സ. സി എച്ചിന്റെ സ്മരണ

സ. സി എച്ചിന്റെ സ്മരണ


സ. സി എച്ച് കണാരന്‍ അന്തരിച്ചിട്ട് 42 വര്‍ഷം പിന്നിടുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് സി എച്ച് അന്തരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ ത്യാഗനിര്‍ഭരമായ പോരാട്ടം നയിച്ച ഉജ്വല വിപ്ലവകാരിയായിരുന്നു സി എച്ച്. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശസംരക്ഷണത്തിന് അഹോരാത്രം വിയര്‍പ്പൊഴുക്കിയ മഹാനായ ജനനേതാവ്.

സാമൂഹ്യപരിഷ്കര്‍ത്താവിന്റെ അവധാനതയോടെ അദ്ദേഹം സമൂഹത്തിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരടിച്ചു; ബോധവല്‍ക്കരണം നടത്തി. മാഹിക്കടുത്ത് അഴിയൂരില്‍ സാധാരണകുടുംബത്തില്‍ ജനിച്ച സി എച്ച്, സ്കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ മികച്ച കായികതാരമായും സമര്‍ഥനായ വിദ്യാര്‍ഥിയായും പേരെടുത്തു. മെട്രിക്കുലേഷന്‍ പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നനിലയില്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1932ല്‍ കതിരൂരില്‍ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പ്രസംഗിച്ചതിന് അറസ്റ്റിലായി. തുടര്‍ന്ന് 13 മാസം ജയില്‍വാസം. 1933ല്‍ ജയില്‍മോചിതനാകുമ്പോള്‍ ബംഗാളിലെ വിപ്ലവകാരികളുമായുള്ള സമ്പര്‍ക്കം പകര്‍ന്നുനല്‍കിയ പുതിയ ജ്ഞാനമണ്ഡലമായിരുന്നു സി എച്ചിന്റെ മനസ്സില്‍. 1933-35 കാലത്ത് എലിമെന്ററി സ്കൂള്‍ അധ്യാപകനായി. കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ന്നു. ജാതി- മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിലായിരുന്നു ഇക്കാലത്ത് ഊന്നല്‍. ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ വ്യവസ്ഥയെ മാറ്റാന്‍ നിര്‍ഭയമായ മുന്നേറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ചു; അതിനായി പ്രവര്‍ത്തിച്ചു. "കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജ"ത്തിന് രൂപംനല്‍കി.

1939ല്‍ നവംബറില്‍  തലശേരി ന്യൂ-ഡര്‍ബാര്‍ ബീഡി കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് സി എച്ചിനെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. ഒരുവര്‍ഷം കഴിഞ്ഞ് മോചിതനായ സി എച്ച്, നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കാന്‍ ഒളിവിലിരുന്ന് നേതൃത്വം കൊടുത്തു. 1942ലെ ബോംബെ പ്ലീനത്തില്‍ പങ്കെടുത്തു. 1952ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1957ല്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍നിന്ന് വിജയിച്ച സി എച്ച്, ഭൂപരിഷ്കരണബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണ്.

പാര്‍ടിയില്‍ പ്രത്യക്ഷപ്പെട്ട ഇടത്- വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. സിപിഐ എം രൂപംകൊണ്ട 1964 മുതല്‍ 1972ല്‍ മരിക്കുംവരെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മാഹി വിമോചനപ്രസ്ഥാനത്തിലും സജീവമായി ഇടപെട്ടു. 1955ല്‍ ഗോവ വിമോചനസമരത്തിന് മലബാറില്‍നിന്ന് രണ്ടുഘട്ടമായി രണ്ട് സംഘങ്ങളെ അയക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു.

എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടനമാത്രമാണെന്ന് തിരിച്ചറിഞ്ഞ സി എച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകരിലൊരാളാണ്. സി എച്ചിന്റെ സംഘാടനശേഷി സംബന്ധിച്ച് എ കെ ജി പറഞ്ഞത് ശ്രദ്ധേയം: "എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേകസംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സി എച്ച് അവിടെ എത്തുമെന്നുമാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ലാന്‍ ചെയ്തിട്ടാകും സി എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനുസൃതമായ ജോലി വിശദമായി സഖാവ് പ്ലാന്‍ചെയ്യും."(1974ല്‍ എ കെ ജി എഴുതിയ ലേഖനത്തില്‍നിന്ന്) സംഘടനാരംഗത്തെ ഈ അസാമാന്യപാടവത്തെ അക്കാലത്ത് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്.

