പിണറായി വിജയന്‍
സിപിഐ എം ഇരുപത്തിഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ചരിത്രസംഭവമായി മാറാന്‍പോകുന്ന പശ്ചാത്തലത്തിലാണ് സ. എന്‍ എസിന്റെ സ്മരണ ഇത്തവണ പുതുക്കുന്നത്. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വമേകുന്ന ആലപ്പുഴയില്‍ വിപ്ലവപ്രസ്ഥാനത്തിന് ഊടുംപാവും ഏകിയ നേതാക്കളില്‍ ഒരാളായിരുന്നു എന്‍ എസ്. സ്വന്തം വിശ്വാസത്തെ സ്വജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ ആ വിപ്ലവകാരിയുടെ ജീവന്‍, കമ്യൂണിസ്റ്റ് സംഘടനാപ്രവര്‍ത്തനത്തിന് മധ്യേ 1985 ഫെബ്രുവരി 17ന് വാഹനാപകടം കവരുകയായിരുന്നു.
കേവുവള്ളക്കാരന്റെ മകനായി മധ്യതിരുവിതാംകൂറിലെ നാട്ടിന്‍പുറത്ത് ജനിച്ച എന്‍ ശ്രീധരന്‍, എങ്ങനെ പാര്‍ടിയും നാട്ടുകാരും സ്നേഹത്തോടെ അംഗീകരിച്ച എന്‍ എസായി വളര്‍ന്നുവെന്നത് പുതുതലമുറ പഠിക്കേണ്ട ജീവിതപാഠമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ കെട്ടുവള്ളത്തില്‍ സഹായിയായി. ആ യാത്രയ്ക്കിടെ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായ പരിചയത്തിലൂടെ ബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിക്കുന്ന സംഘാടകനായി. "ദിവാന്‍ ഭരണം തുലയട്ടെ" എന്ന ബോര്‍ഡ് സ്വന്തം നാടായ വള്ളിക്കാവില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് പൊതുരംഗത്ത് സജീവമായത്. ബോര്‍ഡ് വച്ചതിനെത്തുടര്‍ന്ന് ആ പ്രദേശത്ത് പൊലീസ് വേട്ട ശക്തിപ്പെട്ടപ്പോള്‍ ദീര്‍ഘകാലം ഒളിവിലായി. ഒളിവുജീവിതത്തിനിടയില്‍, നാവികത്തൊഴിലാളി സംഘടനയെ കെഎസ്പിയുടെ പിടിയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിന് നിര്‍ണായക സംഭാവന നല്‍കി. ഇങ്ങനെ ഇന്ത്യന്‍ജനതയുടെ സ്വാതന്ത്ര്യാഭിനിവേശവും കേരളത്തിലെ അവശജനതയുടെ മോചനത്തിനായുള്ള ദാഹവും കൂടിച്ചേര്‍ന്ന്, മുക്കാല്‍ നൂറ്റാണ്ടുമുമ്പ് രൂപംകൊണ്ട വിപ്ലവാന്തരീക്ഷത്തിലായിരുന്നു എന്‍ എസിന്റെ രാഷ്ട്രീയപ്രവേശം. നാല്‍പ്പതുകളുടെ മധ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെല്‍ സെക്രട്ടറി, പിന്നീട് മധ്യതിരുവിതാംകൂറില്‍ രൂപീകരിച്ച കായംകുളം ഡിസിയുടെ ആദ്യത്തെ നാലംഗങ്ങളില്‍ ഒരാള്‍, തുടര്‍ന്ന് ആ ഡിസിയുടെ സെക്രട്ടറി, കാര്‍ത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി, 