നിയമവാഴ്ച അട്ടിമറിക്കുന്നു

കോടിയേരി ബാലകൃഷ്ണന്‍


മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെട്ട്ഭഭരണഘടനാതത്വങ്ങളും ബിസിനസ് റൂളും അംഗീകൃത കീഴ്വഴക്കങ്ങളും പരസ്യമായി ലംഘിക്കുന്നു. ഇത് നിയമസംവിധാനങ്ങളോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണ്.

ഭരണഘടനാതത്വങ്ങളും ബിസിനസ് റൂള്‍സും അനുസരിച്ച് സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്. തന്റെ കീഴിലുള്ള എല്ലാ വകുപ്പുകളും ഭരണഘടനാനുസൃതവും നിയമാനുസൃതവുമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും മുഖ്യമന്ത്രിക്കുതന്നെ. ഒരുവിധ പ്രീതിയോ ഭീതിയോ കൂടാതെ പക്ഷപാതിത്വരഹിതമായി നിയമം അനുശാസിക്കുന്ന തരത്തില്‍ മാത്രം പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, ബാര്‍ കോഴ കേസില്‍ നഗ്നമായി ഇടപെട്ട് ഭരണഘടനാതത്വങ്ങളും സത്യപ്രതിജ്ഞയുടെ അന്തഃസത്തയും പരസ്യമായി ലംഘിക്കുന്നു. മുഖ്യമന്ത്രിസ്ഥാനത്തിനുതന്നെ തീരാക്കളങ്കമാണിത്. ഇത്ര ഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ അഴിമതി ആരോപണമാണ്. സര്‍ക്കാരിന്റെ മദ്യനയം രൂപീകരിക്കുമ്പോള്‍ ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതിന് നിയമ- ധനമന്ത്രിയായ മാണി ബാര്‍ ഉടമകളില്‍നിന്ന് അഞ്ചുകോടി രൂപ കോഴ ആവശ്യപ്പെട്ടതായും അതില്‍ ഒരു കോടി രൂപ പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലും വച്ച് കൈപ്പറ്റി എന്നുമായിരുന്നു ആരോപണം. കോഴ കൈമാറിയെന്നും അതിന് സുതാര്യമായ തെളിവുകളുണ്ടെന്നും കൃത്യത്തില്‍ പങ്കെടുത്തവര്‍തന്നെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന വകുപ്പിലെ പ്രസക്തവകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കത്ത് നല്‍കിയത്. എന്നാല്‍, മാണിക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ആദ്യഘട്ടത്തില്‍ വിമുഖത കാട്ടി. ഒടുവില്‍, ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, നിയമനടപടി കൈക്കൊള്ളാതിരുന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍തന്നെ കുറ്റക്കാരനാകുമെന്നും കോടതിയലക്ഷ്യനടപടികള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്നും വ്യക്തമായതോടെ അന്വേഷണം നടത്താതിരിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് മാണിക്കെതിരെ ത്വരിത അന്വേഷണം ആരംഭിച്ചു.

ഭരണക്കാരുടെ ഇടപെടല്‍മൂലം അന്വേഷണത്തില്‍ മെല്ലെപ്പോക്കുനയം ഉണ്ടായപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴും ഭരണനേതൃത്വത്തിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവ് ലഭിച്ചില്ലെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങാതിരിക്കുന്നതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഈ സമീപനത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലളിതകുമാരി കേസിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരണമായി വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അതോടൊപ്പം, അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവുമാകണമെന്നും ഒരുഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടലോ നിര്‍ദേശങ്ങളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. അധികാരത്തിലിരിക്കുന്ന ശക്തനായ ഒരു മന്ത്രിക്കെതിരായ വിജിലന്‍സ് അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവും ആകാനിടയില്ലാത്തതുകൊണ്ടാണല്ലോ ഇപ്രകാരം ഒരു നിര്‍ദേശം ഉണ്ടായത്.

