പിണറായി വിജയന്‍
സിപിഐ എമ്മിന്റെ ഇരുപത്തിഒന്നാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 14 മുതല്‍ 19 വരെ വിശാഖപട്ടണത്ത് നടക്കുകയാണ്. അതിന്റെ മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനം ഫെബ്രുവരി 20 മുതല്‍ 23 വരെ പുന്നപ്ര-വയലാര്‍ സമരഭൂമി നിലകൊള്ളുന്ന ആലപ്പുഴയില്‍ ചേരാനിരിക്കുകയാണ്. സംസ്ഥാനത്തെ 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായി. എല്ലാ സമ്മേളനങ്ങളിലും ഐകകണ്ഠ്യേനയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചതും ജില്ലാകമ്മിറ്റിയെയും ജില്ലാ സെക്രട്ടറിമാരെയും തെരഞ്ഞെടുക്കുകയും ചെയ്തത് എന്നത് പാര്‍ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആവേശം പകരുന്നതാണ്.
പാര്‍ടി സമ്മേളനം ആരംഭിച്ച ഘട്ടത്തില്‍ത്തന്നെ പാര്‍ടിക്കെതിരായി വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്തിരിപ്പന്‍ശക്തികള്‍ ശ്രമിച്ചു. അതിന് പശ്ചാത്തലമായി പലതരം കഥകളും മെനഞ്ഞെടുക്കാനുള്ള ശ്രമം ഉണ്ടായി. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായതോടെ ഈ കഥകളെല്ലാം ജലരേഖയായതായി ജനങ്ങള്‍ക്ക് ബോധ്യമായി. പിന്നീട് പ്രചാരണങ്ങളുടെ സ്വഭാവം മാറി. സംസ്ഥാനതലത്തില്‍ വിഭാഗീയത ഇല്ല എന്നത് ഈ മാധ്യമങ്ങള്‍തന്നെ തുറന്നുസമ്മതിക്കുന്ന നിലയുണ്ടായി. എന്നാല്‍, പ്രാദേശികമായി വിഭാഗീയത നിലനില്‍ക്കുന്നു എന്നും അതിന്റേതായ പ്രശ്നങ്ങള്‍ തുടര്‍ന്നുള്ള സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരാന്‍ പോകുന്നു എന്നുമായിരുന്നു വാദം. എന്നാല്‍, ലോക്കല്‍- ഏരിയാ സമ്മേളനങ്ങള്‍ അവസാനിച്ചതോടെ അത്തരം പ്രചാരണങ്ങളുടെ നിജസ്ഥിതിയും ജനങ്ങള്‍ക്ക് ബോധ്യമായി.
ജില്ലാസമ്മേളനങ്ങള്‍ ആരംഭിച്ചപ്പോള്‍ അവതരിപ്പിച്ച പ്രവണത മറ്റൊന്നായിരുന്നു. ഓരോ ജില്ലയിലും പ്രാദേശികമായ നേതാക്കള്‍ സംസ്ഥാനകമ്മിറ്റിയുടെ പൊതുവായ രീതികളെയും തീരുമാനങ്ങളെയും അംഗീകരിക്കാതെ മുന്നോട്ടുപോകുന്നു എന്നായിരുന്നു വാദം. സമ്മേളനങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ ഇടുക്കി ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരവേല കൗതുകകരമായിരുന്നു. സമ്മേളനത്തിലെ ഒരു പ്രതിനിധി എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു എന്നതായിരുന്നു പ്രചാരവേലയുടെ അന്തഃസത്ത. എത്രത്തോളം വാര്‍ത്ത ഇല്ലാത്ത അവസ്ഥയില്‍ ഇത്തരം മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നു എന്നതിന്റെ തെളിവായിരുന്നു അത്. എന്നാല്‍, ഇത്തരം ഒരു സംഭവവും ആ സമ്മേളനത്തില്‍ ഉണ്ടായില്ല എന്ന് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും അറിയാവുന്നതാണ്. സമ്മേളനങ്ങളിലാകെ കുഴപ്പമുണ്ടാകും എന്ന പ്രചാരവേല ചീറ്റിപ്പോകുന്നതിന്റെ ലക്ഷണംകൂടിയായിരുന്നു ഇത്. ഇവരുടെ അജന്‍ഡകള്‍പോലും പ്രചരിപ്പിക്കാന്‍ കഴിയാത്തതരത്തില്‍ കരുത്തുറ്റതായി സിപിഐ എമ്മിന്റെ സംഘടനാ സംവിധാനങ്ങള്‍ മാറി എന്നതിന്റെ തെളിവുകൂടിയായിരുന്നു അത്.
