മാലിന്യനിര്‍മാര്‍ജ്ജനം:ജനകീയപ്രസ്ഥാനം ഉയര്‍ന്നുവരണം

പിണറായി വിജയന്‍
 

കേരളം ഇന്നു നേരിടുന്ന പ്രധാനപ്പെട്ട ഒന്നായി മാലിന്യപ്രശ്നം മാറിയിട്ടുണ്ട്. നഗരങ്ങളിലാകട്ടെ ഇത് അതീവ ഗുരുതരവുമാണ്. ശുചീകരണം ക്രിയാത്മകമായി നടന്നെങ്കില്‍ മാത്രമേ കേരളത്തിലെ പല പ്രദേശങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ ടൂറിസംപോലുള്ള വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും മാലിന്യനിര്‍മാര്‍ജനം അനിവാര്യമാണ്.

സംസ്ഥാനത്ത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നമായി ശുചിത്വം മാറുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ ശുചിത്വയജ്ഞത്തിനായി ഒരു പരിപാടി തുടങ്ങിവച്ചത്. അന്ന് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന പ്രതിഭ പാട്ടീലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അതിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല എന്ന ദൗര്‍ബല്യം ഉണ്ടായി. ഈ പദ്ധതി വിജയപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ തുടര്‍ന്നുവന്ന സര്‍ക്കാര്‍ ശ്രമിച്ചതുമില്ല. യുഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിലപ്പുറം പ്രായോഗികപദ്ധതികള്‍ രൂപീകരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സ്ഥിതിയും നിലനില്‍ക്കുന്നു. മാലിന്യസംസ്കരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും സംഘര്‍ഷം സൃഷ്ടിക്കുന്ന സ്ഥിതിയും രൂപപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശുചിത്വത്തിനായി ഒരു പ്രസ്ഥാനം ആരംഭിക്കാന്‍ പാര്‍ടി മുന്‍കൈയെടുക്കുന്നത്. സിപിഐ എം ആണ് ഇതിന് മുന്‍കൈ എടുക്കുന്നതെങ്കിലും എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ബഹുജനപ്രസ്ഥാനമായി ഇതിനെ വളര്‍ത്തിയെടുക്കണം എന്നാണ് പാര്‍ടി ഉദ്ദേശിക്കുന്നത്. ജനങ്ങളെ വിവിധ അറകളാക്കി തിരിച്ച് മുന്നോട്ടുപോകുന്ന രീതിയാണ് ആധിപത്യശക്തികള്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനുപകരം ജനകീയപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ യോജിപ്പിച്ച് നിര്‍ത്തുക എന്ന ജനകീയരാഷ്ട്രീയത്തിന്റെ പ്രയോഗംകൂടിയാണ് ഈ നിലപാട്.

ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടി ഇത്തരത്തില്‍ ശക്തമായ ഇടപെടല്‍ പാര്‍ടി മുമ്പും നടത്തിയിട്ടുണ്ട്. കോളറ, വസൂരി പോലുള്ള രോഗങ്ങള്‍ ജനജീവിതത്തെ ദുസ്സഹമാക്കിയപ്പോള്‍ അതിനെതിരെ സജീവമായി കമ്യൂണിസ്റ്റുകാര്‍ രംഗത്തുവരികയുണ്ടായി. വികസനത്തിനായി ജനങ്ങള്‍ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം, കമ്യൂണിസ്റ്റ് പാര്‍ടി 1956 ജൂണില്‍ തൃശൂരില്‍ നടന്ന കേരള സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസനപരിപാടിയില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് വികസനകാര്യത്തില്‍ ജനങ്ങളെ യോജിപ്പിച്ച് അണിനിരത്തേണ്ടതിന്റെ പ്രാധാന്യം ഇ എം എസ് അടിവരയിടുകയുണ്ടായി.

വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ കേന്ദ്രീകൃതമായ ആസൂത്രണവും വികേന്ദ്രീകൃതമായ സംവിധാനവും പരസ്പരപൂരകമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും വന്‍കിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനതലത്തില്‍ത്തന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രീകൃത ആസൂത്രണത്തിന് വലിയ പ്രാധാന്യമുണ്ട്. അത്തരം വികസനപ്രവര്‍ത്തനം പരമപ്രധാനമാണ് താനും.

ചില മേഖലകളില്‍ വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള പ്രാധാന്യവും വലുതാണ്. കാരണം, പ്രാദേശിക പ്രത്യേകതകളെയും സാധ്യതകളെയും കണക്കിലെടുത്ത് പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് പ്രാദേശികതലത്തിലാണ് സാധ്യതകള്‍ നിലനില്‍ക്കുന്നത്. മാത്രമല്ല, പരസ്പരബന്ധങ്ങളെ കണക്കിലെടുത്ത് സമഗ്രമായ പരിപാടികള്‍ ഈ തലത്തില്‍ ക്രിയാത്മകമായി നടപ്പാക്കാനാകും. സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും സംഭാവനയിലൂടെയും മറ്റുമുള്ള പ്രാദേശിക വിഭവസമാഹരണത്തിന് വികേന്ദ്രീകൃതമായ പ്രവര്‍ത്തനം ഏറെ സഹായിക്കും.

