റെയും ഭരണമില്ലായ്മയുടെയും നാളുകളാണ് ഇന്ന് കേരളത്തില്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ എണ്‍പതിലേറെ കര്‍ഷകര്‍ കാര്‍ഷികത്തകര്‍ച്ചയുടെ ആഘാതത്തില്‍ ആത്മഹത്യചെയ്തു. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളില്‍ സര്‍ക്കാര്‍ വ്യാപൃതമായി. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെഎസ്ആര്‍ടിസി തകര്‍ച്ച നേരിടുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭകരമായി നടത്തിയ സ്ഥാപനങ്ങള്‍ തിരിഞ്ഞുസഞ്ചരിക്കുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്ന സ്ഥാപനത്തെ തകര്‍ക്കുംവിധം അഴിമതി പദ്ധതി രൂപപ്പെടുത്തുന്നതില്‍ ഉമ്മന്‍ചാണ്ടിക്കുതന്നെ പങ്കാളിത്തമുണ്ടെന്ന് നീതിപീഠത്തിനുമുന്നില്‍ വ്യക്തമായി.

ഓണത്തിനുപോലും ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്തില്ല. പാവപ്പെട്ട രോഗികള്‍ക്ക് നല്‍കിവന്ന തുച്ഛമായ സഹായത്തില്‍പോലും കൈയിട്ടുവാരിയ സര്‍ക്കാരിന്റെ ചിത്രം ദയനീയമാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനോ വിപണിയില്‍ ഇടപെടുന്നതിനോ സര്‍ക്കാരിന് താല്‍പ്പര്യമില്ല. രണ്ടുതവണ വൈദ്യുതിചാര്‍ജില്‍ 40 ശതമാനത്തിന്റെ വര്‍ധന വരുത്തിയിട്ടും വൈദ്യുതിമേഖല ഇരുട്ടില്‍തന്നെ. പൊതുവിദ്യാഭ്യാസ മേഖലയില്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങളാണ് അരങ്ങുവാഴുന്നത്. ഉന്നത വിദ്യാഭ്യാസം കച്ചവടത്തിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍ക്കായി വിട്ടുകൊടുത്തു. സര്‍വകലാശാലകളുടെ സ്വയംഭരണവും ജനാധിപത്യ അവകാശങ്ങളും തകര്‍ത്ത് അയോഗ്യരായ പാര്‍ശ്വവര്‍ത്തികളെ അവരോധിക്കുന്നതില്‍ ഭരണമുന്നണിയിലെ പ്രമുഖകക്ഷികള്‍ മത്സരിക്കുന്നു. ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ മരുന്നോ ഇല്ല. അധികാരവികേന്ദ്രീകരണം എന്നത്തെയുംപോലെ തകര്‍ക്കുകയാണ് യുഡിഎഫ്. തദ്ദേശവകുപ്പ് മൂന്നായി വെട്ടിമുറിച്ചതിന്റെ ഭാഗമായി ആ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ക്രമസമാധാനം തകര്‍ന്നു. ജാതിമത ശക്തികളുടെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണില്ലാതായി. വര്‍ഗീയ ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. അവരുടെ താളത്തിന് പൊലീസ് സേന പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഇതിനെല്ലാം പുറമെയാണ് ബജറ്റില്‍ അവതരിപ്പിക്കാതെ, നിയമസഭയെ അറിയിക്കാതെ തോന്നിയ മട്ടില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന നികുതിഭാരം. സര്‍ക്കാര്‍ കണക്കുപ്രകാരം 2000 ത്തില്‍പരം കോടിയിലേറെ രൂപയാണ് പുതുതായി ജനങ്ങളില്‍നിന്ന് പിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് മൂവായിരത്തില്‍പ്പരം കോടി രൂപ വരും. സര്‍ക്കാരിന്റെ മൂശയിലിരിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി നടപ്പാകുമ്പോള്‍ ഏതാണ്ട് 4000 കോടി രൂപയുടെ ഭാരമാണ് അടിച്ചേല്‍പ്പിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിന് നികുതി വര്‍ധിപ്പിക്കാനും കരം കൂട്ടാനും തീരുമാനങ്ങള്‍ എടുക്കാനും നിയമപരമായ അവകാശമുണ്ട്. എന്നാല്‍, നിയമസഭയെ അഭിമുഖീകരിക്കാതെയും സഭ പാസാക്കിയ വാര്‍ഷിക ബജറ്റിനെ അപ്രസക്തമാക്കിയും ഇത്ര വലിയൊരു നികുതിഭാരം മന്ത്രിസഭാ യോഗത്തിലൂടെ അടിച്ചേല്‍പ്പിച്ച പൂര്‍വകാല ചരിത്രം കേരളത്തില്‍ ഇല്ല. യുദ്ധകാലത്തോ ക്ഷാമകാലത്തോ മാത്രം സ്വീകരിക്കാന്‍ സര്‍ക്കാരിന് നല്‍കിയ സ്വാതന്ത്ര്യമാണ് ഇവിടെ ദുരുപയോഗപ്പെടുത്തുന്നത്.