ജില്ലാതലത്തിലുള്ള വിഭാഗീയതയുടെ ഭാഗമായി സെക്രട്ടറിസ്ഥാനത്ത് മത്സരം നടക്കുമെന്ന പ്രചാരവേലയും ഓരോ ജില്ലാസമ്മേളനം ആരംഭിക്കുന്ന ഘട്ടത്തിലും ഉണ്ടായി. എന്നാല്‍, ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടായ നില എല്ലാ കാര്യങ്ങളും ഐകകണ്ഠ്യേന അംഗീകരിക്കപ്പെട്ടു എന്നതാണ്. സംസ്ഥാനത്തെ ഏഴ് ജില്ലയില്‍ സെക്രട്ടറിമാര്‍ മാറി. മാറിയ സെക്രട്ടറിമാരില്‍ അഞ്ച് സഖാക്കള്‍ മൂന്നുതവണയിലപ്പുറം സെക്രട്ടറിയാകാന്‍ പാടില്ല എന്ന പാര്‍ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധമായും മാറേണ്ടവരായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറിമാരില്‍ മൂന്ന് സഖാക്കള്‍ നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ഇതിനു പുറമെ സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലാത്ത നാല് സഖാക്കളും സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി തെരഞ്ഞെടുപ്പുമാത്രമല്ല, ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പും ഐകകണ്ഠ്യേന ആയിരുന്നു എന്നത് പാര്‍ടിയില്‍ നിലനില്‍ക്കുന്ന ഐക്യത്തിന്റെയും യോജിപ്പിന്റെയും അഭിമാനകരമായ തെളിവായിരുന്നു.
ജില്ലാസമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കഥകള്‍ പലതും സമ്മേളന നടപടികളെ സംബന്ധിച്ച് ധാരണയില്ലാത്തതുകൊണ്ടോ അഥവാ ഉണ്ടെങ്കില്‍ത്തന്നെ ജനങ്ങളില്‍ അങ്കലാപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയോ പടച്ചുവിട്ടവയാണ്. ജില്ലാസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി ചര്‍ച്ചചെയ്ത് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലാസമ്മേളനങ്ങളും മൂന്നുദിവസമാണ് നടത്തിയത്. സമ്മേളനത്തിന്റെ പ്രാരംഭ നടപടികള്‍ക്കുശേഷം പൊതുവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും സംഘടനാപരമായ ഉത്തരവാദിത്തത്തെയും പ്രതിപാദിക്കുന്ന ഉദ്ഘാടനപ്രസംഗത്തിനുശേഷം നിലവിലുള്ള ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അവതരണം നടക്കുകയാണുണ്ടായത്.
ഈ സമ്മേളനകാലയളവില്‍ സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും കണ്ടെത്തി, കോട്ടങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയത്. അതില്‍ വിമര്‍ശമുണ്ടാകും സ്വയംവിമര്‍ശമുണ്ടാകും. ആ വിമര്‍ശവും സ്വയംവിമര്‍ശവുമാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന്റെ അന്തഃസത്ത. കേന്ദ്രീകൃത ജനാധിപത്യത്തിന്റേതായ അച്ചടക്കത്തിന് കീഴ്പ്പെട്ടാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക. അത് മനസ്സിലാക്കാതെ ചില വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നു എന്നുപറഞ്ഞ് നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്നതിനാണ് പല മാധ്യമങ്ങളും ശ്രമിച്ചത്. സമ്മേളനകാലയളവില്‍ പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഖാക്കള്‍ക്കുണ്ടായ ഈ അനുഭവങ്ങളും അഭിപ്രായങ്ങളും വിമര്‍ശങ്ങളും പങ്കുവയ്ക്കാന്‍തന്നെയാണ് സമ്മേളനങ്ങള്‍ ചേരുന്നത് എന്ന പ്രാഥമികധാരണയുടെ അഭാവംപോലും ഇത്തരം ചര്‍ച്ചകളില്‍ നിഴലിച്ചു. ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിയുന്ന അഭിപ്രായങ്ങളില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശൈലി. ഈ ശൈലിയുടെ വിജയകരമായ പരിസമാപ്തിയാണ് എല്ലാ ജില്ലാസമ്മേളനങ്ങളിലുമുണ്ടായത്. എല്ലാ ജില്ലാസമ്മേളനങ്ങള്‍ക്കും ശേഷം നടന്ന പ്രകടനങ്ങളിലും പൊതുസമ്മേളനങ്ങളിലും ഉണ്ടായ ജനപ്രവാഹം, എത്ര ആവേശത്തോടുകൂടിയാണ് ജനങ്ങള്‍ ഇതിനെ കാണുന്നത് എന്നതിന്റെ തെളിവുകൂടിയായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ജനാധിപത്യമില്ല എന്നും കോണ്‍ഗ്രസുപോലുള്ള സംഘടനകള്‍ക്കകത്താണ് ജനാധിപത്യം നിലനില്‍ക്കുന്നത് എന്നുമുള്ള വാദങ്ങള്‍ പൊതുവില്‍ ഉയര്‍ത്തപ്പെടുന്നുണ്ട്. ഇതിന്റെ നിരര്‍ഥകതകൂടിയാണ് പാര്‍ടി സമ്മേളനങ്ങള്‍ തുറന്നുകാട്ടുന്നത്. താഴെതട്ടുമുതല്‍ സമ്മേളനങ്ങള്‍ നടത്തി പുതിയ കമ്മിറ്റികളെ തെരഞ്ഞെടുക്കാനുള്ള ശേഷി ജനാധിപത്യ പാര്‍ടികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഇല്ലെന്നത് ഏവര്‍ക്കും അറിയാവുന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ടി എന്ന് പൊതുവില്‍ വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്ന ഘട്ടങ്ങളില്‍ അവ നിര്‍ത്തിവയ്ക്കാന്‍ ഇടയാകുന്ന സാഹചര്യങ്ങള്‍ നാം കണ്ടിട്ടുള്ളതാണ്. ജനാധിപത്യപരമായ ഇത്തരം രീതികള്‍ സംഘടനാപ്രവര്‍ത്തനത്തില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തതിനെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് സിപിഐ എമ്മിന്റെ സമ്മേളനങ്ങള്‍ക്കുനേരെ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷമായി അതിശക്തമായ എതിര്‍ പ്രചാരവേലകളെയും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ചാണ് പാര്‍ടി മുന്നോട്ടുപോകുന്നത്. ഈ അടിച്ചമര്‍ത്തലുകളൊന്നും പാര്‍ടിയുടെ ജനകീയ പിന്തുണയ്ക്കും സംഘടനാപരമായ ബലത്തിനും ഒരു പോറലുമേല്‍പ്പിച്ചില്ല എന്ന് പാര്‍ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനസമയത്ത് സംസ്ഥാനത്തെ പാര്‍ടി അംഗങ്ങളുടെ എണ്ണം 3,70,818 ആയിരുന്നു. എന്നാല്‍, ഇന്നത് 4,05,591 ആയി ഉയര്‍ന്നിട്ടുണ്ട്. പാര്‍ടി ബ്രാഞ്ചുകളുടെ എണ്ണം 28,525 ആയിരുന്നത് 29,841 ആയി വര്‍ധിച്ചു. ബ്രാഞ്ചിന് തൊട്ടുമുകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഘടകമായ ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം കഴിഞ്ഞ സമ്മേളന കാലയളവില്‍ 1978 ആയിരുന്നു. ഈ സമ്മേളനത്തിലെത്തുമ്പോള്‍ അത് 2076 ആയി ഉയര്‍ന്നു. ഏരിയ കമ്മിറ്റികളുടെ എണ്ണം കഴിഞ്ഞ സമ്മേളനകാലയളവില്‍ 202 ആയിരുന്നു എങ്കില്‍ ഇന്നത് 206 ആണ്്.
കേരളത്തില്‍ നടന്ന പാര്‍ടിയുടെ ജില്ലാസമ്മേളനങ്ങള്‍ ഇത്തരത്തില്‍ നല്ല നിലയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് റിപ്പോര്‍ട്ട് കാലയളവില്‍ പാര്‍ടി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും അതിന്റെ അടിസ്ഥാനത്തില്‍ നേടിയ സംഘടനാപരവും രാഷ്ട്രീയവുമായ കരുത്തിന്റെയുംകൂടി തെളിവാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് ആപല്‍ക്കരമായ അവസ്ഥ സൃഷ്ടിച്ചപ്പോള്‍ അതിനെതിരായി ജനങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍നിന്ന് പോരാടിയത് സിപിഐ എമ്മാണ്. കോണ്‍ഗ്രസ് മാറി ബിജെപി അധികാരത്തില്‍ വന്നാല്‍ ഇത്തരം ജനദ്രോഹനയങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല എന്ന് പാര്‍ടി മുന്നോട്ടുവച്ച കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയാണ്.