മാലിന്യനിര്‍മാര്‍ജനംപോലുള്ള ജനങ്ങളുടെ ക്രിയാത്മകമായ പങ്കാളിത്തത്തോടെ നടത്തേണ്ട പ്രവര്‍ത്തനത്തിന് വികേന്ദ്രീകൃതമായ രീതി ഏറെ സഹായകമാകും. അതുകൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളുടെ തലത്തില്‍നിന്നുകൊണ്ട് ഇടപെടാനുള്ള സാധ്യത ഈ പ്രശ്നത്തിനുണ്ട്. അതേ അവസരത്തില്‍ സര്‍ക്കാര്‍ ഊന്നുന്ന കേന്ദ്രീകൃതമായ സംവിധാനങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് മറക്കാനും പാടില്ല.

മാലിന്യം കേന്ദ്രീകൃതമായ പ്ലാന്റുകളിലെത്തിച്ച് സംസ്കരിക്കുന്ന രീതി പൊതുവില്‍ പരാജയപ്പെട്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ പ്ലാന്റുകള്‍ ശരിയാംവണ്ണം പ്രവര്‍ത്തിപ്പിക്കാത്തതും മാലിന്യങ്ങള്‍ ഉറവിടത്തില്‍ വേര്‍തിരിക്കുന്നതില്‍ പരാജയപ്പെട്ടതും മൂലം ഈ കേന്ദ്രീകൃതസംവിധാനങ്ങള്‍ പരാജയപ്പെട്ടു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വികേന്ദ്രീകൃതമായി ഉറവിടത്തില്‍ത്തന്നെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സമീപനം കൈക്കൊള്ളുന്ന രീതിയാണ് കൂടുതല്‍ ഫലപ്രദമാകുക എന്ന് വ്യക്തമായിരിക്കുകയാണ്. ജൈവമാലിന്യത്തെ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ച് കമ്പോസ്റ്റോ ബയോഗ്യാസോ ആക്കി മാറ്റാനായിരിക്കും ഈ ക്യാമ്പയിനില്‍ ശ്രമിക്കുക. ഇത്തരത്തിലുള്ള പല മാതൃകകളും കേരളത്തിലെ വിവിധ മേഖലകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉറവിടത്തില്‍ത്തന്നെ മാലിന്യത്തെ നിര്‍മാര്‍ജനംചെയ്യുന്ന സമ്പ്രദായമാണ് ഇക്കാര്യത്തില്‍ ഏറെ പ്രായോഗികമായിട്ടുള്ളത്. മേല്‍പ്പറഞ്ഞ ഉറവിട മാലിന്യസംസ്കരണ സംവിധാനത്തിനുപുറമെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുവായ ജൈവമാലിന്യസംസ്കരണ സംവിധാനവും രൂപപ്പെടുത്തേണ്ടിവരും. ഇവയ്ക്ക് ഭീമന്‍ ബയോഗ്യാസ് പ്ലാന്റുകളടക്കം വ്യത്യസ്തമായ രീതികള്‍ അവലംബിക്കേണ്ടിയുംവരും. നഗരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യം ഗ്രാമങ്ങള്‍ താങ്ങേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ന്നുവരുന്ന വര്‍ത്തമാനകാലത്ത് ഇത്തരം മാതൃകകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

ജൈവമാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരായി ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുക മാത്രമല്ല, അതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടിവരും. ജനകീയകൂട്ടായ്മകള്‍ തെരുവുകളും തോടുകളും വൃത്തിയായി സൂക്ഷിക്കുക, സ്കൂളുകള്‍, ആശുപത്രികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുന്നതിന് പിടിഎ, ഹോസ്പിറ്റല്‍ എച്ച്ഡിസി തുടങ്ങിയവയെയോ അവിടെ പണിയെടുക്കുന്നവരെയോ പ്രേരിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുളള പ്രചാരണവും ബദല്‍ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനവും ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിക്കുക എന്നതും പ്രധാനമാണ്.

വലിയതോതില്‍ ജനങ്ങളെ അണിനിരത്തി നിലവിലുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പരിപാടികളും ഇതോടൊപ്പം നടപ്പാക്കേണ്ടിവരും. ഇന്നു കൂടിക്കിടക്കുന്നവ എവിടെയെങ്കിലും മറവുചെയ്യേണ്ടിവരും. പക്ഷേ, പുതുതായി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് വലിയ ക്യാമ്പയിനും വേണ്ടിവരും. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരില്‍നിന്ന് കര്‍ശനമായ പിഴയും ഈടാക്കണം. ആലപ്പുഴയിലെ അനുഭവം കാണിക്കുന്നത് മേല്‍പ്പറഞ്ഞ രീതിയിലുളള ഒരു സംയോജിതപരിപാടിയിലൂടെ ഒരുവര്‍ഷത്തിനുള്ളില്‍ നഗരം വൃത്തിയാക്കാമെന്നാണ്.

