പ്രക്ഷോഭത്തിന്റെ പര്യായം
എ കെ ജി എന്ന മൂന്നക്ഷരം പ്രക്ഷോഭത്തിന്റെ പര്യായമായാണ് കേരളജനത കാണുന്നത്. വേദന അനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാന്‍ എന്ത് പ്രയാസം സഹിച്ചും ഓടിയെത്തുക എന്ന സവിശേഷത എ കെ ജിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പാവങ്ങളുടെ പടത്തലവന്‍ എന്ന വിശേഷണം സഖാവിന് ലഭിച്ചത്. പ്രക്ഷോഭങ്ങളെ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്ന മഹാവിപ്ലവകാരിയായ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 38 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.
കേരളത്തിന്റെ ഇന്നത്തെ വികാസത്തിന് അടിസ്ഥാനമായിത്തീര്‍ന്ന നവോത്ഥാന മുന്നേറ്റങ്ങളില്‍ എ കെ ജി സജീവ സാന്നിധ്യമായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹസമരത്തിലെ വളന്റിയര്‍ ക്യാപ്ടനായിരുന്നു എ കെ ജി. കമ്യൂണിസ്റ്റ് പാര്‍ടി നേരിട്ട് ഏറ്റെടുത്ത് നടത്തിയ പ്രക്ഷോഭമാണ് പാലിയം സമരം. ആ സമരത്തിന്റെയും നായകനായി എ കെ ജി ഉണ്ടായിരുന്നു. മര്‍ദിതജാതികള്‍ക്ക് വഴിനടക്കാന്‍പോലും അവകാശമില്ലാത്ത കാലത്ത്, അതിനായി പ്രവര്‍ത്തിച്ചതിന് ഭീകരമായ മര്‍ദനം സഖാവിന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. "കണ്ടോത്തെ കുറുവടി" എന്ന പ്രസിദ്ധമായ പ്രയോഗംതന്നെ ഇതിന്റെ ഭാഗമായാണ് ഉണ്ടായത്.
പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറെക്കാലം ജയിലിലും ഒളിവിലുമായി എ കെ ജിക്ക് കഴിയേണ്ടിവന്നിട്ടുണ്ട്. ജയിലറപോലും എ കെ ജിക്ക് പോരാട്ടഭൂമിയായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി തവണ അദ്ദേഹം ജയിലില്‍ നിരാഹാരസമരം നടത്തുകയുണ്ടായി. ജയില്‍ചാട്ടവും ആ ജീവിതത്തിന്റെ ഭാഗംതന്നെയായിരുന്നു. കോടതിമുറികളെയും സമരവേദിയാക്കിയ അനുഭവവും എ കെ ജിയുടെ ജീവിതത്തിലുണ്ട്. തന്നെ അന്യായമായി തടവിലിട്ടതിനെതിരെ കോടതിയില്‍ സ്വയം വാദിക്കുന്നതിന് അദ്ദേഹം സന്നദ്ധനായി. ആ വാദത്തിന്റെ ഫലമായി കോടതി എ കെ ജിയെ വെറുതെ വിട്ടു. ഈ കേസ് ഇന്ന് നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ തട്ടിയുണര്‍ത്താന്‍ ഇത്രയേറെ ശേഷിയുള്ള നേതാക്കള്‍ അപൂര്‍വമാണ്.
എ കെ ജി നയിച്ച ജാഥകള്‍ ജനമുന്നേറ്റത്തിന്റേതായിത്തീര്‍ന്നതും ഇതുകൊണ്ടുകൂടിയാണ്. പട്ടിണി ജാഥ, തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭത്തെ സഹായിക്കാന്‍ പോയ മലബാര്‍ ജാഥ, 1960ല്‍ വിമോചനസമരത്തെ തുടര്‍ന്ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കര്‍ഷകജാഥ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ചരിത്രസംഭവങ്ങളായ ജനമുന്നേറ്റങ്ങളായിരുന്നു.തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ അനുഭവങ്ങളും എ കെ ജിക്കുണ്ട്. കേരളത്തിലെ ആദ്യത്തെ തൊഴിലാളിസംഘടന കെട്ടിപ്പടുക്കുന്നതില്‍ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്. കോഴിക്കോട്ടെ ആദ്യകാല തൊഴിലാളിസംഘടന കെട്ടിപ്പടുക്കുന്നതില്‍ കൃഷ്ണപിള്ളയ്ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും എ കെ ജിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് കാണാം. "പ്രഭാത"ത്തിന്റെ പ്രസിദ്ധീകരണത്തിലും "ദേശാഭിമാനി"യുടെ പ്രവര്‍ത്തനത്തിലും എ കെ ജിയുടെ ഇടപെടല്‍ കാണാനാകും.
