കാര്‍ഷികകേരളം ജനകീയ ഇടപെടല്‍

കാര്‍ഷികകേരളം ജനകീയ ഇടപെടല്‍

 

പിണറായി വിജയന്‍


കേരളത്തിന്റെ വിവിധ മേഖലയിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടണമെന്ന് പാര്‍ടിയുടെ കഴിഞ്ഞ സമ്മേളനം തീരുമാനമെടുത്തിരുന്നു. പാലക്കാട്ട് നടന്ന പാര്‍ടി പ്ലീനവും ഇക്കാര്യം ഊന്നിപ്പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ രംഗത്തും ശുചിത്വരംഗത്തും പാര്‍ടി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു പ്രവര്‍ത്തനം കാര്‍ഷികമേഖലയിലേക്കുകൂടി വ്യാപിപ്പിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായ സാഹചര്യം കേരളത്തിലെ കാര്‍ഷികരംഗത്ത് നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ 60 ശതമാനത്തോളം വരുന്ന ജനത കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നതെങ്കില്‍ കേരളത്തില്‍ 20 ശതമാനത്തോളം വരുന്ന ജനതയാണ് കാര്‍ഷികമേഖലയിലും അനുബന്ധ മേഖലയിലുമായി ബന്ധപ്പെട്ട് കഴിയുന്നത്. കേരളത്തിലെ കൃഷിഭൂമി 20.72 ലക്ഷം ഹെക്ടര്‍ സ്ഥലമാണ്. ശരാശരി ആളോഹരി കൃഷിഭൂമി 0.062 ഹെക്ടറും. മൊത്തം കൃഷിഭൂമിയുടെ 12 ശതമാനം മാത്രമാണ് ധാന്യവിളകള്‍ക്കായി ഉപയോഗിക്കുന്നത് എന്ന സവിശേഷതയും കേരളത്തിലുണ്ട്. വര്‍ത്തമാനകാലത്ത് കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പല പുതിയ പ്രവണതകളും സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍നിന്നുള്ള പണത്തിന്റെ വരവ് ഭൂമി ക്രയവിക്രയത്തിലും വിലവര്‍ധനയിലും വേഗത സൃഷ്ടിച്ചു. ഇതോടൊപ്പംതന്നെ നെല്‍വയല്‍ നികത്തുന്ന പ്രക്രിയ ശക്തിപ്പെടുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സജീവമാകുകയും ചെയ്തു.  90കളുടെ ആരംഭത്തോടെ അണുകുടുംബ സംവിധാനം വ്യാപകമാകുകയും ഭവനിര്‍മാണം വര്‍ധിക്കുകയും ചെയ്തതോടെ ഭൂമിയുടെ വീതംവയ്പും വിലവര്‍ധനയും കൂടുതല്‍ വേഗത്തിലായി. ഇത്തരമൊരു സ്ഥിതിവിശേഷം ഭക്ഷ്യോല്‍പ്പാദനത്തിനുള്ള ഭൂമിയുടെ അളവ് കുറച്ചുകൊണ്ടുവന്നു.

