പോരാട്ടങ്ങള്‍ക്ക് കരുത്താകുന്ന ഓര്‍മ

പോരാട്ടങ്ങള്‍ക്ക് കരുത്താകുന്ന ഓര്‍മ

പിണറായി വിജയന്‍



സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന സ. സുശീല ഗോപാലന്റെയും സ. എ കണാരന്റെയും ചരമവാര്‍ഷികദിനമാണ് ഇന്ന്. രണ്ടുപേരും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. സുശീല ഗോപാലന്‍ അന്തരിച്ചിട്ട് 13 വര്‍ഷം പിന്നിടുകയാണ്. എ കണാരന്‍ വിട്ടുപിരിഞ്ഞിട്ട് പത്തുവര്‍ഷവും. പുന്നപ്ര- വയലാറിന്റെ സമരപാരമ്പര്യം ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കുവന്ന സുശീല 18-ാം വയസ്സില്‍ പാര്‍ടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കവെയാണ് രോഗംബാധിച്ച് മരണമടഞ്ഞത്. 1952 ലായിരുന്നു സ. എ കെ ജിയെ വിവാഹംചെയ്തത്. എ കെ ജിയോടൊപ്പം രാജ്യത്താകെ സഞ്ചരിച്ച സഖാവ്, ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്തറിയുകയും പാവപ്പെട്ടവരോടൊപ്പം പോരാടുകയും ചെയ്തു.

സുശീല ഗോപാലന്‍ തൊഴിലാളി- മഹിളാരംഗങ്ങളിലാണ് സജീവ ശ്രദ്ധചെലുത്തിയത്. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് അവ പരിഹരിക്കുന്നതിനായി അവിശ്രമം പൊരുതിയ സഖാവിനെ ഒരിക്കലും മറക്കാത്ത നേതാവായാണ് കയര്‍ത്തൊഴിലാളികള്‍ നെഞ്ചേറ്റുന്നത്. 1971ല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ രൂപീകരിച്ചതുമുതല്‍ അതിന്റെ പ്രസിഡന്റായിരുന്നു. മരണംവരെ ആ പദവിയില്‍ തുടര്‍ന്നു. കടന്നുചെല്ലുന്ന മേഖലകളില്‍ തനതായ ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു സുശീലയുടേത്. ദീര്‍ഘകാലം ലോക്സഭാംഗമായ അവര്‍ രാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചു. അവയുടെ പരിഹാരത്തിന് പാര്‍ലമെന്റിനെ ഉപയോഗപ്പെടുത്തി. കേരളത്തില്‍ മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച അഞ്ചുവര്‍ഷം തൊഴിലാളികള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യാനാകും എന്നാണ് ചിന്തിച്ചത്.

ആഗോളവല്‍ക്കരണത്തിന്റെ കെടുതികളില്‍ ശ്വാസംമുട്ടുന്ന കേരളത്തിന്റെ പരമ്പരാഗത വ്യവസായമേഖലയെ കൈപിടിച്ചുയര്‍ത്താനും തൊഴിലാളികള്‍ക്ക് സാധാരണ മനുഷ്യരായി ജീവിക്കാനുള്ള അവസരം ഉറപ്പിക്കാനും സുശീല ഭരണാധികാരിയായും തൊഴിലാളിനേതാവായും നല്‍കിയ സംഭാവന അമൂല്യമാണ്. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ നേതൃത്വത്തിലിരുന്ന അവര്‍ കശ്മീര്‍മുതല്‍ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശങ്ങളിലും മഹിളാപ്രവര്‍ത്തകരുമായി വ്യക്തിപരമായ അടുപ്പംതന്നെ കാത്തുസൂക്ഷിച്ചു.മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയര്‍ന്ന കമ്യൂണിസ്റ്റാണ് എ കണാരന്‍ .

പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് സഖാവ് അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. സഖാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം കണാരേട്ടനായിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ശക്തമായ സാന്നിധ്യമായിരുന്നു സഖാവിന്റേത്. നിയമസഭയില്‍ അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച ഇടപെടലുകള്‍ സഖാവിന്റെ ഭാഗത്തുനിന്നുണ്ടായി. നിയമസഭാംഗമെന്ന നിലയില്‍ എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറാറുള്ള കണാരന്‍ അനീതിക്കെതിരെ അന്യമായ കാര്‍ക്കശ്യവും പുലര്‍ത്തി.

ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട് ആ ജീവിതത്തില്‍. അടിമതുല്യമായ ചുറ്റുപാടില്‍ ഉഴറിയ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളുണ്ടാക്കിയ നിരവധി പ്രക്ഷോഭപരമ്പരകളാണ് സഖാവ് നയിച്ചത്. പൊതുപ്രവര്‍ത്തനത്തിനിടയില്‍ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കൊല്ലണമെന്നു തീരുമാനിച്ചുതന്നെ എതിരാളികള്‍ സഖാവിനെ ആക്രമിച്ചു. അത്ഭുതകരമായാണ് അന്ന് സഖാവ് രക്ഷപ്പെട്ടത്. സമരപോരാട്ടങ്ങളുടെ ഭാഗമായി ദീര്‍ഘകാലം ജയിലില്‍കിടന്നു. എവിടെയും തളരാതെ, തീപാറുന്ന വാക്കുകളുമായി സമരമുഖങ്ങളില്‍ ആവേശംവിതച്ച സഖാവിന്റെ വേര്‍പാട് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകള്‍ക്കും സാംസ്കാരികരൂപങ്ങള്‍ക്കും എതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരന്‍ നയിച്ചത്. ചെക്കന്‍ വിളിക്കും പെണ്‍വിളിക്കും എതിരായി നടന്ന സമരങ്ങള്‍ കേരളത്തിലെ സമരചരിത്രത്തില്‍ത്തന്നെ ഉജ്വലമായ അധ്യായമായി തീര്‍ന്നവയാണ്. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അര്‍പ്പണബോധം പുത്തന്‍ തലമുറയ്ക്ക് വലിയ പാഠംതന്നെ.

അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് നിവര്‍ന്നുനിന്ന് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജവും ആവേശവും പകര്‍ന്ന എ കണാരന്‍ അടിസ്ഥാനജനവിഭാഗത്തിന്റെ വികാരം തന്നെയായിരുന്നു. സഖാവിന്റെ നിഷ്കളങ്കമായ ചിരി പരിചയപ്പെട്ട ആരുടെയും മനസ്സില്‍ എന്നും മായാതെനില്‍ക്കും.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച കാര്യങ്ങള്‍ ശരിയാണെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. യുപിഎയും ബിജെപിയും കോര്‍പറേറ്റ് നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും അതിനാല്‍ ഇവരില്‍ ആര് അധികാരത്തില്‍വന്നാലും രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ഇടതുപക്ഷം അന്നുതന്നെ ജനങ്ങളോട് പറഞ്ഞതാണ്. മാത്രമല്ല, ബിജെപി എന്നത് ആര്‍എസ്എസ് നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ടിയാണ്. അതുകൊണ്ടുതന്നെ ഇവര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് വര്‍ഗീയവല്‍ക്കരണം ശക്തിപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി. ബിജെപി അധികാരത്തില്‍വന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇക്കാര്യങ്ങള്‍ ആര്‍ക്കും വ്യക്തമാകുന്ന സ്ഥിതിയാണ്. യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവച്ച ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളില്‍നിന്ന് ഒരടിപോലും ബിജെപി പിന്നോട്ടുപോയില്ലെന്നു മാത്രമല്ല, അവ കൂടുതല്‍ തീവ്രമായി വിവിധ മേഖലകളില്‍ നടപ്പാക്കുകയാണ്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുമാറ്റല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ അതാണ് കാണിക്കുന്നത്. വിലക്കയറ്റത്തെക്കുറിച്ച് പറഞ്ഞാണ് അധികാരത്തില്‍ വന്നതെങ്കിലും അത് തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അവശ്യമരുന്നുകളുടെ വില അതിഭീകരമായി വര്‍ധിക്കുകയാണ്. പൊതുമേഖല വിറ്റുതുലയ്ക്കുക എന്ന നയം കൂടുതല്‍ തീവ്രമായി മുന്നോട്ടുവയ്ക്കുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള മോഡിയുടെ യാത്രകള്‍ പലതും രാജ്യത്തെ വിദേശശക്തികള്‍ക്ക് തീറെഴുതാനുള്ള കരാറുകള്‍ ഒപ്പിടുന്നതിനുള്ളവയായി മാറി. അമേരിക്കയുമായി ഉണ്ടാക്കിയ ഫ്രീ ട്രേഡ് എഗ്രിമെന്റ്&ൃെൂൗീ;ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പരിഷ്കാരങ്ങളാകട്ടെ ഒന്നിന് പുറകെ ഒന്നായി തകര്‍ക്കപ്പെടുകയാണ്. ഗ്രാമീണമേഖലയിലെ തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്താനുള്ള നീക്കം ഇതിന് തെളിവാണ്.രാജ്യത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യത്തെ തകര്‍ക്കുന്നവിധമുള്ള പ്രസ്താവനകള്‍ ഒന്നിനുപുറകെ ഒന്നായി വരികയാണ്. ഹിന്ദുത്വത്തിന്റെ അജന്‍ഡകള്‍ എല്ലാ ജനവിഭാഗങ്ങളും അംഗീകരിക്കണം എന്ന സംഘപരിവാറിന്റെ കാഴ്ചപ്പാട് കേന്ദ്രമന്ത്രിമാര്‍ തന്നെ പ്രഖ്യാപിക്കുന്ന നിലയും ഉണ്ടായി. രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍ കോഡ്, 370-ാം വകുപ്പ് എടുത്തുമാറ്റല്‍ തുടങ്ങിവയെല്ലാം രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഐക്യത്തെയും തകര്‍ക്കുന്നതാണ്.തൊഴില്‍നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ വിധത്തില്‍ തിരുത്തി എഴുതാനുള്ള പദ്ധതികളും മുന്നോട്ടുവയ്ക്കുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഇപ്പോള്‍ നിലവിലുള്ള വ്യവസായ തര്‍ക്കപരിഹാര നിയമവും ഫാക്ടറി നിയമവും കരാര്‍ തൊഴില്‍ (നിയന്ത്രണവും നിര്‍മാര്‍ജനവും) നിയമവും തൊഴിലാളിവിരുദ്ധ നിലപാടുകളോടെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍പോലും ഇല്ലാതാക്കിയ സാമ്പത്തികനയങ്ങള്‍ ഇപ്പോള്‍ തൊഴില്‍നിയമങ്ങളെയും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി രൂപപ്പെടുത്തുകയാണ്.കേന്ദ്രസര്‍ക്കാര്‍ തുടരുന്ന അതേ സാമ്പത്തികനയങ്ങള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുകയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചൗധരി കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പൊതുമേഖല വില്‍ക്കാന്‍ തീരുമാനിച്ചവര്‍ വീണ്ടും അത്തരത്തിലുള്ള നീക്കം ആരംഭിച്ചു. ബി എ പ്രകാശ് അധ്യക്ഷനായ പൊതുചെലവ് അവലോകനസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഇതാണ് കാണിക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങിയ സേവനമേഖലയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുക എന്ന നിലപാട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കാന്‍ പോവുകയാണ്.

