ഉന്നതശീര്‍ഷനായ ഇഎംഎസ്
കോടിയേരി ബാലകൃഷ്ണന്‍
കേരളം ലോകത്തിനു നല്‍കിയ അമൂല്യപ്രതിഭയായ സഖാവ് ഇ എം എസിന്റെ 17-ാം ചരമവാര്‍ഷികമാണ് ഇന്ന്. ജന്മികുടുംബത്തില്‍ പിറന്ന ഇ എം എസ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പോരാട്ടങ്ങളില്‍ ഇടപെട്ടാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിലും സജീവമായി. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തി. കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ ഇ എം എസും അംഗമായിരുന്നു. പാര്‍ടിയില്‍ പ്രത്യക്ഷപ്പെട്ട ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പോരാടി.
മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളീയ സമൂഹത്തെ വിശകലനംചെയ്ത് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. കേരള സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളിലും സഖാവ് മുഴുകി. "ഒന്നേകാല്‍ കോടി മലയാളികള്‍", "കേരളം മലയാളികളുടെ മാതൃഭൂമി", "കേരള ചരിത്രം-മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍" തുടങ്ങിയ കൃതികളില്‍ കേരളത്തിന്റെ സാംസ്കാരികവും സാമൂഹ്യവുമായ സവിശേഷതകള്‍ ഇ എം എസ് വിലയിരുത്തി.
ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ പ്രത്യേകതകളെ ശരിയായി വിലയിരുത്തുന്നതിനും ഇ എം എസ് നല്‍കിയ സംഭാവന എക്കാലവും നിലനില്‍ക്കുന്നതാണ്. ജാതി-ജന്മി-നാടുവാഴിത്തം എന്നായിരുന്നു ഇ എം എസ് ഇവിടുത്തെ ജന്മിത്വത്തെ വിശേഷിപ്പിച്ചത്. കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ ആദ്യകാലഘട്ടത്തില്‍ത്തന്നെ ഇ എം എസ് പുലര്‍ത്തിയിരുന്നു. കുട്ടിക്കൃഷ്ണമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അദ്ദേഹം എഴുതിയ വിയോജനക്കുറിപ്പ് പരിശോധിച്ചാല്‍ കേരളത്തിലെ ഭൂപ്രശ്നത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് കാണാനാകും. ഭൂപരിഷ്കരണം നടപ്പാക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍ സവിശേഷമായി കാണേണ്ടതിന്റെ പ്രാധാന്യം ഇ എം എസ് എടുത്തുപറഞ്ഞു.
സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വരുന്ന സാഹചര്യം എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം എന്ന് പ്രവൃത്തിയിലൂടെ മാതൃകാപരമായി തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1957ലെ സര്‍ക്കാരിന്റെ വികസനപരമായ നേട്ടങ്ങള്‍ക്ക് ഇ എം എസിന്റെ സവിശേഷമായ സംഭാവന ഉണ്ട്. കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട നിരവധി പദ്ധതികള്‍ ഈ കാലഘട്ടത്തിലാണ് ഉണ്ടായത്. ഇത് ഭരണാധികാരി എന്നനിലയിലുള്ള ഇ എം എസിന്റെ പ്രാവീണ്യം വ്യക്തമാക്കുന്നു.1957ലെ സര്‍ക്കാരിന് നേതൃത്വംകൊടുത്ത് കേരളസമൂഹത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള ദിശാബോധം സഖാവ് നല്‍കുകയുണ്ടായി. ഈ മാറ്റത്തിന്റെ ഭാഗമായി രൂപപ്പെട്ടുവന്ന പുതിയ പ്രശ്നങ്ങളെ മനസ്സിലാക്കാനും പരിഹരിക്കുന്നതിനായി ഇടപെടാനും ഇ എം എസിന് കഴിഞ്ഞു. അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് നേതൃത്വംനല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. കേരളം നേടിയ നേട്ടങ്ങള്‍ വിലയിരുത്തി, കോട്ടങ്ങള്‍ പരിഹരിക്കുന്നതിന് ജനങ്ങളെ ആകമാനം അണിനിരത്തുന്നതിനുള്ള പരിശ്രമം കൂടിയായിരുന്നു ഏറെ അംഗീകാരം നേടിയ ഈ ഉദ്യമം.