നാണ്യവിളകളെ കേന്ദ്രീകരിച്ച് നില്‍ക്കുന്ന കാര്‍ഷികരീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നതിനാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ കാര്‍ഷികമേഖലയില്‍ വലിയ സ്വാധീനം ചെലുത്തി. ദീര്‍ഘകാലവിളകളാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നതിനാല്‍ പ്രകൃതിപരമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ ദീര്‍ഘകാലം കാര്‍ഷികമേഖലയെ തളര്‍ത്തുന്ന സ്ഥിതിയും കേരളത്തിലുണ്ടായി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ നിരന്തരമായ വിലത്തകര്‍ച്ച, രാസവളങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധന, ജലസേചനസൗകര്യങ്ങളുടെ ദൗര്‍ലഭ്യം, കര്‍ഷകരുടെ കടഭാരം, കാര്‍ഷികമേഖലയിലെ സബ്സിഡികള്‍ വെട്ടിക്കുറവ് തുടങ്ങിയവ ഉല്‍പ്പാദനച്ചെലവിലുണ്ടാക്കിയ വര്‍ധന പ്രതിസന്ധി സൃഷ്ടിച്ചു. ഈ സ്ഥിതിവിശേഷം ഭൂമി തരിശിടുന്ന പ്രക്രിയയെ ശക്തിപ്പെടുത്തി. കീടരോഗങ്ങളുടെ കടന്നുകയറ്റം, കൃഷിയിറക്കുന്നതിനും വിളവെടുക്കുന്നതിനും തൊഴിലാളികളെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിയാത്ത സ്ഥിതി, ഭൂമിയുടെ കിടപ്പനുസരിച്ച് നൂതനയന്ത്രങ്ങള്‍ ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളും കാര്‍ഷികമേഖല അഭിമുഖീകരിക്കുകയാണ്. കാര്‍ഷികമേഖലയെ സഹായിച്ചുകൊണ്ടിരുന്ന സഹകരണപ്രസ്ഥാനത്തിന്റെ തകര്‍ച്ചയും സ്ഥിതിഗതികളെ ഗുരുതരമാക്കുന്നു.

കേരളത്തില്‍ കര്‍ഷകര്‍ക്ക് കന്നുകാലി വളര്‍ത്തല്‍ ഒരു അധിക വരുമാനമാര്‍ഗമാണ്. ഈ രംഗത്ത് സ്ത്രീകള്‍ പൊതുവെ സജീവമായി നില്‍ക്കുന്നുണ്ട്. എന്നാല്‍, നെല്‍ക്കൃഷിയിലുണ്ടായ തകര്‍ച്ച, കന്നുകാലിത്തീറ്റയുടെ വിലവര്‍ധന തുടങ്ങിയവ കാലിവളര്‍ത്തലിനെയും സാരമായി ബാധിക്കുന്നുണ്ട്.

സേവനമേഖലയുടെ വികാസമാണ് കാര്‍ഷികമേഖലയിലെ ഈ ദുരവസ്ഥ ജനജീവിതത്തിലാകമാനം നിഴലിക്കാത്ത സ്ഥിതി ഉണ്ടാക്കുന്നത്. സേവനമേഖലയുടെ വികസനത്തിന് അടിത്തറയായത് പ്രവാസി ഇന്ത്യാക്കാരുടെ പണമാണ് എന്നതിനാല്‍ അവിടങ്ങളില്‍ ഉണ്ടാകുന്ന തിരിച്ചടി നമ്മുടെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയായിത്തീരുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിന്റെ കാര്‍ഷികമേഖല ഉള്‍പ്പെടെയുള്ള അടിസ്ഥാനമേഖല വികസിച്ചെങ്കില്‍മാത്രമേ സേവനരംഗത്ത് ഉള്‍പ്പെടെ നാം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. ഈ കാഴ്ചപ്പാടോടെ കാര്‍ഷികമേഖലയില്‍ ഇടപെടാന്‍ കഴിയേണ്ടതുണ്ട്.

സമഗ്രമായ ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വന്നിട്ട് നാലുദശകത്തിലേറെ പിന്നിട്ടു. ഇത് കേരളത്തിലെ വര്‍ഗങ്ങളെയും വര്‍ഗബന്ധങ്ങളെയും സംബന്ധിച്ച് കൂടുതല്‍ വിശദമായ പഠനങ്ങളും വിശകലനങ്ങളും ആവശ്യമാക്കുന്ന സ്ഥിതി രൂപപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പംതന്നെ ഭൂമിയില്‍ ശാസ്ത്രസാങ്കേതിക രംഗത്തെ അറിവുകള്‍ പ്രയോഗിക്കപ്പെടേണ്ടതും ഇന്ന് പ്രധാനമായിത്തീര്‍ന്നിട്ടുണ്ട്.