കേരളത്തിലാകട്ടെ, കേന്ദ്രസര്‍ക്കാര്‍ തുടരുന്ന അതേനയം നടപ്പാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കേരളത്തില്‍ നിരവധി പോരാട്ടങ്ങളിലൂടെ നാം നേടിയ എല്ലാ നേട്ടങ്ങളും ഒന്നിനുപുറകെ ഒന്നായി തകര്‍ക്കപ്പെടുകയാണ്. അഴിമതിയുടെ കാര്യത്തിലാകട്ടെ, കേരളത്തിന്റെ മഹത്തായ രാഷ്ട്രീയ സംസ്കാരത്തെതന്നെ തകര്‍ക്കുംവിധമുള്ള നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോടതി പരാമര്‍ശങ്ങള്‍ വന്നിട്ടും അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തില്‍ ഭരണത്തിലുള്ളത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എന്നിട്ടും ആ കേസിലെ പ്രതിയായ കെ എം മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനോ, മന്ത്രിസഭയില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിന് മുഖ്യമന്ത്രിയോ തയ്യാറാകുന്നില്ല. മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത്തരത്തിലുള്ള സംവിധാനങ്ങളെ തകര്‍ക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെ താലോലിക്കുന്ന നയവും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിനെതിരായി ജനകീയ താല്‍പ്പര്യം സംരക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍നിന്ന് പൊരുതുന്നത് സിപിഐ എമ്മാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരായി പൊരുതുമ്പോള്‍ത്തന്നെ, കേരളീയസമൂഹത്തിന്റെ സവിശേഷതകളെ മനസ്സിലാക്കി ഇടപെടുന്നതിനുള്ള നിരവധി പ്രവര്‍ത്തനപദ്ധതികള്‍ മുന്നോട്ടുവച്ച് പാര്‍ടി പ്രവര്‍ത്തിക്കുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമ്പോള്‍ത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന പുതിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പാര്‍ടി സജീവമായി ഇടപെടുന്നു. മാലിന്യനിര്‍മാര്‍ജനംപോലുള്ള പ്രശ്നങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ അവ പരിഹരിക്കുന്നതിനുള്ള മഹത്തായ പ്രവര്‍ത്തനത്തിന് പാര്‍ടി നേതൃത്വം നല്‍കി. സാന്ത്വനചികിത്സാരംഗത്തും ജനസേവകരായി പാര്‍ടി പ്രവര്‍ത്തകരുണ്ട്. കേരളത്തിലെ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നു മാത്രമല്ല, അതിനെ തകര്‍ക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്കായി പാര്‍ടി ജനകീയപ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ്. കേരളത്തിന്റെ സംസ്കാരത്തിന്റെ സംരക്ഷണത്തിനും ആരോഗ്യകരമായ ജനജീവിതത്തിനും അനിവാര്യമായ പോരാട്ടത്തിലാണ് പാര്‍ടി ഏര്‍പ്പെട്ടിരിക്കുന്നത്.
ജനങ്ങളെ അറകളാക്കി തിരിച്ചുനിര്‍ത്തി അതിലൂടെ തങ്ങളുടെ അജന്‍ഡ നടപ്പാക്കുക എന്ന ഭരണവര്‍ഗതാല്‍പ്പര്യത്തിന് എതിരായുള്ള സമീപനം സ്വീകരിച്ച് സാമ്രാജ്യത്വവിരുദ്ധവും കുത്തകവിരുദ്ധവും ജന്മിത്തവിരുദ്ധവുമായ പോരാട്ടം സംഘടിപ്പിക്കുന്നതിനാണ് പാര്‍ടി ഇടപെടുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ വികസന അജന്‍ഡ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും പാര്‍ടി മുഴുകുന്നത്. ജനവിരുദ്ധനയങ്ങളുടെ മലവെള്ളപ്പാച്ചിലിനിടയില്‍ ജനങ്ങള്‍ പ്രതീക്ഷയോടെയും പാര്‍ടി പ്രവര്‍ത്തകര്‍ ത്യാഗസന്നദ്ധതയോടെയും ഈ പാര്‍ടിയെ കാണുന്നു എന്നതുകൊണ്ടാണ് ജില്ലാ സമ്മേളനങ്ങള്‍ സംഘടനാപരവും രാഷ്ട്രീയവുമായി വന്‍ വിജയമായിത്തീര്‍ന്നത്. ജനങ്ങള്‍ അര്‍പ്പിച്ച ഈ വിശ്വാസം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങളാകും ആലപ്പുഴയില്‍ ഉണ്ടാവുക എന്ന ഉറപ്പു നല്‍കുന്നതിനും ഈ അവസരം വിനിയോഗിക്കട്ടെ.