സാര്‍വദേശീയ പ്രശ്നങ്ങളെ ശരിയായ ദിശയില്‍ മനസ്സിലാക്കുകയും അത് ലളിതമായി ജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള അസാധാരണമായ പാടവം ഇ എം എസ് പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ വിഷയങ്ങളെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി പാര്‍ടി കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വിശദീകരിക്കുന്നതിനുള്ള ആ അസാധാരണ പാടവമാണ് "ചിന്ത"യിലെ ചോദ്യോത്തര പംക്തികളില്‍ നിറഞ്ഞുനിന്നത്. അത് പാര്‍ടി വിദ്യാഭ്യാസത്തിന്റെ മികച്ച മാതൃകയായി എന്നും നിലനില്‍ക്കുന്നു.
കോടതിയുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരെയും ഇ എം എസ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സമീപനങ്ങളില്‍നിന്നുകൊണ്ട് ഇടപെട്ടിട്ടുണ്ട്. ഇത്തരം ഇടപെടലിന്റെ ഭാഗമായി കോടതി അലക്ഷ്യ നടപടികളെയും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. സാഹിത്യം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഇ എം എസ് നല്‍കിയ സംഭാവന എന്നും ഓര്‍ക്കപ്പെടുന്നതാണ്. സാഹിത്യത്തിന്റെയും സാംസ്കാരത്തിന്റെയും മേഖലകളില്‍നിന്ന് തൊഴിലാളിവര്‍ഗത്തെ മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടത്തില്‍ അതിനെതിരെ ശക്തമായ പോരാട്ടത്തിന് അദ്ദേഹം നേതൃത്വംനല്‍കി. മാര്‍ക്സിയന്‍ സൗന്ദര്യദര്‍ശനങ്ങളെ മലയാളത്തില്‍ സ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ കൂടിയായിരുന്നു അത്. മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യവും അദ്ദേഹം ഒട്ടും കുറച്ചു കണ്ടില്ല. സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലും ഇ എം എസ് സജീവമായി.
അധികാരവികേന്ദ്രീകരണ പ്രക്രിയ തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ട് അനിവാര്യമായിത്തീരുന്നു എന്ന കാര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ട് മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കുന്നതിനുള്ള നിരന്തരമായ ഇടപെടലുകളായിരുന്നു പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ഇ എം എസിന്റെ പ്രവര്‍ത്തനം. അന്തരിക്കുന്നതുവരെ പാര്‍ടിയുടെ പരമോന്നത ഘടകങ്ങളില്‍ അദ്ദേഹം അംഗമായിരുന്നു. ദേശീയ തലത്തില്‍ മാത്രമല്ല സാര്‍വദേശീയ തലത്തിലും അംഗീകാരം നേടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്. അഴിമതിക്കെതിരായുള്ള പോരാട്ടം പാര്‍ടി അതിശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ഘട്ടത്തിലാണ് നാം ഇ എം എസിന്റെ 17-ാം ചരമദിനം ആചരിക്കുന്നത്.
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അഴിമതിക്കാണ് സാക്ഷ്യംവഹിക്കുന്നത്. എമര്‍ജിങ് കേരള പദ്ധതിയിലൂടെ സര്‍ക്കാരിന്റെ മുതല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ യുഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചു. തോട്ടം ഭൂമിയുടെ പാട്ടക്കരാര്‍ അവസാനിച്ചവ ഏറ്റെടുക്കുന്ന കാര്യത്തിലും ഇതേ സമീപനം തുടര്‍ന്നു. ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടികളും ഈ ദിശയില്‍ ഉള്ളതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേതൃത്വംകൊടുത്ത് ജനങ്ങളെ വഞ്ചിച്ച സംഭവപരമ്പരയാണ് സോളാര്‍ അഴിമതിയിലൂടെ പുറത്തുവന്നത്. ഇതിനെതിരെ അനിശ്ചിതകാല സെക്രട്ടറിയറ്റ് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് പാര്‍ടി നേതൃത്വംനല്‍കി. ഇത്തരം പോരാട്ടത്തിന്റെ ഫലമായി സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്.