സമരങ്ങളെ ജീവവായു എന്നപോല്‍ സ്വാംശീകരിച്ച എ കെ ജിയും സി എച്ചും ആ കാലഘട്ടങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. കര്‍ഷകസംഘം സെക്രട്ടറി എന്നനിലയില്‍ സി എച്ചും അഖിലേന്ത്യാ പ്രസിഡന്റ് എന്നനിലയില്‍ എ കെ ജിയും നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നിര്‍ണായകമുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി. കേരളത്തിന്റെ ഭൂസമരചരിത്രത്തില്‍ ഉജ്വല അധ്യായമെഴുതിയ ആലപ്പുഴ പ്രഖ്യാപനവും തുടര്‍ന്ന് നടന്ന പോരാട്ടവും അന്യം. സി എച്ചിന്റെ കാലത്തെ പ്രവര്‍ത്തനം വിലയിരുത്തി ഇ എം എസ് പറഞ്ഞു: ""ഇക്കാലത്ത് നടന്ന ബഹുജനസമരങ്ങളുടെ ഹൈക്കമാന്‍ഡായിരുന്നു പാര്‍ടി. സി എച്ച് അതിന്റെ ചീഫ് ഓഫ് സ്റ്റാഫും.ഇന്ന് കൂടുതല്‍ ശക്തമായ പോരാട്ടം നടത്താന്‍ സി എച്ച് സ്മരണ നമുക്ക് പ്രചോദനവും ഊര്‍ജവും പകരും. സി എച്ച് സ്മരണ ഏറ്റവും പ്രസക്തമായ കാലമാണിത്. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് തകര്‍ക്കാന്‍ സംഘടിതമായ ശ്രമങ്ങളുണ്ടാകുന്നു. ഇടതുപക്ഷം ദുര്‍ബലമായാല്‍ തങ്ങള്‍ക്ക് ഹിതകരമായ രീതിയില്‍ കേരളീയസമൂഹത്തെ മാറ്റാമെന്ന പിന്തിരിപ്പന്‍ശക്തികളുടെ വ്യാമോഹവും അതിനായുള്ള നീക്കങ്ങളും അതീവജാഗ്രതയോടെ കാണ്ടേണ്ട ഘട്ടമാണിത്. സമൂഹത്തെ ബാധിക്കുന്ന ഓരോവിഷയത്തിലും ശരിയായ കാഴ്ചപ്പാട് മുന്നോട്ടുവച്ച് വിട്ടുവീഴ്ച കൂടാതെ ഇടപെടുക എന്നതുമാത്രമാണ്, കേരളത്തിന്റെ മഹത്തായ നേട്ടങ്ങളും മാതൃകയും കാത്തുസൂക്ഷിക്കുന്നതിനുള്ള മുന്നുപാധി. ഫലവത്തായ അധികാരവികേന്ദ്രീകരണം അതില്‍ പ്രധാനമാണ്.ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരവികേന്ദ്രീകരണപ്രക്രിയയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 1990ല്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് രൂപംനല്‍കി. എന്നാല്‍, കരുണാകരന്‍സര്‍ക്കാര്‍ ഈ നിയമത്തെയും അട്ടിമറിച്ചു. 73, 74-ാം ഭരണഘടനാ ഭേദഗതിയെതുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളും പുതിയ നിയമങ്ങള്‍ പാസാക്കി. ഏറ്റവും അവസാനം നിയമം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനകീയാസൂത്രണം നടപ്പാക്കി, രാജ്യത്ത് ഒന്നാംസ്ഥാനത്ത് ഇക്കാര്യത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനപദ്ധതിയുടെ 35-40 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി. എല്‍ഡിഎഫ് ഭരണകാലത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി പ്രതിവര്‍ഷം ശരാശരി 941 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയെന്നാണ് സിഎജിയുടെ കണക്ക്.

എന്നാല്‍, എല്‍ഡിഎഫ് അധികാരമൊഴിഞ്ഞതോടെ ജനകീയാസൂത്രണപ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികള്‍ ഉണ്ടായില്ല. അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. കേരള വികസനപദ്ധതി എന്നു പറഞ്ഞ് അതിന്റെ ഉള്ളടക്കത്തെ ഇല്ലാതാക്കാനുള്ള നയവും മുന്നോട്ടുവച്ചു. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും നല്ല പഞ്ചായത്ത്രാജ് സംവിധാനത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. തദ്ദേശസ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കാനും അവയുടെ നേതൃത്വത്തില്‍ പ്രാദേശികവികസനം ത്വരിതപ്പെടുത്താനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇത് ലഭിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതിവിഹിതമായും പൊതുഗ്രാന്റായും ആസ്തിസംരക്ഷണ വകയിലും 12,000 കോടിയോളം രൂപ ഈ കാലയളവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി. ഇവയോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ തനതുവിഹിതവും ഉപയോഗിച്ചാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്. അതായത് ഒരു പ്രാദേശികസര്‍ക്കാര്‍ എന്നനിലയില്‍ തദ്ദേശസ്ഥാപനങ്ങളെ മാറ്റി എന്നര്‍ഥം.

