കേരളസമൂഹത്തെ മുന്നോട്ടു നയിക്കാന്‍
കേരളസമൂഹത്തെ മുന്നോട്ടു നയിക്കാന്‍
കോടിയേരി ബാലകൃഷ്ണന്‍
സംസ്ഥാന കമ്മിറ്റിയെയും പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കുക എന്ന ഉത്തരവാദിത്തം ഫെബ്രുവരി 23ന് സമ്മേളനം നിറവേറ്റി. 88 അംഗ സംസ്ഥാന കമ്മിറ്റി എന്ന അംഗസംഖ്യ സമ്മേളനം അംഗീകരിച്ചു. അതില്‍ 87 സഖാക്കളെ സമ്മേളനത്തില്‍വച്ച് തെരഞ്ഞെടുത്തു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും കണ്‍ട്രോള്‍ കമീഷന്‍ അംഗങ്ങളായി അഞ്ചുപേരെയും തെരഞ്ഞെടുത്തു. സമ്മേളനഗരിയില്‍ ചേര്‍ന്ന പ്രഥമ സംസ്ഥാന കമ്മിറ്റി കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എല്ലാ തെരഞ്ഞെടുപ്പുകളും ഐകകണ്ഠ്യേനയായിരുന്നു എന്നത് പാര്‍ടി സംഘടനാപരമായി ആര്‍ജിച്ച കെട്ടുറപ്പ് തെളിയിക്കുന്നതുകൂടിയായിരുന്നു.
പാര്‍ടിയെ ശക്തിപ്പെടുത്താനും കേരളസമൂഹത്തെ മുന്നോട്ടുനയിക്കാനുമുള്ള 54 കര്‍മപദ്ധതികളും സമ്മേളനം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും അടുത്ത മൂന്നുവര്‍ഷം പാര്‍ടി നേതൃത്വം നല്‍കുക. ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നതിനുള്ള പ്രവര്‍ത്തനപദ്ധതികള്‍ ഈ സമ്മേളനം ആവിഷ്കരിച്ചു. അതിനായി പാര്‍ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളെടുത്തു. പാര്‍ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളെ ശക്തിപ്പെടുത്തുക എന്നതും ജനങ്ങളുമായുള്ള അവയുടെ ദൈനംദിന ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലും ഈ പരിപാടിയിലെ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാനതലത്തിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത് ജില്ലാകമ്മിറ്റികളെയും തുടര്‍ന്ന് കീഴ്ഘടകങ്ങളെയും കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികള്‍ തയ്യാറാക്കി. വര്‍ത്തമാനകാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
ആഗോളവല്‍ക്കരണനയം വമ്പിച്ച ദുരന്തമാണ് ജനജീവിതത്തില്‍ ഉണ്ടാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം നയങ്ങള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി രൂപം നല്‍കും. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതത് മേഖലയിലെ വര്‍ഗ-ബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കി കേരളത്തെ ഭ്രാന്താലയമാക്കുന്ന ജാതി-മത ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ക്യാമ്പയിന് പാര്‍ടി നേതൃത്വം നല്‍കും. കേരളീയസമൂഹത്തിലെ പുതിയ പ്രവണതകളെ വിലയിരുത്തി പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള തീരുമാനങ്ങളുമെടുത്തു.
മേല്‍പ്പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി തുടക്കമിട്ട പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ക്യാമ്പയിന്‍ മുന്നോട്ടുകൊണ്ടുപോകും. വിഷവിമുക്ത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ഇടപെടല്‍ ജനകീയപിന്തുണയോടെ കൂടുതല്‍ ശക്തമാക്കും. ജൈവകൃഷി വ്യാപകമായി പ്രചരിപ്പിക്കാന്‍ പാര്‍ടി നേതൃത്വം നല്‍കും. ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് വന്‍തോതില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സംഘടിപ്പിക്കും. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നത് പ്രധാന അജന്‍ഡയായി മുന്നോട്ടുവച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളെ അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനും പശ്ചാത്തലസൗകര്യത്തിനും വേണ്ടിയുള്ള ശക്തമായ ഇടപെടല്‍ പാര്‍ടിയുടെ ഭാഗത്തുനിന്നുണ്ടാകും. സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലും പാര്‍ടി സ്വീകരിക്കും.വര്‍ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നതിന് യുവാക്കളെ ഉപയോഗപ്പെടുത്തുന്ന സ്ഥിതി വ്യാപകമാവുകയാണ്. ഇതിനെതിരായി നാട്ടിലാകമാനം വിപുലമായ ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കും. ബോധവല്‍ക്കരണത്തിനു പുറമെ, പ്രാദേശികമായി വര്‍ഗീയതയ്ക്കെതിരെ കൂട്ടായ്മ വളര്‍ത്താനുള്ള പരിപാടികള്‍ക്കും നേതൃത്വം നല്‍കും. ഇതിന് ആവശ്യമായ കര്‍മപദ്ധതികള്‍ക്ക് പാര്‍ടി സംസ്ഥാന കമ്മിറ്റി രൂപം നല്‍കും.