പൊതുവായ ചട്ടക്കൂട് ഇത്തരത്തില്‍ രൂപപ്പെടുത്തുമ്പോള്‍ത്തന്നെ ഓരോ പ്രദേശത്തിന്റെയും സ്ഥിതിഗതികള്‍ പഠിച്ച് മൂര്‍ത്തമായ ക്യാമ്പയിന് രൂപംനല്‍കാനും കഴിയണം. മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് വിവിധ തരത്തിലുള്ള മാതൃകകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. അത്തരം മാതൃകകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആലപ്പുഴയില്‍ ഉണ്ടായിട്ടുള്ളത്. വേങ്ങേരിയില്‍ നടപ്പാക്കപ്പെട്ട മോഡല്‍, വിവിധ നഗരസഭകള്‍ ഇക്കാര്യത്തില്‍ അവലംബിച്ച രീതി തുടങ്ങിയവയെല്ലാം മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനം മുന്നോട്ടുപോകുന്നതിനുള്ള കാല്‍വയ്പുകളാണ്. ചിലയിടങ്ങളില്‍ കേന്ദ്രീകൃത പ്ലാന്റുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. അവയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പദ്ധതിയും ക്യാമ്പയിന്റെ ഭാഗമായിരിക്കും. പക്ഷേ, ഇവിടങ്ങളിലേക്ക് എത്തുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ചുകൊണ്ടുവരണം എന്ന രീതി നിര്‍ബന്ധമാക്കുന്നതിനുള്ള സമീപനവും സ്വീകരിക്കേണ്ടിവരും. മാലിന്യനിര്‍മാര്‍ജനംപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഫലവത്തായിത്തീരണമെങ്കില്‍ നമ്മുടെ സമീപനങ്ങളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഇല്ലാതാക്കി ബദല്‍ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ്ങിന് ലഭ്യമാക്കാനും കഴിയണം.

മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും സംഘര്‍ഷത്തിനു കാരണമാകാറുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും അഭിപ്രായസമന്വയത്തിലൂടെയും മാത്രമേ ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിയൂ. അതിനുള്ള നേതൃപരമായ പങ്ക് സിപിഐ എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരെ ഈ ബഹുജനമുന്നേറ്റത്തിന്റെ ഭാഗമാക്കാന്‍ പാര്‍ടി ഊന്നല്‍ നല്‍കും. വിദ്യാര്‍ഥികളും യുവജനങ്ങളും ജീവനക്കാരും അധ്യാപകരും തൊഴിലാളികളും രംഗത്തിറങ്ങണം. റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളെ ഇതിനായി ഉപയോഗപ്പെടുത്താനാകണം. അവരവരുടെ പരിസരം ശുചിയായി പരിപാലിക്കും എന്ന ദൃഢനിശ്ചയത്തോടെ എല്ലാവരും രംഗത്തിറങ്ങിയാല്‍ മാലിന്യവിമുക്തമായ കേരളമെന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാനാകും.

പ്രകോപനപരമായി കാര്യങ്ങള്‍ ചെയ്യുന്നതിനുപകരം സമചിത്തതയോടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് കഴിയേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളെ ആകമാനം യോജിപ്പിച്ച് ഇത് നടപ്പാക്കാന്‍ സാധിക്കണം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മറ്റു ഘടക കക്ഷികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. മാത്രമല്ല, യുഡിഎഫുമായും ഇക്കാര്യത്തില്‍ യോജിച്ച് മുന്നോട്ടുപോകുന്നതിന് ഒരു മടിയും സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളമില്ല. ഇത്തരം പരിപാടികളുമായി യോജിക്കാന്‍ തയ്യാറുള്ള വ്യക്തികളുടെ പിന്തുണയും സഹകരണവും ഉറപ്പുവരുത്തി വമ്പിച്ച ബഹുജനപരിപാടിയായി ഇത് മാറ്റണം എന്നാണ് പാര്‍ടി ഉദ്ദേശിക്കുന്നത്.

ഓരോ രാഷ്ട്രീയ പാര്‍ടികള്‍ക്കും വ്യത്യസ്തമായ നയങ്ങളും പരിപാടികളും ഉണ്ടാകും. വര്‍ഗവിഭജിതമായ സമൂഹത്തില്‍ വിവിധ വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയപ്രയോഗത്തിനും കഴിയുന്നതല്ല. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയനയങ്ങളിലെ തര്‍ക്കങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അത് ജനാധിപത്യസമൂഹത്തില്‍ സ്വാഭാവികവുമാണ്. എന്നാല്‍, അത്തരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ പൊതുവായ വികസനപ്രശ്നങ്ങളില്‍ യോജിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അത്തരത്തില്‍ യോജിക്കാവുന്ന മേഖലകളില്‍ ഒന്നാണ് മാലിന്യനിര്‍മാര്‍ജനത്തിന്റേത്. ഇതിലൂടെ രൂപീകരിക്കപ്പെടുന്ന കൂട്ടായ്മ സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങളില്‍ യോജിച്ച് നില്‍ക്കുന്ന തരത്തിലേക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന്റെ തുടക്കമായി ഇത്തരം പ്രവര്‍ത്തനത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് സിപിഐ എം പ്രതീക്ഷിക്കുന്നത്.

***