കേരളത്തിലെ കാര്‍ഷികമേഖലയിലെ നാണ്യവിളകളില്‍ പ്രധാനമായ റബറിന്റെ വില അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. എന്നാല്‍, ഇത് പരിഹരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശക്തമായി ഇടപെടുന്നില്ല. കടുത്ത സാമ്പത്തികപ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടായി. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനുപോലും കടമെടുക്കേണ്ട സ്ഥിതിയിലേക്ക് കേരളം എത്തി.വിലക്കയറ്റം അതിന്റെ എല്ലാ സീമകളെയും ലംഘിച്ച് മുന്നേറുകയാണ്. വൈദ്യുതി, പാല്‍, വെള്ളം, യാത്രാനിരക്കുകള്‍, നികുതി നിരക്കുകള്‍ തുടങ്ങിയവയെല്ലാം വന്‍തോതില്‍ വര്‍ധിപ്പിച്ചു. യുഡിഎഫ് അധികാരമേറ്റശേഷം 5,000 കോടിയോളം രൂപയുടെ അധികഭാരമാണ് കേരള ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. ഇപ്പോള്‍ പുതിയ നികുതി നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍കണക്ക് പ്രകാരംതന്നെ 2000 കോടി രൂപ സമാഹരിക്കാനാണ് ശ്രമം. ക്ഷേമനിധി പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഒരു പരിശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളും പെരുകിവരുന്ന സ്ഥിതിയാണ്. പൊതുവിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യസമ്പ്രദായത്തെയും സര്‍ക്കാര്‍ തകര്‍ത്തു. അധികാരവികേന്ദ്രീകരണ പ്രക്രിയയെ തുരങ്കംവയ്ക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

കേരളത്തിന്റെ എല്ലാ രാഷ്ട്രീയസംസ്കാരത്തെയും തകര്‍ക്കുന്ന വിധമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലുകള്‍ നടക്കുന്നത്. അഴിമതി എന്നത് ഈ സര്‍ക്കാരിന്റെ മുഖമുദ്രയായി. സോളാര്‍ ഇടപാടിനെ സംബന്ധിച്ച നിരവധി വസ്തുതകള്‍ പുറത്തുവന്നതാണ്. ബാര്‍കോഴ അഴിമതിപ്രശ്നവും സജീവമായി വരികയും മാണിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കുന്ന സ്ഥിതിയും ഉണ്ടായി. എന്നിട്ടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മാണി തയ്യാറാകുന്നില്ല. അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കേണ്ട മുഖ്യമന്ത്രിയാകട്ടെ അഴിമതിയിലാകമാനം മുങ്ങിക്കുളിച്ച് നില്‍ക്കുന്നു. ഇത് യഥാര്‍ഥത്തില്‍ മന്ത്രിസഭാതലവനായ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഉള്‍പ്പെടെ പങ്കാളിത്തമുള്ള അഴിമതിയാണെന്ന് വ്യക്തമാണ്. എന്നാല്‍, അത്തരത്തിലുള്ള സമഗ്രമായ അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ സ്ഥലംമാറ്റുന്നതിനാണ് ഇപ്പോള്‍ പരിശ്രമിക്കുന്നത്. തനിക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ടെന്ന പ്രഖ്യാപനം നടത്തിയ മാണി അതിന്റെ പിന്നിലുള്ള വസ്തുതകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇത്തരത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരായി ഉയര്‍ന്നുവരുന്ന ജനരോഷത്തെ ഇല്ലാതാക്കുന്നതിന് ജാതി- വര്‍ഗീയവികാരങ്ങള്‍ കുത്തിപ്പൊക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. വര്‍ഗീയശക്തികള്‍ പ്രതികളായ കേസുകളില്‍ അവരെ കുറ്റവിമുക്തരാക്കുക എന്നത് സര്‍ക്കാരിന്റെ ഒരു നയപരിപാടിയായിത്തന്നെ മാറി.

രാജ്യവും സംസ്ഥാനവും കൈവരിച്ച എല്ലാവിധ നേട്ടങ്ങളെയും തകര്‍ക്കുന്ന വിധമാണ് കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ നടപടികള്‍ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ഇവയ്ക്കെതിരായി ഇടതുപക്ഷശക്തികളുടെ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യശക്തികളെക്കൂടി അണിചേര്‍ത്തുള്ള ബഹുജനപ്രസ്ഥാനം വളര്‍ന്നുവരേണ്ടതുണ്ട്. അത്തരം പോരാട്ടത്തിന് ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഖാക്കള്‍ സുശീല ഗോപാലന്റെയും എ കണാരന്റെയും ഓര്‍മകള്‍ കരുത്താകും.