കര്‍ഷകപ്രക്ഷോഭങ്ങളിലും എ കെ ജി നിറഞ്ഞുനിന്നു. അത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം നടന്ന സമരങ്ങളില്‍ സഖാവിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകസമരങ്ങളില്‍ എ കെ ജി ആവേശകരമായ സാന്നിധ്യമായി. തെലങ്കാനയിലെ കര്‍ഷക പോരാളികളെ കൊന്നൊടുക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കൊടുങ്കാറ്റായി ആന്ധ്രയിലെ ഗ്രാമങ്ങളില്‍ എ കെ ജി നടത്തിയ പര്യടനം അവിസ്മരണീയമാണ്. അമരാവതിയിലെ കര്‍ഷകരെ കുടിയൊഴിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എ കെ ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ കര്‍ഷകപോരാട്ടത്തിലെ സുപ്രധാന അധ്യായമാണ്. മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തിലും എ കെ ജി ഒരു പോരാളിയായിത്തന്നെ പങ്കെടുത്തിരുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി സമരത്തിന്റെ ഓര്‍മകള്‍ ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ കമ്യൂണിസ്റ്റുകാര്‍ എങ്ങനെ ഇടപെടണം എന്നതിനെ സംബന്ധിച്ചുള്ള ശരിയായ ഇടപെടലിന് ഉദാഹരണമായിരുന്നു എ കെ ജിയുടെ പ്രവര്‍ത്തനം. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായും എ കെ ജി പ്രവര്‍ത്തിച്ചു. പാര്‍ലമെന്റും പാര്‍ലമെന്റേതരവുമായ സമരമാര്‍ഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്നതില്‍ ഈ കാലഘട്ടങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് എ കെ ജി സംഘടിപ്പിച്ചത്. ജനകീയപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ എ കെ ജി ഒട്ടും അമാന്തം കാണിച്ചില്ല. കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചുകൊണ്ടു നടത്തിയ ഇടപെടല്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ പ്രധാന സംഭവമാണ്. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തിനുവേണ്ടിയുള്ള സമരം, കൊച്ചിന്‍ കപ്പല്‍ നിര്‍മാണശാലയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍, പരമ്പരാഗത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ തുടങ്ങിയ എത്രയോ സംഭവങ്ങള്‍ ഇത്തരത്തിലുണ്ട്.
രാജ്യത്തിന്റെ ഏത് മൂലയിലും മനുഷ്യാവകാശലംഘനമുണ്ടായാല്‍ എ കെ ജി അതില്‍ ഇടപെട്ടിരിക്കും. അടിയന്തരാവസ്ഥയുടെ നാളുകളില്‍ അതിനെതിരായുള്ള സജീവമായ പ്രവര്‍ത്തനങ്ങളില്‍ എ കെ ജി മുഴുകി. അടിയന്തരാവസ്ഥയിലൂടെ അമിതാധികാരവാഴ്ച നടപ്പാക്കിയ ഇന്ദിരാഗാന്ധി സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍നിന്ന് താഴെ ഇറക്കിയ ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടുപിരിഞ്ഞത്. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സവിശേഷമായ ശൈലിയുമായി വ്യക്തിമുദ്ര പതിപ്പിച്ച സമീപനമായിരുന്നു എ കെ ജിയുടേത്. അതുകൊണ്ടാണ് ഒരു മഹാപ്രസ്ഥാനം എന്ന വിശേഷണംതന്നെ പലരും സഖാവിന് നല്‍കിയത്. എ കെ ജിയുടെ ചരമദിനം ആചരിക്കുന്ന ഈ ഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കിയ യുപിഎ സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക് വലിയ ദുരിതം സംഭാവനചെയ്തു. ഇതിനെതിരെയുള്ള പ്രതിഷേധം ഉപയോഗപ്പെടുത്തി അധികാരത്തില്‍ വന്ന ബിജെപിയാകട്ടെ അതേ നയങ്ങള്‍തന്നെ കൂടുതല്‍ തീവ്രമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ്.