സോളാര്‍ അഴിമതി കെട്ടടങ്ങുന്നതിനുമുമ്പാണ് ബാര്‍ കോഴ പുറത്തുവന്നത്. ധനമന്ത്രി കെ എം മാണി ബാറുടമകളില്‍നിന്ന് ഒരുകോടി രൂപ കൈക്കൂലി വാങ്ങി എന്ന കാര്യമാണ് ബാറുടമാ നേതാവ് പുറത്തുവിട്ടത്. ശക്തമായ സമ്മര്‍ദം ഉയര്‍ന്നുവന്നതിന്റെ ഫലമായി യുഡിഎഫ് സര്‍ക്കാരിന് കീഴിലുള്ള വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി, ആരോപണത്തില്‍ വസ്തുത ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്, ധനമന്ത്രിക്കെതിരെ അഴിമതിവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ചാര്‍ജ് ചെയ്തു. ഇത് രാഷ്ട്രീയപ്രേരിതമാണ് എന്ന് ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ശക്തമായ പോരാട്ടം പാര്‍ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. അഴിമതിക്കെതിരായി പാര്‍ടിയും ഇടതുപക്ഷമുന്നണിയും നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണിത്. മാണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിയോ രാജിവച്ചൊഴിയാന്‍ കെ എം മാണിയോ തയ്യാറായില്ല. അഴിമതിക്കേസില്‍ സ്വന്തം സര്‍ക്കാര്‍തന്നെ പ്രതിചേര്‍ത്ത മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരത്തിനുനേരെ കൊഞ്ഞനംകുത്തുന്ന നടപടിയാണ് എന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. അതിനാല്‍ മാണി ബജറ്റ് അവതരിപ്പിക്കരുത് എന്ന ആവശ്യം ശക്തമായി എല്‍ഡിഎഫ് മുന്നോട്ട് വച്ചു.
പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമായി. എന്നാല്‍ ആ പ്രക്ഷോഭത്തെ എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ച് അടിച്ചമര്‍ത്താനാണ് യുഡിഎഫ് ശ്രമിച്ചത്. പൊലീസുകാരെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കുപ്പായമണിയിച്ച് നിയമസഭയില്‍ അണിനിരത്തി. എംഎല്‍എമാരെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് എംഎല്‍എമാരെ കടന്നാക്രമിച്ചു. തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് നിയമസഭ എത്തി. ഇവര്‍ പ്രതിപക്ഷ വനിതാ അംഗങ്ങളെവരെ കൈയേറ്റം ചെയ്യാനും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കാനും തയ്യാറായി. ഇരുപതോളം പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്കേറ്റു. നിയമസഭയ്ക്ക് പുറത്ത് നടന്ന ജനാധിപത്യപരമായ സമരത്തെ ഭീകരമായി പൊലീസ് ആക്രമിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സഭതന്നെ ചട്ടപ്രകാരം സമ്മേളിക്കാനായില്ല. ബജറ്റ് പ്രസംഗവും മേശപ്പുറത്ത് വയ്ക്കലും ഒന്നും യഥാര്‍ഥത്തില്‍ നടന്നതല്ല. എന്നിട്ടും സ്പീക്കര്‍ എല്ലാം മുറപോലെ നടന്നു എന്ന പ്രഖ്യാപനം നടത്തി. ഈ സംഭവങ്ങളെ ആകെ വിലയിരുത്തി, 356-ാം വകുപ്പ് പ്രകാരം റിപ്പോര്‍ട്ട് അയയ്ക്കേണ്ട സാഹചര്യമാണിതെന്ന് ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കി.