2011-12 ല്‍ നിലവിലുള്ള ബജറ്റ് പുതുക്കിയപ്പോള്‍ 616 കോടി രൂപയുടെ അധികഭാരം അടിച്ചേല്‍പ്പിച്ചു. 2012-13 ല്‍ 1512 കോടി രൂപയും 2013-14 ല്‍ 1401 കോടി രൂപയും ആയിരുന്നു അധിക വിഭവ സമാഹരണം. 2014 ലെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 1399 കോടി രൂപയുടെ അധിക ഭാരം ചുമത്തി. ഈ ബജറ്റ് പാസാക്കി മൂന്ന് മാസം കഴിയുമ്പോള്‍ മദ്യത്തില്‍നിന്നും 1230 കോടിയും സിഗരറ്റില്‍നിന്നും 264 കോടി രൂപയും ഭൂനികുതിയില്‍നിന്നും 78 കോടിയും വിവിധ സേവനങ്ങളുടെ നിരക്കു വര്‍ധനയില്‍ 369 കോടി രൂപയും ആണ് അധികമായി പിരിക്കുന്നത്. രജിസ്ട്രേഷന്‍ ഫീസിന്റെ വര്‍ധനയുടെ ഭാരം അറിയില്ല. ഇനിയും അധികവിഭവ സമാഹരണത്തിന് അണിയറനീക്കം നടക്കുകയാണ്. നാലു വര്‍ഷം തികയുന്നതിനു മുമ്പ് 7000 കോടി രൂപയുടെ അധികവരുമാനമാണ് ജനങ്ങളെ പിഴിഞ്ഞെടുക്കുന്നത്. വെള്ളക്കരം 60 ശതമാനമാണ് കൂട്ടിയത്. ഈ വകയില്‍ 200 കോടി രൂപയുടെ അധിക ബാധ്യതയാണ് അടിച്ചേല്‍പ്പിക്കുന്നത്. എന്നാല്‍, വന്‍കിടക്കാരില്‍നിന്ന് ഉള്‍പ്പെടെ 500 കോടി രൂപ കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാനുണ്ട്. ഇതിന്റെ പകുതിയെങ്കിലും തുക ജലഅതോറിറ്റി പിരിച്ചാല്‍ ഈ തീവെട്ടിക്കൊള്ള ഒഴിവാക്കാമായിരുന്നു. മദ്യനിരോധനത്തിന്റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധി എന്ന യുഡിഎഫിന്റെ വാദം പൊള്ളയാണ്. യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവരുമാനം കൂടുകയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ നാലുമാസം 600 കോടി രൂപ നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം 660 കോടി കിട്ടി.പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ആറുവര്‍ഷത്തിനുശേഷം ആദ്യമായി സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലായി. ഓണക്കാലത്തെ ക്ഷേമപെന്‍ഷനുകള്‍ക്കും മാവേലി സ്റ്റോറിനും നീതി സ്റ്റോറിനുപോലും പണംനല്‍കാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇതായിരുന്നു സ്ഥിതി. പദ്ധതി ചെലവ് ആഗസ്ത് അവസാനംവരെ 5.5 ശതമാനംമാത്രമാണ്. ഈ വര്‍ഷം അനുവദിച്ചിട്ടുള്ള 14,000 കോടി രൂപ വായ്പയില്‍ പകുതിയും എടുത്തുകഴിഞ്ഞു. ഇതാണ് സ്ഥിതിയെങ്കില്‍ പദ്ധതി എങ്ങനെ നടപ്പാക്കാനാണ്?

കരാറുകാര്‍ക്ക് 2600 കോടി കുടിശ്ശികയാണ്. നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ചു. ഇതിനൊക്കെ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും ബജറ്റിനു പുറത്തുള്ള ചെലവുകളും നികുതി പിരിക്കുന്നതിലെ വീഴ്ചയുമാണ്. ആ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കരുത്. അതിശക്തമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരണം.ആഗോളവല്‍ക്കരണനയങ്ങളെ കോണ്‍ഗ്രസും ബിജെപിയും പിന്തുണയ്ക്കുമ്പോള്‍ അതിനെതിരെ ജനപക്ഷത്തുനിന്ന് പൊരുതുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിനുനേരെ സംഘടിതമായ ആക്രമണമുണ്ടാകുന്നതിന്റെ ഹേതുവും അതുതന്നെ. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി വലതുപക്ഷത്തെ സഹായിക്കുകയാണ് വിപ്ലവകാരികളെന്ന് സ്വയം അഭിമാനിക്കുന്ന ഇടതുതീവ്രവാദികള്‍. അത്തരമാളുകളാണ്, സഖാവ് അഴീക്കോടന്റെ ജീവനില്‍ കത്തികയറ്റിയത്. അങ്ങനെയുള്ള കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ജനപക്ഷത്തുനിന്നുള്ള പോരാട്ടം ശക്തിപ്പെടുത്താനുമുള്ള മാര്‍ഗദീപമാണ് അഴീക്കോടന്റെ സ്മരണ.