കോര്‍പറേറ്റുകളുടെ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറച്ചു. വിദേശസ്ഥാപന നിക്ഷേപകരെ മൂലധന ആദായനികുതിയില്‍നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ സ്വത്ത് നികുതിയും ഉപേക്ഷിച്ചു. പരോക്ഷ നികുതികളുടെ വര്‍ധനയിലൂടെ 23,383 കോടി രൂപയുടെ അമിതഭാരം സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമായിത്തീരേണ്ട സബ്സിഡികള്‍ വെട്ടിക്കുറച്ചു. കൃഷി, ഗ്രാമവികസനം, സാമൂഹ്യസേവനം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ വന്നിട്ടുള്ള കുറവ് ജനജീവിതത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുന്നതാണ്. 2013-14ല്‍ 17,789 കോടി രൂപയായിരുന്നു കാര്‍ഷികമേഖലയ്ക്കായി നീക്കി വച്ചിരുന്നത്. എന്നാല്‍, ഈ ബജറ്റില്‍ അത് 11,657 കോടി രൂപയായി വെട്ടിക്കുറച്ചിരിക്കുകയാണ്. 6132 കോടി രൂപ ഈ ഇനത്തില്‍ കുറവ് വരുത്തിയിരിക്കുകയാണ്. ഗ്രാമവികസന മേഖലയ്ക്കാകട്ടെ 20,000 കോടിയോളം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സാമൂഹ്യസേവനമേഖലയില്‍ കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചത് 1,50,736 കോടിയാണെങ്കില്‍ ഈ ബജറ്റില്‍ അത് 81,003 കോടിയായി വെട്ടിച്ചുരുക്കി. അതായത് 69,733 കോടിയുടെ കുറവ്. സാമൂഹ്യസുരക്ഷയെയും ക്ഷേമത്തെയും പരിഗണിക്കുന്ന കാര്യത്തിലും ഈ ബജറ്റില്‍ വലിയ പോരായ്മയാണ് ഉണ്ടായിരിക്കുന്നത്.
മൊത്തം സബ്സിഡി ചെലവ് ജിഡിപിയുടെ 2.1 ശതമാനത്തില്‍നിന്ന് 1.7 ശതമാനമായി കുറച്ചിരിക്കുകയാണ്. ഡീസലിന് ഇനി സബ്സിഡി ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 2,51,397 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ നീക്കിവച്ചതെങ്കില്‍, ഈ പ്രാവശ്യം അത് 2,27,387.65 കോടി രൂപയായി കുറച്ചിരിക്കുകയാണ്. പെട്രോളിയം സബ്സിഡി ഇനത്തില്‍ 63,426.95 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചതെങ്കില്‍, ഈ വര്‍ഷം അത് 30,000 കോടിയായും കുറച്ചിരിക്കുകയാണ്. നികുതി ഇളവുകള്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 2014-15ല്‍ നല്‍കിയ സൗജന്യങ്ങള്‍ 5,89,285 കോടി രൂപയാണ്. ഇത് യഥാര്‍ഥ ധനകമ്മിയേക്കാള്‍ കൂടുതലാണ്. സമ്പന്നര്‍ക്ക് നികുതിയിളവ് നല്‍കുന്നതുകൊണ്ടാണ് ധനകമ്മി ഉണ്ടാകുന്നതെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.