അതേസമയം, ഇന്ന് നിലവിലുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കംമുതല്‍ ജനകീയാസൂത്രണത്തിന്റെ നല്ല പാരമ്പര്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. തദ്ദേശവകുപ്പ് മൂന്നായി വിഭജിച്ചതോടെ ഈ മേഖലയിലെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഇല്ലാതായി. പദ്ധതിപരിശോധനയുടെ ജനകീയത കളഞ്ഞ് അത് ഉദ്യോഗസ്ഥര്‍ക്കുകീഴിലാക്കി. ആസൂത്രണമെന്നത് പ്രഹസനമാക്കി. ഒരു തയ്യാറെടുപ്പുമില്ലാതെ അഞ്ചുവര്‍ഷക്കാലപദ്ധതിയിലേക്ക് എടുത്തുചാടി. ജില്ലാ പദ്ധതികള്‍ക്ക് രൂപംനല്‍കിയതുമില്ല. ധനകമീഷന്റെ നിലപാടുകള്‍ക്കുവിരുദ്ധമായി പദ്ധതി അടങ്കലിന്റെ നാലിലൊന്ന് താഴേക്ക് നല്‍കാന്‍ വിസമ്മതിച്ചു. ഇത്തരത്തിലുള്ള നടപടികള്‍ അധികാരവികേന്ദ്രീകരണപ്രക്രിയയെ തകിടംമറിക്കുന്നതാണ്. ജാതി- മത വികാരങ്ങള്‍ക്കപ്പുറത്ത് സ്ത്രീകളുടെ കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ വരുതിയിലാക്കാന്‍ നടത്തുന്ന നീക്കം അധികാരവികേന്ദ്രീകരണത്തിന്റെ പൊതുകാഴ്ചപ്പാടിനെ അട്ടിമറിക്കുന്നതാണ്.

അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം, വിവിധ സാമൂഹികവിഷയങ്ങളില്‍ ഇടപെടുക എന്ന സമീപനവും കമ്യൂണിസ്റ്റ് പാര്‍ടി ദൈനംദിനപ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ സ്വീകരിച്ചിട്ടുണ്ട്. സഖാക്കള്‍ കൃഷ്ണപിള്ളയും സി എച്ചും അടക്കമുള്ളവര്‍, നാട്ടില്‍ പടര്‍ന്നുപിടിച്ച രോഗങ്ങളോടും പട്ടിണിയോടും ജനങ്ങള്‍ അഭിമുഖീകരിച്ച സര്‍വദുരിതങ്ങളോടും പടവെട്ടിയാണ് പ്രസ്ഥാനം കെട്ടിപ്പടുത്തത്. ആ വഴിയില്‍തന്നെയാണ് പാര്‍ടി ഇന്നും മുന്നേറുന്നത്. രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസംപകരുന്ന സാന്ത്വനപരിചരണ സംവിധാനവും മാലിന്യനിര്‍മാര്‍ജന പരിപാടികളും പാര്‍ടി സഖാക്കള്‍ നേതൃപരമായ പങ്കാളിത്തത്തോടെ ഏറ്റെടുക്കുന്നത്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോജ്വല പൈതൃകം കൂടുതല്‍ തിളക്കത്തോടെ ഉയര്‍ത്തിപ്പിടിക്കാനുള്ള അഭിമാനകരമായ ശ്രമത്തിന്റെ ഭാഗമാണ്.

ജനങ്ങളെ യോജിപ്പിക്കുന്ന രാഷ്ട്രീയം ഇല്ലാതാക്കി ജാതിയുടെയും മതത്തിന്റെയുംപേരില്‍ അവരെ പരസ്പരം ഏറ്റുമുട്ടിച്ച്, തങ്ങളുടെ ജനവിരുദ്ധനയം നടപ്പാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷശക്തികളുടെ കുടിലതന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ, കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷപാരമ്പര്യം കാത്തുസൂക്ഷിക്കാനാകൂ. അതിനായി ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ അജന്‍ഡ മുഴുവനും തുറന്നുകാട്ടി മുന്നോട്ടുപോകുക എന്നത് ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ ഏറെ പ്രധാനമാണ്. ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടങ്ങളെ ഏറെ പ്രധാനമായി കണ്ട സി എച്ചിന്റെ ഓര്‍മകള്‍ ഇത്തരം സമരങ്ങള്‍ക്ക് നമുക്കു കരുത്താകും.

***