രാസവളവും കീടനാശിനികളും മറ്റും ഉപയോഗിച്ച് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നാം ശ്രമങ്ങള്‍ നടത്തി. ഇത്തരം ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ചില ദൗര്‍ബല്യങ്ങളും ഉണ്ടായി. എന്‍ഡോസള്‍ഫാന്‍പോലുള്ള കീടനാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠതയോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്ന സ്ഥിതി ഉണ്ടായത് ഇതിന് ഉദാഹരണം. ഇത്തരം പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടുക എന്നതും പ്രധാനമാണ്. പരിസ്ഥിതിയും മണ്ണിന്റെ സംരക്ഷണവും കൃഷിക്കാര്‍ക്ക് ഏറെ പ്രധാനമായ ഒന്നാണ്. എന്നാല്‍, കൃഷിയെ പരിഗണിക്കാതെയുള്ള പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം ദൗര്‍ബല്യങ്ങള്‍ ജനങ്ങളെ പാരിസ്ഥിതികസംരക്ഷണത്തിന്റെ ഭാഗമാക്കി മുന്നോട്ട് പോകുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതിയും ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഭൂപരിഷ്കരണം നടക്കുകയും അതിന്റെ ഭാഗമായി ജന്മിത്തത്തിന്റെ സാമ്പത്തികഅടിത്തറ തകര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍, അതിന് തുടര്‍ച്ചയായി നടക്കേണ്ട ഉല്‍പ്പാദനവര്‍ധനയ്ക്ക് വേണ്ടിയുള്ള ഇടപെടല്‍ വേണ്ടത്ര ഉണ്ടായില്ല എന്ന ദൗര്‍ബല്യം ഉണ്ടായി. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. അതിനായി നമ്മുടെ പരമ്പരാഗതമായ അറിവിനോടൊപ്പംതന്നെ ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളും മാനേജ്മെന്റ് സമ്പ്രദായങ്ങളും പ്രായോഗികമാക്കുന്നതിന് കഴിയണം. ഇത്തരം മുന്നേറ്റത്തിനായി കൂട്ടുകൃഷിക്കളങ്ങളുടെയും സഹകരണാടിസ്ഥാനത്തിലുള്ള കൃഷിസമ്പ്രദായത്തിന്റെയും രൂപീകരണം പ്രധാനപ്പെട്ട അജന്‍ഡയായി നടപ്പാക്കാന്‍ കഴിയണം. തരിശായി കിടക്കുന്ന ഭൂമി തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ കൃഷിചെയ്യപ്പെടുന്ന രീതിയെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ജനങ്ങളാകെ യോജിച്ചുനിന്ന് ആധുനിക രീതികളെയും പരമ്പരാഗതമായ നമ്മുടെ അറിവുകളെയും പരസ്പരം സമന്വയിപ്പിച്ചുള്ള ഇടപെടലാണ് കേരളം ഇന്ന് ആവശ്യപ്പെടുന്നത്. അതിന് രാഷ്ട്രീയമായ ഭിന്നതകള്‍ തടസ്സമായിത്തീരേണ്ട കാര്യവുമില്ല.

കേരളത്തില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന പല രോഗങ്ങള്‍ക്കും കാരണമായിത്തീരുന്ന ഒരു സുപ്രധാനഘടകം കീടനാശിനികളുടെയും അതുപോലുള്ള മറ്റ് രാസവസ്തുക്കളുടെയും അപകടകരമായ സാന്നിധ്യം പച്ചക്കറി പോലുള്ളവയില്‍ ഉണ്ടാകുന്നുണ്ട് എന്നതാണ്. ഈ പ്രശ്നം പരിഹരിക്കണമെങ്കില്‍ സ്വന്തം വീട്ടില്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു സംസ്കാരം വികസിക്കേണ്ടതുണ്ട്. മട്ടുപ്പാവില്‍വരെ കൃഷി നടത്താനുള്ള സാങ്കേതികസംവിധാനങ്ങള്‍ വികസിച്ചിട്ടുള്ള വര്‍ത്തമാനകാലത്ത് ഇത് നടപ്പാക്കാന്‍ പറ്റാത്ത സ്വപ്നവുമല്ല.