രാജ്യത്ത് രൂക്ഷമായിരിക്കുന്ന വിലക്കയറ്റം പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതിയും ഈ ബജറ്റില്‍ ഇല്ല. ഈ ബജറ്റ് കാലയളവില്‍ 70,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വിറ്റഴിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും തകര്‍ക്കുന്നതിലേക്കായിരിക്കും നയിക്കുക. റെയില്‍വേ ബജറ്റിലാകട്ടെ സ്വകാര്യവല്‍ക്കരണനടപടികള്‍ ശക്തിപ്പെടുത്തുന്ന സമീപനങ്ങളാണുള്ളത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കാര്യത്തിലും വലിയ പോരായ്മയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തെ ബജറ്റ് തീര്‍ത്തും അവഗണിച്ചു. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച തുകയുടെ പകുതിപോലും നല്‍കാതെ പല മേഖലയെയും വന്‍തോതില്‍ അവഗണിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. എയിംസ് പോലുള്ള സ്ഥാപനങ്ങളും കേരളത്തിന് അനുവദിക്കപ്പെട്ടില്ല. കേന്ദ്രത്തിന്റെ ഇറക്കുമതിനയം മൂലം വലിയ പ്രതിസന്ധിയിലായിട്ടുള്ള പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ പോലുള്ളവയെ സംരക്ഷിക്കുന്നതിനുള്ള നിലപാടും സ്വീകരിച്ചിട്ടില്ല.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക നീക്കിവച്ചില്ല. കേരളത്തിന്റെ നാണ്യവിളകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റബര്‍. റബര്‍ ഇറക്കുമതി നിയന്ത്രിച്ചുകൊണ്ട് അതിനെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. റബര്‍ ഇറക്കുമതിച്ചുങ്കം 25 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. മണ്ണെണ്ണ സബ്സിഡി ചുരുക്കുന്നതാകട്ടെ കേരളത്തിന്റെ കടലോരമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൊല്ലം തുറമുഖത്തെയും സംസ്ഥാന ജലപാതയെയും ബന്ധിപ്പിക്കുന്ന പദ്ധതികളും പരിഗണിക്കപ്പെട്ടില്ല. തുറമുഖങ്ങളുമായി ബന്ധപ്പെട്ട വികസനപദ്ധതികളിലും കേരളത്തിന് സ്ഥാനം നല്‍കിയില്ല. നാളികേര ബോര്‍ഡിനാവശ്യമായ തുക നീക്കിവയ്ക്കുന്നതിനും തയ്യാറായിട്ടില്ല. ഇത്തരത്തില്‍ കേരളത്തിന്റെ വികസനാവശ്യങ്ങളോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തികനയം കൂടിയാണ് ഒറ്റയ്ക്ക് ബിജെപിക്ക് അധികാരത്തില്‍ എത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചത്. അത്തരം ജനവിരുദ്ധനയങ്ങള്‍ തിരുത്തുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍, ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തികനയം ഒന്നാണെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു നയം ബിജെപി മുന്നോട്ടുവയ്ക്കില്ലെന്നും ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന സമീപനമുണ്ടാകുമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. മതേതരത്വത്തെ തകര്‍ക്കുന്ന സംഘപരിവാര്‍ അജന്‍ഡകള്‍ ഒന്നിനുപുറകെ ഒന്നായി നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ മുന്നോട്ടുവയ്ക്കുകയാണ്. ഗോവധ നിരോധനത്തില്‍ ഉള്‍പ്പെടെ ഇത് കാണാം. ഈ സംഭവങ്ങള്‍ ഇടതുപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച നിലപാടുകള്‍ അക്ഷരംപ്രതി ശരിയായിത്തീര്‍ന്നിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു.രാജ്യം നേടിയ നേട്ടങ്ങള്‍ തകര്‍ക്കുകയും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്ന നയങ്ങള്‍ക്കെതിരെ ജനങ്ങളെ ആകമാനം കൂട്ടിയോജിപ്പിച്ച് വലിയ പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്. അതിനായി വര്‍ഗീയതയ്ക്കും ആഗോളവല്‍ക്കരണനയങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ ശക്തികളുടെ കൂട്ടായ്മ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരം പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തി ഇടതുപക്ഷ ശക്തികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തിക്കൊണ്ട് മാത്രമേ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ തിരുത്താനാകൂ. ആ പോരാട്ടങ്ങള്‍ക്ക് എ കെ ജിയുടെ ഓര്‍മകള്‍ നമുക്ക് കരുത്തു പകരും.
***