ഗവര്‍ണറുടെ പ്രസ്താവനയില്‍ നിയമസഭ സമ്മേളിച്ചോ എന്ന കാര്യത്തില്‍ സ്പീക്കറുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കുകയാണ് ചെയ്തത്. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ തയ്യാറായില്ല എന്നതും ബജറ്റ് അവതരിപ്പിച്ചു എന്ന് അംഗീകരിച്ചതും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായ ശരിയായ നടപടി അല്ല. ഭരണകക്ഷി അംഗങ്ങളാല്‍ കൈയേറ്റം ചെയ്യപ്പെട്ട വനിത അംഗങ്ങള്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. എന്നാല്‍ നിയമസഭയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി എന്നു പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ ഏകപക്ഷീയമായി നടപടി എടുക്കാനാണ് സ്പീക്കര്‍ തയ്യാറായത്. ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഃഖാചരണം നിലനില്‍ക്കവെ ലഡു വിതരണം ചെയ്യുന്ന ലജ്ജാകരമായ അവസ്ഥയ്ക്കും സഭ സാക്ഷ്യംവഹിച്ചു. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഇത് ന്യായീകരിക്കാനായില്ല. സ്പീക്കര്‍ ഈ സംഭവം കണ്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് സ്വയം നാണംകെട്ടു. ഈ വാദം ഉന്നയിച്ച സ്പീക്കര്‍തന്നെ നിയമസഭയില്‍ അദ്ദേഹം ഇല്ലാത്ത സമയത്ത് നടന്നതെന്ന് പറയപ്പെടുന്ന സംഭവങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുകയും ചെയ്തു. നിയമസഭയില്‍ അംഗങ്ങള്‍ സ്വന്തം സീറ്റില്‍ ഇരിക്കണമെന്ന നിയമം പാലിക്കപ്പെട്ടില്ല. അതുകൊണ്ട്, ക്വാറംപോലും തികയാതെയാണ് സഭ ചേര്‍ന്നത്. അതും ഉള്‍ക്കൊള്ളാന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ല. സഭയിലെ അംഗങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സ്പീക്കര്‍ വനിത അംഗങ്ങളുടെപോലും പരാതി പരിഗണിച്ചില്ല. ഇത് അങ്ങേയറ്റം അപലപനീയമാണ്. എംഎല്‍എമാരായ വനിതകളുടെ സ്ത്രീത്വത്തിന് സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ രക്ഷിക്കും?
ബജറ്റ് അവതരിപ്പിക്കുക എന്ന ഭരണഘടനാപരമായ അവകാശത്തെ പ്രതിപക്ഷം ഹനിച്ചു എന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. യുഡിഎഫ് ഗവണ്‍മെന്റ് ബജറ്റ് അവതരിപ്പിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല. ഇത് ആരോടെങ്കിലും ഉള്ള വ്യക്തിപരമായ വിരോധത്തിന്റെ പ്രശ്നമല്ല. കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മുന്നോട്ടുവച്ചിട്ടുള്ളതാണ്. അതോടൊപ്പം കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയാണ്.
അഴിമതിക്കെതിരായി രാജ്യവ്യാപകമായി പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം. അഴിമതിക്കെതിരായുള്ള തുടര്‍ച്ചയായ സമരത്തിന്റെ ഭാഗമായാണ് ബാര്‍ അഴിമതിക്കേസിലും പാര്‍ടി ഇടപെട്ടത്. ഈ പോരാട്ടം ഇനിയും കൂടുതല്‍ ശക്തമായി തുടരും. ഇത്തരം പോരാട്ടത്തിന് ജനങ്ങളുടെ വികസനത്തിനും സംശുദ്ധമായ രാഷ്ട്രീയത്തിനും ജീവിതം ഉഴിഞ്ഞുവച്ച മഹാനായ കമ്യൂണിസ്റ്റായ ഇ എം എസിന്റെ ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.
***