1958ല്‍ ആലപ്പുഴ ഡിസിയുടെ ആക്ടിങ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിപിഐ എം രൂപീകരണത്തിനുശേഷം പാര്‍ടിയുടെ ആലപ്പുഴ, കൊല്ലം ജില്ലാ സെക്രട്ടറി, തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റുകാര്‍ കേരളത്തിന് എന്തുചെയ്തു എന്ന ചോദ്യം നിഷേധാത്മക രൂപത്തില്‍ പലരും ഇന്നും ഉയര്‍ത്തുന്നുണ്ട്. പക്ഷേ, എന്‍ എസ് അടക്കമുള്ള വിപ്ലവകാരികളുടെ ചരിത്രം മനസ്സിലാക്കിയാല്‍, സാമൂഹ്യനീതിക്കും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം നല്‍കിയ മഹത്തായ സംഭാവന നിഷേധിക്കാന്‍ ആര്‍ക്കും കഴിയാതെവരും. കമ്യൂണിസ്റ്റുകാര്‍ നടത്തിയ സമരവും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ നടപടികളും കേരളത്തിന്റെ സാമൂഹ്യമാറ്റത്തില്‍ വഹിച്ച പങ്ക് വലുതാണ്. ഈ മാറ്റത്തിനുപിന്നില്‍ കമ്യൂണിസ്റ്റുകാരുടെ ചോരയും ജീവനും ത്യാഗവുമുണ്ട്. എന്ത് ബുദ്ധിമുട്ട് നേരിട്ടാലും ഒളിവില്‍ കഴിയുക എന്ന നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിരോധിത കാലഘട്ടത്തില്‍ 1948-49ല്‍ ഒളിവില്‍ കഴിഞ്ഞ സഖാവിന് സദാ പുകയുന്ന അടുപ്പുള്ള തട്ടുംപുറത്ത് 18 മണിക്കൂര്‍ ശ്വാസംമുട്ടി കഴിയേണ്ടിവന്നു. അന്ന് കായംകുളം പാര്‍ടിയുടെ ഡിവിഷന്‍ കമ്മിറ്റിയുടെ ചുമതലക്കാരനായിരുന്നു. ഈ ഘട്ടത്തിലാണ് ശൂരനാട് കലാപം. ശൂരനാട്ടെ തെന്നല ജന്മികുടുംബം കാളയ്ക്കുപകരം കര്‍ഷകത്തൊഴിലാളികളെ നുകത്തില്‍കെട്ടി നിലമുഴുതു. അത്തരം ക്രൂരതകള്‍ക്കെതിരായ സടകുടഞ്ഞെഴുന്നേല്‍ക്കലായിരുന്നു ശൂരനാട് കലാപം. പണിയെടുക്കുന്നവരുടെ ജീവിതനിലവാരവും കുടുംബാവസ്ഥയും അന്ന് മൃഗതുല്യമായിരുന്നു. അവരുടെ കുടിലില്‍ കയറിച്ചെന്ന് ജന്മിമാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും ബാഹുബലവും ആയുധബലവും കാണിക്കാമായിരുന്നു. പെണ്‍കിടാങ്ങളെ മാനഭംഗപ്പെടുത്താമായിരുന്നു. വറുതിയും അജ്ഞതയും നിസ്സഹായതയും ചേര്‍ന്ന മുപ്പിരിക്കയര്‍കൊണ്ട് ബന്ധിതമായിരുന്നു അവരുടെ ജീവിതം. ആ അവസ്ഥയ്ക്ക് മാറ്റംവരുത്തി അന്തസ്സോടെ തലയുയര്‍ത്തി ജീവിക്കാനും അഭിമാനബോധമുള്ള മനുഷ്യരാകാനും അവര്‍ക്ക് കഴിഞ്ഞത് ശൂരനാട് അടക്കം കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ പോരാട്ടങ്ങളിലൂടെയാണ്.