കോര്‍പറേറ്റ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കന്നട മേഖലയില്‍ കന്നടഭാഷയില്‍ ഒരു പ്രസിദ്ധീകരണം 2015ല്‍ തന്നെ ആരംഭിക്കും. തമിഴ്ഭാഷ സംസാരിക്കുന്ന മേഖലയില്‍ "തീക്കതിര്‍" സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കും. വര്‍ത്തമാനകാലത്ത് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് നവമാധ്യമരംഗം. വലിയ ചെലവില്ലാതെതന്നെ ആശയപ്രചാരണത്തിന് സഹായിക്കുന്ന സംവിധാനം എന്ന നിലയില്‍ പാര്‍ടി പ്രചാരണത്തിന് താഴെതലംവരെ ഇത്തരം സംവിധാനങ്ങളെ ഉപയോഗിക്കും. സാംസ്കാരികരംഗത്തെ ഇടപെടലിന്റെ ഭാഗമായി ക്ലബ്ബുകളും കല-സാംസ്കാരിക സംഘടനകളും വായനശാലകളും ഗ്രന്ഥാലയങ്ങളും മുന്‍കൈയെടുത്ത് വിവിധ കല-കായിക മത്സരങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കും.
യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാട്ടിലാകെ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കും. കൃത്യമായ ഇടവേളകളില്‍ ഇവയുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.കേരളത്തില്‍ ഇന്ന് വലിയ വിഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ മാറിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഈ വസ്തുത കണക്കിലെടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള ഇടപെടല്‍ പാര്‍ടി സ്വീകരിക്കും. അസംഘടിതമേഖലയില്‍ കൊടിയ ചൂഷണമാണ് നടക്കുന്നത്. ഈ സങ്കടകരമായ അവസ്ഥ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടാകും. മദ്യാസക്തിക്കെതിരെ വര്‍ഗ-ബഹുജനസംഘടനകള്‍ നടത്തിയ ക്യാമ്പയിന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.
കേരളവികസനം യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഈ സാഹചര്യം സൃഷ്ടിക്കുന്നതിന് ഇടയാക്കിയത് ആഗോളവല്‍ക്കരണനയങ്ങളാണ്. കേരളത്തിന്റെ മൊത്തം വികസനപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കും. കേരളത്തിന്റെ വികസനത്തിന് സംഭാവനചെയ്യാന്‍ കഴിയുന്ന എല്ലാ ആളുകളെയും കക്ഷിരാഷ്ട്രീയഭേദമന്യേ പങ്കെടുപ്പിച്ച് ഒരു വികസന അജന്‍ഡ തയ്യാറാക്കും. ഈ അജന്‍ഡ നടപ്പാക്കുന്നതിനുള്ള പോരാട്ടങ്ങളും ഇടപെടലുകളും പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കും.
