ഇ ബാലാനന്ദന്‍ സ്മരണ

ഇ ബാലാനന്ദന്‍ സ്മരണ

പിണറായി വിജയന്‍

കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ പങ്കുവഹിച്ച സ. ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു.

ജീവിതദുരിതങ്ങളുടെ നടുവിലാണ് ബാലാനന്ദന്‍ ബാല്യകാലം ചെലവഴിച്ചത്. ചെറുപ്പത്തിലേ തൊഴില്‍ചെയ്ത് ജീവിക്കേണ്ട അവസ്ഥ ഉണ്ടായി. 1941ല്‍ ഏലുരിലെ അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായി. ഇവിടെവച്ചാണ് തൊഴിലാളിപ്രസ്ഥാനത്തിന്റെ ബാലപാഠങ്ങള്‍ സഖാവ് സ്വായത്തമാക്കിയത്. അലുമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ രൂപീകരണത്തില്‍ പങ്കുവഹിച്ച അദ്ദേഹം, അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. അന്ന് തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്ത ആറാമത്തെ യൂണിയനായിരുന്നു ഇത്. അവകാശസമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ പിന്നീട് ബാലാനന്ദനെ പിരിച്ചുവിട്ടു. പുന്നപ്ര- വയലാര്‍ സമരത്തെ തുടര്‍ന്ന് കമ്പനിയില്‍നിന്ന് പുറത്താക്കപ്പെട്ട ബാലാനന്ദന്‍ പൂര്‍ണസമയ രാഷ്ട്രീയപ്രവര്‍ത്തകനായി.

1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായി. കേരളത്തില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 1972ല്‍ സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1978ലെ പത്താം  പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം പിബി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ സിഐടിയു രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് അഖിലേന്ത്യാ ട്രഷററായും പ്രവര്‍ത്തിച്ചു. 1990ല്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സിഐടിയുവിനെ അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ഉജ്വലമായ പ്രതിരോധങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു.

അഞ്ചുവര്‍ഷം ജയില്‍വാസവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ച ബാലാനന്ദന്‍ നിരവധിതവണ ഭീകരമായ പൊലീസ് മര്‍ദനത്തിനിരയായി. ഒരുതവണ ലോക്സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ രാജ്യസഭാകക്ഷി നേതാവായും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള നിയമസഭയിലും അംഗമായി. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ജനകീയപ്രശ്നങ്ങള്‍ ഉന്നയിച്ച് സഖാവ് നടത്തിയ ഇടപെടലുകള്‍ എന്നും ഓര്‍മിക്കപ്പെടും. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ സമരപോരാട്ടങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു.

മാര്‍ക്സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ വിശകലനംചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും അസാധാരണ ശേഷി പ്രകടിപ്പിച്ചു. കാര്യങ്ങളെ നന്നായി പഠിച്ച് വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുക എന്നതായിരുന്നു സഖാവിന്റെ രീതി. ഔപചാരിക വിദ്യാഭ്യാസം ഏറെയൊന്നും ബാലാനന്ദന് ലഭിച്ചില്ല. ജീവിതപാഠശാലയായിരുന്നു സഖാവിന്റെ വിദ്യാലയം. പാര്‍ടി സഖാക്കളോടും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോടും വാത്സല്യത്തോടെയായിരുന്നു പെരുമാറ്റം. നര്‍മം കലര്‍ന്ന ബാലാനന്ദന്റെ സംസാരം പരിചയപ്പെട്ട ആര്‍ക്കും മറക്കാനാകില്ല. ലാളിത്യത്തിന്റെ നിറകുടമായിരുന്നു സഖാവ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമരപോരാട്ടങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച ബാലാനന്ദന്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ എന്നും നിലനില്‍ക്കും.

ബാലാനന്ദന്റെ സ്മരണ പുതുക്കുന്ന വര്‍ത്തമാനകാലം ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഒറ്റയ്ക്ക് അധികാരത്തിലിരിക്കുന്ന കാലം കൂടിയാണ്. വന്‍കിട ബൂര്‍ഷ്വാസിയുടെയും കോര്‍പറേറ്റുകളുടെയും പൂര്‍ണ പിന്തുണയോടെ അധികാരത്തിലെത്തിയ മോഡിസര്‍ക്കാര്‍ കോര്‍പറേറ്റ് ശക്തികളുടെയും ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുത്വശക്തികളുടെയും കൂട്ടുകെട്ടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനുസരിച്ചുള്ള നയങ്ങളും മുന്നോട്ടുവയ്ക്കുന്നു. പൊതുമേഖലാ ഓഹരികളുടെ ഏറ്റവും വലിയ വില്‍പ്പനയിലേക്കാണ് മോഡിസര്‍ക്കാര്‍ നീങ്ങുന്നത്. ഇതിലൂടെ 44,000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലൂടെ കല്‍ക്കരിമേഖല സ്വകാര്യമേഖലയുടെ കൈകളിലെത്തും. അതോടൊപ്പം, ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ പരിധി 26 ശതമാനത്തില്‍നിന്ന് 49 ആയി ഉയര്‍ത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് നിയമഭേദഗതിയും നടപ്പാക്കുകയാണ്. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും സ്വകാര്യവല്‍ക്കരണം മുഖ്യ അജന്‍ഡയായി അവതരിപ്പിച്ചിട്ടുള്ളതാണ്.