ഹൈക്കോടതിയുടെ ശക്തമായ നിര്‍ദേശം ലഭിച്ചതോടെ വിജിലന്‍സ് ഡയറക്ടറും അന്വേഷണസംഘവും ത്വരിത അന്വേഷണം 42 ദിവസത്തിനകം പൂര്‍ത്തിയാക്കി. കേരളസമൂഹത്തെ ഞെട്ടിക്കുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്. മന്ത്രിയുടെ പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലുംവച്ച് ഒരു കോടിരൂപ മാണിയെ ഏല്‍പ്പിച്ചെന്ന് സാക്ഷിമൊഴികളില്‍ തെളിഞ്ഞു. തുടര്‍ന്ന് മന്ത്രി മാണിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി നിരോധനിയമത്തിലെ 7 ഉം 13 ഉം വകുപ്പുകള്‍ പ്രകാരം മന്ത്രി മാണി കുറ്റംചെയ്തതായി കോടതിയില്‍ ഫയല്‍ചെയ്ത എഫ്ഐആറില്‍ അക്കമിട്ടുനിരത്തി. അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ച വ്യക്തമായ സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ എഫ്ഐആറില്‍ പറയുന്നുണ്ട്. മന്ത്രി അഞ്ചുകോടി രൂപ കോഴപ്പണം ആവശ്യപ്പെട്ട വിവരം നേരിട്ടറിവുള്ള സാക്ഷിമൊഴികള്‍, പണം വീടുകളിലെത്തിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന സാക്ഷികള്‍, മന്ത്രി പണംകൈപ്പറ്റുന്നത് കണ്ട സാക്ഷികള്‍, ബാര്‍ ഉടമകളില്‍നിന്ന് മാണിക്ക് കൊടുക്കാനായി പണം കൊടുത്ത സാക്ഷികള്‍, ബാര്‍ ഉടമാ അസോസിയേഷന്റെ മിനിറ്റ്സ്, പണം പിന്‍വലിച്ചതിന്റെ ബാങ്ക് രേഖകള്‍ തുടങ്ങി, ഒരു അഴിമതിക്കേസ് തെളിയിക്കുന്നതിനുള്ള കുറ്റമറ്റ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതായി എഫ്ഐആറില്‍ വ്യക്തമാക്കിയത്. പ്രാഥമിക അന്വേഷണവേളയില്‍ത്തന്നെ അന്തിമകുറ്റപത്രം നല്‍കുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചതായി എഫ്ഐആര്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും. എന്നാല്‍, ഇത്രയും തെളിവുകള്‍ പുറത്തുവന്നിട്ടും അധികാരസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ മന്ത്രി മാണി കൂട്ടാക്കുന്നില്ല. പകരം സര്‍ക്കാരിനെത്തന്നെ വെല്ലുവിളിച്ച് അധികാരത്തില്‍ തുടരുന്നു.തന്നെമാത്രം അഴിമതിക്കേസില്‍ പെടുത്തി പുറത്താക്കാന്‍ ശ്രമിക്കേണ്ടെന്നും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നും അത്തരക്കാരോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നുമുള്ള വാദഗതിയാണ് മാണി ഉയര്‍ത്തുന്നത്.