കാര്‍ഷികമേഖലയില്‍ തൊഴിലാളികള്‍ ആകര്‍ഷിക്കപ്പെടുന്നില്ല എന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കഴിയണം. മെച്ചപ്പെട്ട കൂലിയും മിനിമം തൊഴില്‍ദിനങ്ങളുടെ ലഭ്യതയും സാമൂഹ്യസുരക്ഷയും ശാസ്ത്രീയമായ ട്രെയിനിങ്ങും സര്‍വോപരി മാന്യതയും ഉറപ്പാക്കി മാത്രമേ ഈ സ്ഥിതിക്ക് മാറ്റം വരികയുള്ളൂ. അതിന്റെ ഭാഗമായി തൊഴിലാളികള്‍ക്കുകൂടി സ്വീകാര്യമായ യന്ത്രവല്‍ക്കരണം വ്യാപകമായി നടപ്പാക്കാന്‍ കഴിയണം.

വിദ്യാഭ്യാസത്തില്‍ കാര്‍ഷികമേഖലയ്ക്ക് നല്ല പരിഗണന നല്‍കാനും കഴിയണം. ജീവിതച്ചെലവ് വര്‍ധിക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വേതനത്തിലും വര്‍ധന നല്‍കേണ്ടത് അനിവാര്യമാണ്. ഇത് നല്‍കാന്‍ കര്‍ഷകന് സാധിക്കണമെങ്കില്‍ കാര്‍ഷികമേഖലയിലെ വരുമാനവും ഉയര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് ഈ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഏറ്റെടുക്കാന്‍ കഴിയണം. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വരുമാനം കൂടും. അതിനുസൃതമായി കര്‍ഷകത്തൊഴിലാളിയുടെ കൂലി വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് ഒരു പ്രശ്നമായി മാറുകയുമില്ല. ഈ കാഴ്ചപ്പാടോടെ കര്‍ഷകത്തൊഴിലാളി സംഘടനകള്‍ക്ക് ഈ മേഖലയില്‍ ഇടപെടാന്‍ കഴിയണം. കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യം എന്നത് ഇതിലൂടെ വികസിക്കുകയും ചെയ്യും. കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആഗോളവല്‍ക്കരണനയങ്ങളെ പ്രതിരോധിക്കാനുള്ള പോരാട്ടത്തോടൊപ്പം ഇത്തരം ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കാനും കഴിയണം. ആഗോളവല്‍ക്കരണനയങ്ങള്‍ നമ്മുടെ സംസ്കാരത്തെയും ജീവിതത്തെയും പല രൂപത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് അതിനെതിരായുള്ള പ്രതിരോധം രൂപപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷികസംസ്കാരവും ധാന്യോല്‍പ്പാദനത്തില്‍ ഉള്‍പ്പെടെ ഉണ്ടാകേണ്ട വര്‍ധനയും പ്രധാനപ്പെട്ട ഒന്നാണ്. ഇത് മനസ്സിലാക്കിയുള്ള ഒരു ബഹുജന ഐക്യനിര ഇവിടെ ഉയര്‍ന്നുവരണം.

കാര്‍ഷികോല്‍പ്പാദനത്തിന് വേണ്ടി ഇടപെടുമ്പോള്‍ നാടിന് ചേര്‍ന്ന കാര്‍ഷികസങ്കേതങ്ങള്‍ പ്രചരിപ്പിക്കാനും കഴിയണം. ഇത് നടക്കണമെങ്കില്‍ കാര്‍ഷികവിദഗ്ധരും ജനകീയപ്രവര്‍ത്തകരും കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനയുടെ പ്രവര്‍ത്തകരും തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും യോജിച്ച് നില്‍ക്കേണ്ടതുണ്ട്. അവരുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവച്ചുള്ള ഒരു കാര്യപരിപാടി രൂപപ്പെടുത്തണം. കേരളത്തിന് പച്ചക്കറി, പാല്‍, മുട്ട തുടങ്ങിയ കാര്യങ്ങളില്‍ സ്വയംപര്യപ്തത ആര്‍ജിക്കാനാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം ധാന്യോല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. അതിന് ഉതകുന്ന വിധമുള്ള ഒരു ജനകീയ മുന്നേറ്റമാണ് സിപിഐ എം ഉദ്ദേശിക്കുന്നത്.

***