1950കളുടെ മധ്യത്തില്‍ ആലപ്പുഴയില്‍ പട്ടിണിയും ക്ഷാമവും രൂക്ഷമായപ്പോള്‍ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര പ്രദേശങ്ങളില്‍നിന്ന് വലിയതോതില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ചെങ്കൊടി കെട്ടിയ ബോട്ടില്‍ ആലപ്പുഴയിലെത്തിച്ച് വിതരണംചെയ്യുന്നതിന് നേതൃപരമായ പങ്കുവഹിച്ചു സഖാവ്. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയായി അവരിലൊരാളായി മാറേണ്ടതിന്റെ പ്രാധാന്യം സിപിഐ എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനം അംഗീകരിച്ച ഭാവി പ്രവര്‍ത്തന പരിപാടി അടിവരയിടുന്നു. അതുപ്രകാരം വൈദ്യസഹായം, ആള്‍സഹായം തുടങ്ങിയവ ആവശ്യമായിവരുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള കര്‍മപരിപാടിക്ക് രൂപം നല്‍കുകയും അത് നല്ലതോതില്‍ പലയിടങ്ങളിലും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ടിയില്‍ അച്ചടക്കത്തിനുവേണ്ടിയും വിഭാഗീയതയ്ക്കെതിരായും കര്‍ശനിലപാട് സ്വീകരിച്ച നേതാവായിരുന്നു എന്‍ എസ്. വിഭാഗീയതയുടെ വിപത്ത് പാര്‍ടിക്കുള്ളില്‍ പൊതുവില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനം കേരള പാര്‍ടിക്ക് ഇന്നുണ്ട്. വിഭാഗീയതയുടെ കെടുതി പാര്‍ടിയെ ഒരുഘട്ടത്തില്‍ വല്ലാതെ ഉലയ്ക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നുവെന്നത് മറക്കാന്‍ കഴിയില്ല. അതിനെയെല്ലാം അതിജീവിച്ച് പാര്‍ടിയുടെ കരുത്ത് വര്‍ധിച്ച ഈ ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വിരുദ്ധശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വലതുപക്ഷ-പിന്തിരിപ്പന്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. എന്നാല്‍, സിപിഐ എമ്മിന് ഇന്ന് രാഷ്ട്രീയകാര്യങ്ങളിലോ സംഘടനാകാര്യങ്ങളിലോ ഒരു പ്രതിസന്ധിയുമില്ല. അത് ഒരിക്കല്‍ക്കൂടി വിളംബരംചെയ്യുന്നതാകും ആലപ്പുഴയിലെ സിപിഐ എം സംസ്ഥാന സമ്മേളനം.
നവലിബറല്‍ വികസനയവും ഹിന്ദുത്വവര്‍ഗീയതയുമായി അധികാരത്തില്‍ തുടരുന്ന മോഡി സര്‍ക്കാരിന്റെ സാന്നിധ്യം ദേശീയവിപത്താണ്. എന്നാല്‍, മോഡിയെ ചുറ്റിപ്പറ്റി സംഘപരിവാറും മാധ്യമങ്ങളും ചമച്ച മോഹവലയത്തില്‍നിന്ന് ജനങ്ങള്‍ വളരെവേഗം മോചിതരാകുന്നു എന്നതാണ് ഡല്‍ഹി തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സന്ദേശം. കേരളത്തിലാകട്ടെ, യുഡിഎഫ് ഭരണം അനുദിനം ജനങ്ങളില്‍നിന്ന് ദയനീയമായി ഒറ്റപ്പെടുന്നു. ഈ സാഹചര്യത്തിലും സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്താനുള്ള പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണങ്ങളെ തടയാന്‍ സാമാന്യജനത്തിനിടയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഊര്‍ജിതമായും വര്‍ധിച്ചതോതിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സ്വന്തം മാധ്യമപ്രസിദ്ധീകരണങ്ങളെ കരുത്തുറ്റതാക്കേണ്ടതുമുണ്ട്. ദേശാഭിമാനിയുടെ പ്രചാരണം വര്‍ധിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന ചുമതല ഏറ്റെടുത്ത് എന്‍ എസ് നടത്തിയ പ്രവര്‍ത്തനം എക്കാലവും മാതൃകയാണ്. ദേശാഭിമാനി കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മൂന്നാമത്തെ പത്രമാണ്. ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമാക്കുക എന്ന ലക്ഷ്യം നേടേണ്ടതുണ്ട്. അച്ചടിരംഗത്തുമാത്രമല്ല ദൃശ്യമാധ്യമരംഗത്തും ജനപക്ഷബദല്‍ ശക്തിപ്പെടുത്തണം. അതുപോലെ സോഷ്യല്‍മീഡിയ എന്ന നവമാധ്യമങ്ങളെയും പ്രയോജനപ്പെടുത്തണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ് സ്മരണ ആവേശം പകരുന്നതാണ്. സഖാവിന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു
***