എക്സൈസ് മന്ത്രിക്ക് പത്തുകോടി രൂപ കോഴയായി നല്‍കിയതിന്റെ തെളിവുകളുമായി ബാര്‍ ഉടമകളില്‍ പ്രമുഖനായ ബിജു രമേശ് കോടതിയില്‍ ക്രിമിനല്‍ നിയമം 164-ാം വകുപ്പനുസരിച്ച് മൊഴി നല്‍കുകയും ആ വിവരം മാധ്യമങ്ങളില്‍ കൂടി വെളിപ്പെടുകയുംചെയ്തു. ഇത്രയും വ്യക്തവും ശക്തവുമായ തെളിവുകള്‍ പുറത്തുവന്നിട്ടും മന്ത്രി ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. ഒരേ കുറ്റംചെയ്ത രണ്ടു മന്ത്രിമാരുള്ളപ്പോള്‍ ഒരാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തതിലും മറ്റൊരാളെ വെറുതെ വിട്ടതിലും പക്ഷപാതിത്വവും ഇരട്ടത്താപ്പും ആരോപിച്ച് മാണിയും കേരള കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്ക് തിരിഞ്ഞു. മാണി പറയുന്നതില്‍ ശരിയുണ്ടെന്നുപറഞ്ഞ് ഭരണഘടനാതത്വങ്ങളെയും കീഴ്വഴക്കങ്ങളെയും പരസ്യമായി ലംഘിച്ചാണ് പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. തന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ മാണിക്കെതിരെ കോഴക്കേസ് രജിസ്റ്റര്‍ചെയ്ത നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു. മാണിയോടു കാണിച്ചത് ശരിയല്ലെന്നുവരെ പറഞ്ഞു. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഒരു മുഖ്യമന്ത്രി ഇത്ര തരംതാഴുമോ?

തന്റെ കീഴിലുള്ള വിജിലന്‍സ് ഡയറക്ടറുടെ നടപടിയെ പരസ്യമായി തള്ളിപ്പറയുകവഴി അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും അപഹസിക്കുകയുമല്ലേ മുഖ്യമന്ത്രി ചെയ്യുന്നത്? എങ്ങനെ അഭിമാനത്തോടെ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ഈ ഉദ്യോഗസ്ഥന് കഴിയും? മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് തെറ്റായിപ്പോയെന്നും അഴിമതിക്കുറ്റം തെളിയിക്കാന്‍ ഒരു തെളിവുമില്ലെന്നും മുഖ്യമന്ത്രിതന്നെ പരസ്യമായി പറയുന്നു. പിന്നെ എങ്ങനെ അദ്ദേഹത്തിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍ നിഷ്പക്ഷമായി കേസ് അന്വേഷിക്കും? മാണിക്കെതിരെ കുറ്റപത്രം നല്‍കരുതെന്ന പരസ്യമായ നിര്‍ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.വിജിലന്‍സ് തെറ്റായി കേസ് രജിസ്റ്റര്‍ ചെയ്തെന്നാണ് മുഖ്യമന്ത്രിക്ക് അഭിപ്രായമെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കുന്നില്ല? പ്രതിയായ മാണിക്കുപോലും എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ ധൈര്യം ഇല്ല. ഇനി മുഖ്യമന്ത്രിതന്നെ നേരിട്ട് മന്ത്രിക്കനുകൂലമായി കോടതിയെ സമീപിച്ചാലും ആശ്ചര്യപ്പെടേണ്ടതില്ല. മുഖ്യമന്ത്രി കസേര രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി എന്തും ചെയ്യും.

മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ ഇതഃപര്യന്തമുള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഈ അതിരുവിട്ട ഇടപെടലുകളും പരസ്യമായി വിജിലന്‍സ് അന്വേഷണത്തെ തള്ളിപ്പറഞ്ഞതും നമ്മുടെ രാഷ്ട്രീയ-ഭരണരംഗത്തെ എന്നത്തെയും ഒരു കറുത്ത അധ്യായമായിരിക്കും. അത്രയ്ക്ക് നഗ്നമായ ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ് മുഖ്യമന്ത്രി നടത്തിയത്. വിജിലന്‍സിനെ പരസ്യമായി തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്കെതിരെയാണ് വിമര്‍ശം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ആഭ്യന്തരമന്ത്രിയായി തുടരാന്‍ കഴിയും? ആത്മാഭിമാനമുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണം. പക്ഷേ, നാണംകെട്ടാലും മന്ത്രിസ്ഥാനം മതി എന്നാണ് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ നിലപാട്. ഫലത്തില്‍ കേരളം നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി മാറി.

***