തൊഴില്‍നിയമങ്ങള്‍ തിരുത്തി എഴുതുന്നു. ഇതിനകം ഫാക്ടറി നിയമം സംബന്ധിച്ച് ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്കുപകരം തൊഴിലുടമകളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതിചെയ്ത് സാധാരണക്കാര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഇല്ലാതാക്കുന്നതിനുള്ള നിയമനിര്‍മാണത്തിലേക്കും സര്‍ക്കാര്‍ കടക്കുകയാണ്.വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഒരു പദ്ധതിയും മോഡിസര്‍ക്കാരിന് ഇല്ലെന്നുമാത്രമല്ല, അത് രൂക്ഷമാക്കുന്നതിനുള്ള നടപടികള്‍ ഒന്നിനുപുറകെ ഒന്നായി സ്വീകരിക്കുകയാണ്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുമാറ്റി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില ചരിത്രത്തില്‍ ഏറ്റവുംകുറഞ്ഞ അവസ്ഥയിലേക്ക് എത്തി. എന്നിട്ടും പെട്രോളിയത്തിന്റെ വില ആനുപാതികമായി കുറയ്ക്കുന്നതിന് തയ്യാറാകുന്നില്ല. ഇത് റിലയന്‍സ് അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് ലാഭം കുന്നുകൂട്ടാന്‍ വേണ്ടിയാണ്. ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയല്ല, കോര്‍പറേറ്റുകളെ തടിപ്പിക്കുകയാണ് മോഡിയുടെ ലക്ഷ്യമെന്ന് ഇത് വ്യക്തമാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെയും ഔഷധങ്ങളുടെയും വില വന്‍തോതില്‍ കുതിച്ചുകയറുകയാണ്. ഇവ തടയുന്നതിനുപകരം രൂക്ഷമാക്കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

ആസൂത്രണ കമീഷന്‍ പിരിച്ചുവിടുന്നതിനുള്ള പരിപാടികളാണ് ആവിഷ്കരിക്കുന്നത്. ഈ നയം പ്രാവര്‍ത്തികമാകുന്നതോടെ ആസൂത്രണപ്രക്രിയ ദുര്‍ബലപ്പെടുകയും സമൂഹത്തിലെ പിന്നോക്കംനില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള വികസനപദ്ധതികള്‍ തകര്‍ക്കപ്പെടുകയും ചെയ്യും. രാജ്യത്തെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന 200 ജില്ലകളിലേക്ക് തൊഴിലുറപ്പ് നിയമത്തിന്റെ നടത്തിപ്പ് പരിമിതപ്പെടുത്താനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തരം നയങ്ങള്‍ക്കെതിരായി ജനകീയപ്രതിഷേധം ഉയര്‍ന്നുവരുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി വര്‍ഗീയ അജന്‍ഡ മുന്നോട്ടുവയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു. മതപരിവര്‍ത്തനത്തിന്റെയും മറ്റും മുദ്രാവാക്യങ്ങള്‍ ഈ സാഹചര്യത്തിലാണ് ഉയര്‍ന്നുവരുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് കോര്‍പറേറ്റ് മാധ്യമങ്ങളുടെയും പിന്തുണ ലഭിക്കുന്നുണ്ട് എന്ന കാര്യവും കാണാതിരുന്നുകൂടാ.1998- 2004ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചതുപോലെ, വിവിധ ഉന്നത വിദ്യാഭ്യാസ- ഗവേഷണസ്ഥാപനങ്ങളില്‍ ആര്‍എസ്എസുകാരെയും ഹിന്ദുത്വമനോഭാവക്കാരെയും തിരുകിക്കയറ്റുകയാണ്. ചരിത്രഗവേഷണ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രൊഫ. സുദര്‍ശന്‍ റാവുവിനെ നിയമിച്ചത് ഇതിന്റെ ഭാഗമായാണ്. ആദര്‍ശാത്മകമായ ഒരു സാമൂഹ്യസംവിധാനം എന്ന നിലയില്‍ പുരാതന ജാതിവ്യവസ്ഥയെ ന്യായീകരിച്ച് എഴുതിയ ആളാണ് ഇദ്ദേഹം. ആര്‍എസ്എസ് തലവന്റെ പ്രസംഗം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അധികാരമേറ്റ ഉടനെതന്നെ മോഡിസര്‍ക്കാര്‍ നടപ്പാക്കി. ഗോഡ്സെയെ വെള്ളപൂശുന്നതിനുള്ള പദ്ധതികളും തയ്യാറായിവരികയാണ്.

ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തനം സംഘടിപ്പിക്കുന്നത് ധര്‍മ ജാഗരണ്‍ സമിതി (ഡിജെഎസ്) എന്ന സംഘപരിവാര്‍ സംഘടനയാണ്. 2021 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഒരു ക്രിസ്ത്യാനിയും അവശേഷിക്കില്ലെന്നാണ് ഡിജെഎസിന്റെ പ്രധാന വക്താവായ രാജേന്ദ്രസിങ് സോളങ്കി പറഞ്ഞത്. ഹിന്ദുക്കളായില്ലെങ്കില്‍ രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടിവരുമെന്ന ഗോള്‍വാള്‍ക്കറുടെ നിര്‍ദേശങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മിത്തിനെയും ഐതിഹ്യങ്ങളെയും ശാസ്ത്രമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ഭാഷയുടെ കാര്യത്തിലും അട്ടിമറികള്‍ നടക്കുകയാണ്. ഭരണഘടന പ്രകാരം മലയാളവും തമിഴും പോലുള്ള പ്രാദേശികഭാഷകളെപ്പോലെ സംസ്കൃതവും എട്ടാം ഷെഡ്യൂളില്‍പ്പെട്ട ഭാഷയാണ്. രാജ്യം അംഗീകരിച്ച ത്രിഭാഷാപദ്ധതി പ്രകാരം ഹിന്ദിയും ഇംഗ്ലീഷും മാതൃഭാഷയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാദേശികഭാഷകളെ പിന്തള്ളി സംസ്കൃതം അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

സുപ്രീംകോടതി ജഡ്ജിയായി ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിക്കാനുള്ള നിര്‍ദേശത്തെ മോഡിസര്‍ക്കാര്‍ അട്ടിമറിച്ചു. സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയം തെരഞ്ഞെടുത്ത സുബ്രഹ്മണ്യം സ്വീകാര്യനാകാതെവന്നത് അദ്ദേഹം അമിക്കസ് ക്യൂറിയെന്ന നിലയില്‍ അമിത്ഷായും പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെട്ട സൊഹ്റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചാര്‍ജ് ഷീറ്റ് കൊടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതിനാലാണ്. ഇത്തരത്തില്‍ ജുഡീഷ്യറിയില്‍പ്പോലും നഗ്നമായി ഇടപെടുന്നു.സംസ്ഥാന സര്‍ക്കാരാകട്ടെ, കേരളം നേടിയ നേട്ടങ്ങളെല്ലാം തകര്‍ക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിക്കഴിഞ്ഞു. അഴിമതി അലങ്കാരമായി കൊണ്ടുനടക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തി. സാമ്പത്തികരംഗം വമ്പിച്ച തകര്‍ച്ചയെ നേരിടുകയാണ്. സാമൂഹ്യസുരക്ഷാപദ്ധതികള്‍ തകര്‍ത്തു. ജാതി- മത-വര്‍ഗീയശക്തികള്‍ എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. സാമൂഹ്യസുരക്ഷാമേഖലകളും സംസ്ഥാനത്ത് തകര്‍ക്കപ്പെടുന്നു. പാര്‍ടിയുടെ 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടംകൂടിയാണ് ഇത്. ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്ക് അനുയോജ്യമായ വിധത്തില്‍ സമ്മേളനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ അവയ്ക്കെതിരായി അപവാദപ്രചാരണങ്ങള്‍ സംഘടിപ്പിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ പരിശ്രമിക്കുന്നത്. ഇത്തരം കള്ളപ്രചാരവേലകളെ അതിജീവിച്ച് മുന്നേറിയ ചരിത്രമാണ് പാര്‍ടിക്ക് എക്കാലത്തുമുള്ളത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുന്ന ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ട ഘട്ടംകൂടിയാണിത്. ഇത്തരം പോരാട്ടങ്ങള്‍ക്ക് ബാലാനന്ദന്റെ സ്മരണകള്‍ കരുത്താകും.