സംഘടനാ തത്വത്തിന് ഊന്നല്‍
സംഘടനാ തത്വത്തിന് ഊന്നല്‍
കോടിയേരി ബാലകൃഷ്ണന്‍
സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ സമയം മുഴുവന്‍ പൊതുചര്‍ച്ചയ്ക്കായി നീക്കിവച്ചിരുന്നു. മൂന്നാം ദിവസവും ചര്‍ച്ച തുടര്‍ന്നു. പൊതുചര്‍ച്ച 9 മണിക്കൂറും 20 മിനിറ്റും നീണ്ടു. വിവിധ ജില്ലകളെയും സ്പെഷ്യല്‍ യൂണിറ്റുകളെയും പ്രതിനിധാനംചെയ്ത് 55 സഖാക്കള്‍ സംസാരിച്ചു. റിപ്പോര്‍ട്ടിനെ പൊതുവില്‍ സ്വാഗതം ചെയ്യുന്നതായിരുന്നു ചര്‍ച്ച. ചില ഭാഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തേണ്ടതിന്റെയും ചില ഭാഗത്ത് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതിന്റെയും ആവശ്യകത സഖാക്കള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു.
മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ പങ്കെടുത്ത സഖാക്കള്‍ ഊന്നിപ്പറയുകയുണ്ടായി. ഈ സംഘടനാ തത്വം പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. സഖാക്കള്‍ ഓരോ കാലത്തും നടത്തിയ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുമ്പോള്‍ തന്നെ പുതിയ കാലത്ത് പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം എല്ലാ സഖാക്കള്‍ക്കും ഉണ്ടെന്നും അഭിപ്രായമുയര്‍ന്നു. പാര്‍ടി എന്നത് ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ഒന്നല്ല. മാര്‍ക്സിസ്റ്റ് ആശയവും ലെനിനിസ്റ്റ് സംഘടനാ തത്വവുമാണ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശകമാകേണ്ടത്. അതില്‍നിന്നുള്ള വ്യതിയാനങ്ങള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യം പ്രതിനിധി സഖാക്കള്‍ എടുത്തുപറഞ്ഞു. ഒരു നേതാവും പാര്‍ടിക്ക് അതീതനല്ലെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചാണ് പ്രതിനിധി സഖാക്കള്‍ സംഘടനാ പ്രശ്നങ്ങളിലുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.
സാര്‍വദേശീയ-ദേശീയ സംഭവവികാസങ്ങളെയും കേരളീയ സമൂഹത്തിന്റെ സവിശേഷതകളെ ഊന്നിക്കൊണ്ടുമുള്ള ചര്‍ച്ച സമ്മേളനത്തില്‍ സജീവമായിരുന്നു. സാര്‍വദേശീയരംഗത്തെ സംഭവവികാസങ്ങളില്‍ ചൈന സ്വീകരിക്കുന്ന നിലപാടുകളെ പ്രതിനിധി സഖാക്കള്‍ പരാമര്‍ശിച്ചു. സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈന സാര്‍വദേശീയ പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന പല സമീപനങ്ങളും വിമര്‍ശത്തിന് വിധേയമായി. കേന്ദ്രകമ്മിറ്റി ഇത്തരം പ്രശ്നങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരുന്ന പ്രദേശമാണ് ലാറ്റിനമേരിക്ക. അടുത്തകാലത്തായി ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വമ്പിച്ച മുന്നേറ്റത്തിനും ആ രാഷ്ട്രങ്ങള്‍ സാക്ഷ്യംവഹിക്കുന്നുണ്ട്. അവിടങ്ങളിലുണ്ടായിട്ടുള്ള അനുഭവങ്ങള്‍ വിശദമായി പരിശോധിക്കുകയും അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ സ്വീകരിക്കാന്‍ കഴിയണമെന്നും ഇക്കാര്യത്തില്‍ സൂക്ഷ്മമായ വിലയിരുത്തല്‍ കേന്ദ്രകമ്മിറ്റി നടത്തേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു.രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ ആകമാനം തകര്‍ക്കുന്ന നയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപിയുടെ നയസമീപനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വിപുലമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ആര്‍എസ്എസിന്റെ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സമഗ്രമായ പ്രസ്ഥാനം ദേശീയതലത്തില്‍ നാം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത്തരമൊരു പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ, പാര്‍ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാനാകണം. ദേശീയതലത്തില്‍ പാര്‍ടിക്കുണ്ടായ തിരിച്ചടി ശരിയായനിലയില്‍ പരിശോധിക്കാന്‍ കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കഴിയണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കേരളം നേടിയ നേട്ടങ്ങളെല്ലാം തകര്‍ക്കുന്നവിധമാണ് മുന്നോട്ടുപോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുന്നതിന് റിപ്പോര്‍ട്ട് കാലയളവില്‍ പാര്‍ടിക്ക് കഴിഞ്ഞതായി വിലയിരുത്തപ്പെട്ടു. വ്യത്യസ്തമായ നിരവധി സമരങ്ങള്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ ബലാബലത്തില്‍ വലിയ തോതില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ ദൗര്‍ബല്യം പരിഹരിക്കാനാകണം. ഈ യാഥാര്‍ഥ്യം കണക്കിലെടുത്ത് രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫിന്റെ ജനപിന്തുണ 50 ശതമാനത്തില്‍ കൂടുതലാക്കാന്‍ കഴിയേണ്ടതുണ്ട്. അത്തരം വളര്‍ച്ചയ്ക്ക് ഇടതുപക്ഷ ഐക്യം പ്രധാനമാണ്. മുന്നണിയിലെ ഓരോ ഘടകകക്ഷിയുടെയും പിന്തുണയും ശേഷിയും ഇനിയും വര്‍ധിക്കേണ്ടതുണ്ട്. പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സമരരീതികളില്‍ കാലോചിതമായ മാറ്റം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറയുകയുണ്ടായി. അടുപ്പുകൂട്ടി സമരം പോലുള്ള പ്രക്ഷോഭങ്ങള്‍ വലിയ ജനപിന്തുണ നേടിയതിന്റെ ഉദാഹരണവും അവതരിപ്പിക്കപ്പെട്ടു.റിപ്പോര്‍ട്ട് കാലയളവില്‍ പാര്‍ടിയും വര്‍ഗ-ബഹുജനസംഘടനകളും നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രക്ഷോഭസമയത്ത് സര്‍ക്കാരുണ്ടാക്കിയ ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കുന്നതില്‍ ജനാധിപത്യവിരുദ്ധമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിനിധികള്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തരം വിഷയങ്ങളില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കപ്പെട്ടു.
കേരളത്തെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രദേശമാക്കി മാറ്റിയെടുക്കുന്നതില്‍ നമ്മുടെ പാര്‍ടി വഹിച്ച പങ്ക് ഏറെ വലുതാണ്. വികസനത്തിനായി ജനങ്ങളെ ആകമാനം കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം സംസ്ഥാന രൂപീകരണത്തിനു മുമ്പുതന്നെ പാര്‍ടി വ്യക്തമാക്കിയിരുന്നു. ഈ കാഴ്ചപ്പാട് കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാകണം. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെയാകമാനം കൂട്ടിയോജിപ്പിച്ച് കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് പാര്‍ടിക്ക് കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ശരിയായ ദിശാബോധം ഉണ്ടാകുക എന്നതും പ്രധാനമാണ്. അതിനായി അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ച് ഒരു ബദല്‍ വികസന പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കാനും കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്തുകയെന്ന ദൗത്യം പാര്‍ടി ഏറ്റെടുക്കണമെന്ന അഭിപ്രായവുമുയര്‍ന്നു.
വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും സംഘടിപ്പിക്കണം. വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് താഴേതലത്തില്‍ തന്നെ, ചര്‍ച്ചകള്‍ നടത്തി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കണം. അതിന് അനുയോജ്യമായ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കണം.കേരളത്തില്‍ മാധ്യമങ്ങള്‍ ഇന്ന് വലിയ സ്വാധീനം ചെലുത്തുകയാണ്. കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ ശക്തമായി ഇടപെടുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കുകയാണ്. ഇത്തരം വാര്‍ത്തകളാകട്ടെ ഭൂരിഭാഗവും പാര്‍ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും എതിരായിത്തീരുന്ന സ്ഥിതി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍, മാധ്യമരംഗത്തെ നമ്മുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. അതിനായി, സിപിഐ എമ്മുമായി ബന്ധപ്പെട്ട മാധ്യമശൃംഖലയില്‍ കാലോചിതമായ പരിഷ്കാരം ഉണ്ടാകണമെന്നും അവയുടെ ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
വലതുപക്ഷ മാധ്യമങ്ങള്‍ വന്‍ മൂലധനത്തിന്റെ പിന്‍ബലത്തോടെ നമുക്കെതിരെ പ്രചാരണം നടത്തുമ്പോള്‍ അത്രയേറെ പണച്ചെലവില്ലാതെ തന്നെ, നമുക്ക് ഇടപെടാന്‍ കഴിയുന്ന മേഖലയാണ് നവമാധ്യമങ്ങളുടേത്. ഈ സാഹചര്യത്തില്‍ നവമാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ചര്‍ച്ച വിരല്‍ചൂണ്ടി. ഈ രംഗത്ത് താഴെതട്ടില്‍ വരെ പ്രതിരോധ ശൃംഖല രൂപപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കാന്‍ പാര്‍ടിക്ക് കഴിയേണ്ടതുണ്ട്. ഈക്കാര്യത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടാകണമെന്നും നിര്‍ദേശം ഉയര്‍ന്നുവന്നു.കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസികള്‍. കേന്ദ്ര സഹായത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് പ്രവാസികളില്‍ നിന്നായി കേരളത്തിനു ലഭിക്കുന്നത്.
കേരളത്തിലെ 100 വീട് എടുത്താല്‍ 28 വീടിന് പ്രവാസികളുമായി ബന്ധമുണ്ട്. ഈ മേഖലയിലെ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ സജീവമായി ഏറ്റെടുക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ രംഗത്തുകാണിക്കുന്ന നിഷേധാത്മകമായ സമീപനത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനും കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വന്നിട്ടുള്ള പോരായ്മ തിരുത്തേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ പദ്ധതികള്‍ നടക്കുകയാണ്. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച് വര്‍ഗീയമായി യോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്നത്. അതോടൊപ്പം തന്നെ, ന്യൂനപക്ഷ വര്‍ഗീയവാദികളും അവരുടെ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ രണ്ടു ശക്തികളും പരസ്പരം ചൂണ്ടിക്കാണിച്ച് വളരാന്‍ ശ്രമിക്കുകയാണ്. ഈ ഇടപെടല്‍ കേരളത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിക്കുന്നു.
ജാതി-മത-വര്‍ഗീയശക്തികള്‍ക്കെതിരായി ശക്തമായ ഇടപെടല്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും പ്രതിനിധികള്‍ എടുത്തുപറഞ്ഞു.നമ്മുടെ നാട്ടില്‍ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തോടെ ഇല്ലാതായ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരികയാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരായി മുമ്പ് പൊരുതിയ പല പ്രസ്ഥാനവും ഇന്നതിന്റെ പ്രചാരകരായി തീരുന്നു. ഇത് മനസ്സിലാക്കി ഇടപെടാന്‍ കഴിയേണ്ടതുണ്ട്. സാംസ്കാരികരംഗത്ത് വലതുപക്ഷശക്തികള്‍ അവരുടെ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ സാംസ്കാരിക അവബോധം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയണം. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നതും കേരളത്തിന്റെ ഗുണപരമായ പാരമ്പര്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. കേരളീയ സമൂഹത്തിന്റെ സവിശേഷതകളെ വിലയിരുത്തിക്കൊണ്ടും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ എടുത്തുപറയുകയുണ്ടായി.
പ്രതിനിധി സഖാക്കളുടെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ച വിമര്‍ശ-സ്വയം വിമര്‍ശത്തിന്റെ സമീപനം ഉള്‍ക്കൊള്ളുന്ന വിധമായിരുന്നു. പ്രതിനിധി സഖാക്കളുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട് ആവശ്യമായ ഭേദഗതികള്‍ റിപ്പോര്‍ട്ടില്‍ വരുത്തുമെന്നുള്ള കാര്യവും മറുപടി പ്രസംഗത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രകമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്മേളന പ്രതിനിധികള്‍ റിപ്പോര്‍ട്ട് ഐകകണ്ഠ്യേന അംഗീകരിച്ചു. പാര്‍ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു പ്രതിനിധി സഖാക്കളുടെ ചര്‍ച്ചയും മറുപടിയുമെല്ലാം. പാര്‍ടിയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന്റെ സവിശേഷത കൂടി ആലപ്പുഴ സമ്മേളനം വിളംബരം ചെയ്തു.
***