പുതിയ കാലഘട്ടത്തില്‍ ആശയവ്യക്തത ഉണ്ടാവുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ പാര്‍ടിവിദ്യാഭ്യാസം തുടര്‍ച്ചയായി നല്‍കുന്നതിനുള്ള കര്‍മപദ്ധതിക്ക് സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. ഇ എം എസ് അക്കാദമിയെ അനൗപചാരിക സര്‍വകലാശാലയായി ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി ഐതിഹാസികമായി നടത്തിയ നിരവധി പോരാട്ടങ്ങളുടെ ഫലമായാണ് പാര്‍ടി ഇന്നത്തെ സാഹചര്യത്തില്‍ എത്തിയതും കേരളം വികസിച്ചതും. പാര്‍ടിയെ സംബന്ധിച്ച വിശദമായ ചരിത്രം യഥാര്‍ഥത്തില്‍ തയ്യാറാക്കപ്പെട്ടിട്ടില്ല. ഈ വസ്തുത കണക്കിലെടുത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം രൂപീകരിക്കുക എന്ന ഉത്തരവാദിത്തവും പാര്‍ടി ഏറ്റെടുത്തിരിക്കുകയാണ്.
ഇത്തരത്തില്‍ കേരളം നേരിടുന്ന വിവിധ പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച കര്‍മപരിപാടികള്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ടി സമ്മേളനം പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. പാര്‍ടി സമ്മേളനത്തിന് വന്‍തോതിലുള്ളതും എന്നാല്‍, ലളിതവുമായ തയ്യാറെടുപ്പാണ് സ്വാഗതസംഘം സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍ ഏരിയകളില്‍ സംഘടിപ്പിച്ചു. ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഉള്‍പ്പെടെ വിശദീകരിക്കുന്ന ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. നിരവധി കല-കായിക മത്സരങ്ങളും നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി ആയതോടെ ജനങ്ങള്‍ ആലപ്പുഴയിലേക്ക് പ്രവഹിക്കുന്ന സാഹചര്യമാണുണ്ടായത്.
ഫെബ്രുവരി 23നാണ് പൊതുസമ്മേളനം നടന്നത്. എന്നാല്‍, അതിനും എത്രയോ മുമ്പുതന്നെ, വിവിധഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് സഖാക്കള്‍ ആലപ്പുഴയില്‍ എത്തി. 23 ആയതോടെ ആലപ്പുഴ അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി. സര്‍ സി പിയുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരെ പടനയിച്ചവരുടെ പിന്മുറക്കാര്‍ ഈ സമ്മേളനത്തെ ഹൃദയത്തില്‍ ഏറ്റുവാങ്ങി എന്നതിന്റെ തെളിവായിരുന്നു പൊതുസമ്മേളനത്തിലെ ജനപങ്കാളിത്തം. പാര്‍ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, പിണറായി വിജയന്‍, വൃന്ദാ കാരാട്ട്, എം എ ബേബി, എ കെ പത്മനാഭന്‍, ടി എം തോമസ് ഐസക്, ജി സുധാകരന്‍, സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം മഹാസംഭവമാക്കി മാറ്റാന്‍ പാര്‍ടി ആലപ്പുഴ ജില്ലാകമ്മിറ്റിയും സ്വാഗതസംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
ആലപ്പുഴയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അജയ്യതയും കരുത്തും സമരവീര്യവും എല്ലാം പ്രകടിപ്പിച്ചുള്ള മഹാപ്രവാഹമായി സമ്മേളനം മാറി. കമ്യൂണിസ്റ്റ് വിപ്ലവബോധത്തിന്റെ കരുത്തുമായി മുന്നേറിയ ജനലക്ഷങ്ങള്‍, അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രതീക്ഷ സിപിഐ എം തന്നെയാണെന്ന് വ്യക്തമാക്കി. കേരളത്തിലെ പാര്‍ടി സമ്മേളനങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം നേടിയാണ് ആലപ്പുഴ സമ്മേളനം സമാപിച്ചത്. പാര്‍ടിയെ സംഘടനാപരമായും രാഷ്ട്രീയമായും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കേരളത്തെ മുന്നോട്ടുനയിക്കാനുമുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കി പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ മണ്ണില്‍ അവസാനിച്ച ആലപ്പുഴ സംസ്ഥാന സമ്മേളനം പാര്‍ടിക്കാകെ പുതു ആവേശമാണ് പകര്‍ന്നത്. പാര്‍ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഉറപ്പുനല്‍കുന്നതിനു കൂടി ഈ അവസരം ഉപയോഗപ്പെടുത്തട്ടെ. അത്തരം പ്രവര്‍ത്തനത്തിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
***